ദേവ്‌ന നാരായണൻ എ 9 E
ഒരു വയസ്സൻ
മലയാളത്തിന്റെ സ്വന്തം കഥാകാരനായ ശ്രീ എം ടി വാസുദേവൻ നായർ മലയാള ഭാഷയിലേക്ക് വിവർത്തനം ചെയ്ത മോപ്പസാങിന്റെ ചെറുകഥയാണ് 'ഒരു വയസ്സൻ'.ലോക ചെറുകഥാരംഗത്തെ അതികായകരിൽ പ്രമുഖനായിരുന്നു ഫ്രഞ്ച് സാഹിത്യകാരനായ ശ്രീ മോപ്പസാങ് . സൈനിക ജീവിതത്തിനു ശേഷം സർക്കാർ ഗുമസ്തനായി ജോലി ആരംഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം തുടങ്ങുന്നതെങ്കിലും 'ബട്ടർ സ്പേസ് ബോൾ' എന്ന ആദ്യ കഥ തന്നെ 'മാസ്റ്റർപീസ് ' രചനയായി വാഴ്ത്തപ്പെട്ടു. വളരെ പെട്ടെന്നു തന്നെ ലോകമെമ്പാടും അദ്ദേഹം പ്രശസ്തനായി.
ഒരു പത്രപരസ്യത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. റോൺഡേലിസ് എന്ന സ്ഥലത്തെകുറിച്ചായിരുന്നു വാർത്ത. 'കുളിച്ചു പാർക്കാനും ദീർഘവാസത്തിനും സ്ഥിരവാസത്തിനും പറ്റിയ ഒരു സ്ഥലം. ഇവിടെനിന്നും ലഭിക്കുന്ന വെള്ളം രക്തശുദ്ധീകരണത്തിനും ദീർഘായുസ്സ് നൽകാൻ വേണ്ട ഗുണങ്ങൾക്കും ലോകോത്തരമാണ് '.എല്ലാ ദിനപത്രങ്ങളിലും ഈ പരസ്യം അച്ചടിച്ചു വന്നു. ഇങ്ങനെയുള്ള നിരവധി വ്യാജവാർത്തകൾ ദിനംപ്രതി പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ഒട്ടേറെ ജനങ്ങൾ ഇത് വിശ്വസിച്ച് അവിടെ പാർക്കാൻ വന്നു.ആ സമയത്താണ് റോൺഡേലിസ്സിൽ ഏതാനും ദിവസം മുമ്പെത്തി, കാടിന്റെ അതിർത്തിയിലെ ഭംഗിയുള്ള ഒരു വില്ല വാടകക്കെടുത്ത് താമസിക്കുന്ന ഒരെൺപത്താറുകാരൻ ഡാറോണിന്റെ കത്ത് സ്റ്റാനഘട്ടത്തിലെ ഡോക്ടർക്ക് ലഭിച്ചത്.ഇപ്പോഴും നല്ല ആരോഗ്യവും പ്രസരിപ്പും മായാതെ നിന്നിരുന്ന മെലിഞ്ഞ ശരീരമുള്ള വൃദ്ധൻ തന്റെ ശരിയായ പ്രായം ആരും അറിയാതിരിക്കാൻ വളരെയേറെ കഷ്ടപ്പെടുന്നുണ്ടെന്ന് ഒറ്റനോട്ടത്തിൽ ആ ഡോക്ടർക്ക് മനസ്സിലായി. അയാൾ അവിടേയ്ക്ക് താമസം മാറ്റാൻ ഒരു പ്രത്യേക കാരണം തന്നെ ഉണ്ടായിരുന്നു. ശ്രീമാൻ ഡാറൂണിന് എപ്പോഴും മരണത്തെപ്പറ്റി അസാധാരണ ഭീതിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അപകടമാണെന്ന് അറിഞ്ഞുകൊണ്ട് പണ്ടുമുതൽക്കേ പലതും അയാൾ ഉപേക്ഷിച്ചിരുന്നു. ദീർഘായുസ്സിന് വേണ്ടി റോൺഡേലിസിലെ വെള്ളം സഹായിക്കുമെന്ന് പൂർണ്ണമായി വിശ്വസിച്ചിരുന്നില്ലെങ്കിലും ചെറിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. തന്റെ ശരീരഭാഗത്തെപ്പറ്റി പറയേണ്ടിവരുമ്പോൾ അദ്ദേഹത്തിന് ഒരു പ്രത്യേകത നിഴലിച്ചിരുന്നു." എന്റെ കാലുകൾ ", "എന്റെ കണ്ണുകൾ", " എന്റെ കൈകൾ " എന്നെല്ലാം