വിഷ്ണു നാരായണൻ നമ്പൂതിരി
വിഷ്ണു നാരായണൻ നമ്പൂതിരി വിടവാങ്ങി; മായില്ല കാവ്യ പൂജ
'നീ പിച്ചവെക്കെ നിലത്തു ചെന്താമര–
പ്പൂ വിടര്‍ന്നെന്നു നിനച്ചിതെന്‍ ഭാവന
നീയാറ്റുവക്കത്തു നിന്‍ കളിപ്പാവയെ
നീരാട്ടിടുമ്പോള്‍ കുളിര്‍ത്തിതെന്‍ ഭാവന'
വിശുദ്ധ ശൈശവത്തിനു മുന്നില്‍ നൃത്തം ചെയ്യുന്ന ഈ കാവ്യഭാവനയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതയെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. പുരാണ കഥാ സന്ദര്‍ഭങ്ങളും ആര്‍ഷ മൂല്യങ്ങളും സമ്പന്നമായ സംസ്കാരിക പൈതൃകവും കവിതയ്ക്കു വിഷയമാക്കിയപ്പോഴും ലോക ജീവിതവും സാധാരണ മനുഷ്യരുടെ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അദ്ദേഹത്തിന്റെ കവിതയെ തഴുകി കടന്നുപോയിട്ടുണ്ട്. ജീവനുളള കവിതകൾ ബാക്കിനിർത്തി കാലയവനികയ്‌ക്കുളളിൽ ഇന്ന് മറഞ്ഞത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ കാരണവർ തന്നെയാണ്.
വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ. അതുകൊണ്ടാണ് പേരെടുത്ത കവിയുടെയോ പ്രഗത്ഭനായ അധ്യാപകന്റെയോ ആലഭാരങ്ങളില്ലാതെ അദ്ദേഹത്തിനു പച്ചമണ്ണിൽച്ചവിട്ടി നടക്കാനായത്. സൗമ്യജീവിതം കൊണ്ടു ഭൂമിതൊട്ടുനിൽക്കെത്തന്നെ അദ്ദേഹം എഴുത്തുകാരന്റെയും അധ്യാപകന്റെയും ആത്മഗൗരവം ശുഭ്രമായൊരു തലപ്പാവു പോലെ ശിരസ്സിലണിയുകയും ചെയ്തിരുന്നു.
മുറിവേറ്റവന്റെ വേദനകൾ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയോടെ അദ്ദേഹം കവിതകളിൽ അവതരിപ്പിച്ചു. വേദങ്ങൾ, സംസ്കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ കാവ്യപൂർണ്ണമാർന്ന ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ നാം കണ്ടു.
കാളിദാസകവിതയുമായി ആത്മൈക്യം നേടിയ കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. ഉജ്ജയനിയിലെ രാപ്പകലുകളിൽ കാളിദാസനൊപ്പം രാപ്പകലെന്നില്ലാതെ കൂടെ നടക്കുന്നൂ അദ്ദേഹം. വർത്തമാനകാലത്തെ ഭൂതകാലത്തിന്റെ ആർദ്രത കൊണ്ട് ശാന്തമാക്കാമെന്ന് വായനക്കാരൻ ആശ്വസിക്കുന്നു.
ഉജ്ജയനിയിലെ രാപ്പകലുകളിൽ മാത്രമല്ല ഒട്ടേറെ കവിതകളിൽ ചങ്ങമ്പുഴയ്ക്ക് പ്രണയമെന്നത് പോലെയായിരുന്നൂ വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കാളിദാസൻ. 'ഇന്ത്യയെന്ന വികാരം' എന്ന കവിതയിൽ കാളിദാസനുമായുള്ള സംഭാഷണമാണ്. കവി കവിയോട് കവിതയിലൂടെ നടത്തുന്ന അപൂർവമായ സഞ്ചാരം ഈ കവിതകളിലൊക്കെ തെളിഞ്ഞുകാണാം.
1939 ജൂൺ 2-ന് തിരുവല്ലയിലെ ഇരിങ്ങോലിൽ ജനനം. കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളേജുകളിൽ ഇംഗ്ലീഷ് ജോലി നോക്കിയിട്ടുണ്ട്. ജോലിയിൽ നിന്ന് പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനുമായി.
കാവ്യപാരമ്പര്യത്തോട് ചേർന്നു നിന്നുകൊണ്ട് കവിതയെ എങ്ങനെ പുതുക്കാമെന്ന് തെളിയിച്ച കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. ആ തെളിവുകൾ തന്നെയാണ് അദ്ദേഹത്തിൻ്റെ, 'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിർത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകൾ' 'മുഖമെവിടെ', 'ഭൂമിഗീതങ്ങൾ', 'പ്രണയഗീതങ്ങൾ', ' സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയടങ്ങുന്ന മുഴുവൻ കൃതികളും. വൈകാരിക മൂല്യത്തെ വ്യക്തതയോടെ ആവിഷ്കരിച്ച കവിതയാണ് അദ്ദേഹത്തിന്റേത്. മലയാളത്തിന്റെ വൃത്തവൈവിധ്യങ്ങളും അപൂർവതാളങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തി. ഭാരതീയമായ ഒരു കാഴ്ച്ചപ്പാട് വെച്ചുപുലർത്തുമ്പോൾ തന്നെ സംസ്കാര വൈവിധ്യത്തിലൂന്നുന്ന പ്രാദേശികതയെ ആഘോഷിക്കുകയും ചെയ്തു ഇദ്ദേഹത്തിന്റെ കവിത.തൻ്റെ കാവ്യ സംഭാവനയെ തേടിയെത്തിയതാകട്ടെ കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്കാരം,ബാലമണിയമ്മ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ.
മലയാള , സംസ്കൃത കാവ്യപാരമ്പര്യങ്ങളോടൊപ്പം പാശ്ചാത്യ കാവ്യപാരമ്പര്യവും ഉൾക്കൊണ്ടതിനാൽ അദ്ദേഹത്തിന്റെ കവിത ഒരിക്കലും യാഥാസ്ഥിതികമായില്ല. ജീവിച്ച മണ്ണിനോടുള്ള കൂറാണ് ആ കവിതയിലെ വെളിച്ചം.
അവസാന കാലത്ത് മറവി കീഴടക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും കവിതയെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചു അദ്ദേഹത്തിലെ കവി.
'എങ്ങിനെ നീയെൻ പടിവാതിലിലെ
ചങ്ങല നീക്കിപ്പോന്നു
ആരു നിനക്കെൻ കള്ള റയുടെ
കിളിവാതിൽ തുറന്നേ തന്നൂ'
എന്ന അദ്ദേഹത്തിൻ്റെ തൻ്റെ വരികൾ കവി വീണ്ടും ഓർത്തെടുക്കുന്നു.
ഭൗതികമായ ഈ പൃഥിവിയില്‍നിന്ന് പോയി മറഞ്ഞാലും ആ രശ്മികളുതിര്‍ത്ത മനസ് ജരാനരകളില്ലാതെ മലയാള സാഹിത്യത്തില്‍ വിരാജിക്കുക തന്നെ ചെയ്യും.
മലയാള കവിതാ കാരണവർക്ക് നാട്ടുപച്ചയുടെ ശതകോടി പ്രണാമം... - സാനിയ കെ ജെ എഡിറ്റർ, നാട്ടുപച്ച മാഗസിൻ
കാവ്യ വസന്തം കവി ശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണകൾക്കു മുൻപിൽ പ്രണമിച്ചു കൊണ്ട്, അദ്ദേഹത്തെ കുറിച്ചുള്ള ലേഖനങ്ങളും കവിയുടെ 'പടിയിറക്കം' എന്ന കവിതയുടെ വായനാക്കുറിപ്പും വായിക്കാം:
--------------------------------------------------------------------------------------------
ഓർമ്മകളിലൂടെ കവി വിഷ്ണുനാരായണൻ നമ്പൂതിരി
പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യ സംസ്കാരത്തിന്റെ തലമുതിർന്ന ഒരു പ്രതിനിധിയാണ് മഹാ കവി വിഷ്ണുനാരായണൻ നമ്പൂതിരി . മനുഷ്യനെ കേന്ദ്രമാക്കി,പ്രകൃതിയിൽ ചുവടുറപ്പിച്ചുകൊണ്ട്,തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിൽ കാവ്യാത്മകമായി ആവിഷ്കരിച്ച കവിയായിരുന്നു അദ്ദേഹമെന്ന് വിലയിരുത്തപ്പെടുന്നു.1939 ജൂൺ 2 ന് തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്താണ് വിഷ്ണുനാരായണൻ നമ്പൂതിരി ജനിച്ചത്. കോഴിക്കോട്, കൊല്ലം പട്ടാമ്പി, എറണാകുളം തൃപ്പൂണിത്തറ, ചിറ്റൂർ തിരുവനന്തപുരം എന്നീ നിരവധി കോളേജുകളിൽ അധ്യാപകനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു. അദ്ദേഹം ഭാഷാ പണ്ഡിതൻ, വാഗ്മി, സാംസ്കാരികചിന്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. കുട്ടിക്കാലത്ത് സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽ നിന്ന് സംസ്കൃതവും വേദവും പഠിച്ചു . കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫീസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപനുമായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണ സമിതി,കേരള കലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിത്വം വഹിച്ചു. ജനാവലിയുടെ ആരവങ്ങളും ആഘോഷങ്ങളും തിമിർക്കുന്ന ഉത്സവ സ്ഥലമാണ് ചില കവികളുടെയെങ്കിലും കാവ്യലോകം എങ്കിലും ശാന്ത ഗംഭീരവും സ്വച്ഛസുന്ദരവുമായി പ്രശാന്തമായ അന്തരീക്ഷത്തിൽ കുടികൊള്ളുന്ന ചെറുതെങ്കിലും തേജോ മതയായ ഗ്രാമക്ഷേത്രം പോലെയാണ് മഹാ കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യപ്രപഞ്ചം. ഭാരതീയ കാവ്യ സംസ്കൃതിയുടെ ഉന്നത ശൃംഗങ്ങളിൽ ഒന്നായിരുന്നു എന്നും കവിയുടെ കവിതകൾ. വിഷ്ണുനാരായണൻ നമ്പൂതിരി മലയാള കാവ്യ ഭാവുകത്വത്തിൽ ഒരു പ്രതിനിധിയാണ്. ആത്മീയ പാഠങ്ങൾ ഉരുകഴിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. വിശുദ്ധമായ വാക്കുകൾ ഉദാത്തമായ വികാരങ്ങളും വിചാരങ്ങളും ജീവിതത്തിന്റെ ശാന്തിക്കും ലോകത്തിന്റെ സുഖത്തിനും മനുഷ്യന്റെ സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന വാക്കുകളും വരികളും. ആർഷ ഭാരത സംസ്കാരത്തിന് അധിഷ്ഠിതമായ മൂല്യങ്ങളാണ് വിഷ്ണുനാരായണൻ നമ്പൂതിരി എന്ന കവിയെ നയിച്ചത്. യുദ്ധത്തിനും ഹിംസയ്ക്കും എതിരായി മനുഷ്യത്വത്തിന്റെ മുദ്രാവാക്യം ഉദ്ഘോഷിച്ച കവി. അദ്ദേഹത്തിന്റെ തായി 13 കവിതാസമാഹാരങ്ങൾ മൂന്ന് നിരൂപണങ്ങൾ നാല് ആന്തോളചിതം തുടങ്ങി വിവിധ സർഗ്ഗാത്മക പ്രകാശനങ്ങൾ മലയാളത്തിലെ കരുതി വെപ്പുകൾകായി ലഭിച്ചിട്ടുണ്ട്. പലപ്പോഴും സത്യം ,ധർമ്മം ,അഹിംസ, കർമ്മം ,നന്മ തുടങ്ങിയ സങ്കല്പങ്ങൾ ജീവിത വിജയത്തിന്റെ ആദർശ മുത്തുകളായി വിഷ്ണുനാരായണൻ നമ്പൂതിരി തന്റെ കവിതകളിൽ വിളയിക്കുന്നു. മലയാളകവിതയുടെ സംക്രമദശയിലെ പ്രധാനപ്പെട്ട കാവ്യ സാന്നിധ്യമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി . മലയാള കവിതയിൽ ഒരു കാലഘട്ടത്തിന്റെ ശബ്ദമായിരുന്നു കവി. എൻ വി കൃഷ്ണ വാര്യരായിരുന്നു മാർഗദീപം. വൈലോപ്പിള്ളിയായിരുന്നു ഇഷ്ട കവി. വിഷ്ണുവിന്റെ കാവ്യപ്രപഞ്ചം പാരമ്പര്യ നിരാഹരിക്കാതെ തന്നെ ആധുനികതയെ ആശ്ലേശിച്ചു. വിവേകത്തിന്റെ സ്വരത്തിൽ നിന്ന് അഭഭ്രംശ ഉണ്ടായില്ല. ആചാരങ്ങളുമായി ചേർന്ന് നിന്നെങ്കിലും ആചാര ബന്ധമായിരുന്നില്ല ആ കവിത. ആധ്യാത്മിക അനുഭൂതികൾ കൊപ്പം പാരിസ്ഥിതികമായ ഉൽക്കണ്ഠകളും മാനുഷികത്തിന്റെ അസ്ഥിത്വ സങ്കീർണതകളും അദ്ദേഹത്തിന്റെ കവിതകളിൽ നിറസാന്നിധ്യമായിരുന്നു. കവി എന്ന പോലെതന്നെ ഒരു മോക്ഷ യാത്രികൻ കൂടിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. ഹിമാലയം ഇഷ്ട സംഗീതമായിരുന്നു. യദായാദം എന്ന യാത്രാ ഗ്രന്ഥത്തിൽ ആ യാത്രയുടെ അനുഭൂതി അദ്ദേഹം വരച്ചിട്ടുണ്ട്. മലയാള കവിതയിലെ സൗമ്യവും മധുരവുമായ സാന്നിധ്യമായിരുന്നു കവി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഏതൊരു യൗവനത്തിനും തോന്നുന്ന അഭിമാനവും ആവേശവും തുളുമ്പുന്നവയാണ് "സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം" എന്ന സമാഹാരത്തിലെ മിക്ക കവിതകളും."ഭൂമിഗീതങ്ങൾ" എന്ന സമാഹാരത്തിലെ കവിതകളിലും "അഹോ,ഉദഗ്രമണീയാ പൃഥ്വിവീ" എന്ന് കാളിദാസ വചനം തന്നെയാണ് കവിക്ക് പ്രചോദനം. ശുഭ കാമനകൾ പിന്നെ പതുക്കെ പതുക്കെ വാടുന്നതിന്റെ ദൃശ്യം" മുഖമെവിടെ" , " ഇന്ത്യ എന്ന വികാരം " എന്നീ സമാഹാരങ്ങളിൽ കവിതകളിൽ കാണാം. സർഗ്ഗലോലുതയും സംഹാര രൗദ്രഭാവവും മാറിമാറിവരുന്ന മാതൃ ഭാവങ്ങളിലൂടെ കവി അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്ന തലങ്ങൾ വിപുലമാണ്. അദ്ദേഹത്തിന്റെ പ്രധാന പുരസ്കാരങ്ങൾ പത്മശ്രീ (2014), ഓടക്കുഴൽ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ് എന്നിവയാണ്. ഇനി ഈ ലോകത്ത് അദ്ദേഹം ഇല്ല. അദ്ദേഹത്തിന്റെ കവിതകൾ മാത്രം. അദ്ദേഹത്തിനെ സ്മരിച്ചുകൊണ്ട്.
- ദേവിക സന്തോഷ് 8 E
--------------------------------------------------------------------------------------------
വിഷ്ണുനാരായണൻ നമ്പൂതിരി
1939 ജൂൺ 2 ന് വിഷ്ണു നാരായണൻ നമ്പൂതിരി തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് ജനിച്ചു. പട്ടാമ്പി,എറണാകുളം,തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം,ഗവൺമെന്റ്.ബ്രണ്ണൻ കോളേജ്,തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അധ്യാപകനായിരുന്നു.കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്,കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു.
അദ്ദേഹം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം കുടുംബക്ഷേത്രത്തിൽ ശാന്തിക്കാരനായി പ്രവർത്തിച്ചു.1997 മില്ലേനിയം കോൺഫറൻസ് അംഗമായിരുന്നു ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മൂന്ന് വർഷമാണ് അദ്ദേഹം തിരുവല്ല ശ്രീവല്ലഭക്ഷേത്രം മേൽശാന്തിയായി പ്രവർത്തിച്ചത്. പ്രമുഖ കവിയും ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായിരുന്നു ശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി.പാരമ്പര്യവും ആധുനികതയും കവിതയിൽ കോർത്തിണക്കിയ മലയാളത്തിലെ പ്രശസ്ത കവികളിൽ പ്രമുഖനാണ് വിഷ്ണുനാരായണൻ നമ്പൂതിരി.
കൃതികൾ
• സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം(1958)
• പ്രണയ ഗീതങ്ങൾ(1971)
• ഭൂമിഗീതങ്ങൾ(1978)
• മുഖം എവിടെ(1982)
• അവരാജിത(1984)
•ഇന്ത്യയെന്ന വികാരം (1979)
•ആരണ്യകം (1987)
• ഉജ്ജയിനിയിലെ രാപ്പകലുകൾ (1988)
•ചാരുലത (2000)
പുരസ്കാരങ്ങൾ
• പത്മശ്രീ പുരസ്കാരം(2014)
• കേരള സാഹിത്യ അക്കാദമി അവാർഡ്(1994)
• മാതൃഭൂമി സാഹിത്യ പുരസ്കാരം(2010)
• വയലാർ പുരസ്കാരം (2010)
• കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം
• വിസ്മയ കവിതാപുരസ്കാരം(2009)
• ഓടക്കുഴൽ അവാർഡ്(1983 മുഖമേവിടെ)
കവിതാസമാഹാരങ്ങൾ
• രസക്കുടുക്ക
• ശ്രീവല്ലി
• പരിക്രമം
• എന്റെ കവിത
• തുളസിദളങ്ങൾ എന്നീ കവിതാസമാഹാരങ്ങൾ.
2021 ഫെബ്രുവരി 25ന് 82 ണ്ടാം വയസ്സിൽ അന്തരിച്ചു.
- അതുല്യ.വി.ബി 6 B
--------------------------------------------------------------------------------------------
മായില്ല, കാവ്യപൂജ
തിരുവല്ല മേപ്രാൽ ശ്രീവല്ലി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായി ജൂൺ 2 നാണു വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജനനം. അദ്ദേഹത്തിന് കുട്ടികാലത്തുതന്നെ സംസ്‌കൃതഭാഷയും ക്ലാസിക്കൽ സാഹിത്യവും ഏറെ ആകർഷിച്ചിരുന്നു. സർക്കാർ കോളേജുകളിൽ ദീർഘകാലം ഇംഗ്ലീഷ് അധ്യാപകനായിരുന്ന കവിക്ക് പശ്ചാത്യ കാവ്യസങ്കൽപ്പങ്ങളുമായി ആത്‍മബന്ധം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. ഭാരതീയ തത്വചിന്തയെ സ്വന്തം കാലഘട്ടത്തിന്റെ ധാർമിക സമസ്യകളുമായി സമന്വയിപ്പിച്ച കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി.
1960 കളിൽ മലയാള കവിതയിൽ ശ്രദ്ദേയനായിത്തീർന്ന വിഷ്ണുനാരായണൻ നമ്പൂതിരി കവിതയുടെ രൂപതലത്തിലും ഭാവതലത്തിലും തന്റെ അടിസ്ഥാനദർശങ്ങൾ പ്രസരിപ്പിച്ചു കൊണ്ട് മറ്റുള്ളവരുടെ കവിതകളിൽ നിന്നും തന്റെ സൃഷ്ടികളെ വേറിട്ടു നിർത്തുന്നു.പദം, വാക്യം, അലങ്കാരം, ബിംബം, താളം, തുടങ്ങിയവ രൂപഘടകങ്ങളിൽ ദർശനപരമായി ഭാവത്തെ ആവിഷ്കരിക്കുന്നതിൽ ഭാരതീയ കാഴ്ചപ്പാടും വിലയിപ്പിച്ചുകൊണ്ടുള്ള സർഗതന്ത്രം വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾക്കുള്ള പൊതുസ്വഭാവമാണ്.
പൊയിപോയ കാലത്തിന്റെ സൗന്ദര്യം അനുസ്മരിക്കുകയും മനസ്സുകൊണ്ട് പിന്നോക്കം സഞ്ചരിക്കുകയും ചെയ്യുക എന്നത് കാല്പനിക കവികളുടെ സ്വഭാവമാണ്.വിഷ്ണുനാരായണൻ നമ്പൂതിരിയാകട്ടെ പഴയകാലത്തേക്ക് കാല്പനികഗൃഹാതുരയാത്ര നടത്തുകയല്ല അത് കവിയുടെ ഉള്ളിൽ തന്നെയുണ്ട് എന്ന് കവി വിശ്വസിക്കുന്നു. അതുകൊണ്ടാണ് 'പിതൃയാന'ത്തിൽ
'പുരാഗതയജ്ജുർ വേദ -
വിദ്യാ രശ്മിയുതിർക്കവേ
അതിൻ പൊരിയിലൊന്നിന്മേൽ
ഉണർന്ന വെളിവല്ലി ഞാൻ
അനന്ത നഗരീരാസി
വിഷ്ണുനാരായണൻ നരൻ '
എന്ന് സ്വയം തിരിച്ചറിയുന്നത്. ഇവിടെയാണ് കവിയുടെ വീക്ഷണ നിലപാട് മനസ്സിലാക്കേണ്ടത്. പഴയകാലത്തെ പുതിയകഥയുമായി താരതമ്യം ചെയ്ത് വൈരുദ്ധ്യങ്ങളെ സമന്യയിപ്പിക്കുകയാണ് വിഷ്ണുനാരായണൻ നമ്പൂതിരി കവിതകളിൽ കൂടി ചെയ്തത്.
കോളേജിൽ നിന്ന് വകുപ്പ് അധ്യക്ഷനായി വിരമിച്ചശേഷം അദ്ദേഹം ശാന്തിക്കാരനായി.സൈലന്റ് വാലി ഉൾപ്പടെ ശ്രദ്ധേയമായ എല്ലാ പരിസ്ഥിതി പോരാട്ടങ്ങളിലും സജീവമായിരുന്നു.8 തവണ ഹിമാലയത്തിലേക്കും തീർത്ഥാടനം നടത്തിയിട്ടുണ്ട്.
പാരമ്പര്യത്തെ പാടെ ധിക്കരിച്ചു കൊണ്ട് നിലനിൽപ്പ് ജീവിതത്തിലും കവിതയിലും അസാധ്യമാണെന്ന് 'മുഖമെവിടെ 'എന്ന കവിതാസമാഹാരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കവിതയിൽ അദ്ദേഹത്തിന്റെ ഗുരുക്കൾ ഇടശ്ശേരിയും, വൈലോപ്പിള്ളിയുമാണ്. സംസ്കൃതത്തിൽ കാളിദാസൻ തന്നെയാണ് വരകവി. ഇംഗ്ലീഷിലാവട്ടെ യേറ്റ് സാണ് കവിക്കു പ്രിയങ്കരൻ.
പ്രണയഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, അതിർത്തിയിലേക്കൊരുയാത്ര, ഉജ്ജയിനിയിലെ രാപകലുകൾ, തുടങ്ങി നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
'കവിതയുടെ ഡി. എൻ. എ, അസാഹിതീയം, എന്നിവ ലേഖന സമാഹാരങ്ങൾ ആണ്.
ഗാന്ധി, സസ്യലോകം, ഋതു സംഹാരം (വിവർത്തനം ), കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം ), ദേശഭക്തി കവിതകൾ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.
നിരവധി പുരസ്‌കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.1979 ൽ ഭൂമിഗീതങ്ങൾ എന്ന കൃതിക്കു സംസ്ഥാനസാഹിത്യ അക്കാദമിപുരസ്‌കാരം ലഭിച്ചു.1983ൽ ഓടക്കുഴൽ അവാർഡ് ലഭിച്ചു. 'ഉജ്ജയനിയിലെ രാപകലുകൾ 'എന്ന കൃതിക്കു 1994 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.2010ൽ വയലാർ അവാർഡും, വള്ളത്തോൾ അവാർഡും ലഭിച്ചു. 2014 ൽ രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. അതേ വർഷം തന്നെ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു.
അദ്ദേഹത്തിന്റെ പത്നി സാവിത്രിയാണ്. മക്കൾ ഡോ. എൻ. അദിതി, അപർണ. അദ്ദേഹത്തിന്റെ എൺപതാം വയസ്സിൽ മകൾ അദിതി 'വൈകിയോ ഞാൻ 'എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനം നടത്തി.
മലയാളഭാഷയേയും കവിതയേയും പുതിയഭാവതലങ്ങളിലേക്കുയർത്തിയ കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. മലയാള ഭാഷക്കും കേരളീയ സംസ്കാരത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.അദ്ദേഹത്തിന്റെ കവിതകളിലൂടെ ഇനി അദ്ദേഹം ജീവിക്കും. അദ്ദേഹത്തിന് കണ്ണീരിൽ കുതിർന്ന പ്രണാമം...
- അനുഷ്ക കൃഷ്ണകുമാർ,5 D
--------------------------------------------------------------------------------------------
പ്രിയ കവിക്ക് വിട
'ഉണ്ടിതിൽ കണ്ണിനാൽ കാണാത്തപാടുകൾ,കണ്ണീർകണം വിണുങ്ങിയ ചാലുകൾ! ആകിലും ധന്യതകൊള്ളുന്നു ഞാനിതിൽ ജീവനെ,സൗവർണമുദ്രയായ് നിൽപുനീ.....' . കവിതയിലും അധ്യാപനത്തിലും സുവർണമുദ്രചാർത്തിയ വിഷ്ണുനാരായണൻ നമ്പൂതിരി വിടവാങ്ങി.1939 ജൂൺ 2ന് മേലെ കുട്ടനാട്ടിലെ മേപ്രാലിൽ ശാന്തിക്കാരനായിരുന്ന വിഷണു നമ്പൂതിരിയുടെയും അതിഥി അഥർജനത്തിന്റെയും മകനായാണ് ജനിച്ചത്. ഭാരതിയ പാരമ്പര്യത്തിൽ വേരാഴ്ത്തി ആധുനികതയെ ഉൾക്കൊണ്ട കവി മറവിരോഗത്തിന്റെ കയത്തിൽ നിന്ന് നിതാന്ത നിദ്രയിൽ ലയിക്കുമ്പോൾ 81 വയസ്സായിരുന്നു. പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളിലെ മുന്നണി പോരാളിയും സാമൂഹിക, സാംസ്കാരിക പ്രശ്നങ്ങളിൽ നിർഭയമായി ഇടപെട്ടിരുന്ന ബൗദ്ധിക സാന്നിധ്യവും ആയിരുന്നു അദ്ദേഹം. 32 കൊല്ലം വിവിധ കോളേജുകളിൽ ജോലി ചെയ്തു. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ജോലി ചെയ്തു. 2014 രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു.
പ്രധാന കൃതികൾ
സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖം എവിടെ, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ, ചാരുലത
പുരസ്കാരങ്ങൾ
കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രകൃതിയെ പൂജിക്കാതെ മർത്യപൂജ അസാധ്യമാണെന്ന് കവിതകളിലൂടെ പഠിപ്പിച്ച, പാരമ്പര്യത്തെയും ആധുനികതയെയും, സമന്വയിപ്പിച്ച കവിശ്രേഷ്ഠന് ആദരാഞ്ജലികൾ.
- ലക്ഷ്മി ടി. ആർ 6 D
--------------------------------------------------------------------------------------------
കവിതയുടെ വിഷ്ണുലോകം
ഒരു മലയാള കവിയായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയിൽ ചുവടുറപ്പിച്ചുകൊണ്ട് തീവ്രമായിമനുഷ്യാനുഭാവങ്ങളെ ആഴത്തിൽ കാവ്യാത്മകമായി ആവിഷ്കരിച്ച കവിയായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. 1939 ജൂൺ 2ന് തിരുവല്ല മേപ്രാൽ ശ്രീവല്ലി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയു൦ അദിതി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ആര്യസ൦സ്കാരത്തിലു൦ ആർഷദർശനത്തിലു൦ അഭിമാനം കൊള്ളുന്ന കവിക്ക്, കഴിഞ്ഞകാലത്തിലേക്കുളള തീർത്ഥാടനമാണ് കവിത. പലപ്പോഴും സത്യം, ധർമ്മം, അഹിംസ, ശമ൦, കർമ൦, നന്മ തുടങ്ങിയ സകൽപങ്ങൾ ജീവിതവിജയത്തിന്റെ ആദർശമുത്തുകളായി. കുട്ടികാലത്തു തന്നെ സംസ്കൃതഭാഷയു൦, ക്ലാസിക്കൽ സാഹിത്യവും, വൈദ്യസ൦സ്കാരവു൦ ആകർഷിച്ചു. 1960കളിലെ മലയാള കവിതയിൽ ശ്രദ്ധേയനായിത്തീർന്ന വിഷ്ണു നാരായണൻ നമ്പൂതിരി കവിതയുടെ രൂപത്തലത്തിലു൦, ഭാവത്തലത്തിലു൦ തന്റെ അടിസ്ഥാനദർശങ്ങൾ പ്രസരിപ്പിച്ചു കൊണ്ട് മറ്റുള്ളവരുടെ കവിതകളിൽ നിന്നും തൻ്റെ സൃഷ്ടികളെ വേറിട്ട് നിൽക്കുന്നു. ഗവണ്മെന്റ് കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന കവിക്ക് പാശ്ചാത്യ സകൽപങ്ങളുമായി ആത്മബന്ധം പുലർത്താനും കഴിഞ്ഞിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്. 1979ൽ ഭൂമിഗീതങ്ങൾ എന്ന കൃതിക്കു സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1938ൽ ഓടക്കുഴൽ അവാർഡ് ലഭിച്ചു. ഉജജയ്നിയിലെ രാപകലുകൾ എന്ന കൃതിക്കു 1944ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2010ൽ വയലാർ അവാർഡും, വള്ളത്തോൾ അവാർഡും ലഭിച്ചു. 2014ൽ രാഷ്ട്ര൦ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു, അതേ വർഷം തന്നെ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. മലയാള ഭാഷയേയും കവിതയേയു൦ പുതിയഭാതലങ്ങളിലേക്കുയർത്തിയ കവിയാണ് വിഷ്ണു നാരായണൻ നമ്പൂതിരി.
പ്രധാന കൃതികൾ
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം (1971)
പ്രണയ ഗീതങ്ങൾ (1978)
മുഖം എവിടെ (1982)
അവരാജിത (1984)
ഇന്ത്യയെന്ന വികാരം ( 1979)
ആരണ്യക൦ (1987)
ഉജജയ്നിയിലെ രാപകലുകൾ (1988)
ചാരുലത (2000)
കവിതാസമാഹാരങ്ങൾ
രസക്കുടുക്ക
ശ്രീവല്ലി
പരിക്രമ൦
എന്റെ കവിത
തുളസിദളങ്ങൾ
കവി വിഷ്ണു നാരായണൻ നമ്പൂതിരിക്കു പ്രണാമം.
- അഫീന വി വൈ
--------------------------------------------------------------------------------------------
ശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ 'പടിയിറക്കം' എന്ന കവിതയുടെ വായനാക്കുറിപ്പ് വായിക്കാം:
പടിയിറക്കം
മലയാള കവിതയുടെ വരപ്രസാദം ശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി രചിച്ച കവിതയാണ് 'പടിയിറക്കം'. ജീവിതത്തിൻ്റെ തുടിപ്പ് തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യത്വത്തിൻ്റെ മുദ്രാവാക്യങ്ങളാൽ കവിത നെയ്ത കവിയാണു വിഷ്ണുനാരായണൻനമ്പൂതിരി.
ജീവിതം എത്ര ക്ഷണികമാണ് എന്ന സത്യം 'പടിയിറക്കം' എന്ന കവിതയിലൂടെ കവി നമ്മെ ഓർമിപ്പിക്കുന്നു. നമ്മുടെ ജീവിതം എത്ര ചെറുതും നിസ്സാരവും ആണെന്ന് കവി നമ്മോട് പറയുന്നു.
"ആരുമല്ലെന്നു തിരിച്ചറിയുമ്പോഴേക്കാ
യുസ്സുതീരുന്നതോർത്തറിയുന്നു ഞാൻ'' എത്ര വലിയ ജീവിത സത്യമാണ് കവി ഈ വരികളിലൂടെ നമ്മോട് പറയുന്നത്. മനുഷ്യ ജീവിതത്തിൻ്റെ സാരം എന്താണെന്നും അത് എങ്ങനെ ജീവിച്ചു തീർക്കണമെന്നും കവിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഈ കൊച്ചു ജീവിത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല എന്ന യാഥാർത്ഥ്യം കവിതയിലൂടെ കവി വരച്ചുകാണിക്കുന്നു.
നമ്മുടേതായി ഈ പ്രപഞ്ചത്തിൽ ഒന്നുമില്ലെങ്കിലും നാമാണ് പ്രപഞ്ചത്തിന് അധികാരി എന്ന ഭാവമാണു മാനവർക്ക്. പ്രപഞ്ചമാണ് സത്യം എന്നും അതിനുമുന്നിൽ മനുഷ്യൻ ഒന്നുമല്ല എന്നുമുള്ള തിരിച്ചറിവിൽ അഹം എന്ന ഭാവം അവൻ വെടിയുമ്പോഴേക്കും ആയുസ്സ് ഒടുങ്ങി പടിയിറക്കതിനുള്ള സമയം ആയിരിക്കും.
ജീവിതമാകുന്ന നാടകം നന്നായി നടിക്കുവാൻ കച്ച മുറുക്കുമ്പോഴേക്കും മുഖം മിനുക്കുമ്പോഴേക്കും ആ നാടകം തീർന്നുപോയി എന്ന തിരിച്ചറിവു ലഭിക്കുന്ന നാം എത്ര മൂഢരാണ് എന്ന് കവി ചോദിക്കുന്നു. മനുഷ്യൻ കടന്നുപോകുന്ന ജീവിതത്തിലെ വിവിധ തലങ്ങളെ വിവിധ ഘട്ടങ്ങളെ കവിതയിലൂടെ അവതരിപ്പിക്കുന്നു.
താൻ കെട്ടിപ്പടുത്ത ഗന്ധർവ മന്ദിരത്തിൻ്റെ ചരൽമുറ്റത്ത് പാകിയത് പാഴ്ക്കിനാക്കൾ ആണെന്ന് തിരിച്ചറിയുന്നു. കേറി കുടിയിരിക്കുന്നതിനുമുമ്പേ അവിടെ നിന്ന് പടിയിറക്കിനുള്ള ആജ്ഞയും എത്തുന്നു. എല്ലാം ചെയ്തുതീർത്തിട്ട് ജീവിക്കാമെന്ന് കരുതുമ്പോഴേക്കും നമുക്ക് പടിയിറങ്ങാൻ സമയം ആയിരിക്കും. ജ്ഞാനപ്പാന പോലെ മനുഷ്യജീവിതത്തിൻ്റെ ക്ഷണികതയെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു കവിത.
'വഴികാട്ടി യല്ല ചെറു തുണ മാത്രമെൻ കവിത'എന്ന് അദ്ദേഹം പറഞ്ഞത് എത്ര സത്യം. പാരമ്പര്യത്തെയും ആധുനികതയെയും തന്റെ സർഗ്ഗശുദ്ധി കൊണ്ടു വിളക്കിച്ചേർത്ത മഹാകവിക്ക് പ്രണാമം
- ഭദ്ര എ എം 9 C







Comments
Post a Comment