സുന്ദർലാൽ ബഹുഗുണ
പ്രകൃതിയുടെ മടിത്തട്ടിലേക്ക്
വിശ്വപ്രകൃതിയെ അതിന്റെ സമസ്ത സൗന്ദര്യത്തോടും കൂടി ആവിഷ്കരിക്കുക എന്നത് ഏതൊരു സാഹിത്യശാഖയ്ക്കും കനത്ത വെല്ലുവിളിയാണ്. കാരണം എത്ര ശ്രമിച്ചാലും എന്തെങ്കിലും ദൃഷ്ടിയില്‍പ്പെടാത്തവ ഉണ്ടാകും. എന്നാല്‍, മലയാള സാഹിത്യത്തിൽ, പച്ചപിടിച്ചും പുളഞ്ഞൊഴുകിയും പൂത്തുല്ലസിച്ചും പുളകംപുതച്ചും വിലസുന്ന പരിസ്ഥിതി ദര്‍ശനം അനുഗ്രഹമായിത്തന്നെ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഈ പാരിസ്ഥിതികാവബോധത്തിന്റെ പച്ചക്കുന്നുകള്‍ക്ക് ചാര്‍ത്തിക്കൊടുത്ത മഞ്ഞണിപ്പൊന്നാടയാണ് സുഗതകുമാരി ടീച്ചറും ശ്രീ വിഷ്ണുനാരായണൻ നമ്പൂതിരി അടക്കമുള്ള സാഹിത്യകാരൻമാരും. പ്രകൃതിയിൽ നിന്നും വിട്ടു നിൽക്കാനൊ ഒഴിഞ്ഞു മാറാനൊ ലോകത്തിലെ ഒരു ചരാചരത്തിനും സാധ്യമല്ല. ജീവിതങ്ങളുടെയും ചുറ്റുപാടുകളുടെയും ആവിഷ്കാരമായ സാഹിത്യത്തിനും അങ്ങനെത്തന്നെ. അതു മനസ്സിലാക്കിത്തന്നെയാകണം പല സാഹിത്യകാരൻമാരും പ്രകൃതിയോടൊപ്പം അലിഞ്ഞു ചേർന്ന് തൻ്റെ സർഗശക്തിയെ ആവിഷ്കരിച്ചത്. കവയത്രിയായ സുഗതകുമാരി ടീച്ചർ അതിൻ്റെ മുൻപന്തിയിൽ കാണുകയും ചെയ്യും. പരിസ്ഥിതിയെ നോവിക്കുന്നിടങ്ങളിൽ സമരമുഖം തുറന്നിട്ട് മനുഷ്യരോടൊപ്പം ചേരുകയായിരുന്നു സുഗതകുമാരി ടീച്ചറുടെ ജീവിത രീതി. പരിസ്ഥിതിയെ തുരന്ന് തുടങ്ങുന്ന വികസനങ്ങളെ തുറന്നെതിർത്ത് അവിടുത്തെ ജീവിതങ്ങളെ ചേർത്തു പിടിച്ചായിരുന്നു ടീച്ചറുടെ ഓരോ സമരങ്ങളും.പ്രകൃതി അമ്മയാണെന്നും അമ്മയെ മുറിപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാള്‍.
പ്രകൃതിയേയും പരിസ്ഥിതിയേയും പറ്റി പറയുമ്പോൾ നാം മറക്കാത്ത ഒരു പേരുണ്ട്, ദിവസങ്ങൾക്കു മുൻപ് വിടപറഞ്ഞ ഭാരതത്തിൻ്റെ പരിസ്ഥിതി സംരക്ഷകൻ ശ്രീ സുന്ദർലാൽ ബഹുഗുണ. ഒരു ജീവിതം തന്നെ പ്രകൃതി സംരക്ഷണത്തിനായി മാറ്റി വെച്ച് ഒരു രാജ്യത്താകമാനം തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അണുവിട വ്യതിചലിക്കാതെ പ്രായത്തിന്റെ അവശത പോലും അവഗണിച്ച് നേതൃത്വം നൽകിയ മഹാനുഭാവൻ!
ലോകത്തെ തന്നെ ഇന്ത്യയിലേക്ക് നോക്കാൻ പ്രേരിപ്പിച്ച പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും ചിന്തകൾക്കും വിത്തിട്ടതിൽ പ്രമുഖനായിരുന്നു സുന്ദർലാൽ ബഹുഗുണ. ഇന്ത്യയിൽ പരിസ്ഥിതി എന്ന വിഷയത്തെ കേന്ദ്രസ്ഥാനത്ത് നിർത്തി ജനങ്ങളുടെ ജീവിതവും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് ബോധവൽക്കരിച്ച വ്യക്തിത്വം. പരിസ്ഥിതിയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിൽ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത് സുന്ദർലാൽ ബഹുഗുണ എന്ന മഹാപ്രതിഭയുടെ നേതൃത്വത്തിലാണ്. ഇന്ത്യയിലെമ്പാടും ഇന്ന് വേര് പടർത്തിയ പരിസ്ഥിതി ചിന്തയുടെ തായ്‌വേര് എന്നുതന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
ഇക്കോളജി എന്ന വാക്ക് ഇന്ന് വ്യാപകമായി കേൾക്കുകയും എല്ലായിടത്തും ചർച്ച ചെയ്യുകയും ചെയ്യുന്ന പദമാണ്. എന്നാൽ, ഈ വാക്ക് ഒട്ടും പരിചിതമില്ലാതിരുന്ന, അത്യപൂർവ്വമായി ഉപയോഗിച്ചിരുന്ന, ഡിക്ഷ്ണറയിൽ മാത്രം ഒതുങ്ങി നിന്ന ഒരു കാലത്താണ് ഇക്കോണമിയേക്കാൾ പ്രാധാന്യം ഇക്കോളജിക്ക് ഉണ്ട് എന്ന് സുന്ദർലാൽ ബഹുഗുണ പ്രഖ്യാപിക്കുന്നത്. സാധാരണ ജനങ്ങളുടെ ജീവിതത്തിൽ മാത്രമല്ല, ഭരണകൂടത്തിന്റെ അധികാര വ്യവഹാരങ്ങളിലും ഇക്കോളജിയുടെ പ്രധാന്യത്തെ കുറിച്ച് ജീവന്റെ അച്ചുതണ്ടായ പരിസ്ഥിതിയെ കുറിച്ച് അദ്ദേഹം ആവർത്തിച്ച് വിശദീകരിച്ചു.
ഹിമാലയത്തിന് മേൽ ഏൽപ്പിക്കുന്ന ഓരോ പോറലും വികസനത്തിലേക്കല്ല, വിനാശത്തിലേക്കായിരിക്കും വാതിൽ തുറക്കുക എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഹിമാലയത്തെ സംരക്ഷിച്ചില്ലെങ്കിൽ നിരവധി സംസ്ഥാനങ്ങൾ അനവധിയായ ദുരന്തങ്ങളെ നേരിടേണ്ടി വരുമെന്ന് ആദ്യം മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇതേ കുറിച്ച് അഭിപ്രായം പറഞ്ഞ് ഒഴിയുക മാത്രമല്ല അദ്ദേഹം ചെയ്തത്. ഹിമാലയത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങുകയും ചെയ്തു ആ ഗാന്ധിയൻ.
സാധാരണക്കാരുടെ വേഷം ധരിച്ച് അവരുടെ ഭാഷയിൽ, അവരിലൊരാളായി നിന്ന് അദ്ദേഹം നാട് നേരിടാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി. തങ്ങളോട് ചേർന്ന് നിന്ന് തങ്ങളുടെ ഹൃദയത്തിൽ തൊട്ട് പറയുന്ന വാക്കുകളുടെ ആഴവും ആർജ്ജവവും ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ജനങ്ങൾ ആ വാക്കിനെ മുഖവിലയ്ക്ക് എടുത്തു. തെഹ്‌രി ഡാം നിർമ്മിച്ചാലുണ്ടാകാവുന്ന ദുരിതങ്ങളും ദുരന്തങ്ങളും അദ്ദേഹം വിശദീകരിച്ചു. വൻകിട ജലവൈദ്യുത പദ്ധതികൾ അതും ഹിമാലയത്തിന്റെ മണ്ണിൽ സ്ഥാപിച്ചാലുണ്ടാകാവുന്ന അപകടത്തിന്റെ വ്യാപ്തിയെ കുറിച്ച് സുന്ദർലാൽ ബഹുഗുണ മുന്നറിയിപ്പ് നൽകി. ഇത് അധികാര വർഗത്തിന് അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നത്തെ തൊട്ടറിഞ്ഞ സുതാര്യനായ ആ മനുഷ്യന്റെ നിലപാടിനൊപ്പം സാധാരണക്കാർ ചേർന്ന് നിന്നു.
'ചിപ്കോ' പ്രസ്ഥാനം എന്ന പേരിൽ സുന്ദർലാൽ ബഹുഗുണ രൂപീകരിച്ച്, നേതൃത്വം നൽകിയ പ്രസ്ഥാനം ആ പ്രദേശത്തിന്റെ പൂർണമായ സംരക്ഷണം ഉറപ്പാക്കി. മരങ്ങളെ കെട്ടിപ്പിടിച്ച് നിന്ന് മക്കളേക്കാൾ വാത്സല്യവും സ്നേഹവും കരുതലും മരങ്ങൾക്ക് കൊടുത്ത് ചിപ്കോ പ്രസ്ഥാനം മുന്നേറിയപ്പോൾ, ഇന്ത്യയ്ക്കും ലോകത്തിനും അത് വേറിട്ട കാഴ്ചയായി. ‘കെട്ടിപ്പിടിക്കുക’ എന്ന അർത്ഥമുള്ള ‘ചിപ്കോ’ എന്ന വാക്ക് ഒരു പ്രസ്ഥാനത്തിന്റെ പേരായി മാറി. ഈ പ്രസ്ഥാനത്തിലൂടെ ആയിരക്കണക്കായ ആളുകൾ, ലക്ഷക്കണക്കായ മരങ്ങളുടെ ജീവിതത്തിന് സുരക്ഷാ കവചം തീർത്തതാണ് ഹിമാലയൻ മലനിരകൾ കണ്ടത്. മരങ്ങളുടെ സുരക്ഷാ കവചം തീർത്ത ജനത യഥാർത്ഥത്തിൽ ചേർത്തുനിർത്തിയത് വരും തലമുറകളുടെ ജീവിതത്തെയായിരുന്നു. മരങ്ങളെ കെട്ടിപ്പിടിച്ച മനുഷ്യന് ജീവൻ നൽകിയ പ്രസ്ഥാനം. അതായിരുന്നു ആ ചിപ്കോ മൂവ്മെന്റ്.
ഇതിന് അദ്ദേഹത്തിന് ഏറ്റവും സഹായകമായി നിന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയായിരന്നു. സാധാരണക്കാരിൽ സാധാരാണക്കാരനായി എളിമയും തെളിമയും ഉള്ള ജീവിതം നയിച്ച് സുന്ദർലാൽ ബഹുഗുണ നടത്തിയ പ്രവർത്തനം ഇന്ത്യയിൽ സമാനതകളില്ലാത്ത ഒരു മുന്നേറ്റത്തെ സൃഷ്ടിച്ചു. വികസനത്തിന്റെയും മറ്റും പേരിൽ വൻകിട അണക്കെട്ടുകളും മറ്റും സ്ഥാപിച്ചെടുക്കാൻ നിലയുറപ്പിച്ച് നിന്നവർ അദ്ദേഹത്തിനെതിരെ ആക്ഷേപങ്ങൾ ആവോളം ചൊരിഞ്ഞു. അതൊന്നും അദ്ദേഹത്തെ തളർത്തയതേയില്ല. ചെടികൾക്ക് വെള്ളവും വളവും എന്ന പോലെ പരിസ്ഥിതി ചിന്തകൾക്കും പ്രക്ഷോഭങ്ങൾക്കും അറിവും ദർശനവും നൽകി അദ്ദേഹം വളർത്തി.
ഇന്ന് പരിസ്ഥിതി ചിന്ത, പരിസ്ഥിതി പ്രസ്ഥാനം, പരിസ്ഥി പ്രവർത്തകർ, പരിസ്ഥിതി വിദ്യാഭ്യാസം എല്ലാം വ്യാപകമായിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് അതുവരെയും മറ്റാരും പറയാത്ത ഒരു കാര്യം പറഞ്ഞ് ജനങ്ങളിൽ പരിസ്ഥിതി ചിന്ത നട്ടുവളർത്തിയ സുന്ദർലാൽ ബഹഗുണ സൃഷ്ടിച്ചത് ചരിത്രമായിരുന്നു. അദ്ദേഹം മരങ്ങളെ കെട്ടിപ്പിടിച്ചപ്പോൾ, ആ ചിന്തയുടെ വരാൻ പോകുന്ന നിരവധി തലമുറകളുടെ സുരക്ഷിത ജീവിതത്തിന് വേര് പിടിപ്പിക്കുക കൂടെയായിരുന്നു.
സുന്ദർലാൽ ബഹുഗുണയുടെ ജീവിതവും പ്രവർത്തനവും ഇന്ത്യയിലെയും ലോകത്തിലെയും ലക്ഷക്കണക്കായ മനുഷ്യരെ സ്വാധീനിച്ചു. നമ്മുടെ രാജ്യത്ത് തന്നെ നിരവധി പരിസ്ഥിതി സമരങ്ങൾക്ക് അത് ഊർജം പകർന്ന് നൽകി. നർമ്മദ മുതൽ പൂയംകുട്ടിയും അതിരപ്പള്ളിയും വരെയുള്ള നിരവധി പോരാട്ടങ്ങൾക്ക് സുന്ദർലാൽ ബഹുഗുണയുടെ ജീവിതവും പ്രവർത്തനവും പകർന്ന് നൽകിയ ആവേശവും ഊർജ്ജവും ചെറുതായിരുന്നില്ല.
ലക്ഷകണക്കായ ആളുകൾക്ക് അദ്ദേഹം എന്നും ഒരു ഊർജ സ്രോതസ്സ് ആയിരുന്നു. അത്ഭുതം കൊണ്ട് വിടരുന്ന മിഴികളോടെ മാത്രമേ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും നോക്കി കാണാൻ കഴിയുകയുള്ളൂ. പരിസ്ഥിതി എന്നാൽ ജീവിതമാണ് എന്ന് ഉറക്കെ പറഞ്ഞ ആ ഋഷിവര്യന്റെ ഓർമ്മകൾ പരിസ്ഥിതി കേന്ദ്രീകൃതമായി ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഊർജപ്രവാഹമായി എന്നും നിലകൊള്ളും. മരങ്ങളെ പുണർന്ന് മനുഷ്യ ജീവൻ സംരക്ഷിച്ച മഹാഗുരുവിന് നാട്ടുപച്ചയുടെ ശതകോടി പ്രണാമം.
- സാനിയ കെ ജെ (എഡിറ്റർ, നാട്ടുപച്ച മാഗസിൻ)
-----------------------------------------------------------------
സുന്ദർലാൽ ബഹുഗുണയെക്കുറിച്ച് തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാം:
പ്രകൃതിയെ സ്നേഹിച്ച പച്ചമനുഷ്യൻ1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത മറോദ ഗ്രാമത്തിൽ ജനിച്ചു. ആദ്യമൊക്കെ തൊട്ടുകൂടായ്മയ്ക്ക് പോരാടി അദ്ദേഹം പിന്നെ സ്ത്രീകളെ അണിനിരത്തിക്കൊണ്ട് മദ്യവിരുദ്ധ സമരങ്ങൾ സംഘടിപ്പിച്ചു. വിമല ബഹുഗുണ ജീവിതപങ്കാളി ആയിരുന്നു. രാജീവ് ബഹുഗുണ,മാധുരി പഥക്, പ്രദീപ് ബഹുഗുണ എന്നിവരാണ് മക്കൾ.സന്നദ്ധ പ്രവർത്തകൻ, ഗാന്ധിയൻ,പരിസ്ഥിതി പ്രവർത്തകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. 1970-കളിൽ ചിപ്ക്കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ അവസാനം വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി.
വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദർലാൽ ബഹുഗുണ. ഹിമാലയൻ കാടുകളിൽ കൂടി 4700 കിലോ മീറ്റർ അദ്ദേഹം കാൽനടയായി സഞ്ചരിച്ച് വൻകിട പദ്ധതികൾ മൂലം ഉണ്ടായ വനനശീകരണത്തെ കുറിച്ചും,ജനജീവിതത്തെ കുറിച്ചും പഠിച്ചു.
ഹിന്ദിയിൽ "ചേർന്നു നിൽക്കുക","ഒത്തു നിൽക്കുക" എന്നൊക്കെ അർത്ഥം വരുന്ന ചിപ്കോപ്രസ്ഥാനം 1974 മാർച്ച് 26 ന് ഉത്തർപ്രദേശിൽ ആരംഭിച്ചു.
മരങ്ങൾ മുറിക്കുമ്പോൾ ആളുകൾ അതിൽ കെട്ടിപ്പിടിച്ചു നിന്ന് പ്രതിഷേധിക്കുകയാണ് രീതി,അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ച് തോടെ മരങ്ങൾ വെട്ടുന്നതിന് നിരോധനമേർപ്പെടുത്തി.15 വർഷത്തേക്ക് ഹരിത വൃക്ഷങ്ങൾ മുറിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഈ കൂടിക്കാഴ്ചയുടെ ഭാഗമായാണ് വന്നത്.1987 ന് ലൈവ്‌ലിഹുഡ് അവാർഡ് ( ചിപ്കോ പ്രസ്ഥാനത്തിന്),2009 ജനുവരി 26 ന് പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ അദ്ദേഹം കൈവരിച്ചു. പ്രകൃതിയുടെ പുത്രന് ആദരാഞ്ജലികൾ...
- അതുല്യ.വി.ബി 6 B
---------------------------------------------------------------
SUNDARLAL BAHUGUNA
We have lost an icon today - Someone who taught us the virtue and value of forest conservation and how precious is nature for us. Sunderalal bahuguna was an Indian noted Gathwali environmentalist and chipko movement leader.The idea of chipko movement was of his wife and the action was taken by him. India's grand old guardian of environmental protection was born on 9th January 1927 maroda - Uttarakhand . Spouse-Vimala Bahuguna.His notable books are Dharti ki puskar, India's environment ,myth and reality. Awards - Right Livelihood Award ,Padmavibhushan . His Simplicity and spirit of compassion will never be forgotten. He will always be remembered for his relentless fight to save environment through Gandhian principles.
- Amrutha P U
---------------------------------------------------------------
ഇനിയില്ല, പ്രകൃതിയുടെ കാവലാൽ
ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ മറോഡ ഗ്രാമത്തിൽ 1927 ജനുവരി 9നാണു ഗാന്ധിയനും പരിസ്ഥിതി പോരാളിയും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണയുടെ ജനനം.ഹിമാലയൻ മലനിരകളിലെ മണ്ണും മരങ്ങളും സംരക്ഷിക്കാൻ ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 'പരിസ്ഥിതിയാണ് സമ്പത്ത് ' എന്ന സന്ദേശം ഇന്ത്യയൊട്ടാകെ പകർന്നുതരാൻ അദ്ദേഹത്തിന് കഴിഞ്ഞു.പതിമൂന്നാമത്തെ വയസ്സ് മുതൽ അദ്ദേഹം സാമൂഹിക പ്രവർത്തന രംഗത്തേക്ക് ഇറങ്ങിയത്.
തൊട്ടുകൂടായ്മക്കെതിരെ ആണ് ആദ്യ സമരം നടത്തിയത്. പിന്നീട് 1965 ൽ മദ്യത്തിനെതിരെ സ്ത്രീകളെ അണിനിരത്തി സമരങ്ങൾ തുടങ്ങി. ഹിമാലയത്തിലെ കാടുകൾ സംരക്ഷിക്കുന്നതിനായി വർഷങ്ങളോളം പോരാടി ഉത്തരാഖണ്ഡിലെ റെയിനിയിൽ 1974 മാർച്ച് 26 നാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. ഹിമാലയൻ കാടുകളിൽ 4700 km കാൽനടയായി സഞ്ചരിച്ച് വൻകിട പദ്ധതികൾ മൂലമുണ്ടായ വനനശീകരണത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും പഠിച്ചു. ഹിന്ദിയിൽ ചേർന്നുനിൽക്കുക എന്നർത്ഥം വരുന്ന ചിപ്കോ പ്രസ്ഥാനം 1974 മാർച്ച് 26 ന് ഉത്തർപ്രദേശിലാണ് ആരംഭിച്ചത്.
1981 ൽ പത്മശ്രീ നൽകി സമരവീര്യം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം നിരസിച്ചു. പിന്നീട് 2009 ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു. ജീവിതത്തിലും, സമരപാതയിലും ഭാര്യ വിമലയുടെ സ്വാധീനം നിർണായകമായിരുന്നു.
ദ് റോഡ് ടു സർവൈവൽ, ധർതി കി പുകാർ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കൾ രാജീവ്, പ്രദീപ്, മാധുരി എന്നിവരാണ്. ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയിൽ പെട്ട് അദ്ദേഹം ഋഷികേശ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അദ്ദേഹത്തിന് പ്രണാമം..
- അനുഷ്ക കൃഷ്ണകുമാർ 5D
---------------------------------------------------------------
ബഹുഗുണ: ഇന്ത്യയുടെ പച്ചക്കുട
1981ൽ നയ്റോബിയിൽ നടന്ന യുഎൻ ഊർജ സമ്മേളനത്തിൽ സുന്ദർലാൽ ബഹുഗുണ ചെന്നത് ഒരു കെട്ടു വിറകുമായിട്ടായിരുന്നു - മരിക്കുന്ന കാടുകളിലേക്കു ലോകത്തിൻ്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമം. മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെയാണു തനിക്കെന്നു പറഞ്ഞ ആ മനുഷ്യൻ കൊണ്ട വെയിലാണ് ഇന്ന് ഇന്ത്യയുടെ തണൽ.പരിസ്ഥിതി പ്രവർത്തനങ്ങളുടെ ആദ്യ മാതൃകയായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ബാക്കി വച്ച പച്ചപ്പാണ് ഇന്ന് രാജ്യത്തിൻ്റെ കരുത്ത്.
ഉത്തരാഖണ്ഡിലെ തെഹ് രിക്കടുത്ത് മറോഡ ഗ്രാമത്തിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച സുന്ദർലാൽ ബഹുഗുണ 17-ാം വയസ്സിൽ സ്വാതന്ത്ര്യ സമര രംഗത്തിറങ്ങി. കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും വിനോബാ ഭാവെയുടെയും മറ്റും സ്വാധീനത്തിൽ പിന്നീടു സാമൂഹിക സേവന രംഗത്തേക്കു ചുവടു മാറ്റി.യുപിയിലെ സിൽയാര ഗ്രാമത്തിൽ ആശ്രമം സ്ഥാപിച്ച അദ്ദേഹത്തിൻ്റെ ആദ്യ പോരാട്ടം 1950 കളിൽ അയിത്തത്തിന് എതിരെ യായിരുന്നു. പിന്നീടു സ്ത്രീകളെ സംഘടിപ്പിച്ച് മദ്യത്തിനെതിരെയുള്ള പോരാട്ടമായി.197l ൽ യുപി സർക്കാർ 5 ഗിരിവർഗ ജില്ലകളിൽ മദ്യനിരോധനം നടപ്പാക്കിയതാണ് ഈ പോരാട്ടത്തിൻ്റെ ഫലശ്രുതി.
വന സംരക്ഷണമായിരുന്നു അടുത്ത ഘട്ടം.യുപി തന്നെയായിരുന്നു പോരാട്ട വേദി. മണൽക്കാറ്റിൽ നിന്നു വീടുകളെ സംരക്ഷിക്കുന്ന മരങ്ങൾ മുറിച്ചുനീക്കാനെത്തിയ രാജഭടന്മാരെ, മരങ്ങളെ കെട്ടിപ്പുണർന്ന് സ്ത്രീകളും കുട്ടികളും പ്രതിരോധിച്ച രാജസ്ഥാനിലെ ബിഷ്ണോയികളുടെ വീരേതിഹാസത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഗഡ് വാൾ ഹിമാലയത്തിൽ എഴുപതുകളിൽ 'വൃക്ഷത്തെ പുണരുക, ചേർന്നു നിൽക്കുക എന്നെല്ലാം' അർഥം വരുന്ന ചിപ്കോ ആന്ദോളൻ എന്ന പരിസ്ഥിതി പ്രസ്ഥാനം ശക്തി നേടിയത്.1974 മാർച്ചിലാണ് പ്രക്ഷോഭത്തിന് യുപിയിലെ റേനിഗ്രാമം സാക്ഷിയാകുന്നത്. 2500 മരങ്ങൾ മുറിക്കാൻ അനുമതി നേടിയെത്തിയ സ്വകാര്യ കമ്പനിയെ സ്ത്രീകൾ കൈകൾ കോർത്തു പിടിച്ച്, മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന് എതിർത്തു. ബഹുഗുണയുടെ ഇടപെടലോടെ ചിപ്കോ മുന്നേറ്റം ആഗോള ശ്രദ്ധ നേടി.1978ൽ ബഹുഗുണ മരണം വരെ ഉപവാസം എന്ന യജ്ഞത്തിനറങ്ങി. ഒടുവിൽ മരം മുറിക്കുന്നതു വിലക്കി സർക്കാർ ഉത്തരവിട്ടു. ഈ പോരാട്ടം അദ്ദേഹത്തിനു രാജ്യാന്തര ബഹുമതികൾ നേടിക്കൊടുത്തു. പിന്നീട് 1981 മുതൽ 93 വരെ ഹിമാലയൻ കാടുകളിലൂടെ കാൽ നടയായി സഞ്ചരിച്ച അദ്ദേഹം വൻകിട പദ്ധതികൾ മൂലമുണ്ടായ വനനശീകരണത്തെക്കുറിച്ചു വിശദമായി പഠിച്ചു.ഈ യാത്ര അവസാനിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെയാണ്.
കൂറ്റൻ മലകളിടിപ്പിച്ചും ഗഡ് വാളികളെ കൂടിയൊഴുപ്പിച്ചും ആയിരക്കണക്കിന് ദേവദാരുക്കൾ വെട്ടിയും പണിയുന്ന തെഹ് രി ഡാമിനെതിരെയുള്ള പോരാട്ടം 1979ൽ ബഹുഗുണ നേതൃത്വം ഏറ്റെടുത്തതോടെയാണു കരുത്താർജിച്ചത് .1981ൽ പത്മശ്രീ തിരസ്കരിച്ച് അദ്ദേഹം പറഞ്ഞു.'എനിക്കൊരു പുരസ്കാരം തരാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് ഹിമാലയൻ പർവ്വതനിരകളിൽ ആരും മരം മുറിക്കരുതെന്ന ഉത്തരവിറക്കുകയാണ്.'
അണക്കെട്ടിൻ്റെ ഉയരംകൂട്ടുന്നതിനെതിരെ 1989 ൽ അദ്ദേഹം നടത്തിയ 74 നാൾ നീണ്ട നിരാഹാര സമരം വിജയം കണ്ടു.
അണക്കെട്ടിൻ്റെ പേരിലുള്ള പോരാട്ടം പിന്നീടും ഭാഗീരഥീ തീരത്തെ പ്രക്ഷുബ്ധമാക്കി.1995 ൽ അണക്കെട്ടിൻ്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിൻ്റെ ഉറപ്പുലഭിച്ചു.2001 ൽ അണക്കെട്ടിൻ്റെ പണി പുനരാരംഭിച്ചതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ ബഹുഗുണ അറസ്റ്റ് വരിച്ചു.2004 വരെ നീണ്ട പ്രക്ഷോഭം, വനനശീകരണം, പർവ്വത നശീകരണം, വൻകിട അണക്കെട്ടുകളുടെ നിർമ്മാണം എന്നിവയ്ക്കെതിരെ രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു. പോരാട്ടത്തിൻ്റെ അലകൾ ക്രമേണ രാജ്യമെങ്ങും പടർന്നു.
പശ്ചിമഘട്ടത്തിലെ വനനശീകരണത്തിനെതിരെയും നദീസംയോജന പദ്ധതിക്കെതിരെയും പിന്നീട് രംഗത്തെത്തിയ അദ്ദേഹത്തെ തേടി റൈറ്റ് ലിവ് ലിഹുഡ്, ജംനലാൽ ബജാജ്, റൂർക്കി ഐഐടി പുരസ്കാരങ്ങളെത്തി.ദ് റോഡ് ടു സർവൈവൽ, ധർതികി പുകാർ, ഇന്ത്യാസ് എൻവയൺമെൻ്റ്: മിത്ത് ആൻഡ് റിയാലിറ്റി എന്നീ ഗ്രന്ഥങ്ങളും രചിച്ചു
- നന്ദന വിജു 8B
---------------------------------------------------------------
പ്രകൃതിയോടിണങ്ങിയ മനുഷ്യൻ :- സുന്ദർലാൽ ബഹുഗുണ
ഭാരതത്തിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ ഇന്ത്യൻ ജനതയുടെ പരിസ്ഥിതി ചിന്താഗതിയെയാണ് വിപ്ലവകരമായ മാറ്റത്തിലേക്കു നയിച്ചത് . പ്രകൃതിയോടിണങ്ങിയ ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം . ജനിച്ചത് ഒരു സാധാരണ വ്യക്തി ആയിട്ടാണെങ്കിലും പ്രകൃതിയും സ്ത്രീയും അടങ്ങുന്ന ചൂഷണ വിഭാഗത്തിന് അദ്ദേഹം കാവൽമാലാഖയായിരുന്നു. അതിനുവേണ്ടി ബഹുഗുണ ആരംഭിച്ച ഒരു സമര പ്രസ്ഥാനമാണ് ചിപ്‌കോ പ്രസ്ഥാനം . 1970-കളിൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിന് കോൺട്രാക്ടർമാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരമാണ് ഇത്. ചിപ്കോ എന്ന വാക്കിന്റെ അർത്ഥം "ചേർന്ന് നിൽക്കൂ", "ഒട്ടി നിൽക്കൂ" എന്നതാണ് . ഇന്ത്യയിലെ പാരിസ്ഥിതമായ പ്രശ്നങ്ങൾക്ക് വേണ്ടിയും തെഹ്‌രി അണക്കെട്ടിന്റെ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രധാന പോരാളി ആയിട്ടും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിന്നു വേണ്ടിയും വര്ഷങ്ങളോളം ബഹുഗുണ പോരാടി. പ്രകൃതിമാതാവിനോട് ഇണങ്ങിയ ഈ പ്രകൃതിപുത്രന്റെ ജീവിതയാത്ര തുടങ്ങുന്നത് 1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെ തെഹ്‌രിക്ക് അടുത്തുള്ള മറോദ ഗ്രാമത്തിലായിരുന്നു സുന്ദര്‍ ലാല്‍ ബഹുഗുണയുടെ ജനനം. ഉത്തരാഗണ്ഡിലെ ഗ്രാമങ്ങളില്‍ നിന്നാണ് അദ്ദേഹം തന്റെ സമരജീവിതം ആരംഭിക്കുന്നത്. പരിസ്ഥിതിയാണ് സുസ്ഥിരമായ സമ്പദ് വ്യവസ്ഥ’ എന്ന സന്ദേശം വഹിക്കുന്ന ചിപ്‌കോ പ്രസ്ഥാനത്തിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സുന്ദർലാൽ പരിസ്ഥിതിയുടെ ഗാന്ധി രൂപമായിരുന്നു . ഭാരതത്തിലെ വനം,പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും ജീവിതം ഉഴിഞ്ഞുവെച്ച ബഹുഗുണ പിന്നീട്, ചിപ്കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേർന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്തു മുന്നോട്ട്കൊണ്ടുപോയി . 2009 ജനുവരി 26 ന് ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൺ പുരസ്കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു. 1987-ൽ ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരവും ലഭിച്ചു. പ്രകൃതിസംരക്ഷത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍- എന്‍വിരോണ്‍മെന്റ് ക്രൈസിസ് ആന്റ് സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്, ധര്‍ത്തി കി പൂകാര്‍, ഇന്ത്യാസ് എന്‍വിരോണ്‍മെന്റ്: മിത്ത് ആന്റ് റിയാലിറ്റി, ദി റോഡ് ടു സര്‍വൈവല്‍, ഇക്കോളജി ഈസ് പെര്‍മനന്റ് ഇക്കോണമി എന്നിവയാണ്. 1927 - 2021 കാലയളവിൽ പ്രകൃതിക്ക് ഒരു തരത്തിൽ ജീവൻദാതാവും കൂടിയായിരുന്നു.
- കാദംബരി കെ 8 D
---------------------------------------------------------------
പ്രകൃതി സ്നേഹിക്ക് ശതകോടി പ്രണാമം
ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ 1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്‌രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ് എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹം 1970 ചിപ്കോ പ്രസ്ഥാനത്തിന്റെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ ഒടുവ് വരെ തെഹ്‌രി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി എന്ന നിലയിലും വർഷങ്ങളോളം പോരാടി. അദ്ദേഹം രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയി. ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൻ പുരസ്കാരം നൽകി 2009 ജനുവരി 26ന് ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹം മലഞ്ചെരുവിലെ സ്ത്രീജനങ്ങളെ സംഘടിപ്പിച്ച മദ്യ വിരുദ്ധ പോരാട്ടവും നടത്തി.
ഹിന്ദിയിൽ "ചിപ്കോ എന്ന് പറഞ്ഞാൽ "ചേർന്നു നിൽക്കുക " "ഒട്ടി നിൽക്കുക " എന്നൊക്കെയാണ്. ഭാവി തലമുറയ്ക്ക് വേണ്ടി മരങ്ങളെ കെട്ടിപ്പിടിച്ചവർ എന്ന് ചിപ്കോ പ്രസ്ഥാനത്തെ വിശേഷിപ്പിക്കാം. ചിപ്കോ പ്രസ്ഥാനം അഥവാ ചിപ്കോ അന്തോളൻ എന്നത് പ്രകൃതിക്കുവേണ്ടി അഹിംസാപരമായി സമരം ചെയ്ത ഒരുകൂട്ടം ഗ്രാമവാസികളുടെ കൂട്ടായ്മയാണ്. 1970 ലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. മരം മുറിക്കുന്നവരെ തടയുക എന്നതിനുവേണ്ടിയാണ് ഇത്തരമൊരു സമരം തുടക്കം കുറിച്ചത്. മൂന്നാളും ഇന്ത്യയിലെ പ്രശസ്തമായ ഒരു പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളിൽ ഒന്നാണ് ചിപ്കോ പ്രസ്ഥാനം. 1973 അളകനന്ദാ താഴ്വാരത്തിലെ മരങ്ങൾ മുറിക്കുവാൻ ഒരു കമ്പനിക്ക് സർക്കാറിന്റെ അനുമതി ലഭിച്ചു. എന്നാൽ ഈ തീരുമാനം ഗ്രാമവാസികളെ പ്രത്യേകിച്ച് സ്ത്രീകളെ രോഷാകുലരാക്കി. 1974 മാർച്ച് 26 ഇന്നത്തെ ഉത്തരാഖണ്ഡിലെ ച മൂലയിലെ ഗ്രാമീണ വനിതകൾ മരത്തെ കെട്ടിപ്പിടിച്ച് സമരം നടത്തി. ഇവിടെ ഈ സമരത്തിന്റെ സ്മരണാർഥം മാർച്ച് 26 ചിപ്കോ മൂവ്മെന്റ് ദിനമായി ആചരിക്കുന്നു. സുന്ദർലാൽ ബഹുഗുണ, ചാന്ദിപ്രസാദ് ഭട്ട് എന്നിവരായിരുന്നു ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. ഈ ചിപ്കോ പ്രസ്ഥാനത്തിന് 1987 ലൈവ്‌ലിഫുഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാരതത്തിലെ നദികളുടെ സംരക്ഷണത്തിനായും അദ്ദേഹം പോരാടി. "ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത് " എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. പ്രകൃതി സംരക്ഷണത്തിനായി ജീവിച്ച ആ മഹാ വ്യക്തി ഇനി ഇല്ല . അദ്ദേഹത്തിന്റെ ഓർമ്മക്കുമുന്നിൽ നൂറ് കോടി പ്രണാമം.
- ദേവിക സന്തോഷ് 8 E
---------------------------------------------------------------
സുന്ദർലാൽ ബഹുഗുണ
ഗാന്ധിയനും പരിസ്ഥിതിപ്പോരാളിയും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ 1927 ജനുവരി 9ന് ഉത്തരാഖണ്ഡിലെ തെഹ്രിക്ക് സമീപമുള്ള മരോത ഗ്രാമത്തിൽ ജനിച്ചു. ഹിമാലയൻ മലനിരകളിലെ മണ്ണും മരങ്ങളും സംരക്ഷിക്കാൻ ജീവിതം സമർപ്പിച്ച സുന്ദർലാൽ ബഹുഗുണ പരിസ്ഥിതി ആണ് സമ്പത്ത് എന്ന സന്ദേശം ഇന്ത്യയൊട്ടാകെ പകർന്ന ആദരണീയ വ്യക്തിത്വമായിരുന്നു.ഇന്ത്യയിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ ബഹുഗുണ പിന്നീട്, ചിപ്കോ പ്രസ്ഥാനത്തിലെ ജനങ്ങളുമായി ചേർന്ന് രാജ്യത്തുടനീളം വനനശീകരണം,വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭപരിപാടികൾ ഏറ്റെടുത്തു മുന്നോട്ട്കൊണ്ടുപോയി.2009 ജനുവരി 26 ന് ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൺ പുരസ്കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു.പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം തടഞ്ഞു.തെഹ്‌രി അണക്കെട്ടിനെതിരെയുള്ള പ്രക്ഷോഭ പാതയിൽ ദശാബ്ദങ്ങളോളം അദ്ദേഹം നിലകൊണ്ടു. സത്യാഗ്രഹ മാതൃക സ്വീകരിച്ച അദ്ദേഹം നിരവധി തവണ പ്രതിഷേധ സൂചകമായി ഭഗീരഥി തീരത്ത് ഉപവാസ സമരം നടത്തി. 1995 ൽ, അണക്കെട്ടിന്റെ ദൂശ്യഫലങ്ങളെ കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഉറപ്പിന്മേലായിരുന്നു 45 ദിവസം നീണ്ട ബഹുഗുണയുടെ ഉപവാസ സമരം അവസാനിപ്പിച്ചത് . അതിന് ശേഷം 74 ദിവസം നീണ്ട മറ്റൊരു ഉപവാസ സമരം രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ വെച്ച് ബഹുഗുണ നടത്തുകയുണ്ടായി.
- നമിത രാജ് 8 D
---------------------------------------------------------------










Comments
Post a Comment