ഭദ്ര എ എം 9 C

നെയ്പ്പായസം
                                               


                    മലയാളികൾക്ക് എന്നും വായനയുടെ വസന്തകാലം സമ്മാനിച്ചിട്ടുള്ള മാധവിക്കുട്ടിയുടെ ഹൃദയസ്പർശിയായ ഒരു കഥയാണ് നെയ്പ്പായസം. കഥയുടെ പേരുപോലെതന്നെ കഥാകാരി അക്ഷര സദ്യയുടെ നെയ്പ്പായസം ആണ് വായനക്കാർക്ക് തരുന്നത്.
എന്നാൽ ആ നെയ്പ്പാസത്തിന് കണ്ണുനീരിന്‍റെ ഉപ്പുരസം ആണുള്ളത്.
                    ഭാര്യ നഷ്ടപ്പെട്ട് മൂന്ന് കുട്ടികളുമായി ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു അച്ഛന്റെ മനോവ്യഥകൾ ആണ് കഥയുടെ പ്രമേയം. ഒരർഥത്തിൽ പറഞ്ഞാൽ ആ ചിതയോടൊപ്പം എരിഞ്ഞടങ്ങിയത് അദ്ദേഹത്തിന്റെ ജീവിത സ്വപ്നങ്ങൾ കൂടിയായിരുന്നു. തന്നോട് ഒരു വാക്കുപോലും പറയാതെ കടന്നുപോയ ഭാര്യയോട് അദ്ദേഹത്തിനുള്ള സങ്കടവും പരിഭവവും ഏറെയാണ്.
                                   കുറഞ്ഞ ചിലവിൽ ഭാര്യയുടെ ശവദാഹം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആ ദിവസം നടന്ന പ്രധാന സംഭവങ്ങളും ഭാര്യയുടെ സംഭാഷണവും എല്ലാം ഓർത്തെടുക്കാൻ ശ്രമിക്കുന്നു. എന്നാൽ 'ഇന്ന് തിങ്കളാഴ്ച അല്ലേ ഉണ്ണി ഇങ്ങനെ കിടന്നാൽ മതിയോ' എന്ന ഭാര്യയുടെ വാക്കുകൾ ഒഴികെ മറ്റൊന്നും അദ്ദേഹത്തിന്റെ ഓർമയിലേക്ക് കടന്നുവരുന്നില്ല. അദ്ദേഹം നാമജപം പോലെ അത് മനസ്സിൽ ഉരുവിടുന്നു.
                       വീട്ടിലെത്തുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട അമ്മ എന്നെന്നേക്കുമായി തങ്ങളെ വിട്ടുപോയി എന്ന സത്യം അറിയാതെ അമ്മയെ തിരക്കുന്ന മകനോട് വിങ്ങിപ്പൊട്ടുന്ന മനസ്സുമായി   അമ്മതിരികെ വരുമെന്ന മറുപടി അയാള്‍ നൽകുമ്പോൾ വായനക്കാരുടെ മനസ്സും നീറിപ്പുകയുകയാണ്.
                                                  രാത്രിയായിട്ടും ഉറങ്ങാതിരിക്കുന്ന മകൻ ഉണ്ണിയോട് വിശന്നിരിക്കണ്ട ഉപ്പുമാവ് ഉണ്ടാക്കി തരട്ടെ എന്ന് ചോദിക്കുമ്പോൾ അമ്മയുടെ നെയ്പ്പായസം മതീ എന്ന  ഉണ്ണിയുടെ മറുപടി കേൾക്കുമ്പോൾ ജീവിതത്തിലൊരിക്കലും തന്റെ ഭാര്യയുടെ ഭക്ഷണം മക്കൾക്കും തനിക്കും കഴിക്കാനാവില്ല എന്ന് അദ്ദേഹം വേദനയോടെ ഓർക്കുന്നു. അമ്മ ഉണ്ടാക്കാറുള്ള നെയ്പ്പായസത്തിന് നല്ല രുചിയാണ് എന്ന് മകനോട് പറഞ്ഞു. തന്റെ ദുഃഖത്തെ ഒരു ചിരിയുടെ പുറകിൽ മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
                         അധികം കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇല്ലെങ്കിലും ചെറിയ ചെറിയ സംഭാഷണശകലങ്ങൾ വായനക്കാരുടെ ഹൃദയങ്ങളിൽ തുളച്ചു കയറുന്നു. കുട്ടികളുടെ നിഷ്കളങ്കതയും അതേസമയം അച്ഛന്റെ ദുഃഖവും തമ്മിലുള്ള വൈരുദ്ധ്യവും കഥയെ വേറിട്ടതാക്കുന്നു. മാധവിക്കുട്ടിയുടെ മറ്റു കഥകളിലേതു പോലെ ശക്തമായ സ്ത്രീസാന്നിധ്യം ഈ കഥയിലും നമുക്ക് കാണാം. ഒരു  സ്ത്രീ  തന്റെ   കുടുംബം നിയന്ത്രിക്കുന്നതിൽ    എത്രമാത്രം പ്രാധാന്യം വഹിക്കുന്നു എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. കഥ ഒരിക്കലും തീര്‍ന്നുപോകരുതേ എന്ന് വായനക്കാരനെ തോന്നിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനശൈലി മാധവിക്കുട്ടിയെ മറ്റുള്ള എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നു.

             - ഭദ്ര എ എം 9 C

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം