കുട്ടികളുടെ വായന
വായിച്ചു വളരാം
ദൈനംദിന ജീവിതത്തിലെ തിരക്കിനിടെ, മിക്കവരും മാറ്റിവെക്കുന്ന, ഒഴിവാക്കുന്ന ഒന്നായി മാറിയിരുന്നു പുസ്തകങ്ങളും വായനയും. എന്നാൽ കൊറോണക്കാലം സർവ്വ തിരക്കുകളിൽ നിന്നും മോചനം നൽകി വായനയ്ക്കായി സമയമൊരുക്കുകയിരിക്കുകയാണ്. വീടുകൾക്കുള്ളിലൊതുങ്ങിയപ്പോൾ മറഞ്ഞു പോയ വായന ശീലവും തിരികെയെത്തി. വായന പാമരനെ പണ്ഡിതനാക്കും, പണ്ഡിതനെ എളി യവനാക്കും. ദിവസവും പത്തു താളുകള്‍ വായിച്ചാല്‍ പത്തുവര്‍ഷം കൊണ്ട് ജ്ഞാനിയാകാം എന്നാണ് പറയുക. ഇന്ന്, പ്രത്യേകിച്ചും കൊറോണക്കാലത്ത് യുവാക്കൾക്കൊപ്പം തന്നെ, അല്ലെങ്കിൽ അവരേക്കാളേറെ വായനയെ ചേർത്തു പിടിക്കുകയാണ് കുട്ടികളും. വായനാശീലമുള്ളവർക്ക് വായിച്ചു വളരാനും വായനാശീലമില്ലാത്തവർക്ക് വായിച്ചു തുടങ്ങാനും അവസരമുണ്ടാകുന്നു. പുസ്തകങ്ങളില്ലാത്തവർക്ക് വിലയില്ലാതെ പുസ്തങ്ങൾ കൈമാറുന്ന പ്രസാധകരും എഴുത്തുകാരും വരെയുണ്ടെന്നതും വായനയ്ക്ക് വേദിയൊരുക്കുന്നു. കൂടാതെ ഇ-പുസ്തങ്ങളും സുലഭം. അറിയാനും പഠിക്കാനുമുള്ള ആഗ്രഹമാണ് വായനയിലൂടെ സാധ്യമാവുന്നത്. കൊറോണക്കാലത്തെ അവധിക്കാലത്ത് കുട്ടികൾക്കായി ഒരുപാട് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അവരുടെ അഭിരുചികൾക്കനുസരിച്ച് വേദികൾ സൃഷ്ടിക്കുകയും ചെയ്തവരാണ് മാതാപിതാക്കളും അധ്യാപകരും. നമ്മുടെ നാട്ടുപച്ച മാഗസിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുമെല്ലാം കൺമുമ്പിലെ ഉത്തമ ഉദാഹരണങ്ങളാണല്ലോ. കുട്ടികളുടെ വായനാശീലത്തെ, സർഗ്ഗ വൈഭവത്തെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംരംഭങ്ങൾ തീർച്ചയായും കുട്ടികൾക്ക് പുതിയ കിരണങ്ങൾ നൽകുന്നതു തന്നെ. നാട്ടുപച്ചയടയ്ക്കമുള്ള പ്രവർത്തനങ്ങളിലുള്ള കുട്ടികളുടെ സജീവ സാന്നിധ്യവും സംഭാവനയും 'വായന മരിയ്ക്കുകയാണൊ' എന്ന ആശങ്കയ്ക്ക് മറുപടി നൽകുന്നതാണ്... വായനയുടെ പുതിയ ഭാവിയ്ക്ക് പുത്തൻ പ്രതീക്ഷകൾ സമ്മാനിക്കുന്നതാണ്.
- സാനിയ കെ ജെ, എഡിറ്റർ, നാട്ടുപച്ച മാഗസിൻ.
_________________________
ഇന്നിവിടെ പരിചയപ്പെടുത്തുന്നതും വായനയുടെ ലോകത്തേക്ക് നടന്നടുക്കുന്ന കൊച്ചു കൂട്ടുകാരിയുടെ ഒരു വായനാകുറിപ്പാണ്. പച്ചയായ ജീവിതങ്ങളെ വളച്ചുക്കെട്ടില്ലാതെ തുറന്നു കാട്ടുന്ന ശ്രീ. കളരിക്കൽ വിജയൻ്റെ 'സ്വകാര്യദു:ഖം' എന്ന കവിതാ സമാഹാരത്തെ പരിചയപ്പെടുത്തുകയാണിവിടെ..
സ്വകാര്യദുഃഖം
ഞാൻ വായിച്ച ശ്രീ കളരിക്കൽ വിജയന്റെ സ്വകാര്യദുഃഖം എന്ന പുസ്തകമാണ് ഇന്നിവിടെ പരിചയപെടുത്തുന്നത്. ഇതിൽ കാല്പനികതയുടെ ഏറ്റവും സൗന്ദര്യാത്‌മകമായ കാവ്യാവിഷ്കാരങ്ങളാണ്. സാങ്കല്പികലോകത്തു പറന്നുയരുമ്പോഴും മനുഷ്യ ജീവിതത്തിന്റെ പരുക്കൻ ഭാവങ്ങൾ ആവിഷ്കരിക്കാൻ കവിക്കു കഴിയുന്നുണ്ട്
തൃശൂർ ജില്ലയിൽ അരിമ്പൂരിൽ എറവ് എന്ന ഗ്രാമത്തിൽ 12-12-1944 ൽ ആണ് അദ്ദേഹം ജനിച്ചത്. കോലത്തു കളരിക്കൽ കുട്ടപ്പൻ പണിക്കർ ആണ് പിതാവ്, മാതാവ് ദാക്ഷായണി. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടി. ഭാര്യ ഗിരിജഭായ്, മക്കൾ വിനീത, അരുൺ.
ചങ്ങമ്പുഴയിൽ മുങ്ങിനിവർന്നതാണ് ശ്രീ കളരിക്കൽ വിജയന്റെ കവിതകൾ. പറയാനുള്ളത് വളച്ചുകെട്ടില്ലാതെ ആവിഷ്കരിക്കുക എന്നതാണ് ശൈലി. ഈ പുസ്തകത്തിൽ 41 കവിതകൾ ആണ് ഉള്ളത്. നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തുറന്നു കാട്ടുകയാണ് കവിതയിലൂടെ. ഒരു വരി നിങ്ങൾക്കായി കുറിക്കാം.
"വേവലാതികൾ തീർന്നി-
ട്ടൊരു മാത്രയുമില്ല
സ്വാസ്ത്യമുണ്ടാക്കാൻ പാടി -
ലെണ്ണതോവിധിമതം "?
വായിച്ച കവിതകളിൽ എനിക്ക് കുറെ കവിതകൾ ഇഷ്ടമായി. എല്ലാം എഴുതാൻ സാധിക്കാത്തതിനാൽ 'മന്ത്രവാദം ' എന്ന കവിതയിൽ പറയുന്നത് എഴുതാം. ശാസ്ത്രനേട്ടങ്ങൾ ഏറെ കൈവരിച്ചിട്ടും ശാസ്ത്രിയമായ ജീവിതരീതി ഇന്നും കൈവന്നിട്ടില്ല എന്നതാണ് ഇതിൽ സൂചിപ്പിക്കുന്നത്.
അദ്ദേഹത്തിന്റെ ഓരോ കവിതയും നമ്മെ ഏറെ ചിന്തിപ്പിക്കും. മനുഷ്യരിലുള്ള നർമ്മവും, ഗുണദോഷങ്ങൾ, മദ്യപാനശീലം, സഫലജീവിതം, ഓണക്കാലചിന്തകൾ, സ്വകാര്യദുഃഖം എന്നിവയെല്ലാം ഓരോ കവിതയിലും അടങ്ങിയിട്ടുണ്ട്.
തീർച്ചയായും എല്ലാവരും പ്രതേകിച്ചു പുതുതലമുറ വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ് സ്വകാര്യദുഃഖം എന്ന കവിതാസമാഹാരം. ഇത് വായിച്ച ശേഷം നമ്മുടെ ജീവിതത്തിൽ കുറെ മാറ്റങ്ങൾ വരും.ഈ കവിതയിലെ വരികൾ നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. പിന്നെയും പിന്നെയും കൂടുതൽ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കും.ഇത് എല്ലാവരും ഒരു വട്ടമെങ്കിലും വായിക്കാൻ ശ്രമിക്കുമല്ലോ. എല്ലാവരും വായിക്കുമെന്ന് വിശ്വസിക്കുന്നു.
- അനുഷ്ക കൃഷ്ണകുമാർ 5 D


Well done dear
ReplyDelete