വിജയദശമി

 അറിവിൻ്റെ പുണ്യവുമായി നവരാത്രി



ഇന്ന് വിജയദശമി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടിട്ടുള്ളത്. കേരളത്തിൽ, കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് കടക്കുന്ന ദിനം കൂടിയാണ് വിജയദശമി. വിദ്യാദേവതയായ സരസ്വതിയെയും അധർമത്തെ തകർത്ത് ധർമം പുനഃസ്ഥാപിക്കുന്ന ശക്തി സ്വരൂപിണി ദുർഗയെയും ഐശ്വര്യദായിനി മഹാലക്ഷ്മിയെയും ഒരുമിച്ച് ഈ നവരാത്രി ദിനങ്ങളിൽ പൂജിക്കുന്നു. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ചടങ്ങുകൾ ആണ് സംസ്ഥാനത്ത് ഉടനീളമുള്ള ക്ഷേത്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഒരുക്കാറുള്ളത്. എന്നാൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിൽ തന്നെ ആഘോഷങ്ങൾ ചുരുക്കും.

നവരാത്രിയുടെ പ്രതീകം സ്ത്രീ ശക്തി ആരാധനയാണ്. പ്രാദേശിക ഭേദങ്ങളുണ്ട് നവരാത്രി ആഘോഷങ്ങൾക്ക്. കേരളത്തിൽ വിദ്യാരംഭം, തമിഴ്‌നാട്ടിൽ കൊലുവെപ്പ്, കർണാടകയിൽ ദസറ, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗാ പൂജ, അസമിൽ കുമാരീ പൂജ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചടങ്ങുകളാണ് രാജ്യത്തുടനീളം. അതുപോലെ ഒരോ പ്രദേശങ്ങളുടേയും ആഘോഷങ്ങളുടെ ഐതീഹ്യങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
ദേവീ  ഉപാസനയാണ് നവരാത്രി ആഘോഷത്തിൻ്റെ കാതൽ. വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നവരാത്രി വ്രതം നോൽക്കുന്നത്. പഠിച്ച വിദ്യകൾ ഫലവത്താകാൻ വിദ്യാദേവതയുടെ കടാക്ഷം ഉണ്ടാകണം. അതിന് നവരാത്രി വ്രതം നോൽക്കുന്നത് ഉത്തമമായി കരുതുന്നു. വിജയദശമി ദിവസത്തെ വിദ്യാരംഭത്തോടെ വ്രതാനുഷ്ടാനം  അവസാനിപ്പിക്കുകയും ചെയ്യും.

കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജ വയ്‌പോടെയാണ് നവരാത്രി ആഘോഷങ്ങളുടെ തുടക്കം. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പണിയായുധങ്ങളും വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും എല്ലാം സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി സമര്‍പ്പിക്കും. വീടുകളിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം.

പൂജവയ്പിന്റെ രണ്ടാം ദിനമാണ് മഹാനവമി. നവരാത്രിയിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിനമെന്നാണ് വിശ്വാസം. ഈ ദിവസമാണ് പുസ്തകപൂജയും ആയുധപൂജയും. ഈ ദിവസം അക്ഷരം നോക്കുകയോ ഉപകരണം ഉപയോഗിക്കുകയോ പാടില്ലെന്ന ആചാരവും കേരളത്തിലുണ്ട്.
ദേവി മഹിഷാസുരനെ നിഗ്രഹിച്ച് വിജയം നേടുന്നത് മഹാനവമിയിലാണെന്നാണ് ഐതിഹ്യ കഥ. രാവണനിഗ്രഹത്തിനായി ശ്രീരാമന്‍ വ്രതമെടുത്തത് മഹാനവമി ദിവസമാണെന്നൊരു വിശ്വാസവുമുണ്ട്.

മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിൻ്റെയും പ്രകാശത്തിൻ്റെയും വിജയത്തിലേക്ക്  തുറക്കുന്ന ദിവസമാണ് വിജയദശമി. ദുര്‍ഗാ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം.
നവരാത്രി ദിനങ്ങളിൽ കേരളത്തിൽ സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ്.  കലാകാരൻമാർ തങ്ങളുടെ അരങ്ങേറ്റം കുറിക്കുവാനും ദേവിയുടെ അനുഗ്രഹം പ്രാപതമാക്കുവാനും നവരാത്രി ദിനങ്ങൾ തിരഞ്ഞെടുക്കുന്നു. 

അനുഷ്ഠാനങ്ങളിലും ഐതിഹ്യങ്ങളിലും ആഘോഷരീതികളിലും വിശ്വാസങ്ങളിലുമെല്ലാം വ്യത്യാസമുണ്ടെങ്കിലും അവ നൽകുന്ന സന്ദേശം ഒന്നു തന്നെയാണ്; തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം, അധർമ്മത്തിനു മേൽ ധർമ്മം പുനസ്താപിക്കുന്ന ദിനം. ലോകമെമ്പാടും കോറോണാ ഭീതിയിൽ കഴിയുന്ന ഈ കാലത്ത് , ഈ അജ്ഞതയെ അകറ്റി അതിജീവനത്തിൻ്റെ ,മുക്തിയുടെ സന്ദേശം പകരുന്ന ഈ ദിനം രാജ്യത്താകമാനം പ്രതീക്ഷകളുടെ പുത്തൻ വെളിച്ചം നൽകട്ടെ എന്ന് പ്രത്യാശിക്കാം.

 - സാനിയ കെ. ജെ.
എഡിറ്റർ, നാട്ടുപച്ച മാഗസിൻ.
-------------------------------------------

ഈ വിജയദശമി ദിനത്തിൽ ശ്രീ എസ് കെ പൊറ്റെക്കാട്ടിൻ്റെ 'ബാലിദ്വീപ് ' എന്ന പുസ്തകത്തിൻ്റെ വായനക്കുറിപ്പ് വായിക്കാം:

ബാലിദ്വീപ് 


ഒരു ദേശത്തിൻ്റെ കഥ എന്ന ആത്മകഥാപരമായ നോവൽ എഴുതി ഭാരതീയ ജ്ഞാനപീഠ പുരസ്ക്കാരത്തിനർഹനായ ശ്രീ. എസ്.കെ.പൊറ്റെക്കാട്ടിൻെറ ഒരു യാത്രാ വിവരണഗ്രന്ഥമാണ് 'ബാലിദ്വീപ്'. സഞ്ചാരസാഹിത്യകാരൻ, കവി, ചെറുകഥാകൃത്ത്,നോവലിസ്റ്റ് എന്നിങ്ങനെ സാഹിത്യത്തിൻ്റെ വിവിധ ശാഖകളിൽ തൻ്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തിയാണ്‌ എസ്‌.കെ.പൊറ്റെക്കാട്ട്.
സഞ്ചാരികളുടെ സ്വർഗ്ഗമായ ബാലിദ്വീപ് സന്ദർശിച്ചപ്പോൾ അവിടെ കണ്ട കാഴ്ചകളും അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളും ഇതിൽ സജീവമായി ചിത്രീകരിച്ചിരിക്കുന്നു. പഴയ കേരളസംസ്ക്കാര പ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും ആരാധനാസമ്പ്രദായങ്ങളും അതേ പോലെ ബാലിദ്വീപിൽ കാണാം. കേരളത്തിൻ്റേതു പോലുള്ള പ്രകൃതിഭംഗിയാണ് ബാലിദ്വീപിൽ. ഗ്യാമലിൻ വാദ്യത്തോടുകൂടിയുള്ള, ഗ്രാമീണരുടെ ഇടയിലുള്ള ജോഗെ നൃത്തം കണ്ണും കരളും കവരുന്നവയാണ്. നൃത്തം ചെയ്യുന്ന കന്യക കാഴ്ച്ചക്കാരിൽ ഇഷ്ടമുള്ളയാളെ തന്നോടൊപ്പം നൃത്തം ചെയ്യാൻ ക്ഷണിക്കുകയും അയാൾ അവളോടൊത്ത് നിസ്സങ്കോചം നൃത്തം ചെയ്യുകയും ചെയ്യും. ബാലിദ്വീപിലെ മ്യൂസിയത്തിൽ നാരാളം താളിയോലഗ്രന്ഥങ്ങൾ അടുക്കും ചിട്ടയുമായി ശേഖരിച്ചു വച്ചിട്ടുണ്ട്.
ബാലിത്തരുണികൾ സുന്ദരികളാണ്. ചെറുപ്പത്തിൽ തന്നെ അവർ ചുമടെടുക്കാൻ ശീലിക്കുന്നു. അരികൊണ്ടുണ്ടാക്കിയ പലഹാരങ്ങളുമായി അവർ ക്ഷേത്രത്തിലേക്ക് നീങ്ങുന്ന കാഴ്ച്ച ആരെയും ആകർഷിക്കും. മന്ത്രവാതത്തിൽ ഇവർക്കു വലിയ വിശ്വാസമാണ്. സതി അനുഷ്ഠിക്കുന്ന പതിവ് ഇവരുടെ ഇടയിൽ ഉണ്ടായിരുന്നു. വിവാഹത്തിൽ വധൂപിതാവിനാണ് സ്ത്രീധനം കിട്ടുന്നത്. 
അവർ കൃഷി ചെയ്യുന്നതും മറ്റും മുഹൂർത്തം നോക്കിയാണ്. അരിയാഹാരത്തിനു പുറമേ ചോളവും മധുരക്കിഴങ്ങും ഇവർ കഴിക്കുന്നു. പ്രധാന വിനോദമാണ് കോഴിയങ്കം. മരണാനന്തര ക്രീയകളിലും ഇവർക്ക് ചില ആചാരങ്ങളുണ്ട്.

ബാലിദ്വീപുകാരുടെ ജീവിതത്തിലേക്കുള്ള എത്തിനോടാടമാണ് ഈ കൃതി. ഇത് സശ്രദ്ധം വായിക്കുന്ന ഒരാൾക്ക് ബാലിദ്വീപിലൂടെ ഒരു പഠനയാത്ര നടത്തുകയാണ് എന്ന തോന്നൽ ഉണ്ടാകും. അത്തരത്തിലുള്ള രചനാസമ്പ്രദായമാണ് ശ്രീ  എസ്.കെ.പൊറ്റെക്കാട്ട് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
       
                       - ഐശ്വര്യ രാജേഷ് 7 A

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം