സാനിയ കെ ജെ
പ്രതീക്ഷകളുടെ ഓണം
ഒരു വസന്തകാലത്തിന്റെ ഓര്‍മകളുമായി പൂവിളികളും ആഘോഷങ്ങളുമായി ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലംകൂടി വരവായി. ഗൃഹാതുരത്വത്തിന്റെ മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം, മാമലനാടിന്റെ മഹോത്സവം. കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു നിൽക്കുന്ന പ്രകൃതി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനുഷ്യനിലുപരി പ്രകൃതിയുടെ ആഘോഷമാണ് ഓണം... പൂക്കളുടെയും പക്ഷികളുടെയും വൃക്ഷലതാതികളുടെതുമാണ് ഓണം... തുമ്പയും മുക്കുറ്റിയും പ്രകൃതിക്ക് തിലകംചാര്‍ത്തി ഒരിക്കല്‍ക്കൂടി മാവേലിമന്നന്റെ തലോടലിനായി കാത്തുനില്‍ക്കുന്നു. മഴപെയ്ത് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍നിന്നും പുതുമണ്ണിന്റെ ഗന്ധം പരത്തി പ്രകൃതി പൂക്കാലത്തിന്റെ പട്ടുപുതച്ചും, പുത്തരിക്കണ്ടം കൊയ്തും പൂവിളികളുടെ താരാട്ടുമായാണ് മലയാളികൾക്കിടയിലേക്ക് പൊന്നോണം വന്നെത്തുന്നത്. പ്രകൃതി സൗന്ദര്യത്തിന്റെയും കേരളസംസ്കാരത്തിന്റെയും കാർഷികോല്‍ത്സവത്തിന്റെയും തനിമയും പാരമ്പര്യവും വിളിച്ചോതുന്നതാണ് ഓണം.
ഓണമെന്നാൽ മലയാളിക്ക് ആഘോഷത്തിൻ്റെ നാളുകളാണ്. ചിങ്ങമാസത്തിലെ അത്തം മുതൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം... ജാതിമതഭേദമന്യേ മലയാളികൾ ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. അത്തം മുതൽ പത്തുനാൾ നീണ്ടു നിൽക്കുന്ന ഈ ആഘോഷം പുതിയ പ്രതീക്ഷകളാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്താകെയാകെ കീഴ്പ്പെടുത്തുമ്പോഴും ഈ പൊന്നോണപിറവി നമുക്ക് പുത്തൻ പ്രതീക്ഷകളുടെയും അതിജീവനത്തിൻ്റെയും പുതു പാഠങ്ങൾ പകർന്നു തരുന്നു.
ഓണം നിറവിന്റെ പ്രതീകമാണ്. ഇല്ലത്തിലെ പത്തായങ്ങള്‍ നിറഞ്ഞ് കവിയും, അടിയാന്മാരുടെ കുടിലുകളില്‍ വല്ലങ്ങള്‍ നിറഞ്ഞു തുളുമ്പും. 'മാനുഷരെല്ലാരുമൊന്നുപോലെ'… എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്തി, ഈ വിളവെടുപ്പുത്സവം മലയാളിയുടെ ഒത്തൊരുമ സ്ഥിരീകരിക്കുന്ന നാടിന്റെ ഉത്സവമായി മാറുന്നു.
ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ഏതൊരവസ്ഥയിലാണെങ്കിലും എവിടെയാണെങ്കിലും ഈ ഉത്സവം ആഘോഷിക്കുന്നു.
മഹാബലി എന്ന രാജാവിന്റെ ഭരണകാലം, ആ കാലം എന്നായിരുന്നിരിക്കാം?
ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന് ഒരോര്‍മ്മയുടെ നാളം നന്മയുടെ പ്രകാശം പകര്‍ന്ന് നമ്മിലൂടെയും കടന്നുപോകുന്നു. കേരളനാട്ടിലെ ‘നിറ’ എന്ന ഐശ്വര്യസമൃദ്ധിയെപ്പറ്റി വര്‍ണ്ണിക്കുന്ന കാവ്യം, തലമുറകള്‍ക്കു പാടി മതിയാവുന്നില്ല ഇപ്പോഴും.
”മാവേലി നാടുവാണിടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.”
എന്നതാണ് ഏറെ പ്രചരിച്ചുനില്‍ക്കുന്ന കവിവചനം.
ആ ഐശ്വര്യഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ക്കുവേണ്ടി വാമനന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയതും, തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി ആണ്ടിലൊരിക്കലെത്തുന്നതും, മലയാളനാട് എത്ര തലമുറകളിലേക്കു പകര്‍ന്ന കഥയാണ്!
ജീവിത രീതികളുടെ ഭാഗമായി ആഘോഷച്ചടങ്ങുകളില്‍ വ്യത്യാസങ്ങള്‍ പലതു വന്നിട്ടുണ്ടാകാമെങ്കിലും, ആചാര സങ്കല്‍പ്പങ്ങളിലും, ഒത്തുചേരലുകളുടെ ആഹ്ലാദത്തിലും, ഓണം ഇന്നും ഓണമായിത്തന്നെ നിലകൊള്ളുന്നു.
ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം-പാടങ്ങളിലെ പണിയെല്ലാം കഴിഞ്ഞ്, കൃഷിപ്പണി ചെയ്യുന്നവര്‍ക്കും, ചെയ്യിക്കുന്നവര്‍ക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാരും അടിയാന്മാരും വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്‌നേഹസന്ദര്‍ശനങ്ങള്‍ നടത്തുകയും, ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി ക്രമേണ ഒരു ദേശീയോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍, പ്രാധാന്യത്തോടെ ആഘോഷിക്കുകയും, ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു.
പണ്ടൊക്കെ,അത്തം നാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ (തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍) നടുമുറ്റത്ത് കുടിയിരുത്തി, വീട്ടിലെ ആണ്‍കുട്ടിയെകൊണ്ട് പൂജ ചെയ്യിച്ച്, പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിയും, ആണ്‍കുട്ടികളുടെ ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍, മാവേലിയെ എടുത്തു മാറ്റുന്നതു വരെ, ഓണം പൊടിപൊടിക്കുമായിരുന്നു. അരിയിടിക്കലും വറക്കലും, കായവറുക്കലും, കൊണ്ടാട്ടമുണക്കലും, അടപരത്തലും, അച്ചാറിനിടീലും, ചക്ക വരട്ടലും ഒക്കെയായി ഒരുമാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങും. ഓരോ ദിവസവും ഓരോ പായസവും വിഭവ സമൃദ്ധമായ സദ്യയും.
എന്നാൽ ഇത്തരം ആഘോഷങ്ങൾക്കെല്ലാം ഇന്ന് മാറ്റം വന്നിട്ടുണ്ടെന്നതും വസ്തുതയാണ്.ഇന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എല്ലാം റെഡിമേഡ് ആയി സുലഭം, മാവേലിമന്നനെ കാലാന്തരത്തില്‍, പ്രച്ഛന്നവേഷമിട്ട കോമാളിരൂപത്തിലുള്ള ഒരു കുടവയറനാക്കി മാറ്റി. മണ്ണുകുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി മുറ്റത്ത് ചാണകമെഴുകി അതില്‍ അരിമാവും വേണ്ടയിലയുടെ നീരും ചേര്‍ത്ത് അണിഞ്ഞതില്‍ നാക്കിലവച്ച് മാതേവരെ പ്രതിഷ്ഠിച്ച് മൂന്നുനേരവും മധുരപലഹാരങ്ങള്‍ വച്ച് നിവേദ്യമര്‍പ്പിച്ച ആ കാലം കുറച്ചു പേർക്കെങ്കിലും ഓർമ്മകൾ മാത്രമായി മാറി. ഓണത്തിന്റെ വരവറിയിച്ചെത്തുന്ന ഓണതുമ്പികളുടെ കൂടെ ആടിയും പാടിയും നടന്ന, പൂകൂടയുമായി ഓണപ്പാട്ടും പാടി അതിരാവിലെ പൂ തേടിയലഞ്ഞിരുന്ന ആ കുട്ടിക്കാലം ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേൾവി മാത്രമുള്ളതായി മാറിയിരിക്കുന്നു.
ഓണക്കാലം അങ്ങനെ ഒരു കച്ചവട സീസണായി മാറി പോകുന്നുണ്ടെങ്കിലും ഓണം, ഓണം തന്നെ.വള്ളംകളിയും, അത്തപ്പൂമത്സരങ്ങളും, പുലികളിയും, ഘോഷയാത്രയും ഒക്കെയായി, സർവ്വ അതിരുകളും മറന്ന് ‘നാമെല്ലാം ഒന്നാണ്’ എന്ന അനന്തമായ സത്യം ഓര്‍മപ്പെടുത്തുന്ന ഒത്തുചേരലിന്റെ ഒരുത്സവമായി അതു മാറി. എന്നാൽ ഇക്കഴിഞ്ഞ ഓണാഘോഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മലയാളിക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ പുതിയ ചില ഓർമ്മകൾ കൂടി ഈ കൊറോണക്കാലത്തെ പൊന്നോണം സമ്മാനിക്കുമെന്നത് തീർച്ചയാണ്. നാടൻ പൂക്കളവും വീട്ടിനുള്ളിലെ ആഘോഷങ്ങളും കളികളുമൊക്കെയായി, ഗ്രഹാതുരതയിലേക്കുള്ള, ഒരു പുത്തൻ സംസ്കാരത്തിലേക്കുള്ള, അതിജീവനത്തിൻ്റെ നന്മകളുണർത്തുന്ന ഈ ഓണം തീർച്ചയായും മലയാളി മനസ്സിൽ കാത്തുവെക്കുന്ന ഒന്നുതന്നെയാവും.
ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദു:ഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശികരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിൻ്റെ കാരണവും 'കാണം വിറ്റും ഓണമുണ്ണണം' എന്ന പ്രയോഗത്തിൻ്റെ അടിസ്ഥാന വികാരവുമതാണ്.
പത്തു ദിവസം നീണ്ടു നിൽക്കുന്ന കാത്തിരിപ്പിനൊടുവിൽ വന്നെത്തുന്ന തിരുവോണവും കഴിഞ്ഞ് മൂന്നാം ഓണവും നാലാം ഓണവും കൊണ്ടാടി ഓണക്കാലം പടിയിറങ്ങും. എന്നാലും മലയാളിക്ക് സങ്കടമില്ല. എല്ലാ വർഷവും തങ്ങളെ കാണാനെത്തുന്ന മാവേലി മന്നന് വേണ്ടി, അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പാണിനി .കാലം ഏറെ മാറിയിട്ടും മലയാളി ഓണം മറക്കാതെ കൊണ്ടാടുന്നതിനു പിന്നിലും ഈ കാത്തിരിപ്പിൻ്റെ സുഖം തന്നെയാണ്. പ്രളയം വന്നാലും കൊറോണാ ഭീതിയിലാണെങ്കിലും മലയാളി പ്രത്യാശ കൈവിടില്ല. കാരണം, വാമനൻ ഭൂമിയോളം വളർന്നിട്ടും, തന്നെ കീഴ്പ്പെടുത്തുമെന്നുറപ്പായിട്ടും അഭിമാനത്തോടെ തല കാണിച്ചു കൊടുക്കാൻ തയ്യാറായ മാവേലി മന്നൻ്റെ പ്രജകളാണല്ലോ നമ്മൾ...
ഈയൊരോണം നമുക്ക് സമ്മാനിക്കുന്ന ധൈര്യവും പ്രതീക്ഷകളും അതിജീവനത്തിൻ്റെ പാതയിൽ എന്നും ഒരു കൂട്ടായി നില നിൽക്കട്ടെ എന്ന പ്രത്യാശയോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു...
- സാനിയ കെ ജെ

👍👍👌👌👌👏👏
ReplyDelete