പറയുമ്പോൾ ആരും തെറ്റിദ്ധരിക്കേണ്ട, അതൊന്നും മറ്റുള്ളവർക്കുള്ളതല്ല തന്റേതു മാത്രമാണ് എന്ന ഊന്നലുണ്ട്. ഡോക്ടറുടെ സഹായം കൊണ്ട് അവിടെയുള്ള വയോധികരെ കുറിച്ച് അറിയുകയും അവരുടെ ആരോഗ്യനില മനസ്സിലാക്കുകയും ഡാറോൺ ചെയ്തിരുന്നു. അവരിൽ ഒരോരുത്തരുടെ മരണവാർത്ത അറിയുമ്പോഴും ഡാറോൺ ആദ്യം ഒന്നു ഞെട്ടിയെങ്കിലും മരണം ആരോഗ്യപ്രശ്നം മൂലമാണെന്നറിയുമ്പോൾ തനിക്ക് അതുണ്ടാകില്ലെന്ന ശുഭപ്രതീക്ഷയിൽ ആശ്വാസത്തോടെ നെടുവീർപ്പിടുകയും ചെയ്യുമായിരുന്നു. ഒരു വൈകുന്നേരം ഡോക്ടർ പാൾ തിമോണയുടെ മരണവാർത്ത അറിയിച്ചു. കാരണമന്വോക്ഷിച്ചതിനു അദ്ദേഹത്തിനു വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് അയാളുടെ വയസ്സ് എൺപത്തൊൻമ്പതാണെന്നു ഡോക്ടർ പറഞ്ഞു. "അപ്പോൾ വാർദ്ധക്യം കൊണ്ടല്ല " എന്നായിരുന്നു ഡാറോണിന്റെ മറുപടി. പ്രായമേറുമ്പോഴും അതിനെ അംഗീകരിക്കുവാനും അതുമായി പൊരുത്തപ്പെടാനും ശ്രമപ്പെടുന്ന സാമാന്യമനുഷ്യരെ പോലെയാണ് ഡാറൂണും.തനിക്ക് ഇപ്പോഴും എഴുപത് തികഞ്ഞിട്ടില്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. തന്റെ ആരോഗ്യത്തിനുവേണ്ടി പലതും ഉപേക്ഷിക്കുകയും വ്യായാമങ്ങൾ ചെയ്യുകയും ദീർഘായുസ്സിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു. എപ്പോഴും ഒരു യുവാവായി കഴിയാനായിരുന്നു അദ്ദേഹത്തിനു താൽപര്യം.
ഇന്നും മനുഷ്യർ യുവാക്കളായി തന്നെ തുടരാനുള്ള വിദ്യകളന്യേഷിച്ച് പോകുന്നു. വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ ഇന്നത്തേപ്പോലെ അന്നും യാതൊരു കുറവും ഉണ്ടായിരുന്നില്ല. ഇന്നും നിരവധി വ്യാജവാർത്തകൾ പലതരം സാങ്കേതിക വിനിമയങ്ങളിലൂടെ പ്രചരിക്കുന്നു. അവ വിശ്വസിക്കുന്നവരും ഏറെയാണ്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഈ കഥയെങ്കിലും നമ്മുടെ തലമുറയുമായി വളരെയേറെ ചേർന്നു നിൽക്കുന്നു. പ്രശസ്ത കഥാകൃത്ത് എം ടിയുടെ വിവർത്തനം ഈ കഥയ്ക്ക് കൂടുതൽ തിളക്കമേകുന്നു എന്ന് പറയാതെ വയ്യ. കെട്ടിലും മട്ടിലും ഒരു മുത്തശ്ശിക്കഥയെന്ന പോലെ വായിച്ചു രസിക്കാവുന്ന ഒന്നാണ് ഇത്. മാത്രമല്ല നമ്മുടെ ഈ കാലഘട്ടത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു ഉദാഹരണം കൂടിയാണ് ഈ കഥ.
- ദേവ്ന നാരായണൻ എ 9E

Good one Devna👏👏👍
ReplyDeleteVery Nice Devna.. Keep writing .all the best !
ReplyDeleteVery Nice Devna.. Keep writing .all the best !
ReplyDelete