സ്കൂൾ പ്രവേശനം

തിരികെ സ്കൂളിലേക്ക്...

ഇന്ന് നവംബർ 1 

പതിവിലും വിപരീതമായി കേരളപ്പിറവി എന്നതിനേക്കാൾ തിരിച്ചുവരവിൻ്റെ പിറവി ആഘോഷിക്കപ്പെടുകയാണ്. നഷ്ടപ്പെട്ടു എന്നു കരുതിയ പലതും നിയന്ത്രണങ്ങളോടെയാണെങ്കിലും തിരികെ വരുകയാണ്..!

ലോകം തന്നെ 'കോവിഡിന് മുൻപും ശേഷവും ' എന്ന് മാറിയ കാലഘട്ടത്തിലാണല്ലോ നാം. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒരു അടച്ചിടലിനാണ് ലോകം മുഴുവനും, പ്രത്യേകിച്ച് വിദ്യഭ്യാസ സ്ഥാപനങ്ങളും സാക്ഷ്യംവഹിച്ചത്. കോവിഡ്-19 വൈറസ് കുട്ടികളെ സാരമായി ബാധിച്ചില്ലെങ്കിലും കോവിഡ് മൂലം സമൂഹത്തിലുണ്ടായ മാറ്റം ഏറ്റവും കൂടുതൽ ബാധിച്ചത് അവരെയാണ്; അവരുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ വളർച്ചയെയാണ്. 

ലോകം മുഴുവൻ ഭീതിയും ആശങ്കയും ഒരുപോലെ നിലനില്ക്കുന്ന കൊറോണ പ്രതിരോധത്തിന്റെ ഈ കാലഘട്ടം ചരിത്രത്തിൽ വേദനയോടെ രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട കാലയളവാണ്. അപകടകാരികളായ നിരവധി സൂക്ഷ്മജീവികളെ ചെറുത്തുതോല്പിച്ച സുവർണ്ണ ചരിത്രം നമുക്കുണ്ട് എന്നതും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ വിജയപാതയിലൂടെ അനുനിമിഷം കുതിച്ചുകൊണ്ടിരിക്കുന്നു എന്നതും ശുഭപ്രതീക്ഷ നൽകുന്നു. ജീവിതത്തിലെ മറ്റെല്ലാ മേഖലയിലുമെന്നപോലെ വിദ്യാഭ്യാസമേഖലയിലും ഇക്കാലഘട്ടത്തിൽ ഗുരുതരമായ പ്രതിസന്ധികളുണ്ടായി. 

ഇപ്പോൾ ഇതാ ഏറെ കാത്തിരിപ്പിനുശേഷം കുട്ടികൾ തിരികെ സ്കൂളിലേക്ക് പ്രവേശിക്കുകയാണ്.  

വിദ്യാഭ്യാസത്തെ നാം താരതമ്യപ്പെടുത്തുന്നത് കെട്ടിനില്‍ക്കുന്ന ജലാശയത്തോടല്ല, മറിച്ച് ഒഴുകുന്ന നദിയോടാണ്. കഴിഞ്ഞ ആയിരം വര്‍ഷത്തെ വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാല്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ വിവിധ കാലഘട്ടങ്ങളിലായി വന്ന ധാരാളം മാറ്റങ്ങള്‍ കാണാം. ഉദാഹരണത്തിന്, വാചികവിദ്യാഭ്യാസത്തില്‍നിന്ന് ലിഖിതവിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം. പക്ഷേ ഈ പ്രക്രിയകളില്‍ ഉടനീളം, ജൈവികമായി, ഇടപെടുന്ന രണ്ട് കാര്യകര്‍ത്താക്കളെ നമുക്ക് കാണാന്‍ സാധിക്കും. അധ്യാപകനെയും വിദ്യാര്‍ത്ഥിയെയും. ചെറിയ ചില മാറ്റങ്ങള്‍ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിലും പഠന പ്രക്രിയയിലും ഉണ്ടായിട്ടുണ്ടെങ്കിലും പ്രകടമായ ഒരു മാറ്റം അക്കാര്യത്തില്‍ വന്നതായി തോന്നുന്നില്ല. എന്നാൽ കോവിഡ് കാലം സാക്ഷ്യം വഹിച്ചത് വലിയൊരു മാറ്റത്തിനു തന്നെയാണ്. 

ഔപചാരിക രീതികളും മാർഗ്ഗങ്ങളും അവലംബിച്ചു നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ലോക്ക്ഡൗണിനെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുന്ന ഒരു സവിശേഷ ഘട്ടത്തിലാണ് ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെ നമ്മൾ അന്വേഷിക്കുന്നത്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഇതര പരിശീലന കേന്ദ്രങ്ങൾ ; എല്ലാംതന്നെ അടച്ചിട്ടു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ബദൽ മാർഗമെന്ന നിലയിൽ ഇന്റർനെറ്റ് അടിസ്ഥാനപ്പെടുത്തിയ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ആകൃഷ്ടരാവുന്നത്. 

ഔപചാരിക പഠനപ്രക്രിയ പ്രധാനമായും നടക്കുന്നത് ക്ലാസ് റൂം സംവേദനത്തിലൂടെയാണ്. മാനവിക വിഷയങ്ങളായായാലും സാമൂഹിക ശാസ്ത്ര, ശാസ്ത്ര പഠനമായാലും ക്ളാസ്റൂം പഠനം ഒഴിവാക്കാൻ പറ്റാത്തതാണ്. വ്യക്തിഗതമായ സംവേദനത്തിനോടൊപ്പം വിദ്യാർത്ഥികൾ ഒരുമിച്ചു ചേർന്നുള്ള കൂട്ടായ പഠന പ്രക്രിയ ധൈഷണികതയെ കൂടുതൽ ദൃഢപ്പെടുത്തുന്നതും ഒപ്പംതന്നെ പഠനത്തിന്റെ സാമൂഹ്യവത്കരണത്തെയും ഗുണകരമായ രീതിയിൽ സ്വാധീനിക്കുന്നു. ക്ലാസ്റൂം ഇന്ററാക്ഷൻ അധ്യാപനത്തിന് ഏറ്റവും അമൂല്യവത്തായ ഒന്നുമായിരുന്നു. ഇതിനോട് ചേർന്ന് ലാബ് സൗകര്യങ്ങളും, ലൈബ്രറിയും വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതൊക്കെ ഭൗതിക ഇടങ്ങളിൽ മാത്രം പരിമിതപ്പെടുത്തേണ്ട കാര്യങ്ങളല്ല.

ഓൺലൈൻ എന്നാൽ ഒരു പരിസ്ഥിതിയാണ് ; അതിനെ മൊത്തത്തിൽ കാണേണ്ടതായുണ്ട്. പഠനത്തിനാവശ്യമായുള്ള എന്തെങ്കിലും ഒരു പ്ലാറ്റ്ഫോം അല്ലെങ്കിൽ താത്ക്കാലികമായി പഠനത്തിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയർ മാത്രമല്ല ഇത്. വാസ്തവത്തിൽ, ഇ- പുസ്തകങ്ങളും, നിരവധിയായ വീഡിയോകളും, പ്രതീതി ലാബുകളും ഉൾക്കൊള്ളുന്ന വിസ്തൃതമായ ലോകമാണത്. അദ്ധ്യാപകർക്ക് ഒരു വിഷയം പഠിപ്പിക്കുന്നതിന് അല്ലെങ്കിൽ ഒരു ആശയം അവതരിപ്പിക്കുന്നതിന് അനവധിയായ ഗ്രാഫിക്സുകളെയും, വിഡിയോകളെയും, ഇതര ടെസ്റ്റുകളെയും ഇന്റർനെറ്റിൽനിന്നുതന്നെ കണ്ടെത്താം. അത് ക്ലാസ്റൂമിലെ പഠനപ്രക്രിയയെ കൂടുതൽ സമ്പന്നവും ജീവസ്സുറ്റതുമാക്കുന്നു.

ഓൺലൈൻ വിദ്യാഭ്യാസം ഇന്നും അഭിമുഖീകരിക്കുന്നത് ഒരു പഴയ പ്രശ്നമാണ്. ഇന്റർനെറ്റ് വ്യാപനത്തിന്റെ തുടക്കം മുതൽക്കേ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണത്. ഇന്റർനെറ്റ് അവകാശമാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം. എങ്കിലും ഡാറ്റ കണക്റ്റിവിറ്റി എല്ലാവർക്കും ഒരേപോലെ ലഭ്യമല്ല. സർവകലാശാലകളിലും പല കോളേജുകളിലും ഫ്രീ വൈ ഫൈ ലഭ്യമാക്കുന്നുണ്ടെങ്കിലും വീടുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും ആ സൗകര്യം ലഭ്യമാകണമെന്നില്ല. ' No child left behind’ എന്നൊക്കെ നാം പറയാറുണ്ട്. ഒരു കാലത്ത് യു.എസില്‍ അവതരിപ്പിച്ച വലിയ ഒരു ആശയമായിരുന്നു ഇത്. ഒരു കുട്ടിയും പുറത്താക്കപ്പെടരുത് എന്ന ഉദാത്തമായ കാഴ്ചപ്പാടാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. എന്നാൽ ഇത് നടപ്പാക്കുന്നതിൽ പൂർണമായ ഒരു വിജയം സാധ്യമായിട്ടില്ല. 

സാങ്കേതികവിദ്യയുടെ ആവിർഭാവത്താൽ പുതിയ പരിണാമത്തിലേയ്ക്ക് മാറിയ നിരവധി മേഖലകളുണ്ട്. ഇന്നും സാമ്പ്രദായികമായി വലിയ മാറ്റം സംഭവിക്കാത്ത മേഖലയാണ് വിദ്യാഭ്യാസം. ശാരീരിക സാന്നിധ്യമുള്ള ക്ലാസുകളിൽ പങ്കെടുക്കുക, പരീക്ഷയെഴുതുക, മാർക്ക് നേടുക, മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുക എന്നിങ്ങനെ പരമ്പരാഗത രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും നയങ്ങളുടെയും ഘടന രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടെനിന്നാണ് പെട്ടെന്ന് 'ഓൺലൈൻ പഠനം' എന്ന രീതിയിലേക്ക് നാം മാറിയത്.  കുട്ടികളുടെ സമഗ്രവികസനം നിലനിർത്താനും ഒരു സാമൂഹ്യജീവിയാകാന്‍ സഹായിക്കാനും അവർ തമ്മിലുള്ള പരസ്പര പ്രവർത്തനങ്ങളും മറ്റ് പ്രവർത്തികൾ നിലനിർത്താനും ചില ബദൽ സംവിധാനങ്ങൾ ഉപയോഗിച്ച് നാം പുതിയ സ്കൂൾ വിദ്യാഭ്യാസം മാതൃക തന്നെ വാർത്തെടുത്തു.

സർഗ്ഗശേഷിയും സാങ്കേതിക മികവും ഭാവനയും ഒരുമിച്ച് ചേർക്കുവാനുള്ള നിരവധി  ഇടപെടലുകൾ ഉണ്ടായി.  ഭയന്നിരിക്കുന്ന മനസ്സിനെ ആശയുടെ ദിശയിലേക്ക് തിരിച്ചുകൊണ്ടു വരുവാനുള്ള ശ്രമങ്ങളായിരുന്നു ഇവ.

ഗൃഹബന്ധം എന്ന പുതിയൊരു പഠന ജൈവബന്ധം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് കാലഘട്ടത്തിന്റെ നവാനുഭവമാണ്. കുട്ടിയുടെ ക്ലാസ്സിലിരിക്കുവാൻ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല. ഇപ്പോൾ അതും സാധ്യമായി. 

ഏറെ കുറവുകളും ഈ പഠന രീതിയ്ക്കുണ്ടെന്നത് വാസ്തവമാണെങ്കിലും ഈയൊരവസ്ഥയിൽ മുടങ്ങാതെ വിദ്യാഭ്യാസം മുന്നോട്ടുപോവാൻ ഓൺലൈൻ സംവിധാനം പ്രയോജനപ്പെട്ടു. 

കഴിഞ്ഞ ഒന്നര വർഷത്തിൽ കൂടുതലായി അടച്ചിട്ട സ്കൂളുകളിൽ കുട്ടികൾക്ക് ഭീഷണിയാവുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ടാകും. സ്ക്കൂളുകളുടെ ശുചീകരണം, കുട്ടികൾക്കായുള്ള സുരക്ഷാമാർഗ്ഗാനിർദേങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ഓരോ ക്ലാസിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ബാച്ച്  തിരിക്കൽ എന്നീ സുരക്ഷാ രീതികൾ സ്വീകരിച്ച്  വിദ്യാലയങ്ങൾ സജ്ജമാക്കി കുട്ടികളെ കാത്തിരിക്കുകയാണ് നമ്മുടെ അധ്യാപകർ. അവരുടെ നിർദ്ദേശങ്ങൾ ശരിയായി പാലിച്ച് നമ്മുടേയും ചുറ്റുമുള്ള കൂട്ടുകാരുടേയും ആരോഗ്യം സംരക്ഷിക്കേണ്ടത് നാം കുട്ടികളുടെ കർത്തവ്യമാണ്. 

സ്‌കൂള്‍ എന്ന് പറയുന്നത് സമപ്രായക്കാരുമായുള്ള സംവേദനത്തിന്റെയും സാമൂഹിക പ്രക്രിയയുടെയും ഇടമാണ്. മാത്രമല്ല ജനാധിപത്യത്തിന്റെയും, സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ഇടം കൂടിയാണ്.

എല്ലാവരും കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. അതുകൊണ്ടുതന്നെയാണ് ഈ മഹാമാരിയുടെ തുടക്കത്തിൽതന്നെ സ്കൂളുകൾ അടച്ചതും ഇപ്പോൾ തുറക്കുന്നതും. സ്കൂൾ എന്ന് പറയുന്നത് കേവലം ഒരു കെട്ടിടം മാത്രമല്ല; ഒരു മനുഷ്യന്റെ വ്യക്തിത്വ രൂപീകരണം നടക്കുന്ന പ്രധാന ഇടമാണ്. 

ചിരിക്കില്ല, പക്ഷെ ചിരിപ്പിക്കും കുട്ടികളുടെ നിർത്താത്ത ചിരികേട്ടാലറിയാം ക്ലാസിൽ  ഷാഫി മാഷാണെന്ന് '' ഗൃഹാതുരത  ഉണർത്തുന്ന ഇത്തരം എത്രയോ വാചകങ്ങൾ, അനുഭവങ്ങൾ... തിരികെവരുകയാണാ പുഞ്ചിരികൾ ; നിറ കൈകളോടെ നമുക്കവയെ സ്വീകരിക്കാം... കഥയും കവിതയും ചർച്ചകളുമൊക്കെയായി നമ്മൾ വീണ്ടും ഒരു ക്ലാസ്മുറിയിൽ ഒന്നിക്കുന്നു...

എല്ലാ കൂട്ടുകാർക്കും ആശംസകൾ...                                                                     സാനിയ കെ ജെ                                       (എഡിറ്റർ, നാട്ടുപച്ച മാഗസിൻ)

-----------------------------------------------------------------

ഈ പുതുപിറവിയിൽ നമ്മുടെ കൂട്ടുകാരുടെ രണ്ട് കവിതകൾ പരിചയപ്പെടാം:

തീപ്പെട്ടി 


തൃണവൽഗണിക്കരുത് 

അത് തീപ്പെട്ടിക്കൂടാണെങ്കിലും 

ഒരു ചെറുകോലുരയ്ക്കുമ്പോൾ 

ഉയരുന്ന അഗ്നിയോ ഈ 

ഉലകമാകെ എരിച്ചിടുന്നു 

എരിയുന്ന ബീഡിക്കുറ്റികൾക്കും 

കത്തുന്ന മനുഷ്യപട്ടടയ്ക്കും 

ഒരു കൊള്ളി മാത്രം മതി.

പ്രകാശം പരത്തുന്ന വിളക്കിന്റെ 

ദീപവും കത്തുന്ന അടുപ്പിലെ തീനാളവും

ഒരു തീപ്പെട്ടിക്കൊള്ളിയിൽ നിന്നുതന്നെ. 

മൂല്യവും വലുപ്പവും ചെറുതെങ്കിലും 

ജ്വലിക്കുന്നു ഭൂമിയും അഗ്നിയാൽ 

കത്തുകയില്ലത് കണ്ണീർ നനവാൽ 

ഉണക്കരുത് ജീവിതച്ചൂട് നൽകി 

പെണ്ണാണത് പ്രകൃതിയാണത് 

ഉരയ്ക്കരുത് കത്തിചാമ്പലാക്കും 

                                     -  അളകനന്ദ വി.ബി  8A

-----------------------------------------------------------------
പ്രളയകാലം


കരിമേഘതിരമാലകൾ 

തെളിവാനംമൂടുമ്പോൾ

പകലിരവുകൾ പെരുമാരി

കലിതുള്ളിപെയ്യുമ്പോൾ

പുഴയാകെ കരയേറും

മലയാകെ നടുപിളരും

മരമൊക്കെ കടപ്പൊഴിയും

പുരയൊക്കെതറപറ്റും

മനുഷ്യരും നാൽകാലികളും

ഓടിയോടി നിലത്തെറ്റും

മഴപെയ്തു ഒടുവിൽ....

ഒരു നാൾ പുലരുമ്പോൾ

കുടിലില്ല... വീടില്ല...

വയലില്ല ... പുഴയില്ല...

മനുഷ്യരിൽ ചിലരില്ല

തിരയാനിനി ഇടമില്ല

കരുണക്കായ് കൈകൂപ്പി 

കരയുന്നു നാടാകെ...

ഒരു മെയ്യും ഒരു മനവും...

ഒന്നാവണം നാമിവിടെ...

കനിവിൽ കടൽ ഒഴുകേണം 

കൈത്താങ്ങായിതീരേണം

ചുടുകണ്ണീരോപ്പേണം

ഹൃദയം ഒന്നാവേണം

ഇനിയുള്ള ജീവിതങ്ങൾ...

വീണ്ടും തളിർക്കേണം...

 അതിജീവനത്തിന്റെ പൂങ്കൊടികൾ പാറേണം...

അതിനിടയിലൊരുക്കാര്യം

ഓർക്കാതെ പോകരുതേ

മുറിവേറ്റ പ്രകൃതി 

നമ്മെ പഠിപ്പിച്ച പാഠങ്ങൾ...

                                             - ലക്ഷ്മി ടി ആർ 7D

-----------------------------------------------------------------

Comments

Post a Comment

Popular posts from this blog

അന്താരാഷ്ട്ര യോഗ ദിനം 2023

സുഗതകുമാരി

2022 ജനുവരി