മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി
കാവ്യവസന്തം യാത്രയായി...
ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസകാരന് വിട
മരണം അനിവാര്യമായ സത്യമാണെങ്കിലും ചില വിടവാങ്ങൽ തീരാ നഷ്ടങ്ങളാണ്. 2020 ഒക്ടോബർ 15ന് മഹാകവി അക്കിത്തം എന്ന ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസകാരൻ യാത്രയായി. അന്യർക്കായി പൊഴിച്ച കണ്ണുനീർത്തുള്ളികളെ മനുഷ്യസ്നേഹത്തിൻ്റെ മഹാഗാഥയാക്കിയ മനീഷിയാണ് 94-ാം വയസിൽ മടങ്ങിപ്പോയത്. ആത്മാവിൽ ഉദിച്ച ആയിരം സൗര മണ്ഡലത്തിൻ്റെ ദീപ്തിയിൽ മലയാള കവിതയെ ആധുനികതയുടെ സിംഹാസനത്തിൽ പ്രതിഷ്ഠിച്ച നൂറ്റാണ്ടിൻ്റെ ഇതിഹാസമാണ് മഹാകവി അക്കിത്തം. ഏഴ് പതിറ്റാണ്ടോളം മുമ്പ് വേദോപനിഷത്തുകളുടേയും പരിഷ്കരണ ചിന്തകളുടേയും മൂല്യങ്ങൾ സമന്വയിപ്പിച്ച് അക്കിത്തം രചിച്ച ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യമാണ് മലയാള കവിതയിൽ ആധുനികതയുടെ വിത്ത് പാകിയത്.
സുദീർഘവും സംഭവബഹുലവുമായ ഒരു കാലഘട്ടം തന്നിലേൽപ്പിച്ച ആവേശങ്ങളുടെയും ആഘാതങ്ങളുടെയും സത്യസന്ധമായ ആവിഷ്കാരമായിരുന്നു അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം. പോയ നൂറ്റാണ്ടിൽ മാനവരാശിക്ക് കൊടിയ ദുരന്തങ്ങളും വലിയ പ്രതീക്ഷകളും നൽകിയ സംഭവപരമ്പരകൾക്ക് സാക്ഷിയാവുകയും തന്റെ മനഃസാക്ഷിക്കൊത്ത് കാലത്തോടു പ്രതികരിക്കുകയും ചെയ്തു കവി.
മനുഷ്യസങ്കീർത്തനമാണ് അക്കിത്തം പ്രതിനിധാനം ചെയ്ത കവിതയിലെ പൊന്നാനിക്കളരിയുടെ സാമാന്യസ്വഭാവം.
അദ്ദേഹത്തിലെ മനുഷ്യന് അക്കാലത്തെ പൊതുസങ്കല്പത്തിന് വിപരീതമായ ഒരു വ്യക്തിത്വമുണ്ടായിരുന്നു. ചെയ്ത ശരികളെച്ചൊല്ലി അഹങ്കരിക്കുന്ന മനുഷ്യനെയല്ല, തെറ്റുകളെച്ചൊല്ലി പശ്ചാത്തപിക്കുന്ന മനുഷ്യനെയാണ് അദ്ദേഹം ആരാധിച്ചത്. മനുഷ്യന്റെ കരുത്ത് കരബലത്തിലല്ല കരയാനുള്ള കരുത്തിലാണെന്ന് അക്കിത്തം വിശ്വസിച്ചു.
'ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം'
കണ്ണുനീർത്തുള്ളി എത്ര അമൂല്യമായ വസ്തുവാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഈ വരികൾ ഇന്നും കാവ്യാസ്വാദകർ ചുണ്ടിൽ കൊണ്ടുനടക്കുന്നു. ഒരർഥത്തിൽ കണ്ണുനീർത്തുള്ളികൾകൊണ്ടു പണിഞ്ഞ വെണ്ണക്കൽശില്പങ്ങളാണ് അക്കിത്തത്തിന്റെ രചനകൾ.
വിപ്ലവത്തിന്റെപേരിൽ നടന്ന ഹിംസയുടെ താണ്ഡവം കണ്ട് പശ്ചാത്താപവിവശമായ ഒരു ഹൃദയത്തിന്റെ പൊട്ടിക്കരച്ചിലായിരുന്നു മഹാകവി അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. മലയാളികളെ ഏറെ പ്രകോപിപ്പിക്കുകയും ആത്മപരിശോധനയ്ക്ക് പ്രചോദിപ്പിക്കുകയും ചെയ്ത ആ കൃതി രചിക്കപ്പെട്ട് ആറുപതിറ്റാണ്ടു പിന്നിട്ടുവെങ്കിലും ഇന്നും ചർച്ച ചെയ്യപ്പെടുന്നു.
'വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം!'
സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കാറുള്ള ഈ വരികളോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരീരടിയില്ല മലയാളത്തിൽ. വെളിച്ചം ദുഖമാണുണ്ണീ എന്നു തുടങ്ങുന്ന വരികൾ വരുന്നത് ആയിരം ശിശുമരണങ്ങളെ ചൂണ്ടിക്കാണിച്ചാണ്. കൊടിയ ഭക്ഷ്യക്ഷാമത്തിന്റെ കാലത്ത് വിശന്നുമരിച്ച കുഞ്ഞുങ്ങളെ ഓർത്തെഴുതിയതാണ് ആ വരികൾ. അരിവയ്ക്കുന്നവന്റെ തീയിൽച്ചെന്നീയാംപാറ്റ പതിച്ചു. അതിനാൽ പിറ്റേന്നിടവഴിക്കുണ്ടിൽ മരിച്ചുവീഴുന്ന കുട്ടികളെയാണ് കാണുന്നത്. കവിതാകൽപനയുടെ ഉത്തുംഗശൃംഗം.
"അരിവെപ്പോന്റെ തീയിൽച്ചെ-
ന്നീയാംപാറ്റ പതിക്കയാൽ
പിറ്റേന്നിടവഴിക്കുണ്ടിൽ-
കാണ്മൂ ശിശു ശവങ്ങളെ
കരഞ്ഞു ചൊന്നേൻ ഞാനന്ന്
ഭാവി പൗരനോടിങ്ങനെ;
വെളിച്ചം ദുഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം"
ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, വെണ്ണക്കല്ലിൻ്റെ കഥ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ. സ്നേഹത്തിൻ്റെ സൗരപ്രഭയാൽ ജീവിതമെഴുതിയ കാവ്യവസന്തത്തെ രാഷ്ട്രം പദ്മശ്രീ നൽകി ആദരിച്ചു. ഭാരതത്തിലെ സമുന്നതമായ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠമേറിയ കവി സത്യത്തിൽ കരസ്പർശത്താൽ ജ്ഞാനപീഠത്തെ ശ്രേഷ്ഠമാക്കുകയാണ് ചെയ്തത്.
കേന്ദ്ര, കേരള അക്കാദമി പുരസ്‌കാരങ്ങൾ അടക്കമുള്ള നിരവധി ബഹുമതികൾ. കേരളത്തിന്റെ എഴുത്തച്ഛൻ പുരസ്കാരവും മറ്റും എത്തും മുൻപ് മലയാളത്തിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട പുരസ്‌കാരങ്ങളെല്ലാം കുമരനെല്ലൂരിലെത്തി. വയലാർ പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, സഞ്ജയൻ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്കാരം, പത്മപ്രഭ പുരസ്‌കാരം എന്നിങ്ങനെ.
നാലപ്പാട്ട് നാരായണ മേനോൻ , വി ടി ഭട്ടതിരിപ്പാട്, ഇടശ്ശേരി ഗോവിന്ദൻ നായർ, പി സി കുട്ടികൃഷ്ണൻ, ബാലാമണിയമ്മ, മാധവിക്കുട്ടി.... പൊന്നാനിക്കളരിയിലെ മഹാസാഹിത്യകാരൻമാരിൽ ഒരാൾ കൂടി ഇനി ഓർമ്മയാവുകയാണ്... മഹാകവി അക്കിത്തം.
അസ്തമയ സൂര്യനെപ്പോലെ ശാന്തരശ്മികൾ തൂകിക്കൊണ്ട് മഹാകവി അക്കിത്തം അക്ഷരങ്ങളായി, കവിതയായി ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ഒരു പുഞ്ചിരികൊണ്ട് നിത്യ നിർമ്മല പൗർണമി പരത്തിയ കാവ്യപ്രപഞ്ചത്തിൻ്റെ ശിലപിയ്ക്ക് ഒരായിരം ശ്രദ്ധാഞ്ജലികൾ...
- സാനിയ കെ ജെ
ചോദ്യം എന്ന ഉത്തരം
ഒക്ടോബർ 15 നു നമ്മെ വിട്ടു പിരിഞ്ഞ അനശ്വരനായ എഴുത്തുകാരൻ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കവിതയാണ് 'ചോദ്യം എന്ന ഉത്തരം '
പുലരിയുടെ നനുത്ത പ്രഭാത കിരണങ്ങളിലും ഭഗവാന്റെ വിശ്വോത്തര രൂപത്തെ മനസ്സിൽ ധ്യാനിക്കുന്ന കവിയുടെ മനോഭാവത്തെയാണ് ഇവിടെ വർണിക്കുന്നത്. മഴ കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുന്ന പ്രകൃതിയെയാണ് നമുക്ക് ഈ വരികളിൽ ദൃശ്യമാകുന്നത്. മഴയുടെ ആർത്തലച്ച ഭാവത്തെ അദ്ദേഹം അത്ഭുതത്തോടെയും ഭീതിയുടെയും നോക്കി കാണുന്നതിനെ ഉപമിച്ചിരിക്കുന്നത് കൺചിമ്മാതെ പുറത്ത് വരുന്ന കോഴി കുഞ്ഞിനോടാണ്. മഴ പെയ്തു തോടായ തോടും വയലും വരമ്പും തൊടികളും എല്ലാം ഒന്നായി.ഭഗവാന്റെ രൂപത്തെയും ഓടക്കുഴൽ നാദത്തെയും കവി അനുസ്മരിക്കുന്നു. ആ നാദം കേൾക്കാൻ അദ്ദേഹത്തിന്റെ ഉള്ളം തുടിക്കുന്നു.ആ സാന്നിധ്യം അനുഭവിച്ചറിയാത്തത്തിൽ കവി ദുഃഖം പ്രകടിപ്പിക്കുന്നു. വിമാനത്തിന്റെ ഇരമ്പൽ കേട്ടു താൻ മറ്റെവിടെയോ ആണെന്ന യഥാർഥ്യത്തിൽ എത്തുമ്പോൾ കാലം മാറിയപ്പോൾ മനുഷ്യന് വന്ന മാറ്റമാണ് കവിയെ ചിന്തിപ്പിക്കുന്നത്. സ്വാർത്ഥ ചിന്താഗതിയും അഹങ്കാരവും എല്ലാം വർധിച്ചു വരുമ്പോൾ ഭഗവത് നാദവും ചൈതന്യവും മറക്കുന്നു. ഭഗവാന്റെ നാമം ഉച്ഛരിക്കാൻ പോലും മറന്നു പോകുന്നു. മാറിയ കാലത്ത് ദൈവ വിശ്വാസമെല്ലാം മറക്കുന്ന കാലത്ത് ഭഗവാന്റെ സാന്നിധ്യം തന്നെ അപ്രതീക്ഷിതമായി പോയപ്പോൾ ആരാണ് ഞാൻ എന്ന ചോദ്യം ബാക്കിയാകുന്നു.
എന്നും മനസ്സിലേക്ക് ചെക്കെറുന്ന കവിതകളാൽ തിളങ്ങിയ മഹാകവി അക്കിത്തതിന്റെ ഈ കവിതയും വായനക്കാരന്റെ ഉള്ളം നിറക്കുന്നതാണ്.
- അമൃത പി. യു 10 c
ഡ്രൈവർക്കുളന്തൈ
മലയാളസാഹിത്യത്തിലെ മഹാകവിയും ജ്ഞാനപീഠ പുരസ്കാരജേതാവുമാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, വള്ളത്തോൾ അവാർഡ്, സഞ്ജയൻ അവാർഡ് ,എഴുത്തച്ഛൻ പുരസ്കാരം ഉള്ളൂർ അവാർഡ് തുടങ്ങീ ഒട്ടനവധി പുരസ്കാരങ്ങൾക്കർഹനായ അദ്ദേഹത്തിൻ്റെ ഒരു ബാലകവിതയാണ് 'ഡ്രൈവർക്കുളന്തെെ'.
ഒരു കുട്ടിയുടെ കാഴ്ചയിലൂടെ, ആകാംക്ഷയും ,കൗതുകവും ,പരിഭ്രമവും പേടിയുമെല്ലാം ഇടകലർന്നാണ് ഈ കവിത സഞ്ചരിക്കുന്നത്. തീവണ്ടി ഒരു വിശേഷ വസ്തുവായി കണ്ടിരുന്ന കാലത്ത്, പാവുമുണ്ടും പട്ടുകോണകവുമായി ഷൊർണ്ണൂരിലെ റെയിൽവേ സ്റ്റേഷനിലേക്ക് ഒരു കുട്ടി തീവണ്ടി കാണുവാൻ കൗതുകപൂർവ്വം എത്തിച്ചേരുന്നു. ഈ സമയം അവിടേക്ക് ഒരു തീവണ്ടി കിതച്ചു വന്നു നിൽക്കുന്നു. എൻജിനകത്തുനിന്ന് ഡ്രൈവർമാർ ചായ കുടിക്കുന്നതിനു പുറത്തു പോയ തക്കം നോക്കി ആ കുട്ടി എഞ്ചിൻ മുറിയിൽക്കയറിപ്പറ്റുന്നു. എന്തെന്നില്ലാത്ത സന്തോഷവും, ആകാംക്ഷയും മറ്റും കാരണം ആ കുട്ടി പലതിലും തൊട്ടുകളിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു ചൂളം വിളിയോടെ ആ തീവണ്ടി ഉടൻ നീങ്ങാൻ തുടങ്ങി. താൻ ചെയ്തതെന്തെന്നറിയാതെ , വണ്ടി കുതിച്ചു പായുന്നതുകണ്ട് ആ കുട്ടി അവിടെ ഏകനായി പകച്ചു നിന്നു . തന്നെയും കൊണ്ട് എങ്ങോട്ടോ ആ തീവണ്ടി കുതിയ്ക്കുകയാണെന്നവന് മനസ്സിലായി. വിളഞ്ഞ നെൽപ്പാടങ്ങളും കാടുകളും മലകളും പുഴകളും താണ്ടി ആ തീവണ്ടി കുതിച്ചു കൊണ്ടിരുന്നു. ഭീതിയാലും ആശങ്കയാലും അവൻ്റെ ബോധം നഷ്ടപ്പെടുകയും ചെയ്തു. മനസ്സിൽ ബാല്യകാല സംഭവങ്ങളും അമ്മയുടെ ഓർമ്മകളും കടന്നു പോയി. താൻ ചെയ്തെന്തക്രമമാണെന്ന് തിരിച്ചറിയാൻപോലുമാകാതെ ബോധരഹിതനായ അവൻ ഉണർന്നപ്പോൾ ഏതോ സ്റ്റേഷനിൽ വണ്ടി നിൽക്കുകയായിരുന്നു. കൽക്കരി തീർന്നിട്ടോ മറ്റോ ആ വണ്ടിയവിടെ ഓടാതെ നിൽക്കുകയായിരുന്നു. അവിടെയുള്ളവരെല്ലാം അവനെ ഒരു കൊച്ചു ഡ്രൈവറായി അഭിനന്ദിക്കുകയാണുണ്ടായത്.
ഈ കവിതയിൽ തീവണ്ടിയെ മനുഷ്യൻ്റെ ജീവിതമായി തന്നെ കവി സങ്കൽപിച്ചിരിക്കാം. നാം സങ്കല്പിക്കുന്ന പോലെയല്ല പലപ്പോഴും നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത് . യാദൃച്ഛികമായി അത് മുന്നോട്ട് നീങ്ങുകയാണ് ചെയ്യുന്നത്. നമ്മുടെ ഇച്ഛയ്ക്കനുസരിച്ചുമല്ല അത് നീങ്ങുന്നത്. നമ്മുടെ പല പ്രവൃത്തികളും അതിന് അറിഞ്ഞോ അറിയാതെയൊ കാരണമായേക്കാം. ആരുടേയോ കൽപ്പനയെന്നപ്പോലെ നാം അറിയാതെ നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നു. എന്നാൽ ഇവയുടെ ഫലം ലഭിക്കുന്നത് നമുക്കു തന്നെയാണ്, എന്നതുപോലെ ഈ കവിതയിൽ കുട്ടിയുടെ ചെറിയൊരു അബദ്ധം കാരണം തീവണ്ടി മുന്നോട്ടു നീങ്ങി. പിന്നീട് അവൻ കണ്ടത് താൻ എവിടെയോ എത്തിയിരിക്കുന്നു എന്നതാണ്. എന്നാൽ ഇതൊന്നും അവൻ അറിഞ്ഞിട്ടോ അല്ലെങ്കിൽ അവൻ്റെ ഇച്ഛയ്ക്കനുസരിച്ചോ ആയിരുന്നില്ല.നമ്മുടെ ജീവിതവും ഇതുപോലെയാണ്.
സാധാരണ ഒരു കുട്ടിയുടെ കൗതുകവും ആകാംക്ഷയും കാരണം അവന് സംഭവിക്കുന്ന ഒരബദ്ധമാണ് കവി ഈ കവിതയിലൂടെ കാണിച്ചു തരുന്നത്. മാത്രമല്ല തീവണ്ടി സഞ്ചരിക്കുമ്പോൾ ചുറ്റും കാണുന്ന പ്രകൃതി സൗന്ദര്യമായ കാഴ്ചകളും, ഒരു റെയിൽവേ സ്റ്റേഷനിലെ കാഴ്ചകളും കവി ഇതിലൂടെ മനോഹരമായി ചിത്രീകരിക്കുന്നു. തികച്ചും രസകരമായ അതോടൊപ്പം എല്ലാ പ്രായക്കാർക്കും അനുഭവവേദ്യമായ ഒരു ബാലകവിതയാണ് 'ഡ്രൈവർക്കുളന്തൈ'.
- ദേവ്ന നാരായണൻ എ 9 E



Comments
Post a Comment