യു. എ ഖാദർ
തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച, പ്രിയ സാഹിത്യകാരൻ യു.എ. ഖാദർ ഓർമ്മയായി. മലയാളത്തിനു പുറത്തെ മണ്ണിൽ പിറന്നുവീണിട്ടും മലയാളിത്തനിമയിൽ വായനക്കാരുടെ ഉള്ളം നിറച്ച കഥാകാരനായിരുന്നു ഉസ്സങ്ങാൻ്റകത്ത് അബ്ദുൽ ഖാദർ എന്ന യു.എ. ഖാദർ. മലയാളത്തിൻ്റെ സാഹിത്യ സംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വം. കൊയിലാണ്ടിക്കാരനായ മൊയ്തീൻകുട്ടി ഹാജിയുടെയും ബർമക്കാരിയായ മാമെദിയുടെയും മകനായി 1935ൽ ബർമയിലാണ് ജനനം. കുട്ടിക്കാലത്തേ അമ്മമരിച്ചു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട് ഏഴാം വയസ്സിൽ കേരളത്തിലേക്ക് പിതാവിനൊപ്പം വന്ന ഖാദറിന് മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന് മദ്രാസ് കോളജ് ഓഫ് ആർട്ട്സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന് വലിയ പ്രോത്സാഹനമായി.
ജൻമദേശം പോലും സ്വന്തമെന്നു പറഞ്ഞ് എടുത്തുകാണിക്കാനില്ലെങ്കിലും ശ്രീ. യു. എ ഖാദർ മലയാളത്തിൽ അഴകുള്ള ഒരു ദേശം സൃഷ്ടിച്ചു. ഉറയുന്ന അക്ഷരങ്ങളിലൂടെ. പള്ളിവാളിന്റെ മൂർച്ചയുള്ള പ്രയോഗങ്ങളിലൂടെ. നാട്ടുമൊഴി വഴക്കങ്ങളിലൂടെ. ആ ചോരക്കിനിപ്പുകൾ ഉറഞ്ഞു കട്ട പിടിക്കാതെ കാലങ്ങളിലൂടെ പ്രവാഹം തുടരുമ്പോൾ ഖാദർ സ്വസ്തി പറഞ്ഞിട്ടുണ്ട് മലയാൺമയ്ക്ക്. എന്നും കേരളീയൻ എന്ന് ഊറ്റം കൊണ്ടിട്ടുമുണ്ട് അദ്ദേഹം.
മലയാള സാഹിത്യത്തിൽ ഗദ്യസാഹിത്യത്തിൽ ഭാവമാറ്റങ്ങൾ കണ്ടുതുടങ്ങുന്ന എഴുപതുകളിലാണ് തൃക്കോട്ടൂർ കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. വിദേശസാഹിത്യങ്ങളുടെ സ്വാധീനവും നായർ തറവാടുകളും മരുമക്കത്തായ ജീവിതവും സമ്പന്നരേയും പ്രമാണിമാരേയും ചുറ്റിപ്പറ്റിയുള്ള കഥകളും നാഗരിക ജീവിതവും അരങ്ങുവാണിരുന്ന മലയാള കഥാപ്രസ്ഥാനത്തിൽ മണ്ണിന്റ മണമുള്ള കഥാന്തരീക്ഷം കൊണ്ടുവന്നവരിൽ ഒരാൾ യു.എ. ഖാദറായിരുന്നു.
തൃക്കോട്ടൂർ കഥകളിലൂടെയും തൃക്കോട്ടൂർ നോവലുകളിലൂടെയുമൊക്കെ അതുവരെ പുറത്താരും അറിഞ്ഞിട്ടില്ലാത്ത മലബാറിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചർച്ചാവിഷയമായി. ഓരോ ഗ്രാമത്തിനും അതിൻ്റേതായ അതീന്ദ്രിയ സങ്കല്പങ്ങളും മിത്തുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പുരാവൃത്തങ്ങളുമൊക്കെയുണ്ട്. ഗ്രാമങ്ങളുടെ വേരുകളിലേക്കിറങ്ങിച്ചെന്നാലേ ഇത്തരം സങ്കല്പങ്ങളും അവ സമൂഹവുമായി ഇഴചേർന്നിരിക്കുന്നതിന്റെ കാരണങ്ങളും കണ്ടെത്താനാവൂ എന്നദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെയാവും ' തൃക്കോട്ടൂർ പെരുമ' മലയാള ഭാഷയിലുണ്ടായ ദേശപുരാവൃത്ത രചനകളിൽ പ്രധാനപ്പെട്ടതായതും. വടക്കൻ മലബാറിലെ തെയ്യവും തിറയും കാവും കാഞ്ഞിരവും ചുറ്റിപ്പറ്റിയുള്ള ജീവിതത്തെ പച്ചയായി ആവിഷ്കരിച്ചതിലുള്ള അംഗീകാരം തന്നെയാണ് ആ കൃതിക്ക് 1983 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും തൃക്കോട്ടൂർ നോവലുകൾക്ക് 2009ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും നേടികൊടുത്തത്. കൂടാതെ എസ്.കെ. പൊറ്റെക്കാട്ട് അവാർഡ്, പത്മപ്രഭാ പുരസ്കാരം, അബുദാബി ശക്തി അവാർഡ് എന്നീ പുരസ്കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി.
ചിത്രകാരന്‍, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പു ജീവനക്കാരനുമായിരുന്നു. നോവലുകളും കഥകളുമടക്കം എഴുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ, കണ്ണുനീർ കലർന്ന പുഞ്ചിരി എന്നിവയാണ് പ്രധാനരചനകൾ. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.
കടത്തനാടൻ ശൈലി കടമെടുത്താൽ പയറ്റിത്തെളിഞ്ഞ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. കാവും തെയ്യവും ആചാരനുഷ്ഠാനങ്ങളും മിത്തുകളായി ഓരോ രചനകളിലും നിറഞ്ഞുനിന്നു. സാഹിത്യരംഗത്ത് ഗുരുനാഥന്മാരൊ സാഹിത്യപാരമ്പര്യമോ വായനയുടെ പ്രത്യേക ലോകമോ ഇല്ലായിരുന്നെങ്കിലും ഭാഷാതിർത്തികൾക്കും ദേശാതിർത്തികൾക്കും വിലക്കാനാവാത്ത വിസ്മയമായി മാറിയ ശ്രീ യു.എ. ഖാദറിന് ഒരായിരം ശ്രദ്ധാഞ്ജലികൾ...
- സാനിയ കെ ജെ എഡിറ്റർ, നാട്ടുപച്ച മാഗസിൻ
പുസ്തക പരിചയം:
കുഞ്ഞുണ്ണിയും വല്യുണ്ണിയും
എറണാകുളം ജില്ലയിൽ കാക്കൂർ കാഞ്ഞിരപ്പി മനയിൽ രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജ്ജനത്തിന്റെയും മകനായ ഹരീഷ് . ആർ. നമ്പൂതിരിപ്പാടിൻ്റെ പുസ്തകമാണ് 'കുഞ്ഞുണ്ണിയും വല്യുണ്ണിയും'. 1974 മാർച്ച് 22 നാണു ജനിച്ചത്. മാതൃഭൂമി ബാലപംക്തിയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു. കുഞ്ഞികവിതകൾ, മഴമുത്ത്, പൊൻകണി, പുരാണകഥകൾ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചു. ഭാര്യ സൗമ്യ ഹരീഷ്, മകൻ അഭിനവ്.
കൊച്ചുകൂട്ടുകാർക്ക് കേട്ടുരസിക്കാനും വായിച്ചുല്ലസിക്കാനും ബഹുവർണച്ചിത്രങ്ങളോടെയുള്ള പത്തു കഥകളാണ് കുഞ്ഞുണ്ണിയും വല്യുണ്ണിയും എന്ന സമാഹാരം. പാവത്താന്മാരായ "കുഞ്ഞുണ്ണി"കൾക്കും വികൃതിക്കാരനായ വല്യുണ്ണികൾക്കും ഒന്ന് പോലെ ആസ്വാദനമാകും ഈ കഥലോകത്തിലൂടെയുള്ള ഭാവനാ സഞ്ചാരം. നീണ്ടുവളഞ്ഞ വാൽ നിവർത്തിയെടുക്കാൻ കൊതിച്ച ചിങ്കുക്കുരങ്ങനും, ഉണ്ണിയപ്പമാവുകൊണ്ട് ഉണ്ണുലിയുണ്ടാക്കിയ ഉണ്ണിക്കുട്ടനും, എലിപ്പനി ബാധിച്ച ചുപ്പനെലിയും. പൂവനെത്തേടി നാട്ടിലിറങ്ങിയ ചോപ്പുക്കുറുക്കനും, പൂങ്കനിയുടെ പൊന്നോമനയെ കവർന്ന പുലിയച്ഛനും, അഹങ്കാരിയായ മിന്നാരിത്തത്തയും ഒക്കെ ഇവിടെ കുട്ടിപട്ടാളത്തോടൊപ്പം കവാത്തു നടത്താൻ എത്തുന്നുണ്ട്.
മലയാളഭാഷാ പഠനത്തിനുതകും വിധം ഗുണപാഠ സമ്പുഷ്ടമായ കുറെ കഥകൾ വളരെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ . കുട്ടികൾക്ക് വായിച്ചുരസിക്കാൻ പറ്റുന്ന വിധമാണ് ഓരോ കഥയും ആവിഷ്കരിച്ചിരിക്കുന്നത്. ബഹുവർണ ചിത്രങ്ങൾ സഹിതമുള്ള ഇതിലെ ഓരോ കഥയും കുട്ടികൾക്ക് വളരെ ഇഷ്ടമാകും. എല്ലാവരും ഇത് വായിക്കുമെന്ന് വിശ്വസിക്കുന്നു.
- അനുഷ്ക കൃഷ്ണണകുമാർ 5 D


Comments
Post a Comment