ദേവ്‌ന നാരായണൻ എ 9E
ആലിസ് ഇൻ വണ്ടർലാന്റ്
ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരേയും അത്ഭുതങ്ങളുടെ മായാലോകത്ത് എത്തിച്ച പ്രശസ്ത എഴുത്തുകാരൻ ലൂയിസ് കാരളിൻ്റെ പുസ്തകമാണ് 'ആലിസ് ഇൻ വണ്ടർലാൻ്റ്'. ഒരു കൊച്ചുപെൺകുട്ടി ഒരു മുയൽമാളത്തിലേക്കു വീഴുകയും തുടർന്ന് അവൾക്ക് നേരിടേണ്ടി വരുന്ന അത്ഭുതങ്ങളുമാണ് ഈ പുസ്തകത്തിൻ്റെ ഇതിവൃത്തം. അവസാനം താൻ കണ്ടതെല്ലാം ഒരു സ്വപ്നമാണെന്ന് അവൾ മനസ്സിലാക്കുന്നതോടെ കഥ അവസാനിക്കുന്നു.
കുടുംബ സുഹൃത്തിൻ്റെ മൂന്നു മക്കളോടൊപ്പം തെംസ് നദിയിൽ ഒരു തോണിയാത്രയ്ക്കിറങ്ങിയതായിരുന്നു ഡോഡ്ജ്സൺ എന്ന അധ്യാപകൻ. കൂട്ടത്തിലെ കുസൃതിക്കുടുക്കയായ ഒരു പെൺകുട്ടിയുടെ ആവശ്യപ്രകാരം അദ്ദേഹം ഒരു കഥ പറയാൻ തുടങ്ങി.ആ പെൺകുട്ടിയേയും ഒപ്പമുള്ള അവളുടെ സഹോദരിമാരെയും തോണിക്കാരനേയും കഥാപാത്രങ്ങളാക്കി അദ്ദേഹം ഒരു രസികൻ കഥ മെനഞ്ഞെടുത്തു. ഡോഡ്ജ്സനോട് കഥ പറയാനാവശ്യപ്പെട്ട കുട്ടിയുടെ പേര് ആലീസ് എന്നായിരുന്നു. അവളായിരുന്നു ആ കഥയിലെ നായിക.
പിൽക്കാലത്ത് ലോകമെമ്പാടുമുള്ള വായനക്കാരെ അതിശയിപ്പിച്ച 'ആലിസ് ഇൻ വണ്ടർലാൻഡ്' എന്ന കൃതിയിലൂടെ ലോകപ്രശസ്തനായി മാറി
ലൂയിസ് കാരൾ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ചാൾസ് ല്യൂട്വിഡ്ജ് ഡോഡ്ജ്സൺ ആയിരുന്നു ആ അധ്യാപകൻ. 1832 ജനുവരി 27ന് ഇംഗ്ലണ്ടിലെ ചെഷയറിൽ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എഴുത്തുകാരൻ എന്നതിലുപരി ഒരു മികച്ച ചിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം. ആലീസിൻ്റെ നിർബന്ധപ്രകാരം അദ്ദേഹം ആ കഥ എഴുതി അവൾക്ക് സമ്മാനിച്ചു. അത് മറ്റു കുട്ടികൾ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹം അതൊരു പുസ്തകമാക്കി 1865 ൽ പ്രസിദ്ധീകരിച്ചു. പുസ്തകം വളരെപെട്ടെന്ന് പ്രസിദ്ധമായി മാറി. കഥ പറഞ്ഞ രീതി കൊണ്ടും കഥാപാത്രങ്ങളുടെ പുതുമ കൊണ്ടുമാണ് ആ പുസ്തകം പ്രശസ്തി നേടിയത്. ഒന്നിനുപുറകെ ഒന്നൊന്നായി അദ്ഭുതങ്ങൾ കടന്നു വരുന്ന ആ പുസ്തകം കുട്ടികളെ അമ്പരപ്പിച്ചു.ആ പുസ്‌തകത്തെ വിവിധ ഭാഷകളിലേക്ക് തർജമ ചെയ്യുകയും കഥയെ ആസ്പദമാക്കി സിനിമകൾ നിർമ്മിക്കുകയും ചെയ്തു.
'ആലിസ് ഇൻ വണ്ടർലാൻഡ്' എന്നത് 12 അധ്യായങ്ങളുള്ള ഒരു നോവലാണ്. ആലീസ് എന്ന കൊച്ചുപെൺകുട്ടി ഒരു മുയലിൻ്റെ മാളത്തിലൂടെ പ്രവേശിച്ച് വിചിത്രമായ മറ്റൊരു ലോകത്തെത്തിച്ചേരുന്ന തരത്തിലായിരുന്നു കഥ. അദ്ഭുതലോകത്ത് ആലിസ് കണ്ടുമുട്ടുന്ന ജന്തുക്കളും മനുഷ്യരുമെല്ലാം സാധാരണ ലോകത്തിൽ ജീവിക്കുന്നവരിൽ നിന്നും തികച്ചും വ്യത്യസ്തരും വിചിത്രസ്വഭാവമുള്ളവരും ആയിരുന്നു. ഒരു വിശേഷപ്പെട്ട മരുന്നു കുടിച്ച് വലുതാകുകയും ചെറുതാകുകയും ചെയ്യുക, കരയാൻ തുടങ്ങുമ്പോൾ കണ്ണീർക്കയത്തിൽ വീഴുക, പൂന്തോട്ടത്തിലെ പൂക്കൾ സംസാരിക്കുക തുടങ്ങിയവയെല്ലാം കഥയിലെ കൗതുകകരമായ ഭാഗങ്ങളാണ്. സ്നേഹസമ്പനയും മര്യാദക്കാരിയും വിശ്വസ്തയും അത്യധികം ജിജ്ഞാസയുള്ളവളുമായാണ് ആലീസിനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ അവൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. ആലീസിൻ്റെ അദ്ഭുതലോകത്തിലേക്കുള്ള യാത്രയുടെ കാരണക്കാരനായ വെള്ളമുയൽ, തുടർന്നു കണ്ടുമുട്ടുന്ന ഡോഡോ എന്ന പക്ഷി, എലി, താറാവ്, ഗ്രിഫൺ തുടങ്ങീ ഒട്ടനവധി കഥാപാത്രങ്ങൾ ആ അഭ്ഭുതലോകത്തെ ഒരു വിസ്മയലോകമാക്കി മാറ്റുന്നു. ആഗ്രഹിക്കുമ്പോഴെല്ലാം വായുവിൽ അലിഞ്ഞില്ലാതാക്കാനും പുകയായി മാറാനും തെളിഞ്ഞു വരാനുമുള്ള കഴിവ് ഷെയർ എന്ന പൂച്ചയ്ക്കുണ്ട്. കഥയിൽ ആലിസിന് ഇടയ്ക്കിടെ വഴികാട്ടിയായാണ് ചെഷയർ പൂച്ച പ്രത്യക്ഷപ്പെടുന്നത്. ആലിസിനെ മാർച്ച് മുയലിൻ്റെ വീട്ടിലെ ഭ്രാന്തൻ ചായ സൽക്കാരത്തിലേക്ക് എത്തിക്കുന്നതിനും ചെഷയർ പൂച്ച സഹായിച്ചിരുന്നു. കഥയിലെ ഏറ്റവും വിചിത്രമായ കഥാപാത്രമാണ് ക്വീൻ ഓഫ് ഹാർട്സ്. സദാസമയവും 'തല വെട്ടൂ' എന്ന ആക്രോശവുമായി ഇരിക്കുന്ന ദേഷ്യക്കാരിയായ റാണിയാണിവർ. വണ്ടർലാൻഡിലെ ഏറ്റവും അപകടകാരിയായ കഥാപാത്രവും അവർ തന്നെയാണ്. തൻ്റെ രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും അവർ ഒരേയൊരു പരിഹാരമാണ് വിധിച്ചിരുന്നത് - പ്രശ്നക്കാരുടെ തല വെട്ടുക ! എങ്കിലും ഈ ശിക്ഷയൊന്നും റാണി ആർക്കും നൽകിയിരുന്നില്ല.
ഈ കഥയിൽ ആലീസ് ഒരിക്കലും നടക്കാത്ത കാര്യങ്ങൾ ആരും വിശ്വസിക്കില്ലയെന്ന് റാണിയോട് തർക്കിക്കുന്നു. ഇതിന് മറുപടിയെന്നോണം അസാധ്യമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എത്ര നല്ലതാണെന്ന് റാണി ആലിസിന് മനസ്സിലാക്കിക്കൊടുക്കുന്നു. ഇത് ആലിസിൻ്റെ മനസ്സിൽ ജിജ്ഞാസയും സാഹസികതയും വളർത്താൻ ഉപകരിക്കുന്നു.
നിരവധി സാഹസികതകളും അദ്ഭുതങ്ങളും നിറഞ്ഞ ഒരു പുസ്തകമാണിത്. വളർന്നു വരുന്ന കുട്ടികളെ ഭാവനയുടെ ലോകത്തേയ്ക്കു നയിക്കാൻ ഈ പുസ്തകം വളരെയധികം സഹായിക്കുന്നു.
- ദേവ്‌ന നാരായണൻ എ 9E

Comments
Post a Comment