കുഞ്ഞുണ്ണി മാഷ്
കുറിയ വലിയ കവി
''എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം...''
നമ്മുടെയൊക്കെ ഇന്നത്തെ ജീവിതങ്ങളെ വെറും മൂന്നുവരികളിൽ ഒതുക്കിവെച്ച, മലയാളത്തിലെ ആദ്യത്തെ ആധുനിക കവികളിൽ ഒരാളാണ് കുഞ്ഞുണ്ണിമാഷ്.
''വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലെങ്കിൽ വളയും''
കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ പരിചിതരല്ലാത്ത മലയാളികൾ ഉണ്ടാകുമോ? നിരവധി ചൊല്ലുകളാൽ സമൃദ്ധമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ എഴുത്തുകൾ. കുട്ടികളുടെ പ്രിയപ്പെട്ട മുത്തശ്ശനായും വട്ട കണ്ണട വച്ച മുതിർന്നവരുടെ പ്രിയ മാഷായും അദ്ദേഹം പ്രിയപ്പെട്ടവനായി.
ദാർശനിക ആശയങ്ങളിലുള്ള കവിതകൾ കൊണ്ടാണ് കുഞ്ഞുണ്ണി മാഷ് ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയത്. പൊതുവേ കുട്ടി കവിതകളാണ് കുഞ്ഞുണ്ണി മാഷിനെ പ്രശസ്തനാക്കിയതെങ്കിലും അത്തരം കുഞ്ഞു കവിതകളിൽ ഉറച്ചു പോയ ഒരു കവി ആയിരുന്നില്ല അദ്ദേഹം. പക്ഷേ എന്തു തന്നെ ആയാലും ആ കുഞ്ഞു കവിതകളോളം ദാർശനികത മലയാളത്തിൽ മറ്റൊരു കവിയ്ക്കും നൽകാനായിട്ടില്ല എന്നു വേണം പറയാൻ. അതും വളരെ ലളിതമായ മലയാളത്തിൽ, കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന ഭാവുകത്വത്തോടെ. അതുകൊണ്ട് തന്നെ ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട് പലപ്പോഴും ആസ്വാദകർ.
നർമ്മരസപ്രധാനമായ സംഭാഷണവും കലാനിപുണതയും എന്നുമുണ്ടായിരുന്നു ആ ഇത്തിരി മനുഷ്യനിൽ. എഴുത്തുകാരൻ മാത്രമായിരുന്നില്ല കുഞ്ഞുണ്ണി എന്ന വ്യക്തി. നല്ലൊരു ചിത്രകാരനും കൂടിയായിരുന്നു. അതുമാത്രമോ ഭൂമിഗീതം എന്നൊരു സിനിമയിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മഹദ് തത്വങ്ങളും ദര്‍ശനങ്ങളും അദ്ദേഹം കുഞ്ഞു വരികളിലും വാക്കുകളിലും ഒളിപ്പിച്ച് പഞ്ചസാരഗുളികയാക്കി കുട്ടികള്‍ക്ക് നല്‍കി. അവരത് രുചിച്ച് രസിച്ചു. കുട്ടികളുടെ സാഹിത്യാഭിരുചിയേയും, ജീവിത ദര്‍ശനങ്ങളെയും അദ്ദേഹം നന്നെ സ്വാധീനിച്ചു. അവരെ ഈണത്തില്‍ പാടാന്‍ പരിശീലിപ്പിച്ചു. അവരില്‍ ഒരാളായി അവരുടെ തോഴനായി ചിലപ്പോല്‍ മുത്തശ്ശനായി മാഷായി വഴികാട്ടിയായി.. അങ്ങനെ പല തരത്തിലദ്ദേഹം അവരോടൊപ്പം കഴിഞ്ഞു.
'കുഞ്ഞുണ്ണി മാഷും' എന്നാരെങ്കിലും പറഞ്ഞാല്‍ 'കുട്ട്യോളും' എന്ന് ഏത് നവസാക്ഷരനും പൂരിപ്പിച്ചോളും.
" ആന പോകുന്ന പൂമരത്തിന്‍റെ ചോടേ പോണോനാരെടാ
ആനനുമല്ല കൂരനുമല്ല , കുഞ്ഞുണ്ണി മാഷും കുട്ട്യോളും "
എന്ന് നമ്മുടെ നാടന്‍ പാട്ടു തിരുത്തി, കുഞ്ഞുണ്ണിയെന്ന ഇത്തിരികവി ഒത്തിരി വലിയകാര്യങ്ങള്‍ സാധിച്ചു. കുഞ്ഞുണ്ണിയെ വിഗ്രഹിച്ചാല്‍ സമാസമില്ല- 'കുഞ്ഞില്‍ നിന്നുളളവന്‍ ' എന്ന തര്‍ക്കുത്തരവും കിട്ടും.
ആധുനിക മലയാളകവിതയ്ക്കു പൊരുള്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കല്പിച്ചു നല്‍കിയ ഒരപൂര്‍വ സാര്‍ത്ഥകജീവിതത്തിന്‍റെ ആകെത്തുകയാണ് കുഞ്ഞുണ്ണി എന്ന കുറിയ മനുഷ്യന്‍. തൃശൂർ വലപ്പാട് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-നാണ് കുഞ്ഞുണ്ണിമാഷ് ജനിക്കുന്നത്. തന്റെ പതിനൊന്നാമത്തെ വയസ്സിൽ, ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം കവിതകളെഴുതിത്തുടങ്ങിയിരുന്നു. കുഞ്ചൻ നമ്പ്യാരുടെ ഭാഷാചാതുരിയിൽ അനുരക്തനായ കൊച്ചു കുഞ്ഞുണ്ണിയും എഴുതി ഒരു ഓട്ടൻ തുള്ളൽ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ അത് ചമയമിട്ട് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. മലയാളം അധ്യാപകനായാണ് തന്റെ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. ചേളാരി, രാമനാട്ടുകര, മീഞ്ചന്ത രാമകൃഷ്ണമിഷൻ തുടങ്ങി പല സ്‌കൂളുകളിൽ അധ്യാപനം തുടർന്നു. അക്കാലത്താണ് അദ്ദേഹം കുട്ടിക്കവിതകൾ എഴുതിത്തുടങ്ങുന്നത്.
എഴുപതുകളുടെ മധ്യത്തോടെ ഒരു ബാലസാഹിത്യകാരനെന്ന പേരിൽ കുഞ്ഞുണ്ണിമാഷ് മലയാളത്തിലെ കുട്ടികൾക്കൊക്കെയും പ്രിയങ്കരനായിത്തീർന്നിരുന്നു.
മാതൃഭൂമിയിൽ തന്നെ ബാലപംക്തിയിൽ ഒതുങ്ങിപ്പോവാനായിരുന്നു കവി എന്ന നിലയിൽ കുഞ്ഞുണ്ണിമാഷുടെ വിധി.
1969 -ൽ അദ്ദേഹം മാതൃഭൂമി ബാലപംക്തിയുടെ കുട്ടേട്ടനായി സ്ഥാനമേറ്റു. അവിടെ അക്കാലത്ത് എഴുതിത്തെളിഞ്ഞിരുന്ന പല യുവകവികളുടെയും അദൃശ്യനായ മാർഗദർശിയായി, കുട്ടേട്ടൻ എന്ന അധികാര സ്ഥാനത്ത് ഏറെ നാൾ വിലസി കുഞ്ഞുണ്ണിമാസ്റ്ററെന്ന കുഞ്ഞൻ.
വളരെ ലളിതമായ വാക്കുകളിൽ എഴുതപ്പെട്ടിരുന്ന കുഞ്ഞുണ്ണി മാഷുടെ കവിതകളിൽ അദ്ദേഹം പടർത്തി നിർത്താൻ ശ്രമിച്ചിരുന്നത് മനുഷ്യ ജീവിതത്തിൻ്റെ സംഘർഷങ്ങൾ തന്നെയായിരുന്നു.
"കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം " -
എന്ന് ചങ്ങമ്പുഴ ബാഷ്പാഞ്ജലിയിൽ എഴുതിയപ്പോൾ, കുഞ്ഞുണ്ണി മാഷ് അതിനെ സമീപിച്ചത്,
"കപട ലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം" -
എന്നായിരുന്നു. മലയാളികളുടെ ഭാഷാസ്നേഹത്തിന്റെ ഇരട്ടത്താപ്പിനെ കണക്കറ്റു പരിഹസിച്ചുകൊണ്ട് കുഞ്ഞുണ്ണി മാഷ് ഒരിക്കൽ ഇങ്ങനെ എഴുതി,
'' ജനിക്കും നിമിഷം തൊട്ടെൻ
മകനിംഗ്ളീഷു പഠിക്കണം
അതിനാൽ ഭാര്യതൻ പേറ-
ങ്ങിംഗ്ലണ്ടിൽ തന്നെയാക്കി ഞാൻ...! ''
ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും. ആദ്യകാല കവിതകൾ ഇവയെ അപേക്ഷിച്ച് ദൈർഘ്യമുള്ളവയാണ്. എന്നാൽ കാല്പനികമായ ഭാവചപലതയോട് പിണങ്ങി നില്ക്കുന്ന സ്വഭാവസവിശേഷത ആ ഘട്ടത്തിൽത്തന്നെ പ്രകടമായിരുന്നു.
" വലിയൊരു ലോകം
നന്നാകാൻ
ചെറിയൊരു സൂത്രം
ചെവിയിലോതാം ഞാൻ -
സ്വയം നന്നാവുക''
സമൂഹം നന്നാകണമെങ്കിൽ ആദ്യം വ്യക്തികൾ നന്നാകണം. വ്യക്തികളിലൂടെ കുടുംബവും അതിലൂടെ സമൂഹവും നന്നാവുമെന്നും അദ്ദേഹം പറയുന്നു.
മടിയന്മാരുടെ ലോകത്തെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് നേരിയ പരിഹാസത്തോടെ കവി നുള്ളി നോവിക്കുന്നുണ്ട്:
''ഒരു തീപ്പെട്ടി
ക്കൊള്ളി തരൂ
കൂടു തരൂ
ഒരു ബീഡി തരൂ
വിരലു തരൂ
ഞാനൊരു ബീഡി
വലിച്ചു രസിക്കട്ടെ'' എന്ന്. അധ്വാനിക്കുകയും പ്രായോഗികജീവിതം നയിക്കുകയും ചെയ്തില്ലെങ്കിൽ ജീവിതത്തിൽ വിജയിക്കുകയില്ല. എല്ലാം 'റെഡിമെയ്ഡായി' ലഭിക്കുന്നത്, ജീവിതത്തെ ആലസ്യത്തിലാഴ്ത്തുമെന്നും കവി തിരിച്ചറിയുന്നു.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്ന് വ്യക്തമാക്കുന്നവയാണ് കുഞ്ഞുണ്ണി മാഷുടെ കുറിപ്പുകളും കവിതകളും. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി.
കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു.
പിന്നീട് തന്റെ വലപ്പാടുള്ള തറവാട്ടിൽ 2006 മാർച്ച് 26-നു ആ കുറിയ വലിയ മനുഷ്യൻ ലോകത്തോട് യാത്ര പറയുകയായിരുന്നു.
വളരെ രസകരവും ദാർശനിക പ്രധാനവുമായ എത്രയധികം കുഞ്ഞു കവിതകൾ കുഞ്ഞുണ്ണി മാഷെ ഓർമ്മിക്കാൻ മലയാളിയുടെ മനസ്സിൽ ഇപ്പോഴും തത്തിക്കളിക്കുന്നുണ്ട്. എണ്ണിയാലൊടുങ്ങാതെ സമുദ്രം പോലെ അവയങ്ങു പരന്നു കിടക്കുകയുമാണ്. അദ്ദേഹത്തിന്റെ വാക്കുകളുടെ ലാളിത്യം കൊണ്ട് തന്നെ ബാല സാഹിത്യ കർത്താവായാണ് കുഞ്ഞുണ്ണിമാഷ് പുറമേ അറിയപ്പെട്ടതും.
"പൊക്കമില്ലായ്മയാണെന്റെ പൊക്കം" എന്ന് പറഞ്ഞു തന്റെ പൊക്കമില്ലായ്മയെ കളിയാക്കവരോട് തന്റേടത്തോടെ മറുപടിയും നല്കി അദ്ദേഹം. ആ കുറിയ്ക്കു കൊള്ളുന്ന മറുപടി ആർക്കു മറക്കാൻ കഴിയും?
സാഹിത്യ അക്കാദമി പുരസ്കാരം നൽകി കുഞ്ഞുണ്ണി മാഷിനെ ആദരിച്ചിട്ടുണ്ട്. അതിലും എത്രയോ ഏറെയായിരുന്നു അദ്ദേഹത്തിന് കുഞ്ഞുങ്ങളിൽ നിന്നും തന്റെ പ്രിയ വായനക്കാരിൽ നിന്നും ലഭിച്ച ആദരവും സ്നേഹവും. അല്ലെങ്കിലും ഒരു എഴുത്തുകാരൻ ജനിയ്ക്കുന്നത് വായനക്കാരന്റെ ഉള്ളിലാണല്ലോ. അതിനാൽ തന്നെയാണ് ആ എഴുത്തുകാരന് മരണം ഇല്ലാത്തതും. കുഞ്ഞുണ്ണി മാഷിനെയും അദ്ദേഹത്തിന്റെ കുഞ്ഞു കവിതകളെയും മലയാളം ഉള്ള കാലത്തോളം മറക്കാൻ എത്ര ന്യൂ ജനറേഷൻ വന്നാലും മലയാളിയ്ക്ക് ആകുമെന്ന് തോന്നുന്നില്ല. അത്രയധികം വരികൾ കൊണ്ട് ജിവിതം വരച്ചു വച്ചിട്ടുണ്ട് അദ്ദേഹം.
'' കുഞ്ഞുണ്ണിക്കൊരു മോഹം, എന്നും
കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ''
എന്നദ്ദേഹം കൊതിച്ചു.
കുഞ്ഞാവുക എന്നാൽ നിഷ്കളങ്കതയുടെ മൂർത്തീമദ്ഭാവം ആവുക എന്നാണർത്ഥം - ഈശ്വരനാവുക എന്നു തന്നെ, ഇത്രയേറെ പ്രയാസമുള്ള മറ്റെന്തുണ്ട്, മനുഷ്യനാവുകപോലും വിഷമമായിട്ടുള്ള നമ്മുടെ ലോകത്തിൽ..!
- സാനിയ കെ ജെ എഡിറ്റർ, നാട്ടുപച്ച മാഗസിൻ
'കുട്ട്യോൾടെ കുഞ്ഞുണ്ണി മാഷ്' എന്ന പുസ്തകത്തിൻ്റെ വായനക്കുറിപ്പ് വായിക്കാം:
കുട്ട്യോൾടെ കുഞ്ഞുണ്ണി മാഷ്
കുഞ്ഞുണ്ണി മാഷിന്റെ സ്മരണകൾ ഉൾപ്പെടുത്തിയ പുസ്തകമാണ് 'കുട്ട്യോൾടെ കുഞ്ഞുണ്ണി മാഷ്'. മാനവ് ഷെരിഫ് ആണ് ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചത്. കുഞ്ഞുണ്ണി കവിതകൾ വായിക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം എല്ലാം മനസ്സിൽ ഒരു കുട്ടിത്തം കയറിവരും. വളരെ രസകരമായ രചനാരീതിയാണ് കുഞ്ഞുണ്ണി മാഷിന്റേത്. കുഞ്ഞു വരികളിൽ വലിയ ആശയങ്ങൾ കവിതച്ചെപ്പിലൊതുക്കുന്ന കവി. ഏതു പ്രായക്കാർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും.
'വായിച്ചാലും വളരും
വായിച്ചിലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും
'മഴു കൊണ്ടുണ്ടായ നാടിത്
മഴു കൊണ്ടില്ലാതാകുന്നു'
ഈ വരികളിലെല്ലാം നിറയെ ആശയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ കവിതകളുടെ അന്തർ ദാരയിൽ ഒരാദിമശിശുവിന്റെ സത്യദർശനമുണ്ടെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്. കവിതയുടെ സമ്പ്രദായിക രചനാരീതിയും ഘടനയും അസാധാരണമായ ആത്മവിശ്വാസത്തോടെ ഒരു പൊളിച്ചെഴുത്ത് നിർവഹിക്കുകയും പകരും തനിക്കിണങ്ങുന്ന നവീന മാത്യകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും ചെയ്ത മഹാകവിയാണ് അദ്ദേഹം. വലിയ കവിതകളെഴുതി കാവ്യ സിംഹാസനം കീഴടക്കിയവർക്കിടയിലേക്ക് കുഞ്ഞു കവിതകളെഴുതി കരുത്ത് കാട്ടി കയറിയിരിക്കാൻ കഴിഞ്ഞ മഹാൻ. വലിയ സത്യത്തെ ഒരു ചെറിയ ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലമായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. ഇദ്ദേഹത്തിന്റെ ചില വരികൾ കൂടി പരിചയപ്പെടാം.
''പരത്തി പറഞ്ഞാൽ പർപ്പടം
ഒതുക്കി പറഞ്ഞാൽ പപ്പടം
വേഗം പറഞ്ഞാൽ പപ്പ്ടം
ചുട്ടെടുതൊന്നമർത്തി
യാൽ പ്ടം''
''എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം''
''വലിയൊരീ ലോകം മുഴുവൻ നന്നാകാൻ
ചെറിയൊരു സൂത്രം
ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക ''
''അമ്മ മമ്മിയായെന്നേ മരിച്ചു മലയാളം
ഇന്നുള്ളതിൽ ഡാഡി ജഢമാം മലയാളം''
ഇതുപോലെ നിരവധി കവിതകളും ശോഭയാർന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളും ഉൾപ്പെടുത്തിയ പുസ്തകമാണിത്. എല്ലാവരും വായിക്കുമെന്ന് വിശ്വസിക്കുന്നു.
- അമൃത കെ.ബി 6 C


"പരത്തിപ്പറഞ്ഞാൽ പർപ്പടകം"....
ReplyDeleteനന്നായിട്ടുണ്ട്, മാഷെ പരിചയ പ്പെടുത്തി യത്.. കുട്ടികളുടെ നാക്കിൽ തത്തി ക്കളിക്കാൻ പാകത്തിൽ ഉള്ള,മാഷ് എഴുതിയ, ഒരുപാട് വരികൾ
ഓർമ്മ വരുന്നു.