സാനിയ കെ ജെ
ഗോവർധൻ്റെ
യാത്രകൾ
നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച് വായനക്കാരുടെ മനസ്സ് കീഴടക്കിയ എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു.വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളെടുക്കുന്ന ഒരു ചിന്തകൻ്റെ ആശയാവിഷ്കാരമാണ് അദ്ദേഹത്തിൻ്റെ കൃതികൾ. നോവലിനെപ്പറ്റി ശരാശരി വായനക്കാരനുള്ള സങ്കൽപ്പങ്ങളെ ആനന്ദ് പൊളിച്ചെഴുതുന്നു.കേരളത്തിൻ്റെ അനുഭവ വൃത്തങ്ങളിൽ ഒതുങ്ങി നിൽക്കുന്ന കൃതികളല്ല അദ്ദേഹത്തിൻ്റേത്. മലയാളിയുടെ ഭാവനയെ വ്യത്യസ്തമായ ചിന്താസരണികളിലേക്ക് സ്വതന്ത്രമാക്കുന്ന, അവൻ്റെ ശീലങ്ങളേയും കാഴ്ചകളുടെ പതിവു രീതികളേയും സ്വസ്ഥതയുടെ ചാലുകളിൽനിന്ന് വ്യതിചലിപ്പിക്കുന്ന രീതിയിലാണ് ആനന്ദ് എഴുതിയത്.അത്തരത്തിലൊന്നാണ് അദ്ദേഹത്തിൻ്റെ നോവലുകളിലൊന്നായ 'ഗോവർധൻ്റെ യാത്രകൾ'
കല്ലുവിന്റെ മതിലു വീണ് പരാതിക്കാരന്റെ ആടു ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാൾക്ക് കൂടുതൽ വെള്ളമൊഴിച്ചുകൊടുത്ത ഭിശ്തിയെയും ഭിശ്തിയ്ക്ക് വലിയ മസ്‌ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടു വിറ്റ ആട്ടിടയനെയും അയാൾ അതിനെ വില്ക്കുന്ന സമയത്ത് ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാൻ ചൗപട് രാജാവ് വിധിക്കുന്നു. ഒടുക്കം തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തിൽ കടക്കാത്തതിനാൽ കഴുവിലേറ്റാൻ പാകത്തിനുള്ള ആളെയാണ് കണ്ടെത്തേണ്ടിയിരുന്നത്. അങ്ങനെ കണ്ടെത്തിയ ആളാണ് ഗോവർധൻ; ഗോവർധൻ്റെ യാത്രകളിലെ പ്രധാന കഥാപാത്രം. ഈ പശ്ചാത്തലത്തിലാണ് നോവൽ രചിക്കപ്പെടുന്നത്. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ അന്ധേർ നഗരി ചൗപട് രാജ എന്ന നാടകത്തിൽ നിന്നും ചരിത്രത്തിലൂടെ ഇറങ്ങിനടക്കുന്ന കഥാപാത്രമാണ് ഗോവർധൻ. നിരപരാധിയെങ്കിലും ശിക്ഷ വിധിക്കപ്പെട്ട കഥാപാത്രം. ഗോവർധൻ്റെ മുമ്പിൽ അനന്തവിസ്തൃതമായ കാലമാണുള്ളത്. എല്ലാ കാലത്തെയും ആളുകൾ, കഥാപാത്രങ്ങൾ എന്നിവരെ അയാൾ കണ്ടുമുട്ടുന്നു. കഴുത്തിനു പാകമായവരെ തേടുന്ന ആരാച്ചാരന്മാരെയാണ് അയാൾ എല്ലാക്കാലത്തും കണ്ടത്. ജീവിതത്തിന്റെ അർത്ഥരാഹിത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ, ചരിത്രത്തിലെ കാണാപ്പുറങ്ങൾ, തമസ്‌കരിക്കപ്പെട്ട ജന്മങ്ങളെക്കുറിച്ചുള്ള ചിന്തകൾ തുടങ്ങിയവ സൃഷ്ടിക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ നോവലിൽ കടന്നുവരുന്നു. എഴുത്തുകാരൻ പേനത്തുമ്പിൽ നിന്നും സ്വതന്ത്രനാക്കിയ ഗോവർധൻ എന്ന കഥാപാത്രം കാലാതീതനായി സഞ്ചരിച്ച്, രാജഭരണം മുതൽ ജനാധിപത്യം വരെ നീളുന്ന തന്റെ യാത്രയിൽ അധികാരമോഹികളുടെ ശിക്ഷയ്ക്ക് പാത്രമാകുന്നു. തൂലികത്തുമ്പിൽ നിന്നും വേർപ്പെട്ടു പോയ ഗോവർധൻ സമൂഹത്തിലെ സാധാരണക്കാരനെ പ്രതിനിധീകരിക്കുമ്പോൾ ഇതിൽ പ്രതിപാദിക്കപ്പെടുന്ന പല സംഭവങ്ങളും നമുക്കന്ന്യമല്ലാത്തതാണെന്ന് ഓരോരുത്തരും തിരിച്ചറിയുന്നു.വരികളിൽ ഉള്ള അയഥാർത്ഥ കഥയ്ക്ക് ആധാരമായ യാഥാർത്ഥ്യങ്ങൾ വരികൾക്കിടയിൽ നിന്ന് വേണം വായനക്കാർ മനസ്സിലാക്കാൻ. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ഗോവർധൻ യാത്ര തുടരവേ, ഇതിഹാസ പാത്രങ്ങളും ചരിത്ര പുരുഷന്മാരും തങ്ങളുടെ ചെയ്തികളെ അവലോകനം ചെയ്യുന്നു.
എല്ലാത്തരം കലകളുടെയും സകല സാധ്യതകളെയും നോവൽ ഉപയോഗപ്പെടുത്തുന്നതിനാൽ അതിന്റെ വ്യവഹാരലോകം കൃത്യമായ ചട്ടക്കൂടുകളിൽ ഒതുങ്ങുന്നില്ല. നിരന്തരം നടക്കുന്ന പരീക്ഷണങ്ങളും പുതുമകളും നോവലിനെ സവിശേഷ ആഖ്യാനഘടനയാക്കുന്നു. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ നാടകത്തിന്റെ പശ്ചാത്തലം നോവലിന് ഉപയുക്തമാകുന്നത് അതുകൊണ്ടാണ്. സ്ഥാനാന്തരണം ചെയ്യപ്പെടുന്ന കഥാപാത്രവും അതിന് മറ്റു സംഭവങ്ങളുമായി ഉണ്ടായിത്തീരുന്ന ചാർച്ചകളും പുതിയ ലോകക്രമത്തിലേക്ക് ചുവടുവയ്ക്കുന്ന മനുഷ്യൻ ഏൽപ്പിക്കുന്ന സാമ്പത്തിക-പാരിസ്ഥിതിക-സാമൂഹികആഘാതങ്ങളെ നോക്കിക്കാണാൻ മടിക്കുന്നില്ല. ശരിയായ തീരുമാനമെടുക്കുന്നതിലും അതു വ്യാഖ്യാനിക്കുന്നതിലും മനുഷ്യന് നഷ്ടപ്പെട്ട ബോധത്തെയാണ് ഇവിടെ വിചാരണ ചെയ്യുന്നത്. നീതി നടപ്പാക്കുന്നത് മനുഷ്യനു വേണ്ടിയല്ലാതായിത്തീരുന്ന കാലത്തെ വിമർശിക്കാൻ, ശക്തമായ ഭാഷയിൽ അവതരിപ്പിക്കാൻ ഗോവർധന്റെ യാത്രകൾക്കു കഴിഞ്ഞിട്ടുണ്ട്.
അന്യായമായ വിധിയിൽ നിന്ന് രക്ഷ തേടി ഇരുളിന്റെ മറവിലാണ് ഗോവർധൻ തടവറയിൽനിന്നു പുറത്തേക്കു കടക്കുന്നത്. ആരാച്ചാരുടെ കുടുക്കിന് പാകമായ കഴുത്ത് തന്റേതായിത്തീർന്നതിലെ വൈരുദ്ധ്യത്തെയും വർത്തമാനകാലത്തെ എണ്ണമറ്റ സംഭവങ്ങളെയും ഇവിടെ കൂട്ടിവായിക്കാനാവും.
പാതിരാത്രിയിൽ ആളില്ലാവിമാനങ്ങൾ പറക്കുകയും നഗരപ്രാന്തങ്ങളിൽ വസിക്കുന്നവരുടെയിടയിൽ അഗ്നി വർഷിക്കുന്നതും ഗോവർധൻ കാണുന്നു. ഓരോ കാലത്തും അധികാരം അതിന്റെ സ്ഥാനമുറപ്പിക്കാൻ കടന്നുവരുന്നതും കൊള്ളയും കൊലയും നടത്തുന്നതും ഗോവർധൻ വീണ്ടും വീണ്ടും കണ്ടു. സ്വാതന്ത്ര്യാനന്തരം വെടിയുണ്ടയേറ്റു വീണ മഹാത്മാവിന്റെ തുടർച്ചകളും ഗോവർധൻ ദർശിച്ചു. എതിർശബ്ദങ്ങളെ വെടിയുണ്ടയിലൂടെ ഇല്ലാതാക്കുന്ന നിരവധി സംഭവങ്ങൾ സമകാലികലോകത്ത് കണ്ടുകൊണ്ടിരിക്കുകയുമാണ്. ഇത്തരത്തിൽ ചരിത്രവസ്തുതകളെ കഥയിലൂടെ കൂട്ടിയിണക്കുകയും അതിന്റെ സാർവകാലികത വെളിപ്പെടുത്തുകയുമാണ് നോവലിൽ ചെയ്യുന്നത്.
മംഗോൾ കാലഘട്ടത്തിലുടെയും ഷെങ്കിസ്ഖാൻ കാലഘട്ടത്തിലൂടെയും സുൽത്താനേറ്റ് മുഗൾകാലഘട്ടത്തിലൂടെയുമൊക്കെ സഞ്ചരിക്കുന്ന ഗോവർധനെ ചരിത്രത്തിന്റെ നേർസാക്ഷിയായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഒന്നിനെ മറ്റൊന്നിനോടു ബന്ധിച്ചു കാണുന്ന ഒരു പ്രത്യേകതയും ഗോവർധനിൽ ആനന്ദ് ഉപയോഗിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അധികനികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിക്കാൻ ബംഗാളിലെ നെയ്ത്തുകാർ തള്ളവിരൽ മുറിച്ചുകളഞ്ഞതായ സംഭവത്തെ ആനന്ദ് ചേർത്തുകാണുന്നുണ്ട്.
സമകാലിക സാഹചര്യങ്ങളോട് ചേർത്തുവായിക്കാനാവുന്ന ഒന്നാണ് ഈ നോവൽ. സ്വാഭാവിക സാഹചര്യവുമായി അത് അത്രമാത്രം ഇഴ ചേർന്നിരിക്കുന്നു. അധികാരം അതിന്റെ ഭ്രാന്തമായ സ്വഭാവം കാണിക്കുന്നിടത്തെല്ലാം ഗോവർധൻ ഉദ്ധരിക്കപ്പെടുന്നു. തൂക്കിലേറ്റപ്പെടുന്നവരും വെടിയേറ്റുകൊല്ലപ്പെടുന്നവരും ഗോവർധനെ ഓർമ്മിപ്പിക്കുന്നു. അസംഖ്യം ആരാച്ചാർമാർ പാകമായ കഴുത്തുകൾ അന്വേഷിക്കുന്നതായി വായനക്കാരനറിയാനാവുന്നു.
നടന്നതും നടന്നേക്കാവുന്നതുമായ നിരവധി സംഭവങ്ങൾ മാലയിലെ മുത്തുകളെന്ന പോലെ അടുക്കോടും ചിട്ടയോടും കൂടി വിവരിച്ചിരിക്കുന്നു. ചരിത്രത്തിൻ്റെ ഏതോ നാളുകളിൽ ,ഏതൊക്കെയൊ താളുകളിലിടം നേടിയ കഥാപാത്രങ്ങൾ ഇതിൽ മിന്നിമായുമ്പോൾ തങ്ങളുടെ കാലത്തെ നിലവാരംതാണ വ്യവസ്ഥിതിയെ അവരെകൊണ്ടു തന്നെ പഴിക്കുന്നു. അന്യൻ്റെ വെളിച്ചത്തെ കട്ടെടുത്തു സ്വന്തം അന്ധകാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സാമൂഹിക വ്യവസ്ഥിതി ഇന്നും മാറാതെ നിലനിൽക്കുകയാണ്.
ഇരയും വേട്ടക്കാരനും പിന്നീടുള്ള അവസരങ്ങളിൽ വേട്ടക്കാരനും ഇരയുമായ് നേർക്കുനേരെ വരുന്നുണ്ട്. പ്രതികാരവും അപേക്ഷയും ഒരിക്കൽ കൂടി ഏറ്റുമുട്ടുന്ന നിരവധി കാഴ്ചകളിലൂടെ കടന്നുപോകുന്നു ഗോവർധൻ.
നീതിയ്ക്കായി അലയുന്ന ചിന്തയുടെ മാനങ്ങളിൽ വലിയ അർത്ഥതലം തരുന്ന ആനന്ദിന്റെ " ഗോവർധൻ്റെ യാത്രകൾ " എന്ന നോവൽ മനസ്സിൽ ഇരുളും നിലാവും ഒറ്റപ്പെടലും മയക്കങ്ങളും ഒറ്റയായ സംഘർഷങ്ങളും എല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന മായാത്ത അർത്ഥ ലോകത്തിന്റെ യാത്രകളുടെ തുടർച്ചതന്നെയാണ്. നീതി നഷ്ടപ്പെട്ടവന്റെ സ്വാതന്ത്രത്തെ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോഴും നാമോരുത്തരും ഓരോ തരത്തിൽ തടവറയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്നത് ഒരു തിരിച്ചറിവായി മായാതെ നിലനിൽക്കുന്നു.
ഭാവനയുടെ തലത്തിനപ്പുറം ചിന്തയുടെ ഭൗതികമായ മണ്ഢലത്തിൽ നിന്ന് ആശയം കണ്ടെത്തുകയാണ് ആനന്ദ് എന്നും ചെയ്യാറുള്ളത്. മറ്റു നോവലുകളെ അപേക്ഷിച്ച് 'ഗോവർധൻ്റെ യാത്രക'ളുടെ സമകാലികത വർധിച്ചു കോണ്ടേയിരിക്കുകയാണ്.
നോവലിൻ്റെ ആദ്യാവസാനം തുടർന്നു കൊണ്ടേയിരിക്കുന്ന യാത്രയുടെ ഉടമസ്ഥനായ ഗോവർധൻ ശരിക്കും നമ്മൾ തന്നെയല്ലെ എന്ന് ഒരോ വായനക്കാരനും തോന്നിപോകുന്നു...
- സാനിയ കെ ജെ

Comments
Post a Comment