ഗാന്ധിജയന്തി ദിനം

ഗാന്ധിജി എന്ന സന്ദേശം

ഒക്ടോബർ 2
ഗാന്ധിജയന്തി ദിനം

ആദരപൂർവം സ്മരിക്കാം...


ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തി​​​ൻ്റെ വഴികാട്ടി, അഹിംസ എന്ന ആയുധത്താല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിത്വം, കുട്ടികളുടെ സ്വന്തം ബാപ്പുജി. ഏതാണ്ട് 200 ആണ്ട് നീണ്ട അടിമത്തത്തിന് വിരാമമിട്ട് സ്വാതന്ത്ര്യത്തി​​​ൻ്റ പാതയിലേക്ക് നമ്മെ നയിച്ച പൊന്‍താരകം.... നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച ബാപ്പുജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനമായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു.

ജീവിതത്തില്‍ അഹിംസ എന്താണെന്ന് നമ്മളെ പഠിപ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. നമുക്കെല്ലാം മാതൃകയാക്കാന്‍ പറ്റുന്ന ജീവിതങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്.
ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത് വചനങ്ങളും ഒരിക്കൽ കൂടി ഓർമിക്കപ്പെടുകയാണ്.

അഹിംസാമാർഗത്തിലൂടെ നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതം നമുക്കെല്ലാം ഒരു പാഠപുസ്തകം തന്നെയാണ്. അഹിംസയിൽ ഊന്നി ജീവിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്തിരുന്നു ഗാന്ധിജി.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അഹിംസാത്മക യുദ്ധം നടത്തുന്ന നിരവധി സമാധാന പ്രതിഷേധങ്ങള്‍ക്ക് ഗാന്ധിജി നേതൃത്വം നല്‍കി. നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, ഉപ്പ് സത്യാഗ്രഹം എന്നിവയും അതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ താമസിക്കുന്ന 75,000 ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി തൊട്ടുകൂടായ്മക്കെതിരെയും ജാതിവ്യവസ്ഥയ്ക്കെതിരെയും അദ്ദേഹം പോരാടി.
അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയുമാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ആ കാഴ്ചപ്പാടുകൾ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നല്‍കി. ലളിത ജീവിതം കൊണ്ട് ലോകത്തിന് തന്നെ മാതൃകയായ ഗാന്ധിജിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ആത്മകഥ ഇത്തരം പച്ചയായ ജീവിതാനുഭവങ്ങളുടെ പ്രതിഫലനമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന അദ്ദേഹം അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായി.


1948 ജനുവരി 30ന്​ വൈകീട്ട്​ 5.17ന് മതഭ്രാന്തനായ നാഥുറാം വിനായക് ഗോദ്സെയുടെ കൈത്തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയാല്‍ ചേതനയറ്റ് അദ്ദേഹം വീണു. അന്ന് വൈകീട്ട് ആകാശവാണിയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്റു പറഞ്ഞു, ‘‘നമ്മുടെ ജീവിതങ്ങളില്‍നിന്ന് പ്രകാശം അണഞ്ഞുപോയിരിക്കുന്നു’’ എന്ന്. ജനുവരി 31ന് അദ്ദേഹത്തി​​​ൻ്റെ ഭൗതികശരീരം രാജ്ഘട്ടില്‍ സംസ്‌കരിച്ചു. 1949 നവംബര്‍ 15ന് നാഥുറാം ഗോദ്സെയെയും കുറ്റവാളികളെയും തൂക്കിലേറ്റി. ഒരു ജീവിതംകൊണ്ട് ഒത്തിരി ജീവിതങ്ങള്‍ക്കു വഴികാട്ടിയായ ഈ മഹാത്മാവിനെ ‘രാഷ്​ട്രപിതാവ്’ എന്ന് ആദ്യം വിളിച്ചത് നേതാജി സുഭാഷ്ചന്ദ്ര ബോസ് ആയിരുന്നു. സത്യത്തെ ജീവശ്വാസമാക്കി ധർമത്തി​​​ൻ്റെ പ്രതിരൂപമായി മാറിയ ഇദ്ദേഹത്തെ ആല്‍ബര്‍ട്ട് ഐൻസ്​റ്റൈന്‍ വിശേഷിപ്പിച്ചത് ‘‘ഇങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല’’ എന്നാണ്.

'ഗാന്ധി’ എന്ന കവിതയിൽ ശ്രീ വി മധുസൂദനന്‍ നായർ ചോദിക്കുന്നുണ്ട്: “കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി?”. കനവു പോലെയോ കഥ പോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തിയ മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ വിസ്മയത്തോടെയല്ലാതെ ഇന്നത്തെ തലമുറയ്ക്ക് നോക്കി കാണാനാവില്ല.

മരണം അദ്ദേഹത്തെ പുണർന്നിട്ട് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുകയാണാ മഹാത്മാവ്. ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാർഥം ഒക്ടോബര്‍ രണ്ട്​ ഗാന്ധിജയന്തി ദിനം ഐക്യരാഷ്​ട്രസഭ 2007 ന് അന്താരാഷ്​ട്ര അഹിംസാദിനമായും പ്രഖ്യാപിച്ചു. ഈ 151ാം ജന്മവാർഷിക ദിനത്തിൽ, ഈ ഗാന്ധിജയന്തി ദിനത്തിൽ ഒരിക്കൽ കൂടി നമുക്ക് ആ മഹാത്മാവിനെ പ്രണമിക്കാം.

                  - സാനിയ കെ ജെ

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം