കേരള പിറവി

അതിജീവനത്തിൻ്റെ പുതു പിറവി...

നവംബർ 1 കേരളപ്പിറവി ദിനം

മലയാള നാടിന് ഇന്ന് 64-ാം പിറന്നാൾ

ഇന്ന് കേരളപ്പിറവി. ഐക്യകേരളത്തിന് ഇന്നേക്ക് 64 വയസ്. കേരളം - പരശുരാമൻ മഴുവെറിഞ്ഞ് കടലിനെ കരയാക്കി മാറ്റിയെന്ന് ഐതിഹ്യപരമായി വിശ്വസിക്കുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശം. കേരളം എന്ന വാക്കു സൂചിപ്പിക്കുന്നത്  കേരവൃക്ഷങ്ങളുടെ  നാടെന്നാണല്ലോ. കേര വൃക്ഷങ്ങള്‍ നൃത്തമാടുന്ന കടല്‍തീരങ്ങള്‍,മനോഹരമായ കായല്‍പരപ്പ്, സസ്യശ്യാമളമായ മലയോരങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ പരിമളം പരത്തുന്ന വനപ്രദേശങ്ങള്‍, കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും, നീര്‍ച്ചാലുകളും...ഇവയെയെല്ലാം സംഗീതാല്‍മകമാക്കുന്ന പക്ഷിസമൂഹങ്ങള്‍. കാടുകളെയും, മലയോരങ്ങളെയും ഗംഭീരമാക്കുന്ന വന്യജീവികള്‍!...

''മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നു മിന്നി    കറയറ്റൊരാലസല്‍ ഗ്രാമഭംഗി''

 ചങ്ങമ്പുഴയുടെ ഈ വരികളിൽ പറയുന്നതു പോലെ, കണ്ണിനും കാതിനും മാത്രമല്ല മനസ്സിനും കുളിര്‍മയേകുന്ന കാഴ്ചകള്‍കൊണ്ട് ആരെയും മാടിവിളിക്കുന്നൂ ഈ കൊച്ചു സുന്ദരി!

 പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പത്തും, അഴകും, അപൂര്‍വതകളും കൊണ്ട് "ദൈവത്തിന്റെ സ്വന്തം നാട്" എന്നു വിശേഷിക്കപ്പെടുന്ന കേരളം ആ പേരിനു തികച്ചും അര്‍ഹ തന്നെ.

1956 നവംബര്‍ 1നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.  ഭാഷയുടെ അടിസ്ഥാനത്തില്‍ 'കേരളം' എന്ന സംസ്ഥാനം അന്നാണ്  രൂപം കൊണ്ടതെങ്കിലും പൗരാണികമായ ചരിത്രവും, കല, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പാരമ്പര്യവും നമ്മുടെ നാടിനെ മഹത്തരമാക്കുന്നു. 

സാംസ്കാരികതയോടു ചേര്‍ന്നു നില്ക്കുന്ന മതസൗഹാര്‍ദ്ദവും കേരളത്തിന്റെ മേന്മയായി കാണേണ്ടതാണ്. വൈദേശികമായ ക്രിസ്തുമതവും ഇസ്ലാംമതവും ഇന്ത്യയില്‍ പ്രവേശിച്ചത് നമ്മുടെ കേരളത്തിലൂടെയാണ്. ഇന്ത്യയിലെ ഒന്നാമത്തെ ക്രൈസ്തവദേവാലയവും, മുസ്ലീം ദേവാലയവും സ്ഥിതി ചെയ്യുന്നത് കേരളത്തിലെ കൊടുങ്ങല്ലൂരിലാണ് എന്നതു തന്നെ അക്കാലത്തെ മതസൗഹാര്‍ദ്ദത്തിനു തെളിവാണ്.

നദികളും തടാകങ്ങളും കായലുകളും കുളങ്ങളും നല്‍കുന്ന ജലസമൃദ്ധിയിലും കേരളം വളരെ മുന്‍പിലാണ്. ഈ ജലസമൃദ്ധി ഇവിടുത്തെ കാര്‍ഷികമേഖലയ്ക്കും വനസമ്പത്തിനും കൂടുതല്‍ ചൈതന്യം നല്‍കുന്നു. 

കാലാവസ്ഥയും പ്രകൃതിയും പോലെ തന്നെ ആകര്‍ഷകമാണ് ഇവിടത്തെ കലാ-സാംസ്കാരികപാരമ്പര്യങ്ങളും. മനോഹരമായ വൈരുദ്ധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കേരളത്തില്‍ കാണാന്‍ കഴിയുക. കേരളത്തെ അറിയുക എന്നാല്‍ ഈ വ്യത്യസ്തതകളെയും അപൂര്‍വ്വതകളെയും പൈതൃകത്തെയും അറിയുക എന്നതാണ്. 

എന്നാൽ , ഇന്ന് നാം അതിജീവനത്തിൻ്റെ പാതയിലാണ്. കേരളപ്പിറവിയുടെ ഈ അറുപത്തിനാലാം വാർഷികദിനം നമ്മെ പ്രധാനമായും ഓർമിപ്പിക്കുന്നതും സംസ്ഥാനമുണ്ടായശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയെക്കുറിച്ചാണ്, കൊറോണാനന്തര വെല്ലുവിളികളെ നേരിട്ട് നാം നിർമിക്കേണ്ട നവകേരളത്തെക്കുറിച്ചാണ്...

രണ്ടു തുടർപ്രളയങ്ങളും നിപാ വൈറസുമെല്ലാം ചവിട്ടിക്കുഴച്ചിട്ട മണ്ണിൽനിന്നു കേരളം നിവർന്നുനിന്നു തുടങ്ങുമ്പോഴാണ് കോവിഡ് ബാധയും ലോക്ഡൗണുമുണ്ടായത്. ഏകദേശം ഏഴ് മാസക്കാലത്തോളമായി നാം ഈ പരിതസ്ഥിതിയുമായി പൊരുത്തപ്പെട്ടു കഴിയുകയാണ്, മുക്തിക്കുവേണ്ടിയുള്ള അശ്രാന്ത പരിശ്രമങ്ങളിലുമാണോരുത്തരും. അതുകൊണ്ടുതന്നെ  ഈ സാഹചര്യത്തിൽ  പുത്തൻ പ്രതീക്ഷകളുടെ, അതിജീവനത്തിൻ്റെ നവകേരളത്തിലേക്കുള്ള പുതുവെളിച്ചം നൽകുന്നതാകട്ടെ ഈ പുതു പിറവി എന്നു നമുക്കു പ്രത്യാശിക്കാം... ഏവർക്കും കേരള പിറവി ദിനാശംസകൾ...

                              - സാനിയ കെ ജെ 

 കേരള പിറവി ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ കവിതകളും ലേഖനങ്ങളും വായിക്കാം:

സഹ്യഭൂമി 



കലകൾക്കാധാരമാം കേരളഭൂവിൻ 
മഹിമകൾ വർണനാതീതമാണേ. 
പേരും പെരുമയും വാനോളമുള്ളൊരു 
പുണ്യഭൂവാണീ മലനാട്. 
തെയ്യവും തിറയും കാളയും കേരവും 
തിങ്ങിവാണീടുന്ന പുണ്യഭൂമി. 
തഴുകുന്ന വേനൽ കാറ്റിലും കൊതിയൂറും 
മാമ്പൂ മണക്കുന്ന ദേവഭൂമി. 
പുഴകളും പൊയ്കയും കായലും കടലും 
ചാരുതയേറ്റുന്ന കേരഭൂമി. 
പൂരവും ആനപെരുമയും വാഴ്ത്തുന്ന 
കഥകളിയാടുന്ന സഹ്യഭൂമി. 
വാക്കുകൾക്കെന്നല്ല കാഴ്ചകൾക്കും 
വർണനാതീതമാം മാതൃഭൂമി.

                              -  മീര കെ എച്ച് 10 E

നന്മ വിളയും നാട്  


എൻ്റെ നാടെൻ്റെ നാടെൻ്റെ നാട്
നന്മ വിളയുന്നൊരെൻ്റെ നാട്
കലകൾ നിറയുന്നൊരെൻ്റെ നാട്
പുഴകളൊഴുകുന്നൊരെൻ്റെ നാട്
ഹരിതഭംഗിയേറും മാമലയുടെ വീട്
കേരനിരകളാൽ വന്ദനമോതുന്ന
കേരളമാണെൻ്റെ മാതൃഭൂമി ..!
തുഞ്ചനും കുഞ്ചനും പാടിപ്പുകഴ്ത്തിയ
മലയാളമാണെൻ്റെ മാതൃഭാഷ..!
ഐശ്വര്യസ്മൃതിയാൽ സമ്പന്നമാണീ
ഒരുമയുടെ ഓണമുണ്ണും നാട് ..!
ഇത് പൂരത്തിൻ നാട് ; പുലികളിയുടെ വീട്..!
തെയ്യമുറയും നാട് ; ഇത് കഥകളിയുടെ വീട്..!
കണിക്കൊന്ന കിങ്ങിണി ചാർത്തും നാട്,
ഇത് കടൽത്തിരകൾ നൃത്തമാടും നാട് ..!
കളകളമൊഴുകുന്ന പുഴകളിൽ നീന്തിത്തുടിക്കും
അരയഹ്നം പോലെ സുന്ദരമാണെൻ്റെ സ്വർഗ്ഗഭൂമി..!!
എൻ്റെ നാടെൻ്റെ നാടെൻ്റെ നാട് ..!
നന്മ വിളയുന്നൊരെൻ്റെ നാട് ..!
            
                           - ഐശ്വര്യ രാജേഷ് 7 A 

കേരളപ്പിറവി - ചരിത്രവും ഐതിഹ്യവും



കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947 ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു.1956 ലെ സംസ്ഥാന പുന:സംഘടന നിയമമാണ് പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കു വിഭജനത്തിനു ആധാരം.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. പെൺകൊടികൾ സെറ്റുസാരിയുടെ നിറവിൽ മലയാളി മങ്കമാർ ആകുമ്പോൾ കോടിമുണ്ടിൻ വർണ്ണങ്ങളിൽ പുരുഷകേസരികളും കേരളപിറവി ആഘോഷങ്ങൾ കൂടുതൽ വർണ്ണ ശോഭയാക്കുന്നു.
            അറബികടലിൽ പരശുരാമൻ മഴു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം .കേരളം എന്ന പേരിനുമുണ്ട് പല കഥകളും,കേരളം എന്നാൽ കൂട്ടിച്ചേർക്കപ്പെട്ടത് എന്നും അർത്ഥം വരുന്നു. അതല്ല കേരം എന്നാൽ സംസ്കൃത ഭാഷയിൽ നാളീകേരം അഥവാ തേങ്ങ എന്നർത്ഥം തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും,ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.

                        - ദേവിക സന്തോഷ് 8 E
         

കേരളപ്പിറവി - കളികൾ, കലാരൂപങ്ങൾ, ആഘോഷങ്ങൾ


ഇന്ന് നവംബർ -1 കേരളപ്പിറവി ദിനം. 1956 നവംബർ 1നാണ് നമ്മുടെ സംസ്ഥാനമായ കേരളം നിലവിൽ വന്നത്. അത്കൊണ്ട് തന്നെ നാം കേരളീയർ നവംബർ  ഒന്നാം തിയ്യതി കേരളപ്പിറവി ആയി  ആചരിക്കുന്നു. പച്ചപ്പുനിറഞ്ഞ മലകളും,  കുന്നുകളും, കാടുകളും,  തോപ്പുകളും,  പുഴകളും,  കൊണ്ട് സമൃദ്ധമായ നമ്മുടെ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്നു. 
 കേരളം എന്ന വാക്കിൽ തന്നെയുണ്ട്  " കേരങ്ങളുടെ നാട് "എന്ന്. 

 കളികൾ

* കുട്ടിയും കോലും
* എറിപന്ത് കളി
* കുളം കര
* മാണിക്യചെമ്പഴുക്ക
* ഒളിച്ചുകളി
* കാൽപന്തുകളി
എന്നിങ്ങനെ വിരലിൽ
 എണ്ണാവുന്നതിലും 
അധികം കളികൾ 

 കലാരൂപങ്ങൾ 

* പുലികളി
* കഥകളി
* തെയ്യം
* ഓട്ടംതുള്ളൽ
* കുമ്മാട്ടികളി
* എന്നിങ്ങനെ ധാരാളം കലാരൂപങ്ങൾ നിറഞ്ഞ നാടാണ് കേരളം.

 ആഘോഷങ്ങൾ

 * ഓണം, വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര എന്നിവയാണ് ഹൈന്ദവ ആഘോഷങ്ങൾ
* റംസാൻ, ബക്രീദ്, മുഹറം, മിലാദി, ശരീഫ് തുടങ്ങിയവ മുസ്ലിം ആഘോഷങ്ങൾ.
* ക്രിസ്തുമസ്, ഈസ്റ്റർ, തുടങ്ങിയ ക്രൈസ്തവരുടെയും 

കേരളത്തിന്റെയത്ര  തലയെടുപ്പും, ആഘോഷങ്ങളും ഉത്സവങ്ങളും, കളികളും, കലാരൂപങ്ങളും, വേറൊരു സംസ്ഥാനത്തിനും ഉണ്ടാകില്ല. 

 കേരളത്തിന്റെ 65-ാം പിറന്നാൾ ആഘോഷിക്കുന്ന ഈ ഒരു അവസരത്തിൽ മലയാള സംസ്കാരത്തെ ആദരിച്ചു കൊണ്ടും, മലയാള ഭാഷയെ സ്നേഹിച്ചു കൊണ്ടും, കേരളത്തിന് ഒരായിരം പിറന്നാൾ ആശംസകൾ...

                         - അതുല്ല്യ വി ബി 6 B
 










Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം