വായനാദിനം
വായനയുടെ വാതായനം
ജൂൺ 19. മറ്റൊരു വായനാ ദിനം കൂടി. വായന നമ്മുടെയൊക്കെ ജീവിതത്തിൽ എന്തു മാത്രം പ്രധാനമാണെന്ന് ഓർമപ്പെടുത്തുന്ന ദിനം. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മലയാളികളെ വായനയുടെ അത്ഭുത ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വലിയ മനുഷ്യന്റെ, പി എൻ പണിക്കരുടെ ഓർമ്മ ദിനമാണ് നാം വായനാ ദിനമായി ആചരിക്കുന്നത്. വായനക്ക് ജനസമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ലഭിക്കാനും, വായനാ വിപ്ലവത്തിലൂടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും നഗര - ഗ്രാമ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചു അദ്ദേഹം. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ ഒരിക്കൽ വിശേഷിപ്പിച്ചത്. വായന എല്ലാ ജനങ്ങളിലേക്കും എത്തിക്കുക, പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അതിൻ്റെ പ്രധാന്യവും ഗൗരവവും വ്യക്തമാക്കി കൊടുക്കുക എന്നത് തന്നെയാണ് വായനാ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്.
മനസ്സിനേയും ശരീരത്തേയും മാത്രമല്ല ചിന്തയേയും നിലപാടുകളേയും വരെ സ്വാധീനിക്കാൻ കഴിയുന്ന ക്രിയാത്മകമായ പ്രക്രിയയായി വായന മാറുകയും നന്മയുടെ വിത്തുകൾ നട്ടുവളർത്താനുപകരിക്കുകയും ചെയ്യുമ്പോൾ വായന അനശ്വരമായ പുണ്യ പ്രവൃത്തിയാകും. അക്ഷരം എന്ന വാക്കർഥം അന്വർഥമാക്കി മാനവ രാശി നിലനിൽക്കുവോളം വായന സജീവമാകും. കാരണം വായന മനുഷ്യന്റെ അവിഭാജ്യമായ സാംസ്‌കാരിക പ്രവർത്തനമാണ്. സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടവും ജീവിത സാഹചര്യങ്ങളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുമൊക്കെ വായനയുടെ സ്വഭാവത്തേയും രീതിശാസ്ത്രത്തേയുമൊക്കെ മാറ്റി മറിച്ചിട്ടുണ്ടെങ്കിലും വായന അഭംഗുരം തുടരുന്നുവെന്നതാണ് യാഥാർഥ്യം. മനുഷ്യനെ നേർവഴിക്ക് നടത്താനും വേണ്ടിടത്ത് തിരുത്താനും വായന നിലനിൽക്കേണ്ടത് അനിവാര്യമാണുതാനും. ഇതിന് പക്ഷേ കേവല സാക്ഷരതക്ക് പകരം നമുക്ക് സാംസ്‌കാരികവും ധാർമികവും പുരോഗമനപരവുമായ സാക്ഷരത കൂടി വേണമെന്നും വായനാദിനത്തോട് നാം ചേർത്തു വായിക്കുക.
വായനയുടെ സ്വർഗത്തിൽ സ്വപ്‌നങ്ങളുടെ അതിരുകളില്ലാത്ത വിസ്മയ പ്രപഞ്ചങ്ങളിലൂടെ വിരാജിക്കുമ്പോൾ മനുഷ്യന് ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും പറഞ്ഞറിയിക്കാനാവാത്തതാണ്. എന്തു വായിക്കണം, എങ്ങനെ വായിക്കണം, എത്രത്തോളം വായിക്കണം എന്നിവയെല്ലാം പ്രസക്തമാണെങ്കിലും അറിവിന്റെ ഉറവകൾ തേടിയും ഭാവനയുടെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ചും മനോഹരമായ ആവിഷ്‌കാരങ്ങൾ ആസ്വദിക്കുവാനാണ് വായന ഓരോരുത്തരേയും സഹായിക്കുന്നത്. മാതൃഭാഷയിലും അല്ലാത്ത ഭാഷകളിലും വായന സജീവമാകുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റും വളർന്നുവരുന്നത്.
അക്ഷരങ്ങൾ ചിന്തയുടെ അഗ്നിസ്ഫുലിംഗം തീർക്കാൻ കരുത്തുള്ള ശക്തമായ സാംസ്‌കാരിക മാധ്യമമാണ്. അക്ഷരക്കൂട്ടുകളും പുസ്തകങ്ങളും അതുകൊണ്ട് തന്നെ സമൂഹത്തിന്റെ നവോത്ഥാനത്തിലും സാംസ്‌കാരിക ഉദ്ഗ്രഥനത്തിനുമൊക്കെ വഴിയൊരുക്കിയതാണ് മാനവ ചരിത്രം. ഈ ചരിത്രം വിവിധ ഭാവത്തിലും താളത്തിലും ആവർത്തിക്കുമ്പോൾ ഏറ്റവും കാര്യക്ഷമവും ക്രിയാത്മകവുമായ സാംസ്‌കാരിക പ്രവർത്തനമായി വായന മാറുന്നു എന്ന സന്തോഷ വാർത്തയാണ് സമകാലിക ലോകത്തുനിന്നും നമുക്ക് കേൾക്കാൻ കഴിയുന്നത്.
വായന മരിക്കുന്നില്ല, വായനയുടെ ഭാവതലങ്ങളാണ് മാറിക്കൊണ്ടിരിക്കുന്നത്. ഇ വായനയായാലും ബ്ലോഗ് വായനയായാലും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വായനയായാലും വാട്‌സ് ആപ്പ് സന്ദേശങ്ങളായാലും വായനയുടെ വിവിധ രൂപങ്ങളിൽ സർഗ പ്രക്രിയയായി വായന നടക്കുന്നുണ്ട്. പക്ഷേ വായനയുട മൂല്യം എത്രത്തോളം ഉണ്ടെന്നതാണ് കാര്യം. വായനയുടെ ആത്യന്തിക ലക്ഷ്യം വ്യക്തിയുടേയും സമൂഹത്തിന്റേയും നന്മയാകുമ്പോൾ വായനയുടെ സർഗ സഞ്ചാരം സമൂഹത്തിന് ഗുണകരമാകും.
വായന അനുസ്യൂതം തുടരുന്ന ഒരു സർഗ സഞ്ചാരമാണ്. അത് മെലിഞ്ഞും തെളിഞ്ഞും ഗമിച്ചുകൊണ്ടേയിരിക്കും. വിശക്കുന്ന മനുഷ്യ, നീ പുസ്തകങ്ങൾ കൈയിലെടുക്ക്, അറിവാണ് ഏറ്റവും വലിയ ആയുധം എന്ന ആഹ്വാനം ചെയ്യപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു.
വായനയെന്നാല്‍ അറിവിന്റെ ലോകാത്ഭുതമാണ്. വായിച്ചാല്‍ കിട്ടുന്ന അറിവിന്റെ മൂല്യം നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
വായന വളര്‍ച്ചയിലേക്കുള്ള ഒരു വാതായനമാണ്. മനസ്സിന് വെളിച്ചവും മാനസിക വളര്‍ച്ചയും വായനയിലൂടെ ലഭിക്കുന്നു. വിജ്ഞാന വര്‍ധനവിന് പുറമേ വായന വിനോദവും കൂടിയാണ്. പുസ്തകം വായിക്കുമ്പോള്‍ നാം ജീവിതത്തെയാണ് വായിക്കുന്നത്. പുസ്തകങ്ങൾ മാത്രമല്ല നാം നിരീക്ഷിക്കപ്പെടുന്ന എന്തിലും വായനയുണ്ട്. ഒരാളെ കാണുമ്പോള്‍ തന്നെ നമുക്ക് അയാളെ കുറിച്ച് ചില ധാരണകൾ ഉണ്ടാവുന്നു. ആ ധാരണയോടെ നാമയാളെ വായിക്കാന്‍ തുടങ്ങുന്നു. ആദ്യമായി ഒരു പ്രദേശം കാണുമ്പോള്‍ നാം അതിനെയും വായിക്കാന്‍ ശ്രമിക്കണം. ഒരു പുസ്തകം തന്നെ പലയാവര്‍ത്തി വായിക്കുമ്പോള്‍ അര്‍ത്ഥ കല്‍പനകള്‍ മാറുന്നു. ഇങ്ങനെ വ്യത്യസ്ത അറിവുകൾ ലഭിക്കുന്നു. വായന, വായനക്കാരൻ്റെ മനസ്സില്‍ നടക്കുന്ന ഒരു അനിയതമായ പ്രവർത്തനമാണ്. അതിനാൽ വായിക്കപ്പെടുന്ന ഓരോ പുസ്തകത്തിനും പിന്നെയും പിന്നെയും വ്യാഖ്യാനങ്ങൾ ഉണ്ടാവുന്നു.
നമ്മുടെ കാലം കാഴ്ചയുടേതാണ്. ഇന്ന് വായനയില്‍ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും വായിച്ചുകൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്‌കാരം മാറുന്നു. അതുകൊണ്ടു തന്നെ നമ്മുടെ കാലത്തെ വായനാദിനം പ്രസക്തമാണ്.
വായന, സംസ്‌കാരമുള്ള മനുഷ്യന്റെ ഒരു സ്വഭാവമാണ്. ചിന്തയേയും ജീവിതത്തേയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ ഒരു മാധ്യമമാണ് പുസ്തകം. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവകരമായ പുരോഗതിയെ തുടർന്ന് ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ ഒരു പരിധി വരെ കീഴടക്കിയിട്ടുണ്ടെങ്കിലും വായനയെ മലയാളിക്ക് മാറ്റിനിർത്താനാവില്ല. കാരണം മനുഷ്യന്റെ സാംസ്‌കാരിക വളർച്ചക്ക് വായന അനുപേക്ഷണീയമാണ്.
ചിന്തയുടെ ഇന്ധനമാണ് വായന. എവിടെ വായന ഇല്ലാതാകുന്നുവോ, അവിടെ ചിന്ത മരവിക്കുകയും സമൂഹം അധഃപതിക്കുകയും ചെയ്യും. നക്ഷത്ര പ്രഭയുള്ള കാലവും ഉൾക്കനമുള്ള രചനകളും മലയാളിക്ക് അവിസ്മരണീയമായ ഓർമകളാണ്. അക്ഷരമെന്നാൽ ഒരിക്കലും നാശമില്ലാത്തത് എന്നാണ്. മറ്റൊരു മാധ്യമത്തിനും വായനയെ ഇല്ലാതാക്കാനാവില്ല. നമ്മുടെ സമീപനത്തിലാണ് മാറ്റം വരേണ്ടത്.
സാങ്കേതിക വിദ്യയുടെ വികസനം വായനയും പഠനവും കൂടുതൽ സൗകര്യപ്രദമാക്കി എന്നാണ് നാം കരുതേണ്ടത്. പുസ്തകങ്ങളിൽ നിന്നും ഒരു വരി പോലും വായിക്കാത്തവരും എഴുതാത്തവരുമൊക്കെ സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ധാരാളം വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന കാര്യം നാം കാണാതിരുന്നു കൂടാ. ആ ഇടപെടലുകളും വായനയും സർഗാത്മകമാക്കുക എന്നതാണ് ഏറെ പ്രധാനം.
വായന വളരുകയാണ്. വായനയുടെ തലങ്ങളിൽ മാത്രമാണ് മാറ്റം വരുന്നത്. വിശാലമായ മാനങ്ങളുള്ള ഒരു പ്രക്രിയയാണ് വായന. കഥയും കവിതയും നോവലും സർഗ രചനകളുമെന്ന പോലെ തന്നെ പ്രകൃതിയുടെ ദൃശ്യ വായനയും വൈകാരിക വായനയും വ്യത്യസ്തമായ തലങ്ങളാണ്. സാമൂഹികതയും മാനവികതയും വായനയുടെ സവിശേഷ തലങ്ങളാവണമെന്നു കൂടി വായനാദിനം നമ്മോട് പറയാതെ പറയുന്നുണ്ട്.
വായനയുടെ പരിമളം മനസ്സിന് കുളിരേകുന്ന അവാച്യമായ ഒരനുഭൂതിയാണ്. മുൻവിധികളില്ലാതെ സങ്കുചിതത്വമില്ലാതെ ഈ പരിമളം കാത്തു സൂക്ഷിക്കാനായാൽ ഒരു ശക്തിക്കും മനുഷ്യ മനസ്സുകളെ സാംസ്‌കാരിക പാതയിൽ നിന്നും പിറകോട്ട് വലിക്കാനാവില്ല.
അക്ഷരങ്ങളെ പ്രണയിക്കുന്ന ഓരോരുത്തർക്കും വായന അവാച്യമായ അനുഭൂതിയാണ് നൽകുന്നത്. വായിക്കുന്നതും വായനക്ക് പ്രചോദനമേകുന്നതും ഒരുപോലെ പുണ്യമാണ്. ഞാൻ സുഹൃത്തുക്കളുടെ അഭാവം പരിഹരിക്കുന്നത് പുസ്തകങ്ങളിലൂടെയാണെന്ന അംബേദ്കറുടെ പ്രസ്താവന പുസ്തകങ്ങളെ കൂട്ടുകാരാക്കാനുള്ള ആഹ്വാനമാണ്.
മനുഷ്യന് വായന ശരീരത്തിന് രക്തം പോലെയാണ്. പരന്ന വായന മനുഷ്യനിൽ ധന്യത പ്രസരിപ്പിക്കുന്നതോടൊപ്പം വിനയാന്വിതരും സംസ്‌കാര സമ്പന്നരുമാക്കും. എന്തിന് വായിക്കണം, എന്തു വായിക്കണം എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കണ്ടെത്തി കേവലം അറിവിനുമപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനകളാണ് കാലാതീതമായി നിലനിൽക്കുകയെന്നും നാം ഓർക്കേണ്ടതാണ്.
സ്വപ്നം കാണാൻ കഴിയുന്നവർക്കേ കഥയും കവിതയുമെന്നല്ല നല്ല രചനകൾ നടത്താനാവുകയുള്ളൂ. മലയാളിയുടെ കുടിയേറ്റം പോലും സ്വപ്നം കാണുന്നതിന്റെ ഭാഗമായിരുന്നു.
വായന ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭൂതികളാണ് സമ്മാനിക്കുന്നത്. ചിലർ വായനയുടെ അതിരുകളില്ലാത്ത ലോകത്ത് വിരാചിച്ച് സർഗ സഞ്ചാരത്തിൽ സായൂജ്യമടയുമ്പോൾ മറ്റു ചിലർ വായനയുടെ സൗരഭ്യം നുകർന്നും പകർന്നും സംതൃപ്തരാകുന്നു. ക്രിയാത്മകതയും സർഗവാസനകളും പ്രസരിപ്പിക്കുന്ന നന്മയുടെ പരിമളവും സമൂഹത്തിന്റെ ധാർമികവും സാംസ്‌കാരികവുമായ വികാസത്തിന് സഹായകമാകുന്നതോടൊപ്പം തന്നെ മാനവ സൗഹാർദത്തിന്റെ ഉദാത്ത വികാരങ്ങളും അടയാളപ്പെടുത്തുമ്പോൾ സമൂഹം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കാണ് കുതിക്കുക.
നമ്മുടെ നാട്ടുപച്ചയുടെ ലക്ഷ്യം തന്നെ കുട്ടികളിലെ വായനയേയും സർഗാത്മകതയേയും പ്രോത്സാഹിപ്പിക്കുക എന്നതു മാത്രമാണ്. ഇനിയും വായനയുടെ ലോകത്ത് പാറികളിക്കാനും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും നമുക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
- സാനിയ കെ ജെ (എഡിറ്റർ, നാട്ടുപച്ച മാഗസിൻ)
-----------------------------------------------------------------
ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം:
വായനക്കൊരു ദിനം
ജൂൺ 19, വായനക്കൊരു ദിനം. അറിവിൻ കവാടം തുറന്ന അക്ഷരശിൽപി, കേരളമെങ്ങും പടർന്നു പന്തലിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി ജീവിതം ഉഴിഞ്ഞു വച്ച പി. എൻ. പണിക്കരുടെ ചരമാവാര്ഷികദിനം വായനയെ ജീവവായുവായി കാണുന്ന വായനക്കാരുടെ ലോകം ഇന്നും ഉണ്ട്.എന്നാൽ പുസ്തകത്തെത്തന്നെ ശത്രുവിനെപ്പോലെ കാണുന്ന ഒരു പറ്റം ആളുകളും ഇന്ന് സമൂഹത്തിന്റെ കണ്ണികളാണ്. "വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും " എന്ന കുഞ്ഞുണ്ണി മാഷുടെ വരികൾ അത്തരക്കാർക് ഒരു താക്കീത് കൂടിയാണ്. കുഞ്ഞുണ്ണിമാഷ് മാത്രമല്ല, വായനയുടെ അനന്തമായ തീരത്തിന്റെ ആസ്വാദനതലം വാനോളം വിവരിച്ച പ്രമുഖർ ഏറെയാണ്. "സാമ്രാജ്യതിപനല്ലായിരുന്നെങ്കിൽ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം "എന്ന് നെപ്പോളിയൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് വായനയുടെ ലോകം അദ്ദേഹത്തെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ തെളിവാണ്. എബ്രഹാം ലിങ്കൺ ആകട്ടെ പറഞ്ഞത് ഇപ്രകാരവും : "വളരെയധികം ചിന്തിക്കുക, കുറച്ചു മാത്രം സംസാരിക്കുക. അതിലും കുറച്ചെഴുതുക. കാരണം എഴുതുന്നത് പല തലമുറകളോളം രേഖയായിരിക്കും "എന്നാണ്. റീചാർഡ് സ്റ്റീൽ പ്രാധാന്യത്തിന്റെ മറ്റൊരു തലം കൂടി കട്ടി തന്നു. "ശരീരത്തിന് വ്യായാമം എങ്ങനെയോ അതുപോലെയാണ് വായന മനസ്സിന് "എന്നാണ് അദ്ദേഹം വിവരിച്ചത്. വയനാശീലമുള്ള ഒരു വ്യക്തിയുടെ മനസ്സ് എപ്പോഴും ശാന്തമായിരിക്കും എന്ന ധ്വനി കൂടിയില്ലേ? അങ്ങനെ വായനയുടെ മഹത്വത്തെ പറ്റി വർണ്ണിക്കാത്തവരായി ആരും ഇല്ല. വായന സങ്കീർണമായ സാംസ്‌കാരിക പ്രവർത്തനമാണ്. ചെറുത്തുനിൽപ്പിന്റെ ഒരു പ്രതിനിധി കൂടിയാണ് അതെന്നു വേണമെങ്കിൽ പറയാം. ഇന്ന് കേരളത്തിൽ എവിടേതിരിഞ്ഞു നോക്കിയാലും ഒരു വായനശാല കാണാം. എന്നാൽ, ഒരു കാലത്ത് അതായിരുന്നില്ല സ്ഥിതി. പുസ്തകങ്ങൾ എന്നത് കിട്ടാകനിയായിരുന്നു. മലയാളിക്ക് ഒന്ന് കൈ നീട്ടിയാൽ തൊടാവുന്ന അടുത്തേക്ക് പുസ്തകങ്ങളെ കൊണ്ടുവന്നത് വായനശാലകളാണ്. അതിനു നാം പി. എൻ. പണിക്കരെന്ന അക്ഷര മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. പണിക്കർ തുടക്കമിട്ട തിരുവിതാംകൂർ ഗ്രന്ഥാശാലാസംഘമാണ് പിൽകാലത്ത് കേരള ഗ്രന്ഥശാല സംഘമായി മാറിയത്. എഴുതുപഠിച്ചു കരുത്തുനേടുക, വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക... തുടങ്ങിയ മുദ്രവാക്യങ്ങളുയർത്തി വായനയുടെ പ്രചാരകനായി അദ്ദേഹം കടന്നുചേല്ലാത്ത ഇടങ്ങൾ കേരളത്തിൽ കുറവായിരിക്കും. വായനയുടെ മഹത്വം ഉയർത്തി കാട്ടുന്ന ഒരു കഥയാണ് ബ്രിട്ടീഷുകാർ തുക്കിലേറ്റാൻ പോകുന്ന അവസാന നിമിഷം പോലും ഒരു അധ്യായം മുഴുവനാക്കാൻ അനുവദിക്കുമോ എന്ന് ചോദിച്ച വായനയിൽ വിപ്ലവകാരനായിരുന്ന സ്വാതന്ത്ര്യസമര സേനാനിയുടെ കഥ.അവസാന ശ്വാസത്തോളം പുസ്തകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷുകാർ തൂക്കുകയർ വിധിച്ച ഭഗദ് സിംഗ് എന്ന വായനക്കാരനാണ്. പുതുതലമുറക്ക് വായനയിൽ കുറയുമ്പോഴും ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരു കാലത്ത് മുഖ്യ സ്രോതസ്സായിരുന്ന വായന അങ്ങനെ മറക്കാവുന്നതല്ലല്ലോ. കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിഞ്ഞ ഈ അക്ഷരങ്ങളിൽ കൂടിയും പുസ്തകങ്ങളുടെ ഓർമ പുതുക്കുന്നത് ഇന്നിന്റെ അനിവാര്യതയാകാം. വായനക്ക് പുതിയ മുഖങ്ങൾ വന്നെങ്കിലും പുസ്തകങ്ങൾക്ക് പകരക്കാരുണ്ടാകുകയും ചെയ്തെങ്കിലും വായനക്കോ വായനദിനത്തിനോ പ്രാധാന്യം കുറയുന്നില്ല... എന്നത് നിഷേധിക്കാനാവാത്ത സത്യം!! വായനയുടെ മേച്ചിൻ പുറങ്ങൾ തേടി ആസ്വദിക്കാൻ എവർക്കും സാധിക്കട്ടെ.
- അമൃത. പി. യു
-----------------------------------------------------------------
യയാതി
ജൂൺ 19 വായനാദിനം. പുസ്തകങ്ങളെ സ്നേഹിക്കുന്നവരുടെയും വായനയെ ഇഷ്ടപ്പെടുന്നവരുടെയും ദിനം.പ്രശസ്ത രചയിതാവ് പി.എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. അതിനാൽ ഈ ദിനം ദേശീയ വായനാദിനമായി കണക്കാക്കുന്നു.
വായനാ ദിനത്തോടനുബന്ധിച്ച് ഞാൻ വായിച്ച പുസ്തകമാണ് യയാതി.
ഭാരതത്തിലെ പ്രശസ്ത നോവലിസ്റ്റ് വി.എസ്.ഖാണ്ഡേക്കറിൻ്റെ പ്രസിദ്ധമായ നോവലാണ് യയാതി. 1974 ൽ ജ്ഞാനപീഠ പുരസ്കാരവും 1960 ൽ സാഹിത്യ അക്കാദി അവാർഡും നേടിയ വിഖ്യാതമായ ഈ നോവലിൻ്റെ മലയാള പരിഭാഷ നടത്തിയിരിക്കുന്നത് പ്രൊഫ.പി.മാധവൻപിള്ളയാണ്. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം 1959 ലാണ് അദ്ദേഹം ഇതു പൂർത്തിയാക്കിയത്.
യയാതിയുടേയും ദേവയാനിയുടെയും ശർമ്മിഷ്ഠയുടെയും ഓർമ്മകളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. ബാല്യം മുതൽ യയാതി തൻ്റെ അമ്മയ്ക്ക് നൽകുന്ന ഓരോ വാക്കും പാലിക്കുമായിരുന്നു. അതുകൊണ്ടുതന്നെ സന്യാസിയാകില്ലെന്നദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. തുടർന്ന് ഗുരുകുലത്തിലെ പഠന സമയത്തോ രാജ്യകാര്യങ്ങളിൽ അവശനിയാരിക്കുന്ന സമയത്തോ സന്യാസജീവിതത്തിലേക്ക് കടക്കാനുള്ള ആഗ്രഹം മനസ്സിലുദിച്ചാലും അമ്മയ്ക്കു നൽകിയിരിക്കുന്ന വാക്ക് അദ്ദേഹത്തിനെ അതിനു വിലക്കിയിരുന്നു.
വിദ്യാഭ്യാസ കാലത്ത് കചനായുള്ള സൗഹ്യദം, പിതാവിൻ്റെ മരണം, ദേവയാനിയുമായുള്ള വിവാഹം, ശർമ്മിഷ്ഠയുമായുള്ള ജീവിതം, ശുക്രാചാര്യൻ്റെ ശാപത്താൽ വാർദ്ധക്യം, തുടർന്ന് മകൻ്റെ സഹായത്താൽ വീണ്ടും യുവത്വം, മരണം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് മികവാർന്ന രചനാശൈലി കൊണ്ട് ഹൃദ്യമായി ചിത്രീകരിക്കുന്നു. ത്യാഗമയനായ കചൻ്റെയും, പരാക്രമിയായ യയാതിയുടെയുടെയും, ദേവയാനിയുടേയും, നിസ്വാർത്ഥയായ ശർമ്മിഷ്ഠയുടെയും ജീവിതം നോവലിൽ മിഴിവുറ്റതാണ്. സുഖങ്ങൾക്കു മാത്രം കൂടുതൽ മുൻഗണന നൽകുന്ന മനുഷ്യൻ ജീവിതത്തിൽ അസംതൃപ്താനാകുന്നു എന്നതിനുദാഹരണമായി പുരാണ കഥകളിലെ യയാതി എന്ന കഥാപാത്രത്തെ നമുക്ക് മുന്നിൽ അദ്ദേഹം കാണിച്ചുതരുന്നു. വ്യക്തിസുഖം കണ്ടെത്തുന്ന പോലെതന്നെ സമൂഹത്തിൻ്റെയും കുടുംബത്തിൻ്റെയും സുഖം കൂടി നാം കണ്ടെത്തണം എന്നതാണ് ' യയാതിയുടെ ' മുഖ്യ സന്ദേശം.
മഹാഭാരതകഥകളിലെ പഞ്ചപാണ്ഡവരുടെ വംശജനായ യയാതിയിൽ നിന്ന് വ്യത്യസ്തമായാണ് യയാതിയുടെയും ദേവയാനിയുടേയും ശർമ്മിഷ്ഠയുടേയും ജീവിതം ഇതിൽ ചിത്രികരിച്ചിരിക്കുന്നത്. മഹാഭാരതത്തിലെ യയാതിയുടെ കഥയിൽ കചൻ്റെ സ്ഥാനം പ്രധാന്യമുള്ളതല്ല. എന്നാൽ നോവലിസ്റ്റ് യതി, യയാതി, കചൻ തുടങ്ങിയവർക്ക് കഥയിൽ സുപ്രധാന സ്ഥനം നൽകുന്നു.ഇത് കഥയെ കൂടുതൽ അസ്വാദ്യമാക്കുന്നു. സ്വയം സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവിക്കുന്ന ചില പുതിയ തലമുറക്കാരുടെ ഒരു പ്രതീകമായും യയാതിയെ നോവലിൽ കരുതുന്നു.
കുട്ടിക്കാലം മുതൽക്കെ യയാതിയുടെ കഥ കേട്ടുവളർന്ന രചയിതാവ് തൻ്റെ ഭാവനയും കഥയും കൊണ്ടാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. പുരാണ കഥയിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നു. വായനക്കാർക്ക് തികച്ചും വ്യത്യസ്തമായ ഒരു അസ്വാദനം നൽകാൻ ഈ നോവൽ നമ്മെ സഹായിക്കുന്നു.
- ദേവ്ന നാരായണൻ എ 10 E
-----------------------------------------------------------------
ജൂൺ 19 വായന ദിനം
വായനയെ കുറിച്ച് പറയുമ്പോൾ മലയാളി മറന്നുകൂടാത്ത ഒരു പേരുണ്ട് ശ്രീ പി എൻ പണിക്കർ. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂൺ 19. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും.വായനയെ പറ്റി പറയുമ്പോൾ ശക്തിയെക്കുറിച്ചുള്ള ബോധം നമ്മുടെ മനസ്സിലേക്ക് ആവാഹിക്കുന്ന കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ ആണ് ഓർക്കുക ഇന്ന് ജൂണ്‍ പത്തൊന്‍പത്,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാന്‍ ആയി വേണോ എന്ന സന്ദേഹം ചിലര്‍ക്ക് ഉണ്ടാകാം,എങ്കിലും മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു മഹാത്മാവിന്റെ ശ്രീ പിഎന്‍ പണിക്കരുടെ ചരമദിനം ആയ ജൂണ്‍ പത്തൊന്‍പത് ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.വായനനമുക്ക് പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലര്‍ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആര്‍ജിക്കുന്ന അറിവിനെ പങ്കു വെക്കാന്‍ പല വായനക്കാരും ഇഷ്ടപ്പെടുന്നു.വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം എടുത്താലും നമ്മുടെ പ്രസാധകര്‍ക്ക് നല്ല പുസ്തകങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്.പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകള്‍ വായന മരിച്ചിട്ടില്ല എന്നു നമ്മളെ ഓര്‍മ്മിക്കുന്നു.
പുസ്തകങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു...
- അഫീന വി വൈ
-----------------------------------------------------------------
വായന ദിനം
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്നു ശ്രീ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു.1996മുതലാണ് വായനാദിനം ആചരിക്കാൻ തുടങ്ങിയത്. "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക "എന്ന പി എൻ പണിക്കരുടെ വാക്യം ഓരോ മനുഷ്യരെയും പുതിയതെന്തെങ്കിലും വായിക്കാനായി പ്രേരിപ്പിക്കുന്നതാണ്.ഓരോ പുസ്തകവും അറിവിന്റെ അത്ഭുതലോകമാണ് ;ആ ലോകത്തേക്ക് നമ്മെ കൈ പിടിച്ചു കയറ്റുന്നത് വായനയും.
വായനയെ കുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്ന ഒരു മുഖം കുഞ്ഞുണ്ണി മാഷിന്റെ ആണ്. "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിലോ വളയും "എന്ന അദ്ദേഹത്തിന്റെ ഈ ചെറുകവിതത്തന്നെ വായനയുടെ മൂല്യം മനസിലാക്കിത്തരുന്നു.ഏറ്റവും വലിയ ധനം വിദ്യയാണ് ;വിദ്യ പകർന്നുതരുന്നത് പുസ്തകങ്ങളും.
കഴിഞ്ഞ തലമുറകളിലേതു പോലെ വായനശാലകളും വായനക്കാരും ഇപ്പോൾ ഇല്ല. ദിനംപ്രതി വായനാക്കരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. എന്നാൽ ഈ വായനദിനത്തിൽ നമുക്ക് വായനയെക്കുറിച്ചു ചിന്തിക്കുകയും ഈ ലോക്കഡൗൺ സമയം വായനക്കായ് മാറ്റിവെക്കുകയും ചെയ്യാം.
- മീര കെ എച്ച്
-----------------------------------------------------------------
ശുഭയാത്ര
എങ്ങോട്ടെങ്കിലും രക്ഷപ്പെടണമെന്നു തോന്നുമ്പോൾ ഒരു പുസ്തകമെടുക്കണം. പഴകിയ കടലാസിന്റെ ഗന്ധമുള്ള വരികളിലൂടെ നടക്കണം. അവിടെയുള്ള കാഴ്ചകൾ കണ്ട് കഥയിലേക്കിറങ്ങിച്ചെല്ലണം. നമ്മുടേതല്ലാത്ത ഒരു ലോകത്ത് നമ്മുടേതല്ലാത്ത സന്തോഷങ്ങളെ അനുഭവിക്കണം... നമ്മുടേതല്ലാത്ത വിഷമങ്ങളെ അനുഭവിക്കണം... നമ്മുടേതല്ലാത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കണം. നമ്മുടേതല്ലാത്ത യുദ്ധങ്ങളിൽ പൊരുതി ജയിക്കണം. നമ്മുടേതായിരുന്ന ജീവിതത്തെ എവിടെയെങ്കിലും വച്ച് വീണ്ടുമോർക്കണം. നമ്മുടേതല്ലാത്ത ചിലരെ കണ്ട് നമ്മുടേതായ പലരെയും കുറിച്ച് ചിന്തിക്കണം. അവസാനത്തെ താളിലെ അവസാനത്തെ വരിയിലൂടെ പുതിയ ലോകത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ നമ്മുടെ ചിന്തകൾക്കൊപ്പം നമ്മുടെ ലോകവും മാറിയിരിക്കും. നാം പുതിയ കഥകളെ തേടിയിരിക്കും.
ശ്രീലക്ഷ്മി കെ എ
-----------------------------------------------------------------
വായനാദിനം
ഇന്ന് ജൂൺ 19 വായനാദിനം, ഈ വായനാദിന സന്ദേശം "വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക" എന്നതാകട്ടെ.
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് അമരക്കാരനായിരുന്ന ശ്രീ.പി. എൻ. പണിക്കരുടെചരമദിനമായ ജൂൺ 19 നാം 1996 മുതൽ വായനാദിനമായി ആചരിക്കുന്നു "വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ച് വിളയും വായിച്ചില്ലേൽ വളയും"
ഇത് കുഞ്ഞുണ്ണിമാഷിനെ വരികളാണ്. ന്നാ വായനയുടെ പാത തിരഞ്ഞെടുക്കണം,വായിച്ചു വളരണം ചിന്തിച്ച് വിവേകം നേടുക വായന ഓരോ ജീവിതങ്ങളുടെയും അടിസ്ഥാനമാണെന്ന് നാം മനസ്സിലാക്കണം. വായനയിലെങ്കിൽ മനുഷ്യനില്ല. വായന പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ലയെന്നും, വായനയെന്നത് ഓരോ ജീവിതങ്ങളുടെയും അടിസ്ഥാനമാണെന്നും എന്ന് നാം മനസ്സിലാക്കുന്നുവോ അന്ന് വായന നമ്മെ തേടി വരും...... "ശരീരത്തിന് വ്യായാമം എങ്ങനെയാണോ അതുപോലെയാണ് വായന മനസ്സിന്"
-- റിച്ചാർഡ് സ്റ്റീൽ
ഇത് റിച്ചാർഡ് സ്റ്റീലിന്റെ വാക്കുകളാണ്, എത്ര ശരിയായ വാക്കുകളാണിവ, വായന എന്നത് നമ്മുടെ മനസ്സിനും ശരീരത്തിനും നല്ലതാണ്.വായിച്ചാൽ നമുക്ക് അറിവും,മനസിന് ശാന്തിയും,സമാധാനവും ലഭിക്കുന്നു.വായനയെന്നത് ഒരു സ്വപ്നമാണ്,കണ്ണ് തുറന്നുകൊണ്ടുള്ള ഒരു സ്വപ്നം,ഒരു നല്ല സ്വപ്നം കാണുന്നത് പോലെയാണ് ഒരു നല്ല പുസ്‌തകം വായിക്കുമ്പോൾ.......
അമ്മയൊന്ന് തലോടുമ്പോൾ തോന്നുന്ന സുഖവും,സ്നേഹവുമാണ് ഒരു പുസ്‌തകം കയ്യിലെടുത്തു വയ്ക്കുമ്പോൾ തോന്നുന്നത്....എല്ലാവർക്കും ഒരു നല്ല വായനാദിനം ആശംസിക്കുന്നു,നമുക്ക് വായിച്ചു വളരാം ചിന്തിച്ചു വിവേകം നേടാം...
- അതുല്ല്യ.വി.ബി 7B
-----------------------------------------------------------------
വളരാം വായനയിലൂടെ
ഇന്ന് ജൂൺ 19 വായനാദിനം. 1996 മുതൽ കേരള സർക്കാർ വായനാ ദിനം ആചരിക്കുന്നു. 19 മുതൽ 25 വരെയുള്ള ദിവസങ്ങൾ വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. പി എൻ പണിക്കർ കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന അദ്ദേഹത്തിന്റെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.
പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കർ ആലപ്പുഴ ജില്ലയിലെ നീലംപേരൂരിലാണ് ജനിച്ചത്. അദ്ദേഹത്തിന് പുസ്തകം വായിക്കുവാൻ വളരെയധികം ഇഷ്ടമായിരുന്നു അതുകൊണ്ടുതന്നെ തന്റെ കൂട്ടുകാരോടൊപ്പം വീടുവീടാന്തരം കയറി പുസ്തകങ്ങൾ ശേഖരിച്ച് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ "സനാതനധർമ്മം " എന്ന പേരിൽ വായനശാല തുടങ്ങുകയും അതുവഴി അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനം ആരംഭിച്ചു. അദ്ദേഹം പല നാടുകൾ സഞ്ചരിച്ച കുട്ടികളോട് "വായിച്ചു വളരുക ; ചിന്തിച്ചു വിവേകം നേടുക " എന്ന ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവും എന്നത് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാല ഉണ്ടായിരിക്കണം എന്നതായിരുന്നു ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമം പോലും ഉണ്ടാകരുത് അതിനു വേണ്ടി അദ്ദേഹം പ്രയത്നിച്ചു പ്രവർത്തിച്ചു. 1945 സെപ്റ്റംബർ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947 ഗ്രന്ഥശാല സംഘം രജിസ്റ്റർ ചെയ്തു. അങ്ങനെ പരിശ്രമത്തിന് ഫലമായി 1958 ൽ കേരള ഗ്രന്ഥശാല സംഘം രൂപംകൊണ്ടു .
എന്നാൽ എന്താണ് വായന ? ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പ്രവർത്തിച്ചു അവയെ അർഥമുള്ളവയായി നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു സങ്കീർണ്ണ മാനസിക പ്രക്രിയയാണ് വായന . സൃഷ്ടിപരമായ ആശയങ്ങൾ വായനയിലൂടെ നമുക്ക് ലഭിക്കുന്നു. വായന അറിവ് വർദ്ധിപ്പിക്കുന്നു. ഇന്ത്യ അനുഭവങ്ങൾ കഥയായ് ആവിഷ്കരിക്കണം അതിലൂടെ നമുക്ക് പ്രചോദനം ലഭിക്കുന്നു. നമുക്ക് അറിയാതെ നിരവധി കാര്യങ്ങൾ നമ്മുടെ ലോകത്ത് നടക്കുന്നുണ്ട് വിവരങ്ങൾ അറിയുവാനും അതിനെ കുറിച്ച് മനസ്സിലാക്കാനും വായന നമ്മേ സഹായിക്കുന്നു. പണ്ടൊക്കെ വായന പുസ്തകങ്ങളിലൂടെ യാണ് ചെയ്യാറുള്ളത് എന്നാൽ ഇപ്പോൾ e-പുസ്തകങ്ങൾ ലഭ്യമാണ്. മാഗസീൻ , വർത്തമാനപത്രങ്ങൾ, കമ്പ്യൂട്ടറുകൾ, ഫോണുകൾ എന്നിവ വഴി വിവരങ്ങൾ അറിയുവാനും വായന നടത്തുവാൻ സാധിക്കുന്നു. ഇപ്പോൾ എനിക്ക് കുഞ്ഞുണ്ണിമാഷിന്റെ വരികളാണ് ഓർമ്മ വരുന്നത്.
" വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലെങ്കിൽ വളയും"
വായന എന്നതിനെ ഓർമപ്പെടുത്താൻ ആണല്ലോ ഈ ദിവസം നിലകൊള്ളുന്നത്. വായന നമ്മുടെ നിത്യജീവിതത്തിലെ ഭാഗമാക്കാൻ ശ്രമിക്കുക.വായന ദിന ആശംസകൾ നേർന്നുകൊണ്ട്
- ദേവിക സന്തോഷ് 9E
-----------------------------------------------------------------
ജൂൺ 19 വായനാദിനം
ശ്രീ പി. എൻ. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.
ഞാൻ വായിച്ച സാരംഗ് പുതിയോട്ടിൽ എഴുതിയ കാക്കയും കൊറ്റിയും എന്ന കുട്ടികവിതകളെയാണ് ഇന്ന് നിങ്ങൾക്ക് പരിചയപെടുത്തുന്നത്.
'കാക്കയും, കൊറ്റിയും ' ഒരു കഥാപറച്ചിലിന്റെ സുഖം പകരുന്ന കുട്ടിക്കവിതകളാണ്. എന്നാൽ അതിൽ ചില ജീവിതദർശനങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. മണ്ണും മനുഷ്യനും പ്രകൃതിയുമൊക്കെയായുള്ള ബന്ധം കുട്ടികളിൽ ഊട്ടിഉറപ്പിക്കാൻ ഈ ബാലസാഹിത്യ കൃതിക്കു നന്നായി കഴിയും.
1998 ജൂൺ 7 ന് കോഴിക്കോട് ജില്ലയിൽ വടകരയിൽ ആണ് സാരംഗിന്റെ ജനനം. സർഗ്ഗരേഖ, ബാലഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ -ഉല്ലാസ് പുതിയോട്ടിൽ (ISRO സീനിയർ അസിസ്റ്റന്റ്) അമ്മ ഷീജ, സഹോദരി സനിക.
ഇതിൽ 48 കുട്ടികവിതകൾ ഉണ്ട്. ആന, മഴ, കുട, ഒച്ച്, മയിൽപീലി, പന്തയം, അഴിമതി, കണ്ണാടി, വിദ്യാലയം, കാക്കയും കൊറ്റിയും, കാട്, നിയമം, പുസ്തകം, ജയം,വസ്ത്രം, അമ്മിക്കുട്ടി ബലൂൺ മത്സ്യം നക്ഷത്രം, കാക്ക, പൂമ്പാറ്റ, ചിരി, ചെരുപ്പ്, പ്രാവേ പ്രാവേ, അക്കപ്പാട്ട്, തോണി പട്ടം, കലണ്ടർ, വവ്വാൽ, ജാഥ, പപ്പടം, അക്ഷരം, മാഷും കുട്ട്യോളും, കാലവും പ്രകൃതിയും, നാഥൻ, ഉദ്യാനം, ചങ്ങാതി, രാജാവ്, കാവൽ, കുര, തീ, കടങ്കഥ, സംഗീതം, ചെണ്ട,മൂങ്ങ, ഉറക്കം തൊപ്പി, തത്ത എന്നീ കവിതകളാണ് ഇതിൽ ഉള്ളത്.
എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ട 3 കവിതകളാണ് വിദ്യാലയം, പുസ്തകം പിന്നെ ഉദ്യാനം. 'പുസ്തകം' എന്ന കവിതയിലെ വരികൾ ഇവിടെ കുറിക്കുന്നു.
'വായിച്ചു തീർന്നാൽ
മയങ്ങികിടക്കും
പിന്നീടൊരിക്കലും ആദ്യ ഗന്ധം അതറിയിക്കില്ല '.
എനിക്ക് ഈ വായനാദിനത്തിൽ എല്ലാ കൂട്ടുകാരോടും പറയാനുള്ളത് എല്ലാവരും വായനാശീലം വളർത്തണം. മണ്ണും, മനുഷ്യനും, പ്രകൃതിയുമൊക്കെയായുള്ള ബന്ധം കുട്ടികളിൽ ഉണ്ടാക്കാൻ ഇതുപോലെയുള്ള ബാലസാഹിത്യ കൃതികൾക്ക് കഴിയും.പേര് സുചിപ്പിക്കുന്നത് പോലെ തന്നെ 'കാക്കയും കൊറ്റിയും'ഒരു കഥ പറച്ചിലിന്റെ സുഖം പകരുന്ന കുട്ടിക്കവിതകളാണ്. എന്നാൽ, അത് കേവലം കുഞ്ഞു കവിതകളല്ല താനും. മഹത്തായ ചില ജീവിതദർശനങ്ങൾ പല കവിതകളിൽ ഒളിഞ്ഞു കിടപ്പുണ്ട്. എല്ലാവരും ഈ പുസ്തകം ഒരു തവണയെങ്കിലും വായിക്കണം.
- അനുഷ്ക കൃഷ്ണകുമാർ 6D
-----------------------------------------------------------------ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
മനോഹരവും ശുഭാന്തവുമായ ഒരു പ്രേമ കഥയാണ് ഇതിലെ കേന്ദ്രകഥാശം. യാഥാസ്ഥിക മുസ്‌ലിം സമുദായത്തിലെ ആചാര വഴക്കങ്ങൾ വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങൾ ഒട്ടുവളരെ ഉണ്ട് ഈ ഗ്രന്ഥത്തിൽ വർത്തമാനകാലത്തിൽ ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം
സമ്പന്നരായ കുടുംബത്തിലെ വട്ടനാടിമക്കക്കാടേം കുഞ്ഞുത്താച്ചുമ്മയുടയും മകളാണ് കുഞ്ഞുപാത്തുമ്മ.നിന്റെ ഉപ്പുപ്പാക്ക് ഒരു ആനണ്ടാർന്ന് എന്ന് അവളുടെ ഉമ്മ എപ്പോഴും പറയും. അവളെ വേദനിപ്പിച്ച ഒന്നായിരുന്നു അവളുടെ മുഖത്തുള്ള കറുത്ത മറുക്. അത് ഭാഗ്യ മറുക് ആണെന്നും വെളുത്ത മുഖത്ത് കറുത്ത മറുക് പഴയ പ്രതാപം,ഐശ്വര്യം, ചരിത്രത്തിലെ തിളക്കം സർവ്വ രഹസ്യങ്ങളും അവൾക്ക് ഉമ്മ വ്യക്തമാക്കി കൊടുത്തു. അവളുടെ കല്യാണ ആലോചനകൾ നടന്നുകൊണ്ടിരിക്കുക തന്നെ അവൾക്കിപ്പോൾ ഇരുപത്തൊന്നു വയസ്സായി, അവളുടെ പണ്ടങ്ങൾ എല്ലാം ബാപ്പ അഴിച്ചു വാങ്ങിച്ചു. ഉമ്മയുടെതും വാങ്ങി എല്ലാം തൂക്കി വിറ്റ കേസ് നടത്തുകയാണ്. അങ്ങനെ കേസ് അവളുടെ ബാപ്പയ്ക്ക് ദോഷമായി വിധിച്ചു,വട്ടനടിമയുടെ ഉമ്മ എഴുതി കൊടുത്തതാണ് അയാൾക്കവീട്, അതിന്റെ അവകാശം പറഞ്ഞ് സഹോദരിമാർ കേസുകൊടുത്തു അതുകൊണ്ട് അവർക്ക് ഒരു സന്ധ്യാ സമയത്ത് അവരുടെ വീട് വിട്ട് പോകേണ്ടി വന്നു. തൊലി പൊളിച്ച് മാതിരി വെറും ചെങ്കല്ല് കൊണ്ടുള്ള പഴയ ഒരു വീട്ടിലേക്ക് ആണ് അവളുടെ കുടുംബം പോയത്.രണ്ടു മുറിയും ഒരു അടുക്കളയും വൈക്കോൽ മേന്ന്, അതാണ് ആ വീടിന്റെ അവസ്ഥ. എങ്കിലും കുഞ്ഞുപാത്തുമ്മയ്ക്ക് വീടിനടുത്തുള്ള മരങ്ങളെയും കുളത്തെയുമെല്ലാം ഇഷ്ടപ്പെട്ടു. ഇപ്പോൾ അവളുടെ ഉപ്പ മീൻ വിറ്റാണ് കുടുംബത്തെ നോക്കിക്കൊണ്ടുവരുന്നത് .ആയിടെയാണ് അയൽ വീട്ടിൽ പുതിയ താമസക്കാർ എത്തുന്നത്. ആയിഷയും കുടുംബവും അവർ ചെങ്ങാത്തത്തിലായി.എഴുത്തും വായനയും അറിയാത്ത കുഞ്ഞുപാത്തുമ്മയെ അവൾ പഠിപ്പിച്ചു തുടങ്ങി.അവളുടെ ജേഷ്ഠൻ നിസാർ അഹമ്മദിനേ അവൾ മുമ്പ് ഒരു കുരുവിയെ രക്ഷിക്കുന്നതിനിടയിൽ കണ്ടിട്ടുമുണ്ട്.പാത്തുമ്മയും അയൽക്കാരുമായി നല്ല ബന്ധമായി. പക്ഷെ അവളുടെ കരളിൽ എന്തെനില്ലാത്ത വേദന ഉണ്ടെന്ന് പറയുകയും ചെയ്തു.കുഞ്ഞുപാത്തുമ്മയുടെയും നിസാർ അഹമ്മദിന്റെയും വിവാഹം കഴിഞ്ഞു അതൊരു രാത്രിയാണ് കഴിഞ്ഞത്.പുതുപെണ്ണിനെ ഒരുക്കി വീട്ടിലേക്കു പറഞ്ഞയിച്ചു,അവളുടെ ഉമ്മ മതിലിഞ്ഞപ്പുറത്തുണ്ടായിരുന്ന കുട്ടികളുമായി തർക്കത്തിലായിരുന്നു. "നിന്റെ ഉപ്പുപ്പാക്ക് ഒരു ആന ഉണ്ടായിരുന്നു ബല്യ ഒരു കൊമ്പനാന "കുട്ടികൾ അത് കുഴിയാന ആണെന്ന് പറഞ്ഞു കളിയാക്കി.അവളുടെ ഉമ്മക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല.ഒടുവിൽ അവളുടെ ഉമ്മ പറഞ്ഞു "നിന്റെ ഉപ്പുപ്പാടെ വലിയ കൊമ്പനാന കുയ്യാന അർന്നു കുയ്യാന"
നമിത.രാജ് 9D
-----------------------------------------------------------------




വായന നൽകുന്ന അനുഭൂതി മറ്റൊന്നിൽ നിന്നും ലഭിക്കില്ല.
ReplyDeleteനന്ദി....