ഭദ്ര എ എം 9 C
പൊതിച്ചോറ്
മലയാളകഥയുടെ ചരിത്രത്തിൽ, പിതൃതുല്യൻ എന്നു വിശേഷിപ്പിക്കാവുന്ന ശ്രീ കാരൂർ നീലകണ്ഠപ്പിള്ളയുടെ കഥയാണ് 'പൊതിച്ചോറ്'. കാലിക പ്രസക്തിയുള്ളതാണ് അദ്ദേഹത്തിന്റെ സാഹിത്യരചനകൾ. തൻ്റേതായ അനുഭവ സീമകൾക്കുള്ളിൽ നിന്നുകൊണ്ട് മധ്യവർഗത്തൻ്റ കഥ പറഞ്ഞ കഥാകൃത്താണ് കാരൂർ.
വിശപ്പിന്റെ മൂല്യം എന്താണെന്ന് 'പൊതിച്ചോറ്'എന്ന കഥ നമ്മോട് പറയുന്നു. ഒരധ്യാപകനായിരുന്ന അദ്ദേഹം ഒരു കാലഘട്ടത്തിൽ അധ്യാപകർ അനുഭവിച്ചു വന്ന യാതനകൾ ഈ കഥയിലൂടെ ആവിഷ്കരിക്കുന്നു. വിദ്യാലയത്തിൽ ഒരു ദിവസം ഒരു കുട്ടിയുടെ പൊതിച്ചോറ് കാണാതാകുന്നു. അതിനെതുടർന്നുള്ള സംഭവ വികാസങ്ങളാണ് കഥയുടെ പ്രമേയം. പൊതിച്ചോറ് ആരു മോഷ്ടിച്ചു എന്നതായിരുന്നു പ്രധാന വിഷയം. നിഷ്കളങ്കരായ കുട്ടികൾ അവരുടെ ഊഹാപോഹങ്ങൾക്കനുസരിച്ച് കള്ളൻ ആര് എന്ന് ചർച്ചചെയ്യുന്നു. കുട്ടികളെ ചോദ്യംചെയ്ത അധ്യാപകർ അവശരാകുന്നു. ഓരോരുത്തരെയും സംശയദൃഷ്ടിയോടെ നോക്കി കാണുന്നു. പൊതിച്ചോറിനേക്കാൾ വിലപിടിച്ച ഒരുപാടു വസ്തുക്കൾ വിദ്യാലയത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് ചോറു മോഷ്ടിച്ചു എന്നതു വിചിത്രമായി തോന്നാം.
സ്കൂൾ വിട്ടശേഷം പ്രഥമാധ്യാപകൻ തളർന്നിരുന്നു പോകുന്നു. ഒന്നും മനസ്സിൽ നിൽക്കുന്നില്ല, പഠിപ്പിച്ചതൊന്നും ശരിയാകുന്നില്ല.
ഒടുവിൽ അദ്ദേഹം മാനേജർക്ക് എഴുതുന്ന കത്തിലെ വരികൾ വായനക്കാരൻ്റെ കണ്ണു നനയിക്കുന്നു. താനാണ് ചോറുമോഷ്ടിച്ചതെന്ന് അദ്ദേഹം ഏറ്റുപറയുമ്പോൾ വായനക്കാരന് ആ സത്യം ഉൾക്കൊള്ളാനാവുന്നില്ല. വിശപ്പിനോളം രുചിയുള്ള ഭക്ഷണം വേറെയില്ലെന്ന് ഞാനോർത്തു പോയി.
കുട്ടികളെ നേർവഴിക്കു നയിക്കേണ്ട അധ്യാപകൻ തന്നെ തന്റെ ശിഷ്യൻ്റെ ചോറു മോഷ്ടിക്കുന്നതിനുള്ള വൈരുധ്യം ഒന്ന് ആലോചിച്ചു നോക്കൂ. ഇന്നത്തെ അധ്യാപകൻ ദാരിദ്ര്യത്തിൻ്റെ മറക്കുടയിൽ നിന്ന് പുറത്തു വന്നെങ്കിലും പട്ടിണി നമുക്കിന്നും അകലെയല്ല. ഭക്ഷണം രുചിയില്ല എന്ന് പറഞ്ഞു മുഖംതിരിച്ച് പാഴാക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുന്നവർ ഏറെയുണ്ട്.
പരിഷ്കൃതസമൂഹം എന്ന് അവകാശപ്പെടുമ്പോഴും ആഹാരം മോഷ്ടിച്ച 'മധു' വിനെ തല്ലിക്കൊന്ന നാം എന്നാണ് പട്ടിണിയുടെ ദാരിദ്ര്യത്തിൻ്റെ വില മനസ്സിലാക്കുക അല്ലേ. ഇന്നും ഏറെ കാലിക പ്രസക്തിയുള്ള പ്രമേയമായതുകൊണ്ടു തന്നെയാണ് കാരൂരിന്റെ കഥകൾ ഇന്നും കാലാതീതമായി നിലനിൽക്കുന്നത്.
- ഭദ്ര എ എം 9 C

നന്നായ്
ReplyDeleteആശംസ