ശിശുദിനം
നവംബർ 14 ശിശുദിനം
കുട്ടികളുടെ ചാച്ചാജി
ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. കുഞ്ഞുങ്ങളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയില്‍ ശിശു ദിനം ആഘോഷിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.
ജവഹർ എന്നാൽ 'അരുമയായ രത്നം' എന്നാണർഥം. കൈവെച്ച മേഖലകളിലെല്ലാം രത്നശോഭ പടർത്തി മുക്കാൽനൂറ്റാണ്ടോളം ഭാരതഭൂമിയെ ധന്യമാക്കിക്കൊണ്ടാണ് 1964-ൽ ജവാഹർലാൽ നെഹ്റു നമ്മോട് യാത്രപറഞ്ഞത്. 1947-ൽ ഇന്ത്യ സ്വതന്ത്രമായതുമുതൽ 1964-ന് അന്തരിക്കുന്നതുവരെ 17 വർഷക്കാലം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർന്നു. ഇക്കാലയളവിൽ ആധുനികഭാരതത്തിനു ചേർന്ന ഒരു രാഷ്ട്രീയസംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ഇന്ത്യയുടെ സമഗ്ര പുരോഗതി സ്വപ്നം കണ്ട ആ രാഷ്ട്രശിൽപി അതു സാക്ഷാത്കരിക്കാൻ നടത്തിയ നീക്കങ്ങൾ രാജ്യചരിത്രത്തിന്‍റെ ഭാഗമാണ്. വാഗ്ദാനങ്ങൾ നിറവേറ്റാനും കാതങ്ങൾ താണ്ടാനുമുണ്ടെന്ന ചിന്തയാണ് അദ്ദേഹത്തെ കർമനിരതനാക്കിയത്.
വിഭജനം സൃഷ്ടിച്ച മുറിവുകളും, അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളും, ബ്രിട്ടിഷുകാർ കാലിയാക്കിയ ഖജനാവും, പകർച്ച വ്യാധികളും. അത്തരം ഒരു അവസ്ഥയിൽ നിന്നുകൊണ്ടായിരുന്നു രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഭാരതത്തെ വികസനത്തിലേക്ക് നയിച്ചത്. വിശാലമായ ലോകപശ്ചാത്തലത്തിലാണ് നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത്. അന്യൂനമായ ചരിത്രബോധം അദ്ദേഹത്തിനുണ്ടായിരുന്നു. ചരിത്രം പഠിക്കുക മാത്രമല്ല ചരിത്രം സൃഷ്ടിക്കുകയും ചെയ്തു നെഹ്‌റു. ഐതിഹാസികവും ബഹുതലസ്പർശിയുമായിരുന്നു നെഹ്‌റുവിന്‍റെ സംഭവബഹുലമായ ജീവിതം. ലോകത്തു സമ്പൂർണ സമാധാനം നിലനിന്നുകാണാൻ നെഹ്‌റു ആഗ്രഹിച്ചു. ആ വഴിയേ അദ്ദേഹം നടത്തിയ നീക്കങ്ങൾ അർഥപൂർണമായിരുന്നുവെന്ന് കാലം തെളിയിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജനകോടികൾ നടത്തിയ ത്യാഗോജ്വല സമരങ്ങളിൽ സജീവമായി പങ്കെടുത്ത് നേതൃതലത്തിൽ മഹാമാതൃക സൃഷ്ടിച്ചപ്പോഴും സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനുവേണ്ടി ദീർഘവീക്ഷണത്തോടെ കർമപദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കിയപ്പോഴും വെറുമൊരു രാഷ്ട്രീയനേതാവിനെപ്പോലെയല്ല, ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനെപ്പോലെയാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇന്ത്യയെ ഹൃദയവും മനസുംകൊണ്ട് നെഹ്‌റു സ്‌നേഹിച്ചു. ആ സ്‌നേഹം എത്രമാത്രം അവ്യാജവും അഗാധവുമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ വിൽപത്രം വിളിച്ചുപറഞ്ഞു. ''എന്‍റെ ചിതാഭസ്മത്തില്‍ നിന്ന് ഒരു പിടി ഗംഗാനദിയില്‍ ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകളില്‍ വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തു ചേരട്ടെ, അങ്ങനെ ഈ മഹത്തായ മണ്ണിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാകാൻ കഴിയട്ടെ''
ഒരു പനിനീർപ്പൂവിന്‍റെ സ്‌നേഹസൗരഭ്യത്തോടെ കുട്ടികളെ സ്‌നേഹിച്ച നേതാവ്, പ്രകൃതിയും മനുഷ്യനും ഇണങ്ങി ജീവിക്കുന്നതിന്‍റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളെ ഓർമിപ്പിച്ചിരുന്നു ചാച്ചാജി. തിരക്കുപിടിച്ച ജീവിതവേളയിലും കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നെഹ്‌റു സമയം കണ്ടെത്തി. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. അവരെ സ്‌നേഹിച്ചും കുട്ടികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കിയും അവരുടെ ഭാവി ലോകത്തിനു മുന്നില്‍ തുറന്നിട്ടു. വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഒരുപോലെ നല്‍കാന്‍ ചാച്ചാജി ശ്രമിച്ചു. വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങള്‍ നെഹ്റുവിന്റെ കാലഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു.
കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും അരങ്ങേറാറുണ്ട്. എന്നാൽ ഈ കോവിഡ് കാലത്ത് അവയെല്ലാം വീട്ടിലേക്ക് ചുരുങ്ങുമെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിനും സാമൂഹിക ജീവിതത്തിനും ഈ ശിശുദിനം പുത്തൻ പ്രതീക്ഷകൾ പ്രദാനം ചെയ്യുന്നതാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...ഏവർക്കും ശിശുദിനാശംസകള്‍…
- സാനിയ കെ ജെ എഡിറ്റർ, നാട്ടുപച്ച മാഗസിൻ
നവംബർ 14 ശിശുദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ രചനകൾ വായിക്കാം:
ശിശുദിനം
ഓടി വരുന്നു ഓരോ വർഷവും ശിശുദിനം
മാടി വിളിക്കുന്നു ചാച്ചാജീ..
പനിനീർസുമവുമായി ഓടിയണയുന്ന കുരുന്നുകൾ നമ്മൾ..
മാറ്റൊലി കൊള്ളുന്ന ശിശു രോദനങ്ങളിൽ
എൻമനം നീറുന്നു, നിറയുന്നു,
പൊഴിയുന്നു ചുടുകണ്ണുനീർത്തുള്ളികൾ..!!
- ഐശ്വര്യ രാജേഷ് 7A
ചാച്ചാജിയും ശിശുദിനവും
ഇന്ന് ശിശുദിനം .സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14.1889 നവംബർ 14 ന് മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ് റാണി നെഹ്റുവിന്റെയും മകനായി അദ്ദേഹം ജനിച്ചു.ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 ൽമരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്റു അതിനാലാണ് ഈ ദിവസം ശിശു ദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്റു എന്നും ഓർമ്മിക്കപ്പെടുന്നു.
ആഘോഷങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. ചാച്ചാജിയെ കുറിച്ച് പറയുമ്പോൾ കുട്ടികൾക്ക് ഓർമയിൽ എത്തുന്ന ഒരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബയും അതിൽ ഒരു ചുവന്ന റോസാപൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാൾ.
കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ ആയി സംഘടിപ്പിക്കുന്ന ദിനാചരണം ആണ് ശിശുദിനം. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും ശിശുദിന ആഘോഷങ്ങൾ പ്രദാനം ചെയ്യുന്നു.
ഈ ശിശുദിനത്തിൽ ബാലസാഹിത്യ മേഖലയിൽ വ്യതിരിക്തമായ ഒരു ശൈലി അവതരിപ്പിച്ച കവി കുഞ്ഞുണ്ണി മാഷിനെ ഞാൻ ഓർക്കുന്നു.
" വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.
നെഹ്റുവിനെയും മലയാള ബാലസാഹിത്യത്തിലെ കുഞ്ഞുണ്ണിമാഷിനെയും സ്മരിച്ചുകൊണ്ട് ഒരായിരം ശിശുദിന ആശംസ നേരുന്നു.
- ദേവിക സന്തോഷ് 8 E



സൂപ്പർ മക്കളേ..
ReplyDeleteനന്നായിയിരിക്കുന്നു... ആശംസകൾ ❤️🌹
ReplyDelete