പ്രവേശനോത്സവം

 വിദ്യാലയം വിളിക്കുന്നു...

പുതിയ ദിനം, പുതിയ അദ്ധ്യയനവർഷം, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ, പുതു പ്രവേശനം...

വിദ്യാഭ്യാസം എന്നാൽ കേവലം വിവരം ആർജ്ജിക്കൽ മാത്രമല്ലെന്ന് നമുക്കറിയാം. അത് അന്വേഷണത്തിനുള്ള ചിറകുകൾ നൽകലാണ്. തന്‍റെ ചുറ്റുമുള്ള സമൂഹത്തെക്കുറിച്ച് ഉൾക്കാഴ്ച പകർന്നു നൽകലാണ്. സർഗാത്മകതയുടെ ഉറവുകളെ ശക്തിപ്പെടുത്തലാണ്. സമത്വത്തിന്‍റെ സൗന്ദര്യം വെളിപ്പെടുത്തി കൊടുക്കലാണ്. ശാസ്ത്രീയതുടെ വെളിച്ചം അവരുടെ മനസിലേക്ക് പകർന്നുകൊടുക്കലാണ്...

പുതിയ അധ്യയനവര്‍ഷം പിറക്കുകയാണ് ഇന്ന്. ഈ കുറിപ്പ് നിങ്ങളുടെ കൈകളില്‍ എത്തുമ്പോഴേക്കും കുട്ടികള്‍ സ്കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ടാകും. പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും ആദ്യമേ ആശംസകള്‍ അറിയിക്കട്ടെ. ഏറെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാരും പുതിയ അധ്യയനവര്‍ഷത്തെ സമീപിക്കുന്നത്.  വിദ്യാര്‍ഥികള്‍മുതല്‍ സര്‍ക്കാര്‍വരെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളും ഒട്ടേറെ പ്രതിസന്ധികള്‍ തരണംചെയ്താണ് നാം ഇന്ന് മുന്നോട്ടുപോവുന്നത്. ഈ യാത്രയിൽ അടിതെറ്റാതെ സഞ്ചരിക്കാൻ നാം ഇനിയും ശ്രദ്ധാലുക്കളാവേണ്ടതുണ്ട്.  വിദ്യാഭ്യാസംകൊണ്ട് സമൂഹത്തിന് ഉണ്ടാകുന്ന സാമൂഹികനേട്ടമാണ് അതിന്റെ ലാഭം.  പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയും സാമൂഹ്യ വെല്ലുവിളികളിലൂടെയുമാണ് ഇന്ന് നമ്മുടെ കുട്ടികള്‍ കടന്നുപോകുന്നത്. ഇത് മറികടക്കേണ്ടതുണ്ട്.

കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചു തുടങ്ങിയിട്ട് ഏകദേശം രണ്ടു വർഷമാവുന്നു.  അപ്രതീക്ഷിതമായി വന്ന അടച്ചുപൂട്ടലുകൾ എല്ലാവരെയും ദുരിതത്തിലാക്കി. മുതിർന്നവരേക്കാൾ ബുദ്ധിമുട്ടാണ് കുട്ടികൾക്ക് ഉണ്ടായത്. വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് ലോക്ഡൗൺ ഒരു അപ്രതീക്ഷിത പ്രഹരമാണ് ഉണ്ടാക്കിയത്. മാർച്ചിലെ വർഷ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദർശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികൾക്കാണ് കഴിഞ്ഞ രണ്ട് വർഷമായി വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നത്.

ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും കുട്ടികൾ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളിൽ കഴിയുന്ന അവർക്ക് മാനസിക സന്തോഷം ലഭിച്ചിരിന്നോ എന്നതും ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ്. കോവിഡ് കാലമായതോടെ കുട്ടികളുടെ ജീവിത രീതിയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളുണ്ടായെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കളിക്കാനായി പുറത്തിറങ്ങാൻ പോലും കഴിയായതോടെ കുട്ടികളുടെ നിത്യ ജീവിതത്തിൽ ഡിജിറ്റൽ മീഡിയ ഉപയോഗം വർധിച്ചതായാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. കുട്ടികളുടെ മാനസിക വളർച്ചയും മാനസികാരോഗ്യവും ഉറപ്പുവരുത്തേണ്ടത് ഇനി മുതൽ ഒരുപോലെ മാതാപിതാക്കളുടെയും അധ്യാപകരുടേയും കടമയാണ്.

കേവലം പുസ്തകങ്ങളിലുള്ളത് മാത്രമല്ല വിദ്യാഭ്യാസം. സാമൂഹികവും സാംസ്കാരികവുമായ ബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കലും വ്യക്തിത്വ രൂപീകരണവുമെല്ലാം വിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ഇതിൽ അധ്യാപകന്‍റെ പങ്കും ചെറുതല്ല. കേരളത്തിലെ പ്രസിദ്ധനായ വിദ്യാഭ്യാസ നിരീക്ഷകനും അധ്യാപകനുമായ സുകുമാർ അഴീക്കോട് ഒരിക്കൽ പറയുകയുണ്ടായി: ''അധ്യാപകനും വിദ്യാർഥിയും ഹൃദയം കൊണ്ട് അടുത്തു വരുമ്പോൾ അവിടെ വിദ്യാഭ്യാസം എന്ന പ്രകാശം ഉണ്ടാവുന്നു". ഡിജിറ്റൽ മറകൾക്കപ്പുറവും ഇപ്പുറവും ഏതു നിമിഷവും അറ്റുപോകാവുന്ന വിവര സാങ്കേതിക വിദ്യയിലൂടെ വിദ്യ അഭ്യസിപ്പിക്കുകയും അഭ്യസിക്കുകയും ചെയ്യുമ്പോൾ ഏറെ പ്രസക്തമാണ് സുകുമാർ അഴീക്കോടിന്‍റെ നിരീക്ഷണം.

സിലബസിനപ്പുറത്ത് അധ്യാപകൻ പകർന്ന് നൽകുന്ന പാഠ്യേതര അനുഭവങ്ങളും ആശയങ്ങളും ഊർജവും വിദ്യാർഥിയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ഓരോ വിദ്യാർഥിയുടെയും മേന്മകളും ന്യൂനതകളും വൈകല്യങ്ങളും ജീവിത പശ്ചാത്തലങ്ങളും തിരിച്ചറിഞ്ഞ് ഒരോരുത്തർക്കും വേണ്ട പരിഗണനയും ശ്രദ്ധയും നൽകാൻ അധ്യാപർക്ക് സാധിക്കുക നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ്. പുസ്തകത്തിലെ പാഠഭാഗത്തിനപ്പുറം വിദ്യാർഥിയും അധ്യാപകനും നിരന്തരം ചർച്ച ചെയ്ത് ആശയങ്ങൾ ഗ്രഹിക്കുന്നതാണ് നമ്മുടെ വിദ്യാഭ്യാസ രീതി. എന്നാൽ ഓൺലൈൻ ക്ലാസ് മുറികളിൽ യാന്ത്രികമായ അധ്യാപനമാണ് കൂടുതലും സാധ്യമായത്.  വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല എന്നതാണ് കാര്യം.  ഡിജിറ്റൽ ലോകത്ത് സാധ്യമാകാതെ പോയ വിദ്യാർത്ഥി അധ്യാപക ബന്ധത്തിൻ്റെ ശക്തമായ തിരിച്ചുവരവിനാണ് ഈ പുതു പ്രവേശനം സാക്ഷ്യം വഹിക്കുന്നത്.

വിദ്യാലയത്തിൽ നിന്ന് വിദ്യാർഥികൾ പലതും ഗ്രഹിക്കുന്നു. സഹവർത്തിത്വവും പരസ്പര ആശ്രയവും കൂട്ടുജീവിതവും സഹകരണവുമെല്ലാം... സമപ്രായക്കാരുമായുള്ള വിനിമയം അവരുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിക്കുന്നു. രക്ഷിതാക്കളോട് പങ്കുവെയ്ക്കാത്ത പല ആശങ്കകളും ആഗ്രഹങ്ങളും അവർ പരസ്പരം കൈമാറുന്നു. എന്നാൽ, ഇന്ന് മുഖമറിയാത്ത ഗൂഗിൾ അക്കൗണ്ടുകൾക്ക് മുന്നിൽ അപരിചിതരായി പോയിരുന്നു. ജീവിതം വീട്ടുതടങ്കലുകളിൽ ഒതുങ്ങിപോകുമ്പോൾ മാനസികമായും സാമൂഹികമായും അവർ ഒറ്റപ്പെട്ടു പോയിരുന്നു. കുട്ടുകാരോടൊപ്പം ഇരുന്ന് രസകരമായി പാഠഭാഗം പഠിക്കേണ്ടയിടത്ത്​, ക്ലാസിൽ ജോയിൻ ചെയ്തോ? പഠിച്ചോ? അസൈൻമെൻ്റ് സബ്മിറ്റ് ചെയ്തോ? തുടങ്ങിയ രക്ഷിതാക്കളുടെ നിരന്തരമായ അന്വേഷണങ്ങൾ അവരിലുണ്ടാക്കിയിരുന്ന മാനസിക പിരിമുറുക്കവും ചെറുതാവില്ല.

ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകം ഓൺലൈൻ വിദ്യാഭ്യാസം നമുക്ക് മുമ്പിൽ തുറന്നിട്ടിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു. പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ലോകം മാറുമെന്ന് പറയപ്പെടുന്നു. അതിലേക്കുള്ള ഒരു പരിശീലന കളരി കൂടിയാവും മാറുന്ന നമ്മുടെ ഓൺലൈൻ പഠന രീതികൾ.


സ്‌കൂള്‍ എന്ന് പറയുന്നത് സമപ്രായക്കാരുമായുള്ള സംവേദനത്തിന്റെയും സാമൂഹിക പ്രക്രിയയുടെയും ഇടമാണ്. മാത്രമല്ല ജനാധിപത്യത്തിന്റെയും, സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ഇടം കൂടിയാണ്. അത് കേവലം ഒരു കെട്ടിടം മാത്രമല്ല; ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണം നടക്കുന്ന പ്രധാന ഇടമാണ്. 


ഒരു പാട് കാലത്തിനു ശേഷം നവംബർ മാസം മുതൽ സ്കൂളുകൾ തുറന്നത് വലിയൊരു ആശ്വാസമാണ് കുട്ടികൾക്ക് നൽകിയത്. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും  സഹപാഠികളോടൊപ്പം ഒന്നിച്ചിരിക്കാനും അധ്യാപകരുമായി സംവേദനം നടത്താനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിച്ചത് കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചു. അവിടെ നിന്നും വിദ്യാലയത്തിൻ്റെ ശരിയായ പശ്ചാത്തലത്തിലേക്കുള്ള മാറ്റമാണ് ഈ പുതുപ്രവേശനം.  

നഷ്ടപ്പെട്ടു എന്നു കരുതിയ പലതും തിരികെ വരുകയാണ്..! ഗൃഹാതുരത  ഉണർത്തുന്ന എത്രയോ വാചകങ്ങൾ, അനുഭവങ്ങൾ... തിരികെവരുകയാണാ പുഞ്ചിരികൾ ; നിറ കൈകളോടെ നമുക്കവയെ സ്വീകരിക്കാം... കഥയും കവിതയും ചർച്ചകളുമൊക്കെയായി നമ്മൾ വീണ്ടും ഒരു ക്ലാസ്മുറിയിൽ ഒന്നിക്കുന്നു..കൂടുതൽ ആവേശത്തോടെ സന്തോഷത്തോടെ നമുക്കതിനെ വരവേൽക്കാം...

എല്ലാ കൂട്ടുകാർക്കും പ്രവേശനോത്സവ ആശംസകൾ..

                                           സാനിയ കെ ജെ                                       (എഡിറ്റർ, നാട്ടുപച്ച മാഗസിൻ)

-----------------------------------------------------------------

ഈ പുതു പ്രവേശനത്തിൽ നമ്മുടെ കൂട്ടുകാരുടെ രചനകൾ പരിചയപ്പെടാം:

കടലോരത്ത് ഒരു ബാലൻ 

സുപ്രസിദ്ധനായ ഒരു സമകാലിന സോവിയറ്റ് സാഹിത്യകാരൻ നിക്കൊലായ് ദൂബൊവ്‌ എഴുതിയ കുട്ടികൾക്കുവേണ്ടിയുള്ള  കഥയാണ് "കടലോരത്ത് ഒരു ബാലൻ".

അദ്ദേഹത്തിന്റെ കൃതികളിൽ അധികവും കുട്ടികളെ കഥാപാത്രങ്ങളാക്കി കുട്ടികൾക്ക് വേണ്ടി എഴുതപ്പെട്ടവയാണ്. 15 ദേശീയ റിപ്പബ്ലിക്കുകൾ ചേർന്ന് സോവിയറ്റ് യൂണിയനിലെ വിവിധ ദേശീയ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. " ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ പ്രയാസമാണ്", എന്ന നോവൽ 1970 സോവിയറ്റ് യൂണിയനിലെ സ്റ്റേറ്റ് പ്രൈസ് നേടി. " കടലോരത്ത് ഒരു ബാലൻ" എന്ന ഈ പുസ്തകത്തിലെ രണ്ടു കഥകളായ

   ~ പുഴയിലെ ദീപങ്ങൾ

   ~ കടലോരത്ത് ഒരു ബാലൻ

എന്നിവ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളെ ദുബൊവ്‌ തന്റെ കൃതികളിലൂടെ തുറന്നു കാട്ടുന്നു. എല്ലാ നല്ല കഥകളിലും പ്രത്യക്ഷത്തിൽ നാം കാണുന്ന കഥാപാത്രങ്ങൾക്കും പുറമേ അദൃശ്യനായ ഒരു കഥാപാത്രമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ആ കഥാപാത്രം ഗ്രന്ഥകാരൻ തന്നെയാണ്.  മനുഷ്യരെ കുറിച്ചും ജീവിതത്തെ കുറിച്ചും ഉള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ എന്തെന്ന് വായനക്കാരൻ ഊഹാപോഹം നടത്തേണ്ടതില്ല, അവ പകൽവെളിച്ചംപോലെ സ്പഷ്ടമാണ് .

          കുട്ടികളും മുതിർന്നവരും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം വളരെയധികം വിശദമായി തന്റെ കൃതികളിലൂടെ ചിത്രീകരിക്കുന്നു. ദുബൊവിന്റെ കഥാപാത്രങ്ങൾ സോവിയറ്റ് യൂണിയനിൽ ജനിച്ചുവളർന്ന കുട്ടികളാണ്. ഈ ലോകം സാമ്മോഹനമാണെന്നും ജീവിതം ആനന്ദിക്കാൻ ഉള്ളതാണെന്നും ഓരോ കുട്ടിയും വിശ്വസിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിമതം.   

ദുബൊവിന്റെ കഥകൾ സന്താപത്തിന്റെ യും  സന്തോഷത്തിന്റെയും   കഥകളാണ്. പ്രധാന ങ്ങളും അപ്രധാനങ്ങളുമായ നിരവധി സംഭവങ്ങൾ അദ്ദേഹം ഈ കഥകളിൽ അവതരിപ്പിക്കുന്നുണ്ട്. എല്ലാം തികഞ്ഞ ഒരു ലോകം നമുക്ക് ആരും കാഴ്ച വെക്കുന്നില്ല. സന്തുഷ്ടരായി ജീവിക്കാൻ പറ്റിയ ഒരു ഇടമായി അതിനെ മാറ്റേണ്ടത് നമ്മൾ തന്നെയാണ്. നാം ഓരോരുത്തരും ഓരോ ദിവസവും അതിനുവേണ്ടി പ്രയത്നിച്ചാലേ അത് സാധ്യമാകുകയുള്ളൂ.  എന്നാൽ നിക്കൊലായ് ദുബൊവ്‌ വാത്സല്യപൂർവ്വം കരുപിടിച്ചിട്ടുള്ള ഈ കഥാപാത്രങ്ങളെയെല്ലാം, ജീവിതം മെച്ചപ്പെടുത്തുക എന്ന ഒരേയൊരു ലക്ഷ്യം തന്റെ കഥകളിൽ ഇദ്ദേഹം കൂട്ടിയിണക്കുകയാണ്.

പുഴയിലെ ദീപങ്ങൾ എന്ന കഥയെക്കുറിച്ച് -

                ഈ കഥയിൽ പട്ടണ വാസിയായ കോസ്ത്യക്ക് ക്രമേണ ഉണ്ടായ  മാറ്റത്തെയാണ് ചിത്രീകരിക്കുന്നത്.  വീമ്പടിക്കാൻ ഇഷ്ടമുള്ള, ഏറെക്കുറെ സ്വാർത്ഥ മതിയായ ഒരു ബാലനാണ് കോസ്ത്യ. എന്താണ് ചെയ്യേണ്ടതെന്ന് മുതിർന്നവർ പറഞ്ഞു കൊടുക്കുന്നത് അവനെ ഈർഷ്യ പെടുത്തുകയാണ്. ജീവിതം എത്ര കനത്ത പ്രഹരങ്ങൾ ഏൽപ്പിച്ചിട്ടും പതറുകയോ തളരുകയോ ചെയ്യാത്ത കഠിനാധ്വാനിയും ദൃഢചിത്തനും "ദ് നീപ്പർ " നദിയിലെ ഒരു സാധാരണ ബോയ് സൂക്ഷിപ്പുകാരനുമായ തന്റെ അമ്മാവനോടൊപ്പം ചെലവഴിച്ച ഏതാനും ദിവസങ്ങൾ കോസ്ത്യയുടെ വീക്ഷണങ്ങളെയും മൂല്യബോധത്തെയും മാറ്റിമറിച്ചു.

കടലോരത്ത് ഒരു ബാലൻ എന്ന കഥയെപ്പറ്റി -

 ഈ കഥയിലെ പ്രധാന കഥാപാത്രം അഞ്ചുവയസ്സുകാരനായ സഷുക്  ഒരു മീൻപിടുത്ത കാരന്റെ മകനാണ്. തന്റെ അച്ഛനും മറ്റു മീൻപിടുത്തക്കാരും എത്ര കഠിനമായി ജോലി ചെയ്താണ് ജീവിക്കാനുള്ള വക തേടുന്നതെന്ന് അവന് നന്നായി അറിയാം. മീൻ പിടുത്തക്കാരുടെ ആ ചെറിയ സംഘമാണ് സഷുകിനെ സംബന്ധിച്ചിടത്തോളം മുതിർന്നവരുടെ ലോകത്തിന് മാതൃക. മുതിർന്നവരിൽ ചിലർ ഉദാരമതികൾ ആയിരിക്കുന്നത് എന്തുകൊണ്ടാണെന്നും പട്ടണത്തിൽ നിന്നും വന്ന ചിലർ തന്നെ മോശക്കാരനായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ  സഷുക് കിണഞ്ഞു ശ്രമിക്കുന്നതും  ഈ കഥ വായി ക്കുന്നവർക്ക് വളരെയധികം മനസ്സിലാക്കാൻ കഴിയും. മറ്റുള്ളവരിൽ ഉള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനും അവയെ ശരിക്കും മനസ്സിലാക്കുവാനും ആ നല്ല മനുഷ്യർ സഹായിക്കുന്നതുമാണ് ഈ കഥയിലെ പ്രധാന  ഗുണപാഠം.

പ്രകൃതിയുമായുള്ള സമ്പർക്കം നമുക്ക് വളരെയധികം പ്രധാനമാണെന്നും. സ്വന്തം നാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിവില്ലാതെ വരുന്നത് വലിയൊരു പോരായ്മ ആണെന്നും  കഥാകാരൻ ഈ പുസ്തകത്തിലൂടെ തുറന്നുകാട്ടുകയാണ്.  കുട്ടികളുടെയും പ്രകൃതിയുടെയും താൽപര്യങ്ങളെ പരിരക്ഷിച്ച് ഇദ്ദേഹം എഴുതുന്ന ഈ കഥകൾ  വളരെയധികം പ്രാധാന്യം നിറയുന്ന വയാണ്. കുട്ടികൾക്കും  മുതിർന്നവർക്കും ഒരു പോലെ വായിക്കാവുന്നതാണ് ഈ പുസ്തകം. എല്ലാവരും ഈ പുസ്തകം തീർച്ചയായും വായിക്കേണ്ടതാണ്!.     

                                             - ലക്ഷ്മി ടി ആർ 8D

-----------------------------------------------------------------

യാത്രാവിവരണം

യാത്രകൾ ഇഷ്ട്ടപ്പെടാത്തതായിട്ട് ആരും ഉണ്ടാകില്ല. ഒരുപാട് അനുഭൂതികളും അനുഭവങ്ങളുമാണ് യാത്രകൾ നമുക്ക് സമ്മാനിക്കുന്നത്. ഞാൻ ഈ കഴിഞ്ഞ വിഷുവിന് എന്റെ വീട്ടുകാരുമൊത്ത് ഒരു കൊച്ചു യാത്ര പോയി. അത് എനിക്ക് എന്നും ഓർമ്മിക്കാനുള്ള ഒരുപാട് അനുഭവങ്ങൾ തന്നു. ഞാനും കുടുംബവും കൂടി വിഷുവിന്റെ അന്ന് ഉച്ചയ്ക്ക് സദ്യയൊക്കെ കഴിച്ച് 1 മണിയോട് കൂടി കാറിൽ യാത്ര തിരിച്ചു.അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനാണ് പോയത്. നിരവധി കാഴ്ചകൾ കണ്ട് അങ്ങനെ പോകുകയായിരുന്നു. പെട്ടന്നാണ് ഞാൻ ഒരു ബോർഡ്‌ വായിച്ചത് "കൗതുക പാർക്ക് " എന്നായിരുന്നു. ഞാൻ അച്ഛനോട് പറഞ്ഞു എന്നാൽ നമുക്ക് ഇവിടെ വരെ ഒന്ന് പോയാലോ എന്ന്. അച്ഛനും കണ്ടിട്ടുണ്ടായിരുന്നില്ല ഈ സ്ഥലം. എന്നാൽ പിന്നെ അങ്ങോട്ട് തന്നെ പോകാം എന്ന് അച്ഛനും പറഞ്ഞു. അങ്ങനെ പോയി പോയി ഒരു വീടിന്റെ മുമ്പിലെത്തി. വീടിന്റെ പുറകുവശത്ത് ഒരേക്കർ സ്ഥലത്താണ് ഈ "കൗതുക പാർക്ക്‌". ടിക്കറ്റ് ഒക്കെ എടുക്കണം. ഫാമിലിക്ക് 45 മിനുറ്റ് ചിലവഴിക്കാം സ്കൂൾ വിനോദയാത്രക്ക് വരുന്നവർക്ക് 1 മണിക്കൂർ ആണ് സമയം. അങ്ങനെ ഏറെ കൗതുകത്തോടെ ഞങ്ങൾ അകത്തുകടന്നു.ഒരു ഗുഹയിലൂടെ ആണ് ഞങ്ങൾ ആദ്യം കടന്നത്. ഗുഹയിലൂടെ നമ്മൾ ശരിക്കും മറ്റൊരു ലോകത്തേക്ക് കടക്കും. നിറയെ മരങ്ങളും, പക്ഷികളും, മുയലുകളും, പ്രാവുകളും, അരയന്നങ്ങളും, മീനുകളും, വിവിധ തരത്തിലുള്ള കോഴികളും, താറാവും, എന്നു വേണ്ട എല്ലാ ജീവജാലങ്ങളും ഉള്ള ഒരു ലോകം. നിരവധി ഏറുമാടങ്ങൾ മുളകൊണ്ടുണ്ടാക്കിയതാണ്. സഞ്ചരിക്കുന്ന മുളയാണ് മറ്റൊരു ആകർഷണം അത് വലത്തോട്ടും ഇടത്തോട്ടും ആണ് വളരുന്നത്. വളരെ സ്വതന്ത്രമായി എല്ലാ ജീവജാലങ്ങൾക്കും സഞ്ചരിക്കാം എല്ലാത്തിനെയും അഴിച്ച് വിട്ടിരിക്കുകയാണ്.നമ്മുടെ കൂടെ അവരും വരും.ഞങ്ങളുടെ കൂടെ കഴിയും വരെ ഉണ്ടായിരുന്നത് മുയലായിരുന്നു. ആദ്യത്തെ ഗുഹയിൽ കൂടി നടന്നപ്പോൾ കൂടെ കൂടിയതാണ്.നമുക്ക് വിശ്രമിക്കാൻ കല്ല് കൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങൾ.കുട്ടികൾക്കും മുതിർന്നവർക്കും ഇരുന്നാടാനായി ഊഞ്ഞാലുകൾ. കുട്ടികൾക്ക് ഒഴുകി ഇറങ്ങാനുള്ള സാമഗ്രികൾ എല്ലാം ഉണ്ട്.മുനിയറകളും, പണ്ടത്തെ മുനിമാർ ധ്യാനിച്ചിരുന്ന സ്ഥലങ്ങളും എല്ലാം ഇപ്പോഴും പഴമനഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുന്നു.അവിടെ നിന്ന് പോരാനെ തോന്നിയില്ല. പോരാതെ പറ്റില്ലല്ലോ. ഒരുപാട് ഫോട്ടോകളും വീഡിയോകളും എടുത്തു. വീണ്ടും വരാം എന്ന് അവിടത്തെ ചേട്ടനോട് പറഞ്ഞ് ഞങ്ങൾ മടങ്ങി. പിന്നീട് വെള്ളച്ചാട്ടം കാണാൻ പോയി അവിടെ കുറച്ച് നേരമേ ചിലവഴിക്കാൻ കഴിഞ്ഞുള്ളു. എന്നാലും സാരമില്ല ഒരുപാട് ഓർമകൾ സമ്മാനിക്കാൻ ഈ ഒരു യാത്രയ്ക്ക് സാധിച്ചില്ലേ എന്നോർത്ത്സന്തോഷിച്ചു. പ്രകൃതിയെ സ്നേഹിക്കുന്ന ഏവർക്കും ഇഷ്ട്ടപെടുന്ന ഒന്നാണ് ഈ പാർക്ക്‌. ശരിക്കും ആ യാത്രയും അന്നത്തെ ഓർമകളും ഇന്നും എന്നും മനസ്സിൽ തങ്ങിനിൽക്കും.

                     - അനുഷ്ക കൃഷ്ണകുമാർ,7D


                       

                        


Comments

Popular posts from this blog

അന്താരാഷ്ട്ര യോഗ ദിനം 2023

സുഗതകുമാരി

2022 ജനുവരി