സുഗതകുമാരി ടീച്ചർ
പ്രകൃതിയെ നോവിക്കുന്നവരോട് പോരാടിയ സുഗതകുമാരി ടീച്ചർ
പരിസ്ഥിതിയെ നോവിക്കുന്നിടങ്ങളിൽ സമരമുഖം തുറന്നിട്ട് മനുഷ്യരോടൊപ്പം ചേരുകയായിരുന്നു സുഗതകുമാരി ടീച്ചറുടെ ജീവിത രീതി. പരിസ്ഥിതിയെ തുരന്ന് തുടങ്ങുന്ന വികസനങ്ങളെ തുറന്നെതിർത്ത് അവിടുത്തെ ജീവിതങ്ങളെ ചേർത്തു പിടിച്ചായിരുന്നു ഓരോ സമരങ്ങളും. ഒടുവിൽ ഓരോ പരിസ്ഥിതി ദ്രോഹങ്ങളെയും കണ്ട് വിഷണ്ണയായി, തനിക്ക് ഒരാൽമരചുവട്ടിൽ അവസാനം വിശ്രമിക്കണമെന്ന് ഒസ്യത്ത് എഴുതി വച്ചാണ് മടങ്ങിയത്.
റോഡരുകിലെ തണൽമരങ്ങൾ മുറിക്കുന്നതറിഞ്ഞാൽ ഓടി വന്ന് അതിനു നേരെ നീങ്ങുന്ന മഴുവിൽ പിടിച്ച് അരുതെന്ന് വിലപിച്ചിരുന്ന ടീച്ചർ ഓരോ അതിജീവന സമര രംഗത്തും ഓടിയെത്തിയിരുന്നു.
എളിമയെന്ന വാക്ക് അവജ്ഞയോടെ തള്ളിക്കളഞ്ഞ മനുഷ്യരാശിയോട് സുഗതകുമാരി ടീച്ചർക്ക് ഒന്നും പറയാനില്ല. ഭൂമി സർവ്വനാശത്തിേലേക്ക് ഉരുളുമ്പോൾ ,മക്കൾ നിലവിളിക്കുമ്പോൾ, എങ്ങും ദുർഗന്ധപൂരിതമായ കാറ്റു വീശുമ്പോൾ ജാഗ്രത എന്നു മാത്രമാണ് പറയാനുള്ളത്. വികസനം എന്നാൽ ശുദ്ധമായ പ്രാണവായു, ശുദ്ധമായ വെള്ളം, ശുദ്ധമായ അന്നം എന്നിവയാണ് പ്രധാനം. മനുഷ്യസമൂഹത്തിന്റെ നിലനില്പിനു മാത്രമല്ല, സർവജീവജാലങ്ങളുടെയും നിലനില്പിന് ഏറ്റവും പ്രാധാന്യം നല്കേണ്ടത് ഇവ മൂന്നിനും തന്നെയാണ്. എന്നാൽ പ്രലോഭനങ്ങൾക്കു മുൻപിൽ അന്ധനും ബധിരനും മൂകനുമായിത്തീർന്ന മനുഷ്യൻ പ്രകൃതിക്കു വിപരീതമായി പ്രവർത്തിക്കുന്നു. അവന് നഷ്ടപ്പെടുന്നതെന്തെന്ന് അവൻ അറിയുന്നില്ല.
കാവ് തീണ്ടല്ലേ എന്ന്, പറഞ്ഞും എഴുതിയും പഠിപ്പിച്ച കവയിത്രി സുഗതകുമാരിയുടെ കുടുംബക്കാവിലെ മരങ്ങളും വള്ളികളും ഇനി ഓർമ്മയാവുകയാണ്. പുരാവസ്തുവകുപ്പ് നടത്തിയ നവീകരണത്തിനിടയിലാണ് വാഴുവേലിൽ തറവാട്ടിലെ കാവിലെ മരങ്ങളും മറ്റും വെട്ടിമാറ്റിയത്. പ്രകൃതിക്കും ജീവജാലങ്ങൾക്കും വേണ്ടി നിലകൊണ്ട സുഗതകുമാരി ടീച്ചറുടെ ശബ്ദത്തിന്റെ മുഴക്കം തീരുംമുൻപാണ് ആരെയും വേദനിപ്പിക്കുന്ന ഈ നടപടി.
കാവിലേയും പരിസരത്തേയും മരങ്ങളും മറ്റും സംരക്ഷിക്കുന്ന നിലപാട് സുഗതകുമാരി ടീച്ചർ അവസാന നാളുകൾ വരെ തുടർന്നിരുന്നു. തനിമ നഷ്ടപ്പെടുത്തിയുള്ളതൊന്നും പാടില്ലെന്ന് കർശന നിർദേശവും നൽകിയിരുന്നതാണ്.
പുരാവസ്തുവകുപ്പ് നടത്തിയ നവീകരണത്തിനിടയിലാണ് മലയാളത്തിന്റെ പ്രകൃതിക്കും ജീവജാലങ്ങൾക്കും വേണ്ടി നിലകൊണ്ട കവിയുടെ കുടുംബക്കാവിലെ മരങ്ങളും വള്ളികളും വെട്ടിമാറ്റിയത് എന്നതാണ് വിചിത്രം.
സുഗതകുമാരി ടീച്ചറുടെ തറവാട് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രവുമായി ഇഴകി ചേർന്ന് നിൽക്കുന്നതാണ്. ടീച്ചർ നമ്മളോട് വിടപറഞ്ഞ് ഏതാനും ദിവസത്തിനകം തന്നെ അരങ്ങേറുന്ന ഇത്തരം സംഭവങ്ങൾ വേദനാജനകം തന്നെ. പ്രകൃതി ചൂഷണത്തിനെതിരെ എന്നും ശക്തമായി പ്രതികരിച്ചവരാണ് ടീച്ചർ. ആറന്മുള വിമാനത്താവളമായാലും വനംകൊള്ളയായാലും എല്ലാത്തിനെയും ആദ്യം എതിർത്തത് ടീച്ചറായിരുന്നു. കാവുകളും കുളങ്ങളും പ്രകൃതിയും സംരക്ഷിച്ചു പോയിരുന്ന ടീച്ചറുടെ സ്വന്തം കാവ് പോലും നശിപ്പിക്കപ്പെടുകയാണ് ഇന്ന്. പ്രകൃതി അമ്മയാണെന്നും അമ്മയെ മുറിപ്പെടുത്തരുതെന്നും പറഞ്ഞികൊണ്ടിരിക്കുന്ന ഒരാള്‍. തപ്തമായ ആ മനസ്സിന്റെ തേങ്ങലുകള്‍ അക്ഷരരൂപത്തിൽ നമ്മുടെയൊക്കെ മാനസങ്ങളിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ചവയാണ്. 'കാവ് തീണ്ടല്ലേ' എന്നു പറഞ്ഞ കവയിത്രിയോട് തന്നെ ഇങ്ങനെയൊരു ക്രൂരത വേണ്ടിയിരുന്നോ എന്ന് പലരും ചിന്തിക്കേണ്ടിയിരിക്കുന്നു. - സാനിയ കെ ജെ എഡിറ്റർ, നാട്ടുപച്ച മാഗസിൻ
____________________________________________________
ഇന്നത്തെ നാട്ടുപച്ചയിൽ പരിചയപ്പെടുത്തുന്നത് 9 c യിലെ ഭദ്ര എ എം എഴുതിയ ലേഖനമാണ്. വായിക്കാം:
ടീച്ചറും പ്രകൃതിയും
പ്രകൃതിക്കുവേണ്ടി തൻ്റെ ജീവിതം ഉഴിഞ്ഞു വെച്ച കവയിത്രി,സ്ത്രീകൾക്കു വേണ്ടി നിലകൊണ്ട സാമൂഹ്യപ്രവർത്തക, പ്രഥമമായി വൃക്ഷമിത്ര പുരസ്കാരം നേടിയ പ്രകൃതിയുടെ സ്വന്തം മകൾ ,കേരളത്തിൻ്റെ മാനസപുത്രി സുഗതകുമാരി ടീച്ചർ നമ്മോട് വിടപറഞ്ഞിരിക്കുന്നു.
എൻ്റെ മരണശേഷം എനിക്കായി ഒരു പൂവു പോലും സമർപ്പിക്കരുത് എന്ന് മുമ്പേ പറഞ്ഞുവെച്ച മലയാളികളുടെ അമ്മ. പൂവ് അറുത്തു കൊണ്ട് ഒരു ചെടിയെ പോലും നോവിക്കരുത് എന്നു കരുതിയ അവരുടെ മനസ്സ് എത്ര നിർമ്മലം! അവരുടെ വിയോഗത്തിൽ ഒരു പക്ഷേ നമ്മൾ മനുഷ്യരേക്കാൾ വേദനിച്ചിട്ടുണ്ടാവുക തേങ്ങിയിട്ടുണ്ടാവുക ഇവിടുത്തെ വൃക്ഷലതാദികൾ ആവില്ലേ? ഇവിടത്തെ അണ്ണാറക്കണ്ണനും കുരുവിയും പൂമ്പാറ്റയും പൂവും പുഴുക്കളും ഒക്കെ ആവില്ലേ?
മരണശേഷം ആ അമ്മയോട് നാം നീതിപുലർത്തിയോ? കാവുതീണ്ടരുതേ മക്കളെ എന്നു വിളിച്ചു പറഞ്ഞ അവരുടെ വാക്കുകൾക്ക് നാം എന്തെങ്കിലും വിലകല്പിച്ചുവോ?വികസനമെന്നോ പുനരുദ്ധാരണമന്നോ ഒക്കെയുള്ള ഓമനപ്പേരുകൾ ഇട്ടുകൊണ്ട് കവയിത്രിയുടെ തറവാട്ടു വീട്ടിലെ കാവ് തന്നെ നശിപ്പിച്ചില്ലേ? ഒരു കാവിൻ്റെ എല്ലാ സ്വാഭാവികതയും നഷ്ടപ്പെടുത്തിക്കൊണ്ട് അതിനെ വെറും ഒരു കോൺക്രീറ്റ് കൂടാരം ആക്കിമാറ്റിയില്ലേ.
കാവ് നശിച്ചതോടെ അവിടുത്തെ വൃക്ഷലതാദികൾ മാത്രമല്ല, ഇല്ലാതായിരിക്കുന്നത് കാവിൻ്റെ ഭാഗമായ വവ്വാലുകളും കിളികളും അണ്ണാറക്കണ്ണനും ചിതൽപുറ്റും എല്ലാം മാഞ്ഞുപോയിരിക്കുന്നു. കാവിനുവേണ്ടിയും കാടിനുവേണ്ടിയും നിലകൊണ്ട ആ അമ്മ ഇനി ഇല്ലല്ലോ ? . അതോടൊപ്പം കലഹിക്കുന്ന ചോദ്യം ചെയ്യപ്പെടുന്ന ശബ്ദങ്ങൾ എന്നും ഭരണകൂടത്തിന് ഒരു തലവേദന ആണല്ലോ. ആ ശബ്ദങ്ങൾ നിശ്ചലമാക്കുക ഒരു ഭരണതന്ത്രം ആണല്ലോ?കോൺക്രീറ്റ് രൂപങ്ങൾ ഒരിക്കലും കലഹിക്കുകയില്ലല്ലോ?
ഈ ഭൂമിയുടെ അധിപൻ ആണ് താൻ എന്നുള്ള മനുഷ്യൻ്റെ ധാർഷ്ട്യം അവനെ എവിടെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്?
സർവ്വചരാചരങ്ങളും തനിക്ക് കീഴെ ആണ് അല്ലെങ്കിൽ തനിക്ക് വേണ്ടിയാണ് എന്ന് അവൻ ചിന്തിക്കുന്നു. വികസനമെന്ന പേരിൽ അവൻ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടേയിരിക്കുന്നു. പാടങ്ങൾ കുളങ്ങൾ എല്ലാം നികത്തപ്പെട്ടു കുന്നുകൾ ഇടിച്ചു തകർക്കപ്പെട്ടു കാടുകളിൽനിന്ന് മൃഗങ്ങൾ നാട് തേടി എത്തിതുടങ്ങിയിരിക്കുന്നു. പൂക്കളുടെ സുഗന്ധം ഇല്ല പുഴകളുടെ കളകളശബ്ദം ഇല്ല അണ്ണാറക്കണ്ണൻ്റെ കലഹം ഇല്ല കിളികളുടെ ചിലമ്പൽ ഇല്ല. കേൾക്കാനുള്ളത് പ്രകൃതിയുടെ രോദനം മാത്രം. അതിനു നേരെ നമ്മൾ നമ്മുടെ ചെവികൾ എന്നെ കൊട്ടിയടച്ചു.
ഇന്നവൻ കോൺക്രീറ്റ് മാളികകൾക്കുള്ളിലിരുന്നു വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നു. തൻ്റെ ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നു. മറ്റൊരർത്ഥത്തിൽ അവൻ ഭൂമിക്ക് ചരമഗീതം കുറിക്കുന്നു. വികസനം വികസനം എന്നുള്ളത് മനുഷ്യനു മാത്രം ഉള്ളതാണെന്ന് അവൻ കരുതുന്നു. കാലവും പ്രകൃതിയും അവനു പലതവണ മുന്നറിയിപ്പു നൽകിഎന്നിട്ടും എന്തുകാര്യം? അവസാനത്തെ കുന്നും ഇടിച്ചുതകർക്കപ്പെട്ടു കഴിയുമ്പോൾ അവസാനത്തെ മരവും മുറിച്ചുനീക്കപ്പെട്ടു കഴിയുമ്പോൾ പുഴയിലെ അവസാന തുള്ളി വെള്ളവും വറ്റിക്കഴിയുമ്പോൾ ഒരു പക്ഷേ അവൻ തിരിച്ചറിയും പണം തനിക്ക് ഭക്ഷിക്കാൻ ആവില്ലെന്ന്.
'കാടെവിടെ മക്കളേ മേടെവിടെ മക്കളേ കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ' എന്നു നമ്മോട് ചോദിച്ച അയ്യപ്പപ്പണിക്കർ, ഭൂമി അതിൻ്റെ അന്ത്യനാളുകളിൽ എത്തിക്കഴിഞ്ഞു എന്ന് നമ്മെ ഓർമ്മിപ്പിച്ച ഒ എൻ വി കുറുപ്പ്, ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമല്ല എന്ന് പലതവണ ഉരുവിട്ട ബഷീർ, ' ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചുമക്കൾക്ക് വേണ്ടി' എന്ന് നമ്മെ ചൊല്ലിപഠിപ്പിച്ച സുഗതകുമാരിടീച്ചർ. ഇവരെല്ലാം കടന്നുപോയിരിക്കുന്നു. ഇവർക്കെല്ലാം കോൺക്രീറ്റ് സ്മാരകങ്ങൾ നിർമിച്ച് നമുക്ക് നിർവൃതി അടയാം. ഇന്ന് നമുക്ക് അതാണല്ലോ വികസനം .
പ്രകൃതി സൗഹൃദവികസനം എന്ന ആശയം എന്താണെന്ന് നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെ, അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുകയാണോ . ഒന്നോർക്കുക കവികൾ മരിക്കുന്നില്ല അവരുടെ ആശയങ്ങൾ അവർ എഴുതിവെച്ച വരികൾ എന്നും ശബ്ദിച്ചു കൊണ്ടേയിരിക്കും. ആ വരികൾ ഏറ്റുപാടുവാൻ ഒരു തലമുറ ഇവിടെ ഉയർത്തെഴുന്നേൽക്കും.
- ഭദ്ര എ എം 9 c


മനോഹരം... സാനിയാ, ഭദ്രാ..(സുഭദ്ര ടീച്ചർ)
ReplyDelete