ഭദ്ര എ എം 9 C

മനുഷ്യപുത്രി


അഗ്നിസാക്ഷി എന്ന ഒരൊറ്റ നോവലിലൂടെ മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ ലളിതാംബിക അന്തർജനത്തിന്റെ ഹൃദയസ്പർശിയായ കഥയാണ് മനുഷ്യപുത്രി.
                     ജീവിതത്തിന്റെ കുത്തൊഴുക്കിൽ പിന്നിട്ട വഴികൾ മറന്നുപോയ ഗോവിന്ദൻകുട്ടി എന്ന രാഷ്ട്രീയ പ്രവർത്തകൻ്റെ ഓർമ്മകളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. ഗോവിന്ദൻകുട്ടി എന്ന സാമൂഹ്യപ്രവർത്തകൻ്റെ സഹായം തേടി ഒന്നിനുപുറകെ ഒന്നായി ആളുകൾ കടന്നുവരുമ്പോൾ തൻ്റെ ഉള്ളിൽ തിളച്ചുമറിയുന്ന ദേഷ്യത്തെ അദ്ദേഹം കടിച്ചമർത്തുന്നു.താനും ഒരു മനുഷ്യനാണെന്ന് ഓർക്കണം എന്ന് പറയുമ്പോഴും വരുന്നവരുടെയെല്ലാം പ്രശ്നങ്ങൾ അദ്ദേഹം ക്ഷമയോടെ ശ്രവിക്കുന്നു. ആരെയും മടക്കി അയക്കുന്നില്ല. നല്ല പക്വതയാർന്ന ഒരു രാഷ്ട്രീയപ്രവർത്തകനെ നമുക്ക് ഗോവിന്ദൻകുട്ടിയിൽ കാണുവാൻ സാധിക്കും. വേദികളിൽ നിന്ന് വേദികളിലേക്ക് നല്ലൊരു പ്രാസംഗികനായി രാഷ്ട്രീയ പ്രവർത്തകനായി ഗോവിന്ദൻകുട്ടി അങ്ങനെ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്നു.
             ഏറെ തിരക്കേറിയ ഒരു ദിവസം തന്നെ കാണുവാനായി   കടന്നുവരുന്ന കുഞ്ഞാത്തോലമ്മ ഗോവിന്ദൻകുട്ടിയെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ദാരിദ്ര്യം നിറഞ്ഞ തന്റെ കുട്ടിക്കാലത്ത്, തന്നെ സ്നേഹപൂർവ്വം ഊട്ടിയ ആ അന്നപൂർണേശ്വരിയോട് ഗോവിന്ദൻകുട്ടിക്കുള്ള കടപ്പാട് കുറച്ചൊന്നുമല്ല. സ്വന്തം മക്കളെക്കാളേറെ തന്നെ സ്നേഹിച്ച,  അന്നത്തോടൊപ്പം സ്നേഹവും വിളമ്പി തന്ന കുഞ്ഞാത്തോലമ്മ ഗോവിന്ദൻകുട്ടിയുടെ ജീവിതത്തിൻ്റെ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. ഒരുപക്ഷേ കുഞ്ഞാത്തോലമ്മ ഇല്ലായിരുന്നെങ്കിൽ ഗോവിന്ദൻകുട്ടി എന്ന വടവൃക്ഷം എന്നേ മുരടിച്ചുപോയേനെ. ഗോവിന്ദൻകുട്ടിയുടെ ജീവിതത്തിന്റെ ദിശ തന്നെ മാറി പോയേനെ. താൻ വലിയ ആളാകും എന്ന് അനുഗ്രഹിച്ച് ആശീർവദിച്ച കുഞ്ഞാത്തലമ്മയുടെ ഇന്നത്തെ നിസ്സഹായരൂപം ഗോവിന്ദൻകുട്ടിയുടെ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നു. തന്റെപേരക്കുട്ടിയെ സ്കൂളിൽ ചേർക്കാൻ സഹായിക്കണമെന്നും ഉച്ചഭക്ഷണം എങ്കിലും കിട്ടുമല്ലോ എന്നു കരുതിയിട്ടാണെന്നുമുള്ള കുഞ്ഞാത്തോലമ്മയുടെ യാചന വായനക്കാരുടെ മനസ്സിൽ നൊമ്പരമുണർത്തുന്നു.
           അന്നവും സ്നേഹവും ജാതിമത വ്യത്യാസമില്ലാതെ മത്തായിക്കും മമ്മദിനും ചാത്തൻപുലയനും പകർന്നു നൽകിയ ആ വലിയ മനസ്സ് തൻ്റെകൊച്ചുമക്കൾക്കുവേണ്ടി കൈനീട്ടുമ്പോൾ ഗോവിന്ദൻകുട്ടിയുടെ മനസ്സ് പശ്ചാത്താപംകൊണ്ട് പിടയുന്നു. തന്നെ താനാക്കിമാറ്റിയ തന്റെ കുഞ്ഞാത്തോലമ്മയെ ഇത്രയും നാൾ തിരിഞ്ഞുനോക്കാതിരുന്നതിൽ അദ്ദേഹത്തിന്റെ മനസ്സിൽ കുറ്റബോധം ഉടലെടുക്കുന്നു. കുഞ്ഞാത്തോലമ്മയുടെ കുടുംബവും മക്കളും ഇല്ലവുമെല്ലാം ഇന്ന് തകർന്നടിഞ്ഞിരുന്നു. ഒരർത്ഥത്തിൽ ദാനംചെയ്തു നശിച്ചുപോയിരിക്കുന്നു. ഇത് ഒരു കാലഘട്ടത്തിന്റെ പ്രതീകംകൂടിയാണ്.
                 അവസാനം, തന്റെ എല്ലാ തിരക്കുകളും മാറ്റി വച്ചുകൊണ്ട് ഗോവിന്ദൻകുട്ടി കുഞ്ഞാത്തോലമ്മയെ  തന്നോട് ചേർത്തുനിർത്തുന്നു. മനുഷ്യനായതുകൊണ്ടുമാത്രം കാര്യമില്ലെന്നും മനുഷ്യത്വമാണ് അവനെ മനുഷ്യനാക്കുന്നതെന്നും ഈ കഥ വായനക്കാരനെഓർമ്മിപ്പിക്കുന്നു. കുഞ്ഞാത്തോലമ്മ എന്ന കഥാപാത്രം,  ആ സ്നേഹസ്വരൂപിണി,  ആ മനുഷ്യപുത്രി,  അനുവാചകരുടെ മാനസപുത്രി ആയി മാറുന്നു .

                            - ഭദ്ര എ എം 9 C

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം