കഥാപരിചയം
കഥയിലെ ജീവിതം
എല്ലാവർക്കും കഥകള്‍ ഇഷ്ടമാണ്.
പക്ഷേ, എന്താണ് കഥ എന്ന് ചിന്തിച്ചിട്ടുണ്ടോ?
കഥ കഥയൊഴിച്ച് ഗൗരവമുള്ള ഒന്നാണെന്ന് പറയേണ്ടിവരും. ഒരാള്‍ മരിച്ചാല്‍ അയാളുടെ കഥ കഴിഞ്ഞു എന്നാണ് നാം സാധാരണ പറയാറുള്ളത്. അതിനര്‍ത്ഥം കഥ ജീവിതം തന്നെയാണ് എന്നാണ്. അതെന്നും നവീനതയെ സ്വായത്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. മനുഷ്യജീവിതപ്രദർശനശാലയായ കഥകൾ എക്കാലത്തും മനുഷ്യന്റെ ആധികളിലും ഹർഷോന്മാദ ങ്ങളിലും കൂട്ടായുണ്ട്.
കഥപറച്ചിലിന്റെ അഭൗമശക്തിയും കഥ കേൾക്കാനുള്ള ഉത്കടമായ അഭിലാഷവും പുരാതനകാലം തൊട്ടേ മനുഷ്യവംശത്തെ വേറിട്ടുനിർത്തുന്ന സവിശേഷ സ്വഭാവമാണ്. വാമൊഴിയായി തീർത്തെടുത്ത ഭാവനാസാമ്രാജ്യങ്ങളിലും വാക്കുകളുടെ അച്ചടിരൂപം നിർമ്മിച്ചെടുത്ത വാസ്തുശില്പങ്ങളിലും അഭിരമിക്കാനുള്ള മനുഷ്യരുടെ രീതി കാലമെത്ര മാറിയിട്ടും നിലനിൽക്കുന്നു.
കഥയുടെ സ്വത്വം അതിരുകൾ സ്ഥാപിച്ചുകൊണ്ട് നിർവചിക്കാൻ സാധിക്കുകയില്ലല്ലോ. നിയതമായ സീമകളിൽ ഒതുങ്ങിക്കൂടാതെ സ്വാഭാവികമായി പുറത്തേക്ക് പടരുന്ന സ്ഥലരാശിയാണ് പൊതുവെ കഥയുടെ ബോധമണ്ഡലത്തിന്. ആധുനികകാലഘട്ടത്തിലെ കഥയുടെ രൂപഭേദങ്ങൾ കഥാപാത്രങ്ങളുടെ ആന്തരികസംഘർഷങ്ങളിലും ഭാവപ്പൊലിമയിലുമാണ് കുടി കൊള്ളുന്നത് എന്ന് വേണം കരുതേണ്ടത്.
സമൂഹജീവിയാണ് മനുഷ്യന്‍. വ്യക്തികള്‍ ചേര്‍ന്ന് കുടുംബവും കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹവും രൂപപ്പെടുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള ആരോഗ്യകരവും സക്രിയവുമായ കൊടുക്കല്‍ വാങ്ങലുകളിലൂടെ മാത്രമേ സമൂഹ സുസ്ഥിതി ഉറപ്പാക്കാനാവുകയുള്ളൂ. മികച്ച വിദ്യാഭ്യാസം മാത്രം പോര അതിന്. നല്ലൊരു വായനാശീലവും സ്വായത്തമാക്കണം.
ഏതു കലാസൃഷ്‌ടിയും ഏകാകിയായ കലാകാരന്‍ ഏകാഗ്രമായി രൂപം നല്‍കുന്നതാണ്. പക്ഷേ, ആ കലാസൃഷ്‌ടി അതേസമയം ഒരു സാമൂഹ്യപ്രവര്‍ത്തനവുമാണ്. സാമൂഹ്യജീവിതം ഒളിഞ്ഞോ തെളിഞ്ഞോ സ്വാധീനിച്ചിട്ടില്ലാത്ത ഒരു കലാസൃഷ്‌ടിയുമില്ല. സമൂഹത്തിലെ വ്യക്തികളുടെ ആസ്വാദനത്തിനായുള്ള കലാസൃഷ്‌ടിയും സാമൂഹ്യപ്രവര്‍ത്തനമായിത്തീരുന്നു. എഴുത്തുകാരന്റെ മനസ്സില്‍ അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ വൈരുദ്ധ്യങ്ങളുടെ നേർക്കുണ്ടാകുന്ന വികാരം വായനക്കാര്‍ക്ക് രചനയിലൂടെ വായിച്ചെടുക്കാന്‍ സാധിച്ചാല്‍ എഴുത്തുകാരന്റെ സാമൂഹികമായ വീക്ഷണം മനസ്സിലാക്കാന്‍ സാധിക്കും.
പണ്ടത്തെ മുത്തശ്ശിമാര്‍ കൊച്ചുമക്കള്‍ക്കു പറഞ്ഞുകൊടുത്ത സാരോപദേശ കഥകള്‍, ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, ഇന്നും ഒളിവറ്റാതെ നില്ക്കുന്നതെന്തുകൊണ്ടാണ്? അവയ്ക്ക് നമ്മുടെ ജീവിതത്തോടു ഒട്ടിനില്ക്കാനുള്ള കരുത്തുണ്ടായിരുന്നു എന്നതാണ്.
ചന്ദനമരത്തില്‍ ഒളിഞ്ഞിരിക്കുന്ന ശില്പം പോലെയാണ് കഥ എന്നും പറയാം. ശില്പത്തിന്റെ രൂപത്തെപ്പറ്റി മനസ്സിലുറപ്പിക്കുന്ന ശില്പി,ആവശ്യമില്ലാത്ത ബാക്കി ഭാഗങ്ങള്‍ കൊത്തിയും,കോറിയും,ചീകിയും,ചികഞ്ഞും ബാക്കി മരത്തിനെ കളഞ്ഞ് മനോഹരമായ ശില്പം ഉണ്ടാക്കിയെടുക്കുന്നത് പോലെ ,മനസ്സിലിട്ട് പരുവപ്പെടുത്തിയ കഥയെ അനാവശ്യമായ വര്‍ണ്ണനകളും,നെടുങ്കന്‍ സംഭാക്ഷണവുമൊക്കെ കളഞ്ഞ് ആറ്റിക്കുറുക്കിയെടുത്ത സത്താക്കുകയാണ് ഓരോ കഥാകാരനും.
ഏത് വിഷയവും കഥയിലേക്കാവാഹിക്കുമ്പോൾ എഴുതുന്ന ആളുടെ മാന്ത്രികസ്പർശത്താൽ മാത്രമാണ് കഥകൾ അനുഭൂതിയുടെ ആകാശങ്ങളിലേക്ക് വായനക്കാരെ എത്തിക്കുക. എഴുത്തുകാരിയുടെ ഭാവനാവിലാസത്താൽ ശോഭിതമാകുന്ന വർത്തമാനപരിസരം, വായനതീർന്നാലും ചിന്തിപ്പിക്കുക തന്നെ ചെയ്യും. ജീവിതവും അനുഭവങ്ങളുമിഴചേർന്ന് ഓർമ്മചെപ്പിൽ നിന്നും അടർന്ന് കഥകളായി വാർന്നൊഴുകുന്നതിലെ ഭംഗിയും ഒതുക്കവും മലയാളത്തിന്റെ കഥാലോകത്തിന് എന്നും മുതൽകൂട്ടാണ്.
ചില കഥകൾ അങ്ങനെയാണ്, പലരുടേയും ജീവിതങ്ങളോടും ജീവിതാവസ്ഥകളോടും ഒട്ടി നിൽക്കുന്നവ. അത്തരത്തിൽ ഒരു കഥയാണ് ഇന്നത്തെ നാട്ടുപച്ചയിൽ പരിചയപ്പെടുത്തുന്ന ശ്രീലക്ഷ്മി കെ.എ യുടെ 'ചിലന്തി വല'. ഓര്‍മയുടെയും മറവിയുടെയും വ്യതിയാനങ്ങളെ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കാനാവില്ല. ഓര്‍മകളെ സൂക്ഷിക്കുമ്പോള്‍ തന്നെ, ചില സന്ദര്‍ഭങ്ങളില്‍ മറവി അനുഗ്രഹമാണെന്നു സമ്മതിക്കാതെ വയ്യ. പോയ കാലത്തെ പൂര്‍ണമായും ഉച്ചാടനം ചെയ്യാനാവാതെ ഓര്‍മകളിലൂടെയും മറവിയുടേയും നൂൽപ്പാലത്തിൽ സഞ്ചരിക്കുന്ന, മാനസിക സംഘർഷങ്ങളുടെ ചിലന്തി വലകളിൽ വീർപ്പുമുട്ടുന്ന ഒരാൾ... ഇതൊന്നുമറിയാതെ മുന്നോട്ടു പോവുന്ന അയാളുടെ ദിവസങ്ങൾ...
ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നു പോവുന്നരുടെ നിസ്സഹായതയും, അവ പറഞ്ഞു പോകുന്ന രീതിയുമെല്ലാം കഥയെ കൂടുതൽ മികവുറ്റതാക്കുന്നു. - സാനിയ കെ ജെ എഡിറ്റർ, നാട്ടുപച്ച മാഗസിൻ
കഥ വായിക്കാം:
ചിലന്തി വല
ഷെൽഫിലിരുന്നു പൊടിപിടിച്ച പുസ്തകങ്ങളെല്ലാം പൊടിതട്ടി വൃത്തിയാക്കി തിരിച്ചു ഷെൽഫിലേക്ക് തന്നെ വെക്കുന്നതിനിടയിലാണ് പഴയ ഡയറി കയ്യിൽ തടഞ്ഞത്. ഡയറി എഴുത്തിന്റെ തന്നെ അവസാനത്തെ ഏടുകൾ എന്ന് വേണമെങ്കിൽ പറയാം. നാലു കൊല്ലം മുൻപത്തെയാണ്. അതിൽ പിന്നെ ഡയറി എഴുതിയിട്ടില്ല. ഒരു കൗതുകത്തിന് അതെടുത്ത് മേശപ്പുറത്തേക്ക് മാറ്റിവച്ചു. ഒതുക്കലും വൃത്തിയാക്കലും കഴിഞ്ഞു നോക്കുമ്പോൾ ദേഹം മുഴുവനും വിയർപ്പിലും പൊടിയിലും കുഴഞ്ഞിരുന്നു. ആസ്വദിച്ചൊരു കുളിയും കഴിഞ്ഞിറങ്ങിയപ്പോഴേക്കും ഡയറിയുടെ കാര്യം മറന്നു പോയിരുന്നു. മറവിശക്തി വളരെയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികമായ ഒരു കാര്യം തന്നെയായിരുന്നു അതും. മുറിയിൽ നിന്ന് വെളിയിലേക്കിറങ്ങിയ കൃത്യ സമയത്ത് തന്നെ പി എ മുന്നിൽ ഹാജർ. ഇന്നെന്താണാവോ മറന്നതെന്നാലോചിച്ച് തലപുകഞ്ഞു തുടങ്ങിയപ്പോഴേക്കും അയാൾ പച്ച നിറത്തിലുള്ള ഒരു ബ്രോഷർ കയ്യിലേക്ക് വച്ചു തന്നു. വൈകീട്ട് 4 മണിക്ക് ഒരു പരിപാടിയുണ്ട്. മറവി പ്രതിനായക വേഷത്തിൽ കൂടെ കൂടിയതിൽ പിന്നെ നായകവേഷത്തിൽ തിളങ്ങാൻ പി എ രണ്ടു മണിക്കൂർ കൂടുമ്പോൾ വന്ന് ഓർമ്മിപ്പിക്കണം. ഗതികേടിനെ പഴിച്ച് സോഫയിലേക്ക് ചാരിയിരുന്നപ്പോഴേക്കും ചുളിവ് വീണ വിരലുകൾ, നരവീണ താടിരോമങ്ങളെ പതിവുപോലെ ആശ്വസിപ്പിച്ചുകൊണ്ട് തലോടാൻ തുടങ്ങിയിരുന്നു. ആ തലോടലിനിടയിൽ പലപ്പോഴും ഓർക്കാറുണ്ട്. പേരക്കുട്ടി സോഫയിൽ കയറിയിരുന്ന് മുത്തശ്ശനെ അനുകരിച്ചുകൊണ്ട് കാലിന്മേൽ കാൽ കയറ്റി വച്ച് രോമം മുളക്കാത്ത അവൻറെ കുഞ്ഞു താടിയിലെ സാങ്കല്പിക രോമങ്ങളെ ഞരമ്പുകൾ തെളിയാത്ത അവന്റെ കുഞ്ഞുവിരലുകൾ കൊണ്ട് തലോടി, ലോകം കീഴടക്കിയ ഭാവത്തിൽ കൈ കൊട്ടി ചിരിക്കുന്നത്. അവന്റെ കുസൃതി കണ്ട് താനടക്കമുള്ള കുടുംബാംഗങ്ങൾ അവനെ വാരിയെടുത്തു കൊഞ്ചിക്കുന്നത്. ആലോചനയ്ക്കിടയിൽ പി.എ വീണ്ടും വന്നു. അനുവാദം ചോദിച്ച് മുറിക്കകത്തേക്ക് വന്ന അയാൾ വീണ്ടും ഒരു പച്ച ബ്രോഷർ കയ്യിൽ തന്നിട്ട് പോയി. നാലു മണിക്ക് ഒരു പരിപാടിയുണ്ട്. ക്ലോക്കിൽ ഇപ്പോഴും രണ്ടു മണി ആണ്. സമയം പോകാൻ തലങ്ങുംവിലങ്ങും മുറിയിൽ നടക്കുന്നതിനിടയിൽ മേശക്കരികിൽ എത്തിയപ്പോഴാണ് ഡയറി കണ്ടത്.
വെറുതെ ഒന്നു മറിച്ചുനോക്കി. നിറയെ ചിലന്തിവലകൾ... ഓരോ ഏടുകളിലും പല വലുപ്പത്തിലുള്ള ചിലന്തിവലകൾ... അതിൽ നിന്നുയരുന്ന ഉണങ്ങിപ്പിടിച്ച മഷിയുടെ ഗന്ധം മനംമടുപ്പിക്കുന്നതായി തോന്നിയപ്പോൾ വീണ്ടും ഡയറി ഷെൽഫിലേക്ക് എടുത്തുവച്ചു. തൊട്ടുപുറകിൽ കാൽപ്പെരുമാറ്റം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ പി.എ ആണ്. അയാൾ വീണ്ടും ഒരു പച്ച ബ്രോഷർ കയ്യിൽ വച്ച് തന്നു. ഇയാൾക്ക് ഒരു സാമാന്യമര്യാദയില്ലാതെയായിട്ടുണ്ട്. ഇടക്കിടെ അനുവാദമില്ലാതെ മുറിയിലേക്ക് വരിക, തന്നെ അനുകരിച്ച് തന്റേതു പോലെയുള്ള വെള്ള വസ്ത്രം ധരിക്കുക... അധികൃതരോട് അയാളുടെ വസ്ത്രത്തിന്റെ നിറം മാറ്റാൻ പറയണമെന്ന് കുറേ നാളായി വിചാരിക്കുന്നു.എന്നാൽ ഇപ്പോൾ അയാളെ തന്നെ മാറ്റാൻ പറയണമെന്ന സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്.
കതകിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടാണ് ആലോചനയിൽ നിന്ന് ഉണർന്നത്. മുറിക്ക് പുറത്ത് ഇളം പച്ച നിറത്തിൽ വസ്ത്രം ധരിച്ച ഒരാൾ. മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി. അല്ലെങ്കിലും ഇവിടത്തുകാർ മനസ്സറിഞ്ഞ് കാര്യങ്ങൾ ചെയ്യുന്നവരാണ്.. കൂറുള്ളവരാണ്.. അയാൾ വന്ന് സാറിന്റെ പേരക്കുട്ടി കാണാൻ വന്നിരിക്കുന്നുവെന്നു പറഞ്ഞു. അപ്പോഴേക്കും സന്തോഷം അതിന്റെ അതിരുകൾ ഭേദിച്ച് കഴിഞ്ഞിരുന്നു. നാലുമണിക്ക് മുത്തശ്ശന് ഒരു പരിപാടിയുണ്ട്.. എന്നാലും ഉണ്ണിക്കുട്ടൻ കാണാൻ വന്ന സ്ഥിതിക്ക് അത് അങ്ങോട്ട് മാറ്റി വെക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ജീൻസും ടീ ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ മുറിയിലേക്ക് വരുന്നത്. അടിമുടി നോക്കിയിട്ടും വന്നയാളെ മനസ്സിലായില്ല. മുത്തശ്ശാ എന്ന് വിളിച്ച ശബ്ദവും അപരിചിതമായി തോന്നി. ഉണ്ണിക്കുട്ടൻ എവിടെ! അവൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാണാനില്ലല്ലോ...! മനസ്സിൽ അത്രയും ഉണ്ണിക്കുട്ടൻ ആയിരുന്നു. അവനെ കാണാൻ ഉള്ള വ്യഗ്രതയായിരുന്നു. വന്നയാൾ വീണ്ടും മുത്തശ്ശാ എന്ന് വിളിച്ചപ്പോൾ ശരിക്കും ദേഷ്യം വന്നു..
തലയിലെ ഞരമ്പുകളൊക്കെ വലിഞ്ഞ് മുറുകുന്നുണ്ട്. അയാളുടെ കോളറിന് കുത്തിപിടിച്ചതും ഇളംപച്ച വസ്ത്രധാരികളായ കുറച്ചുപേർ വന്ന് പിടിച്ചു മാറ്റി. അതിനിടയിൽ വെള്ളക്കോട്ട് ധരിച്ചുവന്ന മറ്റൊരാൾ എന്തോ ഇഞ്ചക്ഷൻ തന്നു. പിന്നെ കണ്ണുതുറന്നു നോക്കുമ്പോൾ മുറിയിൽ ആരുമില്ലായിരുന്നു. വെറുതെ ഇരിക്കുകയല്ലേ... ഷെൽഫിലെ പുസ്തകങ്ങളിൽ ആകെ പൊടിയാണ്. വൃത്തിയാക്കാം എന്ന് കരുതി പുസ്തകങ്ങൾ ഓരോന്നായി വലിച്ചിടുന്നതിനിടയിൽ പഴയ ഡയറി കണ്ടു. അത് മേശപ്പുറത്തേക്ക് മാറ്റിവെച്ച് മറ്റു പുസ്തകങ്ങൾ ഒതുക്കുന്നതിനിടയിൽ വാതിലിൽ മുട്ട് കേട്ടു. നോക്കിയപ്പോൾ പി.എ ആണ്. അയാൾ പച്ച നിറത്തിലുള്ള ഒരു ബ്രോഷർ കയ്യിൽ തന്നിട്ട് പോയി. നാലുമണിക്ക് ഉള്ള ഒരു പരിപാടിയുടേതാണ്. എന്നാലും അയാൾ വാതിലിൽ മുട്ടി അകത്തുകടക്കാനുള്ള മര്യാദ കാണിച്ചല്ലോ... ധാരാളം! ക്ലോക്കിൽ സമയം രണ്ടു മണി ആയിട്ടേ ഉള്ളൂ. മേശപ്പുറത്തിരുന്ന ഡയറി എടുത്ത് എഴുതാനിരുന്നു. കുറെ നാളായി എന്തെങ്കിലും എഴുതിയിട്ട്. മനസ്സിൽ നിറയെ ചിലന്തിവലകൾ ആണ്. ഇനി പേനയെടുത്ത് ആ ചിലന്തിവലകൾ അതിമനോഹരമായി നെയ്തെടുക്കണം. ഏകാഗ്രതയോടെ മനസ്സിനൊപ്പം കൈയും വിരലുകളും വരികളിലൂടെ സഞ്ചരിക്കണം. ഒടുവിൽ ആ വലകളിൽ കുരുങ്ങി വീർപ്പുമുട്ടണം. വഴിയറിയാതെ നിലവിളിക്കണം.
- ശ്രീലക്ഷ്മി കെ എ


Comments
Post a Comment