ദേവ്ന നാരായണൻ എ 9 E
മിന്നാമിനുങ്ങ്
പ്രശസ്ത കവി ശ്രീ കുമാരനാശാൻ്റെ ഒരു കവിതയാണ് 'മിന്നാമിനുങ്ങ്'. മിന്നാമിനുങ്ങിൻ്റെ ചലനങ്ങളും മറ്റു സവിശേഷതകളുമെല്ലാം ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒരു കുട്ടിയുടെ കണ്ണുകളാൽ കാണുന്നതുപോലെ വർണ്ണിക്കുകയാണ് കവി. വെളിച്ചത്തിൻ്റെ ഒരംശം പോലെ സ്വതന്ത്ര്യമായി പറന്നു നടക്കുന്ന മിന്നാമിനുങ്ങിനെ കാണുമ്പോൾ കവിക്ക് ആനന്ദവും കൗതുകവും തോന്നുന്നു. എന്നാൽ അത് പറന്നടുക്കുകയും ഒന്ന് തൊടാൻ ശ്രമിക്കുമ്പോഴേക്കും ആകാശത്തേക്ക് പറന്നകലുകയും ചെയ്യുന്ന വർണ്ണനകളിലൂടെ ജീവിതസുഖദുഃഖങ്ങളുടെ ഒരു പ്രതീകം നമുക്ക് മുന്നിൽ കാട്ടിത്തരുന്നു. ദുഃഖങ്ങളുടെ കഠിനമായ ഇരുട്ടിലും മിന്നാമിനുങ്ങിൻ്റെ വെളിച്ചം നമുക്ക് സുഖത്തിൻ്റെ പ്രത്യാശയേകുന്നു. ഇരുട്ടിനിടയിൽ ഏതെങ്കിലും വേലിച്ചെടികളിൽ കാണുന്ന ചെറുപ്രകാശം അതിൻ്റെ സ്ഥാനം അറിയിക്കുന്നു. എപ്പോഴും മിന്നിതിളങ്ങി പ്രകാശിക്കുന്നത് തീയുമില്ല, ചൂടുമില്ല, അതുപോലെ അവ മഴയത്ത് കെടുന്നുമില്ല എന്നും കവി കൗതുകത്തോടെ പറയുന്നു. സ്വർണ്ണം കൊണ്ട് വരച്ച രേഖയെ നമുക്ക് കാണാൻ സാധിക്കില്ല.എന്നാൽ അത് തൻ്റെ സ്വന്തം കവിഭാവനയിൽ കാണാൻ സാധിക്കുന്നതായും അതുപോലെ മിന്നാമിനുങ്ങിനെ ഇരുട്ടിനെ കീറിമുറിക്കുന്ന വജ്രസൂചിയായും കണക്കാക്കുന്നു.
മിന്നാമിനുങ്ങിനെപ്പോലെയാണ് സത്യവും. കള്ളങ്ങളാൽ കൂരിരുട്ടായിരിക്കുകയാണെങ്കിലും അതിൽ മിന്നാമിനുങ്ങിൻ്റെ ചെറിയ പ്രകാശത്തെപോൽ സത്യവും കടന്നു വരും എന്ന് കുട്ടികൾക്കും മറ്റുള്ളവർക്കും ഇതിലൂടെ സൂചന നൽകുകയാണ് കവി. ഒരു കുട്ടികവിതയാണെങ്കിലും അർഥവത്തായ സന്ദേശം കവി കവിതയിലൂടെ നൽകുന്നു.
തൻ്റെ ഭാവനകളാലും രസകരമായ ആകർഷണ വാക്കുകളാലും കവിതയേയും മിന്നാമിനുങ്ങിനേയും ഒരുപോലെ മികവുറ്റതാക്കുകയാണ് കവി.
- ദേവ്ന നാരായണൻ എ 9 E

Good
ReplyDelete