അമൃത പി യു 10C

തൊട്ടുകൂടാത്തവരുടെ തീണ്ടിക്കൂടായ്മകൾ 
   

                   
                      
 പ്രശസ്ത സാഹിത്യകാരൻ കാവിൽരാജിന്റെ സമകാലിക പ്രസിദ്ധീകരണങ്ങളിലെ ഇടപെടലുകളുടെ സമാഹാരമാണ് 'തൊട്ടുകൂടാത്തവരുടെ തീണ്ടികൂടായ്മകൾ '. ഇത് കേരള സമൂഹം ആവശ്യപ്പെടുന്ന കാലത്തിന്റെ ഒരു ഉരകല്ലാണ്. സ്വാതന്ത്ര്യം ലഭിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജന്മി-കുടിയാൻ എന്നീ വ്യതാസങ്ങൾ നിലനിൽക്കുന്ന ഈ സമൂഹത്തിനോട് മാറ്റത്തിന്റെ തിരിച്ചറിവ് നൽകുകയാണ് അദ്ദേഹം. 
                 ശതകോടീശ്വരന്മാരുടെ ആഗോള പട്ടികയിൽ കഴിഞ്ഞ ഒരു ദശകം കൊണ്ട് ഇടം പിടിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാരാണ്. ഇത്തരം അസമത്വങ്ങളിലേക്കും ഈ ലേഖനങ്ങൾ വിരൽ ചൂണ്ടുന്നുണ്ട്. ഈ വൈരുദ്ധ്യത്തിനിടക്ക് പുലരുന്ന ഒരു സമൂഹത്തിന്റെ ഭൂതകാല, സമകാലിക ചരിത്ര ചിത്രങ്ങളാണ് പന്ത്രണ്ട് ലേഖനങ്ങളുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജ്യോതിറാവു ഫൂലേയിൽ നിന്ന് തുടങ്ങി 'ജാതി -സമുദായങ്ങളിലും രാഷ്ട്രീയ 'ത്തിൽ അവസാനിക്കുന്ന പഠന നിരൂപണങ്ങൾ. അധ:സ്ഥിതരുടെ ജീവിതത്തിന്റെ ഭൂതവും ഭാവിയും സമകാലികാനുഭവാവസ്ഥയിൽ പക്ഷപാതിത്യത്തോടുതന്നെ നിരൂപിക്കുകയാണ്.                             
                           പ്രപഞ്ചം മാറ്റങ്ങൾക്ക് വിധേയമത്രെ. മനുഷ്യമനസ്സുകളെ മാറ്റിയെടുക്കാൻ നമ്മുടെ പൂർവികർ എത്രയോ ശ്രമിച്ചിരിക്കുന്നു. പക്ഷെ, ജാതി-മതങ്ങളിലെ അനീതികളെയും അനാചാരങ്ങളെയും നശിപ്പിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഇതൊരു കണ്ണാടിയാണ്. നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വങ്ങളും സാമൂഹിക പൊതുരംഗത്തെ സംഘടനാ പ്രവർത്തകരും സ്വന്തം മുഖം നോക്കി തങ്ങളെത്തന്നെ തിരിച്ചറിയാനും സ്വയം തിരുത്താനുമുള്ള കണ്ണാടി. 
                        തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്ന അധ:സ്ഥിത വർഗ്ഗത്തിന്റെ പ്രതികരണങ്ങളും യാതനകളും ആണ് ഈ പുസ്തകത്തിൽ വെളിവാകുന്നത്. ജാതി മത ഭേദം നിലച്ചുപോയി എന്നു പറയുമ്പോഴും  നമ്മുടെ നാട്ടിൽ ജന്മികളുടെ അനീതികളും ക്രൂരതകളും സഹിച്ചു ജീവിക്കുന്ന അധ:സ്ഥിതവർഗ്ഗങ്ങൾ നിലനിൽക്കുന്നു. ഡോ. ബി. ആർ. അംബേദ്കർ,  ശ്രീനാരായണ ഗുരു പോലുള്ളവർ ഈ അനീതികൾക്ക് വിലങ്ങുതടിയാകാൻ സമൂഹത്തിലേക്കിറങ്ങിയിട്ടും ഇന്നും അധ:സ്ഥിതർ തങ്ങൾക്കു കിട്ടേണ്ട നീതിയും മനുഷ്വത്വവും ലഭിക്കാതെ ജീവിതത്തിന്റെ ഇരുളിലേക്ക് ഒതുങ്ങുന്നു. പ്രതികരണ ശേഷിയില്ലാതെ ഒതുങ്ങുന്ന അവരോട് ഇതിനെതിരെ കൂട്ടായി നിന്നുകൊണ്ട് എതിർത്തുതോൽപ്പിക്കണമെന്നു ഉപദേശിക്കുന്നു. സമൂഹത്തിൽ ദരിദ്രരായും അധ:സ്ഥിതരായും അപമാനിതരായും ഇന്നും കഴിയുന്ന കോടിക്കണക്കിനു ജനവിഭാഗങ്ങൾക്ക് വേണ്ടി വിളക്കും ശബ്‍ദവുമായ പരിഷ്കർത്താക്കളുടെയും വിപ്ലവകാരികളുടെയും പ്രവർത്തനങ്ങളും ത്യാഗങ്ങളും മാതൃകകളും ഇതിൽ പരാമർശിക്കുന്നുണ്ട്. സവർണരും അവർണരും തമ്മിൽ അകലുകയല്ല അടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. അധ:സ്ഥിത വർഗത്തെ താഴെത്തട്ടിലേക്ക് മാറ്റിയിട്ട് വികസനത്തിന്റെ പാതയിലേക്ക് രാജ്യം നീങ്ങുമ്പോൾ പ്രതിസന്ധികൾ ഏറുകയാണുണ്ടാകുന്നതെന്നു അദ്ദേഹം മേലധികാരികളെ ബോധ്യപ്പെടുത്തുന്നു. കാരണം, അധ:സ്ഥിതരെ പാർശ്വവത്കരിക്കപ്പെടുന്നതും അവർക്ക് വേണ്ട സ്ഥാനം ലഭിക്കാതെ അവരുടെ നാശവുമെല്ലാം നമ്മുടെ നാടിന്റെ നാശത്തിലേക്കുതന്നെയുള്ള വഴിവിളക്കാണ്. അവരെ സംരക്ഷിച്ചാൽ മാത്രമേ വികസനം സാധ്യമാകുകയുള്ളൂ. 
                 "ജാതിഭേദംമതദ്വെഷം 
ഏതുമില്ലാതെ സർവരും 
സോദരത്യേന വാഴുന്ന 
മാതൃക സ്ഥാനമാണിത് "
ഇതുപോലെ അനേകം പരിഷ്കർത്താക്കളുടെ വരികളും സമ്മേളിച്ചിരിക്കുന്നു. മനുഷ്യൻ മനുഷ്യനായി ജീവിക്കണം മനുഷ്യനെ അറിയണം. അവനൊരൊറ്റ ജാതിയും പ്രകൃതിയെന്ന ദൈവവും മാത്രമേ ഉള്ളൂ എന്ന വലിയൊരു സന്ദേശം ഇതിലൂടെ കാവിൽരാജ് വായനക്കാരന് നൽകുന്നു. ദളിതനും നിസ്വനും വിവിധ മതസ്ഥനും സ്ത്രീക്കും പുരുഷനും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും തുല്യത ഉറപ്പുവരുത്താൻ ജനങ്ങൾ ഒരു ഭരണഘടനയും ഭരണാധികാരവും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടും കോരന്റെ കണ്ണിൽ നിന്ന് കണ്ണീരായി ഇന്നും ചോരയൊഴുകുന്നു. 
                               സത്യം മൂടിവെയ്ക്കപ്പെടുകയും അസത്യവും തെറ്റിദ്ധാരണകളും സമൂഹത്തിൽ വ്യക്തികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാകുന്നു. ജനാധിപത്യ പോരട്ടകുത്തിപ്പിനു ഊർജം നൽകാൻ വിവിധ കോണുകളിൽ നിന്നുള്ള ഇത്തരം വീക്ഷണങ്ങളും ചലനങ്ങളും ഓർമപെടുത്തലുകളും സമൂഹത്തിനു ഏറെ വിലപ്പെട്ടതാണ്. 
                       മനസ്സിലെ തമസ്സിനെ അകറ്റുവാൻ പൂർണമായി സാധിക്കുന്നില്ല എന്നതാണ് ഇന്നിന്റെ പ്രഹേളിക. അതിലേക്ക് വെളിച്ചം വീശുന്ന ഏതാനും രചനകളാണിതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. താഴെത്തട്ടിലുള്ള അധ:സ്ഥിത വർഗ്ഗത്തിന്റെ വേദനകളും യാതനകളും, ഇരുട്ടിന്റെ മറവിൽ കൂത്താടുന്ന രാഷ്ട്രീയ കരുനീക്കങ്ങളെയും, അസമത്വ, അനീതികളെയും ബോധ്യപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ ഒരു പുസ്തകം തന്നെയാണ് കാവിൽരാജിന്റെ  'തൊട്ടുകൂടാത്തവരുടെ തീണ്ടികൂടായ്മകൾ '. ആരും ആരുടേയും അടിമകളാക്കരുതെന്നു കാലമിത്ര ഉരുണ്ടിട്ടും തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്നവന്റെ നേർചിത്രവും അസമത്വത്തിന്റെ കണികകൾ ഉതിർക്കുന്ന രാഷ്ട്രീയ ചൂതാട്ടവുമെല്ലാം ഒരു കണ്ണാടിയുടെ പ്രതിബിംബമായി പ്രതിഫലിപ്പിക്കുന്നു ഈ കൃതി. സമൂഹത്തിന്റെ നേർ കണ്ണാടി.

                         - അമൃത പി യു 10C

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം