ദസ്തയേവ്സ്കി

തീയിൽ കുരുത്ത എഴുത്തുകാരൻ;  ദസ്തയേവ്സ്കിക്ക് 200 വയസ്സ്

മനുഷ്യമനസ്സിനെയും അതിന്റെ മതിഭ്രമങ്ങളെയും കുറ്റവാസനകളെയും കുറ്റബോധത്തെയുമെല്ലാം കുറിച്ച് സ്വന്തം രക്തത്തില്‍ മുക്കി രചന നിര്‍വ്വഹിച്ച എഴുത്തുകാരനായിരുന്നു ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്സ്കി എന്ന റഷ്യൻ നോവലിസ്റ്റ്. നോവൽ എന്ന സാഹിത്യരൂപത്തിലൂടെ ലോകമെങ്ങുമുള്ള സഹൃദയരെ കീഴടക്കിയ എഴുത്തുകാരിൽ പ്രധാനികളാണ്​ റഷ്യൻ നോവലിസ്റ്റുകളായ ടോൾസ്​റ്റോയിയും ദസ്തയേവ്സ്കിയും.  അവരിൽ, നയിച്ച ജീവിതത്തി​​​ൻ്റെ അസാധാരണത്വംകൊണ്ടും രചനക്ക് സ്വീകരിച്ച പ്രമേയങ്ങളുടെ വൈചിത്ര്യ വൈവിധ്യങ്ങൾകൊണ്ടും ഒറ്റപ്പെട്ടുനിൽക്കുന്ന സാഹിത്യകാരനാണ് ദസ്തയേവ്സ്കി. 200-ാം ജന്മവാർഷികമാചരിക്കുന്ന ഈ വർഷത്തിലും അദ്ദേഹത്തിൻ്റെ കൃതികൾ വായിക്കപ്പെടുന്നുവെന്നത്, മനുഷ്യനും വാക്കുകളും നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിൻ്റെ രചനകൾ നിലനിൽക്കുമെന്നതിന് തെളിവാണ്.  തീയിലൂടെയും നിരന്തരമായ പീഡനങ്ങളിലൂടെയും കടന്നുവന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

ലോകസാഹിത്യത്തിലെ മഹാന്മാരായ എഴുത്തുകാരില്‍ പ്രമുഖനായ ദസ്തയേവ്‌സ്‌കി മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേയ്ക്ക് ആവാഹിച്ച എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്ന് പറയാം. തത്വചിന്താപരമായും മനഃശാസ്ത്രപരമായും അദ്ദേഹത്തിനുണ്ടായിരുന്ന ഉള്‍ക്കാഴ്ച, മനോവിശ്ലേഷണവും അസ്തിത്വവാദവുമടക്കമുള്ള ഇരുപതാം നൂറ്റാണ്ടിലെ വികാസപരിണാമങ്ങളെ മുന്‍കൂട്ടി കാണാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു. 19, 20 നൂറ്റാണ്ടുകളിലെ റഷ്യന്‍ സമൂഹത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയത്തിന്റെയും സ്വാധീനമാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണുന്നത്. ദസ്തയേവ്‌സ്‌കിയുടെ ശക്തമായ രചനാശൈലിയും മനുഷ്യാവസ്ഥയുടെ ചിത്രീകരണവും  ആധുനിക എഴുത്തുകാരില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സങ്കീര്‍ണ്ണമായ സ്വന്തം ജീവിതം തന്നെയാണ് അനുകമ്പ തോന്നിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

1821 നവംബര്‍ 11-ന് മോസ്കോയിലെ ഓൾഡ് സ്റ്റൈൽ എന്ന പട്ടണത്തില്‍ മിഖായേല്‍-മരിയ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനായാണ് ഫിയോദര്‍ ജനിച്ചത്.  ദസ്തയേവ്‌സ്‌കിക്ക് 16 വയസ്സുതികയുന്നതിനു മുന്‍പുതന്നെ അമ്മ ക്ഷയരോഗത്തെത്തുടര്‍ന്ന് മരണമടഞ്ഞു. അച്ഛന്റെ കഠിനമായ ശാസനകള്‍ തിങ്ങിനിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് രക്ഷയ്ക്കായി ഫിയോദര്‍ കൂട്ടുപിടിച്ചത് വായനയെയായിരുന്നു. ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന പേരില്‍ 1849  നവംബര്‍ 16ന് വെടിവെച്ചു കൊല്ലാന്‍ വിധിവന്നുവെങ്കിലും തൻ്റെ ആയുസ്സിൻ്റെ ബലം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. സൈബീരിയയിലെ ഒമസ്ത ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന കാലത്തെ ജയില്‍ജീവിതം ആസ്പദമാക്കി 1862-ല്‍ അദ്ദേഹമെഴുതിയ നോവലാണ് ,'ദി ഹൗസ് ഓഫ് ദി ഡെഡ്'. ഒരു കുറ്റവാളിയുടെ മനസ്സിലേക്കും അതേസമയം റഷ്യയിലെ താഴെത്തട്ടിലുള്ള ജനജീവിതത്തിലേയ്ക്കും ഈ നോവല്‍ വെളിച്ചം വീശുന്നു. ഒരു ശവക്കല്ലറയില്‍ നിശബ്ദനായിരിക്കുന്നതുപോലെ എന്നാണ് അക്കാലത്തെക്കുറിച്ച് ഒരിക്കല്‍ ദസ്തയോവ്‌സ്‌കി തന്റെ സഹോദരനോട് പറഞ്ഞത്. ഇതേക്കുറിച്ച് അദ്ദേഹം ഇങ്ങനെയെഴുതി. "ഉഷ്ണകാലത്ത് സഹിക്കാനാവാത്ത നിബിഡത : ശൈത്യകാലത്ത് അസഹനീയമായ തണുപ്പ്. തറ മുഴുവന്‍ പഴുത്ത അവസ്ഥ. നിലം മുഴുവന്‍ കെട്ടിക്കിടക്കുന്ന വിസര്‍ജ്ജ്യങ്ങളും മാലിന്യങ്ങളും: ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതില്‍ തെന്നിവീഴാമായിരുന്നു. ഒരു പെട്ടിയില്‍ പെറുക്കിയടുക്കിയ മത്തിപോലെയായിരുന്നു ഞങ്ങള്‍..."

1860-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മടങ്ങിയെത്തിയ ദസ്തയേവ്‌സ്കി മൂത്ത സഹോദരനുമായിച്ചേർന്ന് സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. എന്നാൽ 1864-ൽ ഭാര്യയും തൊട്ടടുത്ത്‌ സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനുമേൽ കടംകയറിയ ദസ്തയേവ്‌സ്കി ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി. ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്തുവാനായി ദസ്തയേവ്‌സ്കി തന്റെ ഏറ്റവും മികച്ച നോവലായ കുറ്റവും ശിക്ഷയും ധൃതിയിലാണ് എഴുതിത്തീർത്തത്‌. യാതനയിലൂടെ മാത്രമെ മനുഷ്യന് പാപ നിര്‍മ്മുക്തനാവാന്‍ കഴിയൂ എന്ന തത്വത്തിന് സ്ഥിരീകരണം നല്‍കുകയാണ് അദ്ദേഹം ഈ കൃതിയില്‍ ചെയ്തിരിക്കുന്നത്. മ്ലാന ചിത്തനും ഏകാന്ത പഥികനും ബുദ്ധിജീവിയുമായ റസ്‌കോല്‍ നിക്കോവ് എന്നൊരു ദരിദ്ര വിദ്യാര്‍ത്ഥിയാണ് ഇതിലെ പ്രധാന കഥാപാത്രം. അന്യാദൃശ്യ സവിശേഷതകളുളള വ്യക്തികളാണ് നോവലിലെ കഥാപാത്രങ്ങളെല്ലാം.

കുറ്റവും ശിക്ഷയും എന്ന നോവല്‍ എഴുതിയ അതേ കാലഘട്ടത്തിലാണ് അധോലോകത്തു നിന്നുളള കുറിപ്പുകള്‍ എന്ന കൃതിയും രചിച്ചത്. ഈ നോവലില്‍ അന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിശദീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. നിരാശനും കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവനുമായ അധോലോക മനുഷ്യന്റെ ചിത്രീകരണം സാഹിത്യത്തിലെ പുതിയൊരു രചനാ രീതിയുടെ കടന്നുവരവായിരുന്നു.

ചൂതാട്ടഭ്രമം ജീവിതത്തെ കശക്കിയെറിയുന്നതിനിടയിൽ അദ്ദേഹം 'ചൂതാട്ടക്കാരൻ‍' എന്ന പേരിൽ തന്നെ ഒരു നോവൽ എഴുതുവാൻ തീരുമാനിച്ചു. ഈ നോവൽ കരാർ പ്രകാരമുള്ള തീയതിക്കകം പൂർത്തിയാക്കിയിരുന്നില്ലെങ്കിൽ ദസ്തയേവ്‌സ്കിയുടെ എല്ലാ കൃതികളുടെയും പകർപ്പവകാശം അദ്ദേഹത്തിന്റെ പ്രസാധകൻ കൈവശപ്പെടുത്തുമായിരുന്നു.

കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരി ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും. 1866 ഒക്ടോബറിൽ 'ചൂതാട്ടക്കാരൻ' നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത്‌ ഈ കാലഘട്ടത്തിലാണ്. എഴുത്തുകാരന്റെ ഡയറി എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു. ഒന്നിനൊന്ന് മെച്ചപ്പെട്ട അദ്ദേഹത്തി​​​ൻ്റെ നോവലുകൾ റഷ്യയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഏറെ ഭാഷകളിലേക്ക് വിവർത്തനങ്ങൾ വന്നതോടെ അദ്ദേഹം വിശ്വവിഖ്യാതനായി മാറി. 

കുറ്റവും ശിക്ഷയും, ചൂതാട്ടക്കാരന്‍ എന്നീ കൃതികള്‍ക്കുപറമെ കരമസോവ് സഹോദരന്മാര്‍, വിഡ്ഢി, വൈറ്റ് നൈറ്റ്‌സ്, ഒളിവില്‍നിന്നുള്ള കുറിപ്പുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. അദ്ദേഹത്തിന് മലയാളത്തിൽ രണ്ട് ജീവചരിത്രമെങ്കിലുമുണ്ട്. കൂടാതെ, മലയാള പുസ്തക വിൽപനയിൽ ​റെക്കോഡ് സൃഷ്​ടിച്ച പെരുമ്പടവം ശ്രീധരൻ്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ രചിക്കപ്പെട്ടിരിക്കുന്നത് അസാമാന്യ പ്രതിഭാശാലിയായ ഇദ്ദേഹത്തിൻ്റെ ജീവിതകഥ ആധാരമാക്കിയാണ്. അന്നയുമായുള്ള ദസ്തയേവ്‌സ്‌കിയുടെ പ്രേമജീവിതവും ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനാവേളയില്‍ അരങ്ങേറുന്ന മറ്റ് സംഭവങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. സർഗാത്മക സംസ്കാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ സ്നേഹബന്ധങ്ങളിൽ ഒന്നായിരുന്നു അന്നയും ഫിയോദറും തമ്മിൽ ഉടലെടുത്തത്. ഈ രചന ‘മലയാള നോവലിലെ ഒരു ഏകാന്തവിസ്മയ’ മായിത്തീരുന്നത് ദസ്തയേവ്‌സ്‌കിയുടെ ആത്മാവിന്റെ നെടുവീര്‍പ്പുകളെ, ആന്തരസംഘര്‍ഷത്തിന്റെ നെരിപ്പോടിനെ അതിസൂഷ്മം ആഖ്യാനം ചെയ്യുന്നതിനാലാണ്. ഒറ്റയ്ക്കിരുന്ന വായിക്കുവാനും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ തെരുവീഥികളില്‍ ഏകനായി അലയാനും ഇഷ്ടപ്പെട്ട, മനുഷ്യജീവിതമെന്ന പ്രഹേളികയുടെ രഹസ്യം തേടി അത്മാന്വേഷണത്തിന്റെ ആഴങ്ങളിലലഞ്ഞ ചുറ്റുമുള്ള ജീവിതങ്ങളെ, അവയുടെ വൈരുദ്ധ്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കണ്ട ദസ്തയേവ്സ്‌കി പരിഷ്‌കൃത ലോകത്തിന്റെ ജീവിതക്രമങ്ങള്‍ക്ക് അന്യനായിരുന്നു.

ബാല്യം മുതല്‍ക്കേ ഏകാകിയും ദുഃഖിതനുമായിരുന്ന അദ്ദേഹത്തെ അരാജകനും അഴിഞ്ഞാട്ടക്കാരനുമായി ചരിത്രം അടയാളപ്പെടുത്തിയപ്പോള്‍ പീഡാനുഭവങ്ങളിലൂടെ വിശുദ്ധീകരിക്കപ്പെടുന്ന മനുഷ്യാത്മാവിനെ വരച്ചുകാട്ടാന്‍ ദസ്തവേസ്‌കിയുടെ ജീവിതത്തെ ഉപാധിയാക്കുന്നു പെരുമ്പടവം ശ്രീധരന്‍. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളിലെ ഇരുണ്ടപ്രപഞ്ചം താന്‍ കണ്ടതും മനുഷ്യഹൃദയത്തിലെ വ്യഥകള്‍, മുറിവുകള്‍, സംഘര്‍ഷങ്ങള്‍, കൊടുങ്കാറ്റുകള്‍, നിശബ്ദമായ വിലാപങ്ങള്‍ എന്നിവ ദര്‍ശിച്ചത്ഭുതപ്പെട്ടതും ദസ്തയേവ്‌സ്‌കിയുടെ രചനകളിലാണെന്ന് മുഖവുരയില്‍ സാക്ഷ്യപ്പെടുത്തുന്ന പെരുമ്പടവം ദസ്തയേവ്‌സ്‌കിയുടെ ഹൃദയത്തിന്റെ ആഴങ്ങളെ അടയാളപ്പെടുത്തുന്നു "ഒരു സങ്കീര്‍ത്തനം പോലെ"യില്‍.

അനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടവയാണ് ദസ്തയേവ്‌സ്‌കിയുടെ കൃതികളും കഥാപാത്രങ്ങളും. "സ്‌നേഹവും അലിവുമുള്ള ഒരു ചങ്ങാതിയുണ്ടായിരിക്കുകയെന്നുള്ളത് ഏത് മനുഷ്യന്റെയും ഭാഗ്യമാണ്. പ്രത്യേകിച്ച് ആരോരുമില്ലാത്ത ഒരാളിന് " എന്ന് ദസ്തയേവ്‌സ്‌കിയിലൂടെ പറഞ്ഞുവയ്ക്കുന്ന നോവലിസ്റ്റ് ഈ നോവലിലൂടെ പങ്കുവയ്ക്കുന്ന ആഹ്വാനവും മറ്റൊന്നല്ല. അരാജകനും അന്തര്‍മുഖനുമായവന്റെ ആശങ്കകളും ആത്മസംഘര്‍ഷങ്ങളും വഴി ഈ നോവല്‍ സംസാരിക്കുന്നത് വായനക്കാരന്റെ ഹൃദയത്തോടാണ്.

പ്രശസ്ത മലയാള നോവലിസ്​റ്റായ കെ. സുരേന്ദ്രൻ്റെ 1976 ൽ പുറത്തിറങ്ങിയ "ദസ്തയേവ്സ്കിയുടെ കഥ " യും ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്.ജീവചരിത്രരചനക്കായി സുരേന്ദ്രൻ സ്വീകരിച്ചത് അസാമാന്യ പ്രതിഭാശാലികളെയായിരുന്നു. സാധാരണയിൽനിന്ന് വ്യത്യസ്തമായ ജീവിതം നയിച്ചവരായിരുന്നു അവർ. അവർ അനുഭവിക്കുന്നതാകട്ടെ ആഴമേറിയ അന്തഃസംഘർഷവും. ശരാശരി മനുഷ്യനെ വിലയിരുത്തുന്ന അളവുകോലുകൾ അത്തരക്കാർക്ക് പാകമാവുകയില്ല. ദസ്തയേവ്സ്കിയുടെ ജീവിതത്തെക്കാൾ നാടകീയവും ഉദ്വേഗജനകവും നാനാഭാവ ബഹുലവും ആയ ഒരു രൂക്ഷകഥ ഒരു നോവലെഴുത്തുകാരനും, ദസ്തയേവ്​സ്​കിക്കുപോലും, കിട്ടിയിട്ടില്ല എന്ന് കെ. സുരേന്ദ്രൻ കൃതിയുടെ മുഖവുരയിൽ പറഞ്ഞിട്ടുണ്ട്.  ദേവനും അസുരനും ഒരേ വ്യക്തിയിൽത്തന്നെ കുടികൊണ്ടപ്പോൾ അനുഭവപ്പെടുന്ന സംഘർഷം അനുഭവിക്കാൻ ശപിക്കപ്പെട്ടവനായിരുന്നു  ദസ്തയേവ്സ്കി. 

ശ്വാസകോശ രക്തസ്രാവം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ വലച്ചിരുന്ന ദസ്തയേവ്‌സ്‌കി 1881 ഫെബ്രുവരി 9-ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ അന്തരിച്ചു. നാല്‍പ്പതിനായിരത്തോളം ജനങ്ങളാണ് അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. തൻ്റെ ജീവിതത്തെ കൂട്ടിക്കിഴിച്ച് വിലയിരുത്തുമ്പോൾ ദസ്തയേവ്സ്കിക്ക് പലപ്പോഴും ആത്മനിന്ദയാണ് തോന്നാറുള്ളതെങ്കിലും ഒരു ശുഭാപ്തി വിശ്വാസം എന്നും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. അനുഭവിച്ച ആത്മക്ഷതങ്ങളും അന്ത:സംഘർഷങ്ങളും തൻ്റെ കഥാപാത്രങ്ങൾക്കു വീതിച്ചു കൊടുക്കുമ്പോൾ പോലും ജീവിതത്തെ വെറുക്കാൻ അദ്ദേഹം അവരെ പഠിപ്പിക്കുന്നില്ല, മറിച്ച് ഉലയിലെ ചുട്ടുപഴുത്ത സ്വർണ്ണം ആഭരണങ്ങളായിത്തീരുന്നതുപോലെ ഓരോ ദുരന്തവും ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിക്കുകയാണ് ചെയ്യുന്നതെന്നതായിരുന്നു അദ്ദേഹത്തിൻ്റെ വാദം. കാരമസോവ് സഹോദരങ്ങളിലേതുപോലെ തന്നെ അദ്ദേഹത്തിന്റെ ശവക്കല്ലറയിലും ഈ വരികള്‍ കോറിയിട്ടിരുന്നു. "സത്യം സത്യമായി ഞാന്‍ നിങ്ങളോടുപറയുന്നു. ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും". വിഡ്ഢിയും പതിതനും പാപിയുമായ മനുഷ്യനെയാണ് സ്‌നേഹിക്കേണ്ടത് എന്ന് ദസ്തയേവ്‌സ്‌കി ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്.                                                                                സാനിയ കെ. ജെ.

എഡിറ്റർ, 

നാട്ടുപച്ച മാഗസിൻ.

____________________________

8 E യിലെ ദേവിക സന്തോഷ് തയ്യാറാക്കിയ, ദസ്തയേവ്സ്കിയെ കുറിച്ചുള്ള മറ്റൊരു കുറിപ്പ് കൂടി വായിക്കാം:

ഫിയോദർ ദസ്തയേവ്സ്കി

റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോദർ ദസ്തയേവ്സ്കി. മനുഷ്യഹൃദയത്തിലെ ഇരുണ്ടഇടവേളകളിലേക്ക് മനശാസ്ത്രപരമായി നുഴഞ്ഞുകയറുന്ന അദ്ദേഹത്തിന്റെ ദർശനങ്ങളും പ്രകാശത്തിന്റെ അതിരുകടന്ന നിമിഷങ്ങളും ഇരുപതാം നൂറ്റാണ്ടിൽ വളരെയധികം സ്വാധീനിച്ചു. ജീവിച്ചിരുന്ന ഏറ്റവും മികച്ച നോവലിസ്റ്റുകളിൽ ഒരാളായിട്ടാണ് ദസ്തയേവ്സ്കിയെ ലോകം കണക്കാക്കുന്നത്. സാഹിത്യ മോഡേണിസം, അസ്തിത്വവാദം, സൈക്കോളജി, ദൈവശാസ്ത്രം, സാഹിത്യനിരൂപണം എന്നിവയുടെ വിവിധ വിദ്യാലയങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങളെ ആഴത്തിൽ രൂപപ്പെടുത്തി. റഷ്യയിലെ വിപ്ലവകാരികൾ അധികാരത്തിൽ വന്നാൽ അവർ എങ്ങനെ പെരുമാറും എന്ന് കൃത്യമായി പ്രവചിച്ചതിനാലാണ് അദ്ദേഹത്തിന്റെ കൃതികളെ പ്രവചനാത്മകമെന്ന് വിളിക്കുന്നത്. അക്കാലത്ത് ഒരു പത്രപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. ദസ്തയേവ്സ്കിക്ക് ഇതാ 2021ൽ ഇരുന്നൂറുവയസ്സ് തികയുകയാണ്.

മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക് ആവാഹിച്ച് ദസ്തയേവ്സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്ന് പറയാം. മോസ്കോയിലെ ഓൾഡ് സ്റ്റൈൽ എന്ന പട്ടണത്തിൽ മിഖായേൽ -മരിയ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനാണ് ഫിയോദർ. പതിനാറാം വയസ്സിൽ ക്ഷയരോഗത്തെ തുടർന്ന് അമ്മ ഈ ലോകത്തോട് വിടപറഞ്ഞു. സഹോദരൻ മിഖായേലിനെയും സെന്റ് പീറ്റേഴ്സ്ബർഗിലുള്ള സൈനിക അക്കാദമിയിലേക്ക് പഠനത്തിനയിച്ചു. അധികം താമസിക്കാതെ തന്നെ ദസ്തയേവ്സ്കിയുടെ പിതാവും മരിച്ചു. സാർ ചക്രവർത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരിൽ 1849 ഫിയോദർ അറസ്റ്റുചെയ്യപ്പെട്ടു. ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന പേരിൽ അതേവർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ദസ്തയേവ്സ്കിയെ സൈബീരിയയിലേക്ക് നാടുകടത്തി. സൈനികനായി കസാഖ്സ്ഥാനിലെ സെമിപലാറ്റിൽ സ്കിൽ കഴിഞ്ഞ അഞ്ചുവർഷം ദസ്തയേവ്സ്കിയുടെ ജീവിതത്തെ മാറ്റിമറിച്ചു. സ്വതന്ത്ര്യ ചിന്താധാരകൾ വെടിഞ്ഞ് അദ്ദേഹം തികഞ്ഞ കർക്കശക്കാരനും ഈശ്വരവിശ്വാസിയുമായി മാറി. 1860 മൂത്ത സഹോദരനോടൊപ്പം സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്ക് ചുവടുവെച്ചു. എന്നാൽ 1864 ൽ ഭാര്യയും തൊട്ടടുത്ത സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനു മേൽ കടംകയറി. ചൂതാട്ടത്തിന് വേണ്ട പണം കണ്ടെത്തുവാനായി ദസ്തയേവ്സ്കി തന്റെ ഏറ്റവും മികച്ച നോവലായ "കുറ്റവും ശിക്ഷയും "  ധൃതിയിൽ എഴുതിത്തീർത്തു. 1867 ൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത്. എഴുത്തുകാരന്റെ ഡയറി എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യ പ്രസിദ്ധീകരണവും വലിയ വിജയമായിതീർന്നു. അദ്ദേഹത്തിന്റെ നിരവധി കൃതികളുണ്ട്. അദ്ദേഹം രചിച്ച അവസാനത്തെ നോവലാണ് കരമസോവ് സഹോദരന്മാർ. രണ്ടു വർഷമെടുത്ത് എഴുതി 1880 നവംബർ മാസം പൂർത്തിയാക്കിയ ഈ കൃതി ആദ്യം വെളിച്ചം കണ്ടത് "റഷ്യൻ മെസഞ്ചർ " എന്ന പത്രികയിലായിരുന്നു. ഇതിന്റെ പ്രസിദ്ധീകരണം നടന്ന നാലുമാസത്തിനകം അദ്ദേഹം മരിച്ചതിനാൽ "ഒരു മഹാപാപിയുടെ ജീവിതം"എന്ന പേരിൽ എഴുതാൻ ഉദ്ദേശിച്ച ഇതിഹാസകഥയുടെ ആദ്യഭാഗമായി നോവലിസ്റ്റ് ഇതിനെ കരുതിയെങ്കിലും ആ സ്വപ്നം സഫലമായില്ല. ഫിയോദർ നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ നോവലായ "കുറ്റവും ശിക്ഷയും " എന്നതിൽ പറയുന്ന മഹത് വചനമായ "ഒരു വലിയ ബുദ്ധിമാനും ആഴത്തിലുള്ള ഹൃദയവും വേദനയും കഷ്ടപ്പാടും എല്ലാ എപ്പോഴും അനിവാര്യമാണ്. ശരിക്കും മഹാന്മാർക്ക് ഭൂമിയിൽ വലിയ സങ്കടം ഉണ്ടായിരിക്കണം" (paining and suffering are always inevitable for a large intelligent and a deep heart. The really great man must, l think have great sadness on earth)വളരെ പ്രധാനപ്പെട്ടതാണ്. തന്റെ നോവലുകളിൽ ദസ്തയേവ്സ്കി ആഭിമുഖ്യം പ്രകടിപ്പിച്ച വിഷയങ്ങൾ കുറ്റവാസന, ദാരിദ്രം, കുടുംബത്തകർച്ച , ചൂതാട്ടം, മദ്യപാനം ,ആത്മീയാന്വേഷണവ്യഗ്രത എന്നിവ ഇന്നും പ്രസക്തമാണ്. ആത്മ പീഡനത്തിലൂടെ മോക്ഷം എന്നതായിരുന്നു ദസ്തയേവ്സ്കിയുടെ അടയാളവാക്യം. അദ്ദേഹം 221 ലേഖനങ്ങളും 12 നോവലുകളും 18 കഥകളും രചിച്ചിട്ടുണ്ട്.          അദ്ദേഹം സാഹിത്യ രംഗത്ത് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ബോർഡിംഗ് സ്കൂളിൽ നിന്ന് പഠിച്ച ഫ്രഞ്ച് ഭാഷയിൽ നിന്ന് സാഹിത്യത്തെ റഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യാൻ തുടങ്ങിയ അദ്ദേഹം പിന്നീട് അറിയപ്പെടുന്ന ആദ്യത്തെ നോവൽ "പാവപ്പെട്ട നാടോടി" വിജയകരമായി. വിസേറിയൻ ബെലിൻസ്കി , അലക്സാണ്ടർ നെർസെയും  മറ്റുള്ളവരും ദരിദ്രരുടെ ചിത്രീകരണത്തെ പ്രശംസിക്കുകയും ചെയ്തു. ബെലിൻസ്കി ഇതിനെ റഷ്യയുടെ ആദ്യത്തെ സാമൂഹിക നോവൽ എന്ന് വിളിക്കുകയും ചെയ്തു. ജനമനസ്സുകളിൽ മരിക്കാത്ത ഓർമ്മയായി അദ്ദേഹം ഇപ്പോഴും നിലനിൽക്കുന്നു.                                                                         - ദേവിക സന്തോഷ് 8 E


Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം