ഭദ്ര എ എം 9 C
പതിമൂന്ന് വയസ്സായ മകൾ
മലയാളത്തിലെ നിത്യഹരിത കഥാകാരിയായ മാധവിക്കുട്ടിയുടെ ചെറുകഥയാണ് 'പതിമൂന്ന് വയസ്സായ മകള്‍'. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പതിമൂന്ന് വയസുകാരിയായ മകളാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. അച്ഛനും അമ്മയും മകളുമടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് കഥാപശ്ചാത്തലം.
പതിമൂന്ന് വയസ്സിനാണോ, അതോ മകൾക്കാണോ അതോ പതിമൂന്ന് വയസ്സുകാരിയായ മകളോടുള്ള രക്ഷിതാക്കളുടെ സമീപനത്തിലാണോ കുഴപ്പം എന്നു വായനക്കാരെ ചിന്തിപ്പിക്കുന്നു. നാടകത്തിൽ പങ്കെടുത്ത മകളെ അച്ഛൻ ശകാരിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. പതിമൂന്ന് വയസ്സായില്ലേ ഇനിയും എന്തിനാ ഈ കോമാളിവേഷം കെട്ടുന്നത് എന്നാണ് അച്ഛന്റെ ചോദ്യം. പതിമൂന്ന് വയസ്സ് ഇവിടെ ഒരു പ്രശ്നമേ അല്ല, മറ്റു കാലഘട്ടം കടന്നുപോയത് പോലെ അവൾക്ക് ഈ കാലഘട്ടവും ആഘോഷിക്കാം. പെൺകുട്ടിക്ക് സൗന്ദര്യമാണ് ഏറ്റവും വലുതെന്നു വിശ്വസിക്കുന്ന അമ്മയും മകൾക്ക് പതിമൂന്ന് വയസ്സായി എന്ന ആധിയിൽ ജീവിക്കുന്ന അച്ഛനേയും ഈ കഥയിൽ നമുക്ക് കാണാം.
മകൾ കറുത്തതാണ്, കഷണ്ടി നെറ്റിയാണ് മെലിഞ്ഞ ശരീരമാണ് എന്നൊക്കെ പറഞ്ഞു സദാസമയവും അമ്മ മകളെ കളിയാക്കുന്നു. അമ്മയുടെ കുറ്റപ്പെടുത്തലും കളിയാക്കലും ആ കൗമാരക്കാരിയായ മകളിൽ എത്രമാത്രം ആത്മസംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് അമ്മ അറിയുന്നതേ ഇല്ല. കറുത്തനിറമാണ് എന്ന പേരിൽ മകൾക്കു വർണ്ണശോഭയുള്ള വസ്ത്രങ്ങൾവാങ്ങികൊടുക്കുന്നില്ല. മകൾക്ക് വെള്ളയാണ് ചേർച്ച എന്ന് അമ്മ പറയുന്നു. അമ്മയുടെ ഇത്തരം പെരുമാറ്റം ഉൾക്കൊള്ളുവാൻ അച്ഛന് പോലും സാധിക്കുന്നില്ല. കറുത്തനിറം മോശമാണെന്നുള്ള വികലമായ ചിന്ത മകളുടെ ഉള്ളിൻ്റെയുള്ളിൽ അടിഞ്ഞുകൂടുന്നു. പിന്നീട് മകൾ സ്വയം എപ്പോഴും അമ്മയോട് താരതമ്യപ്പെടുത്താൻ തുടങ്ങി. അമ്മ എത്ര സുന്ദരിയാണെന്ന് അവൾ ചിന്തിക്കുന്നു. അമ്മയുടെ കുറ്റപ്പെടുത്തലും കളിയാക്കലും അവൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും അച്ഛൻ്റെ ചെറിയ കുറ്റപ്പെടുത്തൽ പോലും അവളെ ഏറെ വേദനിപ്പിക്കുന്നു. ഒരുപക്ഷേ പെൺമക്കൾക്ക് അച്ഛനോടുള്ള ആത്മബന്ധം കൂടുതലാണെന്ന് പറയുന്നത് ശരിയായിരിക്കാം.
മകളുടെ സൗന്ദര്യം കണ്ട് ആരും വിവാഹം കഴിക്കാൻ വരില്ലെന്നും അതുകൊണ്ട് കൂടുതൽ സ്ത്രീധനം കരുതിവച്ചുകൊള്ളുവാനും അമ്മ ഇടയ്ക്കിടെ അച്ഛനെ ഓർമ്മിപ്പിക്കുന്നു. ഒരുപക്ഷേ കഥാകാരി ഈ സന്ദർഭം മനപ്പൂർവ്വം സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതായിരിക്കാം. കുട്ടികളുടെ ഇളംമനസ്സിൽ വർണ്ണവിവേചനവും അപകർഷതാബോധവും വളർത്തുന്ന രീതിയിലുള്ള അമ്മയുടെ സമീപനം വായനക്കാരിൽ വെറുപ്പുളവാക്കുന്നു. അമ്മയുടെ ഇത്തരം പെരുമാറ്റം അച്ഛനിലും കുറ്റബോധം വളർത്തുന്നു. അച്ഛൻ പലപ്പോഴും മകൾക്കുവേണ്ടി വാദിക്കുന്നുണ്ട്. അച്ഛനുംമകളും തമ്മിലുള്ള ഊഷ്മള ബന്ധം നമുക്കിവിടെ കാണാം.
പതിമൂന്ന് വയസുകാരിയായ തന്റെ മകൾ കുത്തിക്കുറിച്ച കവിതയിലെ വരികൾ അദ്ദേഹത്തിന്റെ മനസ്സിലേക്ക് തറഞ്ഞുകയറുന്നു. സ്നേഹത്തിനുവേണ്ടി ആഗ്രഹിക്കുന്ന ഭ്രാന്തമായ ഒരു മനസ്സ് അദ്ദേഹം ആ വരികളിൽ കണ്ടെത്തുന്നു.
'എന്റെ സ്നേഹം മഴയാണ് എന്റെ സ്നേഹം ഭ്രാന്തമായ ഒരു മഴയാണ്...'
അങ്ങനെപോകുന്നു ആ വരികൾ. ആ വരികൾ വായിച്ച് അദ്ദേഹം ഏറെ കുറ്റബോധത്തോടെയും ലജ്ജയോടെയുമാണ് തന്റെ മുറിയിലേക്ക് മടങ്ങുന്നത്. ഉറക്കത്തിൽ അദ്ദേഹം ഒരു സ്വപ്നം കാണുന്നു, താനും ഭാര്യയും മകളും ഒരു വഞ്ചിയിൽ സഞ്ചരിക്കുന്നു. മകൾക്ക് രണ്ടുവയസ്സ് മാത്രമാണ് പ്രായം. ആ രണ്ടു വയസ്സുകാരി തോണി മറച്ചിടുവാൻ ശ്രമിക്കുന്നു. ഈ സ്വപ്നംകണ്ട് അദ്ദേഹം ഞെട്ടിയുണരുന്നതോടെ കഥ അവസാനിക്കുന്നു.
സ്ത്രീപക്ഷത്തു നിന്ന് മാത്രമല്ല ഈ കഥ ആഖ്യാനം ചെയ്തിരിക്കുന്നത്. മറിച്ച് പുരുഷൻ്റെ വീക്ഷണ കോണിലൂടെയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. തികച്ചും മനഃശാസ്ത്രപരമായരീതിയാണ് കഥാകാരി സ്വീകരിച്ചിരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന മനസ്സ് നമുക്ക് ഇവിടെ കാണാം. സ്ത്രീധനം, വിവാഹം, സൗന്ദര്യം ഇതിലെല്ലാമുപരി ഓരോ പെൺകുട്ടിക്കും അവരുടേതായ വ്യക്തിത്വമുണ്ട്ൺ. പെൺകുട്ടികളെ സ്നേഹത്തോടെ ആത്മവിശ്വാസം ഉള്ളവരായി വളർത്തുകയാണു വേണ്ടത്. അതാണ് അവരുടെസൗന്ദര്യം. മുതിർന്നവരെ അളക്കുന്ന അളവുകോൽ വെച്ച് എന്തിനാണ് ഒരു കുട്ടിയെ അളക്കുന്നതെന്നുള്ള അച്ഛൻ്റെ ചോദ്യം വായനക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. ആ ചോദ്യം ഈ സമൂഹത്തോടുള്ള ഒരു ചോദ്യം കൂടിയാണ്.
- ഭദ്ര എ എം 9 c

Comments
Post a Comment