കഥാപരിചയം
'പറക്കാന്‍ സാധിക്കാത്ത നാളുകളില്‍ ഈ ചിറക് ഒരു ഭാരമാണ് '. ഈയിടെ ശ്രദ്ധയിൽപ്പെട്ട ഒരു ചിത്രത്തിൻ്റെ അടിക്കുറിപ്പായിരുന്നു ഇത്. ചിത്രത്തിൽ മുഖം പൊത്തി, ചിറകുകള്‍ തളര്‍ന്നിരിക്കുന്ന ഒരു കുഞ്ഞുമാലാഖ. പെന്‍സില്‍ കൊണ്ടു വരച്ച ആ ചിത്രത്തില്‍ മാലാഖയുടെ മുഖത്താകെ ആധിയായിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളാണ് കുട്ടിക്കാലം. സമാധാനവും സന്തോഷവും തുളുമ്പേണ്ട കാലം. അവര്‍ ലോകത്തെ കണ്ടു പഠിക്കുകയാണ്, വളര്‍ച്ചയുടെ ആഹ്ലാദങ്ങളിലേക്കും അറിവുകളിലേക്കും പതിയെ പടരുകയാണ്. സ്വപ്‌നങ്ങളുടെ കൈ പിടിച്ച് പ്രകൃതിയുടെ അത്ഭുതങ്ങളിലേക്ക് നടക്കുകയാണ്. വീടകങ്ങളും വിദ്യാലയങ്ങളും നല്‍കുന്ന സമാധാനവും സുരക്ഷിതത്വവുമൊക്കെയാണ് ആ നടത്തത്തില്‍ താങ്ങായി നില്‍ക്കേണ്ടത്.
ഈ മനസ്സുകളെ നാമെങ്ങനെയാണ് പരുവപ്പെടുത്തേണ്ടതെന്ന് ചിന്തിക്കുമ്പോൾ, ആ തിരിച്ചറിവോടെ കുട്ടികളെ സമീപിക്കുമ്പോള്‍, അവര്‍ക്കു ചുറ്റുമൊരു ലോകം പതുക്കെ ഉയര്‍ന്നുവരും. ആ ലോകത്തില്‍, പൂക്കളും പൂമ്പാറ്റകളുമുണ്ടാവും. അവര്‍ക്ക് മാത്രം തൊട്ടെടുക്കാനാവുന്ന ഭാവനയുടെ മഴവില്ലുകളുണ്ടാവും. അവര്‍ക്ക് മാത്രം കാണാനാവുന്ന വിധം നിറങ്ങള്‍ വാരിത്തൂകിയ വീട്ടകങ്ങളുമുണ്ടാവും. അവരുടെ കാതുകളിലന്നേരം, പുല്ലാങ്കുഴല്‍ സുഷിരങ്ങളില്‍ കാറ്റ് നൃത്തം ചെയ്യുമ്പോള്‍ പൊഴിയുന്ന സംഗീതം വന്നുനിറയും. അവരുടെ കാലടികള്‍ക്കു കീഴെ ഭൂമി, സ്വപ്‌നം പോലെ പൂത്തുനില്‍ക്കും, ഒരു പുതു സർഗാത്മക ലോകം തന്നെ അവർക്കു ചുറ്റും ഉടലെടുക്കും...
സർഗാത്മകത ചിന്തയല്ല, ചിന്തയുടെ പ്രവാഹത്തിൽ ഉരുത്തിരിയുന്നതു മാത്രമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായ ആൽബർട്ട് ഐൻസ്റ്റീൻ പറയുന്നത് 'Creativity is seeing what everyone else has seen, and thinking what no one else has thought' എന്നാണ്. 2045-ലെ ലോകം നാം വിഭാവനചെയ്താൽ എങ്ങനെയിരിക്കും?നാമിപ്പോൾ പഠിക്കുന്നതും വായിക്കുന്നതും എഴുതുന്നതുമെല്ലാം അന്നും പ്രസക്തമായിരിക്കുമോ? വ്യവസ്ഥാപിതമായ ചിന്തയുടെ തുടർച്ചയിൽ ഭൂതകാലത്തിൽനിന്ന് മുന്നോട്ടു പോവുന്നൊരാൾക്ക് ഏറിയാൽ ഒരു മൂന്നുകൊല്ലത്തിനപ്പുറം ഭാവനയിൽ കാണുക സാധ്യമല്ല. പിന്നല്ലേ 2045. ക്രമരഹിതവും പ്രവചനാതീതവുമായ സർഗാത്മകതയുടെ കുത്തൊഴുക്കിലാണ് ഭാവിലോകം രൂപപ്പെടുന്നത്. അതിൽ ഭാഗഭാക്കാവുന്നവർക്കേ ഭാവിയെപ്പറ്റി കൃത്യമായി പറയാൻ കഴിയൂ. ചിന്തകൾ പരാജയപ്പെടുന്നിടത്താണ് ഭാവനയുടെ ദൗത്യം തുടങ്ങുക. പ്രവചനാതീതമായ പ്രപഞ്ചമാണ് സർഗാത്മകതയുടെ സ്രോതസ്സ് എന്നു പറയാം. സർഗാത്മകത അറിവിന്റെ മിന്നലൊളിയിലാണ്. ഒരിക്കലും അസാധ്യമെന്നു തോന്നിയേക്കാവുന്ന കോണിൽനിന്ന് കളിക്കാരൻ പന്ത് തൊടുത്തു വല കുലുക്കുന്നതും സർഗാത്മകതയുടെ വൈഭവമാണ്.
സർഗാത്മക പഠിപ്പിച്ചെടുക്കുക സാധ്യമല്ലെങ്കിലും വിദ്യാർഥികളെ സർഗാത്മകതയുടെ പരമകോടിയിലേക്കു നയിക്കുന്ന വേദികളാവാൻ വിദ്യാലയങ്ങൾക്ക് സാധിക്കും.
സര്‍ഗാത്മകജീവിതം എന്നതുകൊണ്ട് എഴുത്തുകാരന്റെയോ കലാകാരന്റെയോ ജീവിതത്തെ മാത്രമല്ല ഉദ്ദേശിക്കുന്നത്. ഭീതിയേക്കാളും ജിജ്ഞാസയാല്‍ നയിക്കപ്പെടുന്ന ഏതുജീവിതത്തെയും സര്‍ഗാത്മക ജീവിതമെന്നു വിളിക്കാം.
സാഹിത്യം ഉള്‍ക്കാഴ്ചയുടെ കലയാണ്. സര്‍ഗാത്മകതയുടെ ഏറ്റവും മനോഹരമായ വിസ്ഫോടനമാണ് കവിതയും കഥകളും മറ്റ് സാഹിത്യ ശാഖകളും. അക്ഷരങ്ങളിലൂടെയുള്ള സര്‍ഗാത്മകതയാണ് സാഹിത്യം. ഈ സാഹിത്യ രചനയ്ക്ക് ഏറ്റവും അത്യാവശ്യമായത് വായനയും.
വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. വായനയിലൂടെ നേടുന്ന അറിവാണ് ഏറ്റവും വലിയ ആയുധം. ഒരുപക്ഷേ,'വാളല്ലെന്‍ സമരായുധം' എന്ന് നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ടു പാടിച്ചതു പോലും ഇത്തരം ഒരു ചിന്താഗതി തന്നെയായിരിക്കണം. വായന ചിന്താശേഷിയുടെയും സര്‍ഗ്ഗപ്രക്രിയയുടെയും നവീനമാര്‍ഗമായി മാറിയതിന് ഏതാനും നൂറ്റാണ്ടുകളുടെ പഴക്കം മാത്രമേയുള്ളൂ. കുറഞ്ഞ കാലംകൊണ്ട് വായന മനുഷ്യവര്‍ഗത്തിന്റെ ഉന്നതമായ വികാസ പരിണാമത്തിന് കാരണമാകുകയും ചെയ്തു. മനുഷ്യരുടെ ബുദ്ധിപരമായ വളര്‍ച്ചയും ചിന്താശക്തിയും അപഗ്രഥനശേഷിയും വായനയിലൂടെയാണ് വികസിക്കുന്നത്. ഇന്ന് വായന പുതിയ രൂപങ്ങള്‍ തേടുന്നു. പുസ്തകവായന കംപ്യൂട്ടറിലേക്കും ലാപ്‌ടോപ് റീഡിങ്ങിലേക്കും മാറിയിരിക്കുന്നു. വായനയുടെ വികാസ പരിണാമമറിഞ്ഞ്, കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നത് പലതുകൊണ്ടും പ്രാധാന്യമുള്ളതായിരിക്കുന്നു.
പരന്ന വായനയാണ് കുട്ടിയുടെ സ്വാഭാവിക വ്യക്തിത്വത്തെ വളര്‍ത്തുന്നത്. ചെരുപ്പുകുത്തിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ആയി മാറിയ എബ്രഹാം ലിങ്കനും രാമേശ്വേരത്തെ പത്രവിതരണക്കാരൻ പയ്യനില്‍നിന്ന് ഇന്ത്യന്‍ പ്രസിഡന്റ് ആയി മാറിയ എ.പി.ജെ. അബ്ദുൽ കലാമും തങ്ങളുടെ വിജയഘടകത്തിലൊന്നായി പറയുന്നത് പരന്ന വായനയാണ്. ലോകത്ത് മഹാന്മാരായി അറിയപ്പെടുന്നവരെല്ലാം നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്താക്കളുമാണ്.
പുസ്തകങ്ങൾ എന്നും നമ്മുടെ വൈകാരികവും ബുദ്ധിപരവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. കുട്ടിക്കാലം മുതലേ അത്തരമൊരു ശീലം കുട്ടികളിൽ ഉണ്ടാക്കിയെടുക്കേണ്ടത് അവരുടെ ആരോഗ്യപരമായ വളർച്ചക്കും തുറന്ന കാഴ്ചപ്പാട് വളർത്താനും സഹായിക്കും.
വായനയുടെ പ്രയോജനങ്ങൾ ഇതിനുമപ്പുറമാണ്. സ്വയം നവീകരണത്തിനും സാമൂഹ്യപരിവർത്തനത്തിനും, വായനയോളം ഊർജ്ജം പകരുന്ന മറ്റൊരു മാധ്യമമില്ല. അറിവിന്റെ പ്രകാശ ലോകത്തേക്കാണ് വായന നമ്മെ കൊണ്ടുപോകുന്നത്. അറിവ് ശക്തമായ ആയുധമാണ്. എല്ലാ അതിർവരമ്പുകളെയും വേലിക്കെട്ടുകളെയും ഭേദിക്കാനും മനുഷ്യഹൃദയങ്ങളെ തൊട്ടുണർത്താനും, തലോടാനും വാക്കുകൾക്കു കഴിയും. മാത്രമല്ല, ഒരു കത്തികൊണ്ടെന്നപോലെ കീറിമുറിക്കാനും വാക്കുകൾക്കു ശക്തിയുണ്ട്. തൊടുത്ത ശരവും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ലെന്ന് പഴമക്കാർ പറഞ്ഞിട്ടുള്ളത് ആലോചനാപൂർവ്വം വാക്കുകൾ ഉപയോഗിക്കേണ്ടതാണെന്നു നമ്മ ഓർമ്മിപ്പിക്കാനാണ്.
വായന, പൊതുവായ ചില ധർമ്മങ്ങൾ നിർവ്വഹിക്കുന്നത് പോലെ ഓരോ വ്യക്തിക്കും പ്രയോജനവും ചെയ്യുന്നുണ്ട്. ഓരോ കുട്ടിക്കും ഓരോ തരത്തിൽ വായന സമ്പുഷ്ടമായ ഒരു പ്രക്രിയയായി മാറുന്നുവെന്നർത്ഥം. ചിലർക്ക് ബൗദ്ധികമായ കാര്യങ്ങളിലും ചിലർക്ക് ചിന്താശക്തിയുടെ വളർച്ചയിലുമാണ് ഗുണം ചെയ്യുന്നതെങ്കിൽ മറ്റ് പല കുട്ടികൾക്ക് ഭാവനയും സർഗവാസനയും കൂട്ടുവാൻ വായന സഹായകമാവും.
സൃഷ്ടിക്ക് കാരണമായ കഴിവാണ് സർഗാത്മകത. സർഗാത്മകതയാണ് നമ്മെ മനുഷ്യരാക്കുന്നത്, ഇതര ജന്തുവർഗങ്ങളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്. സർഗാത്മകതയുള്ളവരുടെ മനസു നിറയെ പുതിയ പുതിയ ആശയ ങ്ങളായിരിക്കും. അവർ പുതുതായി ഓരോന്ന് സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
സർഗാത്മകതയെന്നത് പുതിയ കാര്യങ്ങളുടെ സംയോഗമാണ്. ഒരാളിന്റെ മനസില് നിന്ന് ഏതെങ്കിലും രീതിയില്, സാഹിത്യരചനയായോ ചിത്രമായോ സിംഫണിയായോ ശില്പമായോ വസ്തുവായോ ആശയമായോ - അത് ലോകത്ത് ആവിഷ്കരിക്കപ്പെടുന്നു. ഈയൊരു സർഗാത്മകതയേയും വായനയേയും കുട്ടികളുടെ എഴുത്തിനെയുമെല്ലാം പ്രാത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ നാട്ടുപച്ചയുടെയും വായനക്കൂട്ടത്തിൻ്റേയും ലക്ഷ്യമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ജീവിതകാലം മുഴുവൻ, നമ്മുടെ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും പ്രവർത്തിക്കുന്ന കാലത്തോളം പുസ്തകങ്ങളെ നമുക്കു കൂടെ കൂട്ടാം. വിദ്യാർത്ഥിയുടെ ഉള്ളിന്റെയുള്ളിൽ അറിവിന്റെ അഗ്നി ജ്വലിക്കുമ്പോഴാണ് വിദ്യാഭ്യാസം ഗുണമേന്മയുള്ളതാകുന്നത്. നല്ല പുസ്തകങ്ങളാണ് ഏറ്റവും നല്ല ചങ്ങാതിമാർ. വിദ്യാലയം തന്നെ ഒരു പാഠപുസ്തകമായി സ്വീകരിച്ച് അക്ഷരങ്ങളുടെ ലോകത്തു ചുവടുറപ്പിച്ച് അറിവിന്റെ ചക്രവാളങ്ങൾ തേടിയുള്ള ഈ യാത്രയിൽ എല്ലാവർക്കും അവനവൻ്റേതായ സർഗ്ഗ വൈഭവം ആവിഷ്കരിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം. - സാനിയ കെ. ജെ. എഡിറ്റർ, നാട്ടുപച്ച മാഗസിൻ.
_________________
ഇന്നിവിടെ പരിചയപ്പെടുത്തുന്നത് 6 B യിലെ വേദിക വിജയകുമാർ എഴുതിയ 'ബെറ്റ്' എന്ന കഥയാണ്. കഥ വായിക്കാം:
ബെറ്റ്
അന്നും ക്ലാസിലേക്ക് നടക്കുമ്പോൾ അലിയുടേയും കൂട്ടുകാരുടെയും ആരവം. ക്ലാസ് മുറിയെ പ്രകമ്പനം കൊള്ളിക്കുന്ന അവന്റെയും കൂട്ടുകാരുടെയും ഇത്തരം കോപ്രായങ്ങൾ പുച്ഛവും അമർഷം കലർന്ന ഭാവത്തോടെയാണ് എല്ലാവരും വീക്ഷിച്ചിരുന്നത്. ഇന്നെന്താണാവോ പുകില് എന്ന് കരുതി പരിഭ്രമത്തോടെ ക്ലാസിലേക്ക് കടന്നതും അട്ടഹാസത്തോടെ വരവേൽപ്. കൈയ്യിൽ മധുരപലഹാരങ്ങൾ നിറച്ച കടലാസ് പെട്ടി നീട്ടി ഒരു ശസന. എടുക്കെടാ. അബ് കാരിയും സ്ഥലം എം. എൽ.എ യുമായ സലീമിന്റെ ഏക സന്തതി. കണ്ടാലോ സാറുംമാരേക്കാളും ഗമയും പകിട്ടും. ഒന്നിനേ യും കൂസാത്ത അവനോട് എന്ത് ഏത് എന്നൊന്നും ആരും ചോദിക്കാറില്ല. അതിനാൽ ഒരെണ്ണമെടുത്തു പോന്നു. അവനും കൂട്ടുകാരുമായി വച്ച ബെറ്റ് ജയിച്ചതിന്റെ യാത്രേ ഈ ചെലവ്. നോണ്സ്റ്റോപ് ബിബിസി എന്ന ഓമനപ്പേരുള്ള ശിവൻ തുടർന്നു.
അണപ്പൊട്ടിയുള്ള കരച്ചിലായിരുന്നു രണ്ടാളും. പരിഭ്രമം ഉള്ളിലൊതുക്കി ദീന സ്വരത്തിൽ മുത്തശ്ശി അവരെ സമാധാനിപ്പിച്ചു കൊണ്ട് കാര്യങ്ങൾ തിരക്കി. ഏറെ പണിപ്പെട്ട് ചെറിയമ്മ ശിവൻ പറഞ്ഞ വരികളുടെ ഇഴഞ്ഞുനീങ്ങി. എത്ര ആൾക്കാരെയാണ് നട്ടംതിരിച്ചത് എന്നറിയോ. എനിക്ക് ആ പേഴ്സ് പോയിന്ന്പറഞ്ഞവനെ തീരെ വിശ്വാസം ആയിട്ടില്ല. കടക്കാരന് മുഖത്തും ഇതേ ഭാവമായിരുന്നു അമ്മേ. ചെറിയമ്മ തുടരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് മുറിയുടെ പുറത്തുവരാൻ പറ്റാതെയും അമ്മയുടെയും ചെറിയമ്മയുടെയും കരച്ചിലും കേട്ടിട്ട് കാര്യം എന്താണെന്ന് മനസ്സിലാവാതെ വിങ്ങിപ്പൊട്ടുന്ന അനിയത്തിയെ അവൻ ശ്രദ്ധിച്ചത്. വേഗം തന്നെ അവളുടെ അടുത്തെത്തി കാര്യങ്ങളെല്ലാം പറഞ്ഞ് സമാധാനിപ്പിച്ച് ഉമ്മറത്തേക്കുതന്നെ വന്നു. ഇത്രയും തീതീറ്റിച്ച ആ തെമ്മാടിയെ എന്നെങ്കിലും തിരിച്ചറിഞ്ഞാൽ അവനുള്ളത് കണക്കിന് അലിയേയും കൂട്ടുകാരെയും കൊണ്ട് കണക്കിന് കൊടുപ്പിച്ചിരിക്കും. ബെറ്റ്.
തോളിൽ തട്ടി ഉണ്ണാനുള്ള അമ്മയുടെ വിളിയും ബെല്ലടിയും ഒരുമിച്ചായിരുന്നു. അപ്പോൾ മാത്രമാണ് ക്ലാസ് കഴിഞ്ഞ് ഇറങ്ങി പോകുന്ന സാറിനെ അവൻ കണ്ടതുതന്നെ. ബാഗിൽ നിന്നു ലഡ്ഡു മെല്ലെ എടുത്ത് സകല അമർഷവും അതിനെ പൊടിപ്പൊടിയാക്കുന്നതിലൂടെ തീർക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾത്തന്നെ കേട്ടുവളർന്ന ശീലുകൾ കാതിലും മനസ്സിലും മന്ത്രിച്ചു. ഭക്ഷണമാണ് പാഴാക്കി കളയരുത് ആവശ്യക്കാർ ഉണ്ടാകും അവർക്ക് കൊടുത്തേക്കു. നമ്മളും അവരെപ്പോലെ തന്നെ ആവാൻ പാടുണ്ടോ? ഇങ്ങനെ പലതും. ലഡു ശിവനുനേരെ നീട്ടിക്കൊണ്ട് നീയെടുത്തോ. അന്തം വിട്ടു നിന്നിരുന്ന അവനെ നോക്കി ചിരിച്ച് ഉണ്ണി പറഞ്ഞു ഞാൻ ബെറ്റ് തോറ്റു.
- വേദിക വിജയകുമാർ 6B





സൂപ്പർ
ReplyDeleteഎഴുത്തും വരയും നന്നായി. അഭിനന്ദനങ്ങൾ
ReplyDeleteനന്നായിട്ടുണ്ട് വേദിക.
ReplyDeleteSuper