കവി എ അയ്യപ്പൻ
തെരുവിൻ്റെ കവി
അനാഥവും അരക്ഷിതവുമായ ഒരു മനുഷ്യ ജന്മത്തിന്റെ പിറവി പിന്നീട് കാലങ്ങളേറ്റുവാങ്ങിയത് പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന കരിംപച്ചയായ കവിതകളുടെ രൂപത്തിലായിരുന്നു. എ അയ്യപ്പൻ എന്ന മനുഷ്യൻ തന്നിലെ കവിയെ സ്വയം സ്ഥാപിച്ചത് സാഹിത്യ ചരിത്രത്തിലെ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായ എഴുത്തിന്റെ രാഷ്ട്രീയ സമരങ്ങളിലൂടെയാണ്. അയ്യപ്പനെ കുറിച്ചെഴുതുമ്പോൾ കവിതകളുടെ പ്രത്യയശാസ്ത്ര ഇതിവൃത്തത്തെ കുറിച്ച് എട്ടും പൊട്ടും അറിയാത്ത സാധാരണക്കാരന് പോലും അതിയായ ധൈര്യം ലഭിക്കുന്നത് എ അയ്യപ്പനെന്ന വിപ്ലവ കവി സ്വജീവിതംകൊണ്ട് മണ്ണിലും മനുഷ്യ മനസ്സുകളിലും സ്‌നേഹമായും കരുണയായും പ്രണയമായും ദേഷ്യമായും, കലഹമായും, വഞ്ചനയായും, വെല്ലുവിളിയായും അതിലുപരി ജീവിതമായും എഴുതിച്ചേർത്ത അക്ഷരങ്ങളുടെ പിൻബലത്താലാണ് എന്നതിൽ സംശയമില്ല.
മനുഷ്യന് മനസാക്ഷി കുത്തുണ്ടായപ്പോഴാണ് അയ്യപ്പൻ കവിയായത്. അതിനു പിന്നിൽ മനുഷ്യരുടെ പാപങ്ങളുടെ കഥകളുണ്ട്, സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും പ്രകൃതിയുടെയും വിദ്വേഷത്തിന്റെയും കഥകളുണ്ട്. അവിടെ നിന്നും തുടങ്ങിയ യാത്ര ഒടുവിൽ 2010 ഒക്ടോബർ 21-ന് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ വച്ച് മരണമില്ലാത്ത ലോകത്തേക്ക് പിച്ചവയ്ക്കുന്ന നിമിഷം വരെ മനുഷ്യ മനസാക്ഷിയോട് ഒപ്പമുണ്ടായിരുന്നു അയ്യപ്പനെന്ന തെരുവിന്റെ കവി. സ്ഥിരമായൊരു വൃത്തമോ, സന്ദേശമോ, ആശയങ്ങളോ , രീതിയോ ഒന്നുമില്ല. ഭ്രാന്തെന്ന് പരിഷ്‌കൃത മനുഷ്യൻ വിളിക്കുന്ന കേവല ചിന്തകളെ സാധാരണക്കാരന്റെ ഭാഷയിൽ, രീതിയിൽ അക്ഷരങ്ങളിലൂടെ സന്നിവേശിപ്പിക്കുന്നു കവി അയ്യപ്പൻ. അലസമായ താടിയും മുടിയും പറപ്പിച്ച് നഗ്‌നപാദനായി കടൽക്കരയിലും, മരത്തണലിലും, റെയിൽവേ സ്റ്റേഷനുകളിലും, ബസ്റ്റാൻഡിലുമൊക്കെയിരുന്നു ജീവിതത്തെ എഴുതിവച്ചു കവി.
സ്ഥിരബുദ്ധിയുടെ സൗന്ദര്യധാരയ്ക്കുള്ളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള സൗന്ദര്യവീക്ഷണത്തിൽ നിന്നാണ് അയ്യപ്പന്റെ കവിതകൾ പ്രത്യക്ഷപ്പെടുന്നതും അവ ആസ്വാദനത്തിൽ എത്തുന്നതും. ആദ്യമായി വായിക്കുന്ന സംവേദനശക്തിയുള്ളവർക്ക് ഈ കവിതകളിലെ വാക്കുകളിലും ഇതിന്റെ ഒഴുക്കിലും കുരുങ്ങിവീഴുന്ന അനുഭൂതിയുണ്ടാകുന്നു. വാക്കുകളുടെ വജ്രസൂചികൾ കൊണ്ട് അനുവാചകന്റെ കരൾ കൊത്തിമുറിക്കുന്ന വല്ലാത്ത ശക്തിയും കരുത്തും അദ്ദേഹത്തിൻ്റെ കവിതകൾക്കുണ്ട്. നിശബ്ദതയും മൗനവും വാചാലതയും വിസ്ഫോടനവും ഒക്കെ അക്ഷരങ്ങളിലും വാക്കുകളിലും നിറച്ച അയ്യപ്പന്റെ കവിതകൾ സ്വപ്നവും ഭ്രാന്തും ജീവിതവും ലോകവും മേളിക്കുന്നതിന്റെ ഒഴുക്കുകൾക്കിടയിലൂടെയുള്ള യാത്രകളാണ്.
മദ്യത്തോടും കവിതയോടും അഗാധ പ്രണയമായിരുന്നു അയ്യപ്പന്. മദ്യമെന്ന താഴ്‌വരയിൽ പൂത്തുലഞ്ഞു, വാടിക്കരിഞ്ഞു. മദ്യപിക്കാത്ത അയ്യപ്പൻ മൗനിയായിരുന്നു. ആർത്തുല്ലസിച്ചു കവിതകൾ പാടുന്ന അയ്യപ്പനെ കാണണമെങ്കിൽ മദ്യം വേണമെന്നു സാരം.സിരകളിൽ മദ്യവും,കണ്ണുകളിൽ വിപ്ലവവും,കൈതുമ്പത്ത് കവിതകളും..!അതായിരുന്നു അയ്യപ്പൻ.
മലയാള കവിതയിലും മലയാളിയുടെ ഹൃദയകോണിലും കുത്തിയിരുന്ന് കാലുകൾ രക്തത്തിൽ തല്ലിക്കളിച്ച് കവി ഇപ്പോഴും ഉറക്കെ പാടുന്നു.
''കരളു പങ്കിടാൻ വയ്യെൻ്റെ പ്രണയമേ
പകുതിയും കൊണ്ടു പോയ്
ലഹരിയുടെ പക്ഷികൾ''...
- സാനിയ കെ ജെ
കവി ശ്രീ എ അയ്യപ്പൻ്റെ മണിച്ചിപ്പൂച്ച എന്ന കവിതയുടെ വായനക്കുറിപ്പ് വായിക്കാം:
മണിച്ചിപ്പൂച്ച
വേറിട്ട കവിതകൊണ്ടും ജീവിതം കൊണ്ടും ശ്രദ്ധേയനായ കവിയാണ് ശ്രീ അയ്യപ്പൻ. അക്ഷരങ്ങൾക്ക് അത്രമേൽ ജീവൻ പകർന്ന കവി പച്ചയായ ജീവിതത്തിൻ്റെ കവിതകളിലൂടെ ആവിഷ്കരിച്ച വൻധിക്കാരിയായ കവി. അതെ അതെല്ലാമാണ് ശ്രീ അയ്യപ്പൻ. മലയാള സാഹിത്യരംഗത്ത് ആധുനികതയുടെ കാലത്തിനു ശേഷം വന്ന കവികളിൽ പ്രമുഖനായ അയ്യപ്പൻ രചിച്ച കവിതയാണ് മണിച്ചിപ്പൂച്ച.
മണിച്ചിയമ്മയ്ക്ക് ഒരു പൂച്ചയെ കിട്ടുന്നു. മണിച്ചിയമ്മ പൂച്ചയ്ക്ക് പാൽ കൊടുത്തു വീട്ടിൽ ഒരു ഇടം നൽകി. എന്നുവേണ്ട പൂച്ചയ്ക്ക് ജീവിക്കുവാനായി എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുത്തു. പക്ഷേ കൗശലക്കാരിയായ പൂച്ച രാത്രിയിൽ എല്ലാവരും ഉറങ്ങി കിടക്കുന്ന നേരത്ത് കുഞ്ഞിനു വെച്ച പാൽ കട്ടുകുടിക്കുന്നു. മാത്രമല്ല, മണിച്ചിയമ്മയ്ക്കു കാലുകൊണ്ട് ഒരു മാന്തും കൊടുത്തു.
ഈ കവിതയിലെ പൂച്ച സ്വാർത്ഥതയുടെ, വിശ്വാസ വഞ്ചനയുടെ, നെറികേടിൻ്റെ പ്രതീകമായി മാറുന്നു. ഈ പൂച്ചയിലൂടെ ഇന്നത്തെ സമൂഹത്തിലെ നല്ലൊരു വിഭാഗത്തിൻ്റെ ചിത്രമാണ് കവി വായനക്കാർക്കുമുൻപിൽ അവതരിപ്പിക്കുന്നത്. സഹായിച്ചവരുടെ തോളിൽ ചവിട്ടി നിന്നുകൊണ്ട് അവരെ തള്ളി മാറ്റികൊണ്ട് മുന്നോട്ടു കുതിക്കുന്ന ഒരു വിഭാഗത്തിൻ്റെ പ്രതീകമായി ഈ പൂച്ച മാറുന്നു. ഈ പൂച്ചയിൽ നമുക്ക് നമ്മളിൽ പലരെയും കാണാൻ സാധിക്കും. അവളുടെ നിറം വെള്ളയാണെങ്കിലും ഉള്ളുനിറയെ സ്വാർത്ഥതയും കുടിലബുദ്ധിയുംകൊണ്ട് അന്ധകാരത്തിൽ പൂണ്ടിരിക്കുന്നു. പാൽ കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക. ഒട്ടകത്തിന് ഇടം കൊടുത്തത് പോലെ എന്നൊക്കെ നാം പറയാറുണ്ടെങ്കിലും അതിനുത്തമ ഉദാഹരണമായി ഈ പൂച്ച മാറുന്നു.
ആ വെളുമ്പി പൂച്ച മണിച്ചിയമ്മയുടെ പേര് പോലും സ്വന്തമാക്കിക്കൊണ്ട് മണിച്ചിപൂച്ചയായി മാറുന്നു. പൂച്ച ഇന്നത്തെ 'പ്രാക്ടിക്കൽലൈഫി'ൻ്റെ അടയാളമായി മാറുന്നു.എത്ര ലളിതമായ വരികളിലൂടെയാണ് സമൂഹത്തിലെ ഒരു വിഭാഗത്തെ സമൂഹത്തിൽ നിലനിൽക്കുന്ന കുടിലതയെ വരച്ചുകാണിക്കുന്നത് എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
- ഭദ്ര എ എം 9 C


Comments
Post a Comment