ദേവ്‌ന നാരായണൻ എ 9E
നീതിയുടെ തുലാസ്
പ്രശസ്ത സാഹിത്യകാരൻ എ.കെ.പുതുശ്ശേരിയുടെ കൃതിയാണ് "നീതിയുടെ തുലാസ് ".കുട്ടികൾക്കായുള്ള ഒരു മികച്ച പുസ്തകമാണിത്. നീതിയുടെ തുലാസ് എന്ന പുസ്തകത്തിലെ കഥയ്ക്ക് അറബിക്കഥകളിലോ മറ്റോ കണ്ടേയ്ക്കാവുന്ന ഒരു കഥയിലെന്ന പോലെ രസകരമായ അത്ഭുതങ്ങൾ അടങ്ങിയിട്ടുണ്ട്. അതിൽ പറയുന്ന തരത്തിലുള്ള 'നീതിയുടെ തുലാസ് ' എന്ന മഹത്വമേറിയ ഒരു സങ്കല്പം പോലും ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ നമുക്ക് പരിചിതമല്ല. നീതി ന്യായ പരിപാലന സ്ഥാപനങ്ങളിൽ ഒരു 'തുലാസ് ' ഉണ്ടെങ്കിലും ഈ കഥയിലെ പോലെ തനിയെ നീതിയുടെ പക്ഷത്തേക്ക് ചായുന്ന അത്ഭുതസിദ്ധിയുള്ള ഒരു തുലാസ്സില്ല. അത്തരത്തിലുള്ള ഒരു തുലാസിന്റെ കഥ കൂടിയാണിത്. മഹാരാജാവ് മഹേന്ദ്രമന്നന്റെ മൂന്ന് ധീരപുത്രന്മാരാണ് ഗുണശീലൻ, ധീരശീലൻ, സത്യശീലൻ എന്നിവർ. രാജ്യത്തിൽ നീതിയും സത്യധർമ്മങ്ങളും പാലിക്കാൻ മഹാരാജാവിനെ സഹായിച്ചത് നീതിയുടെ തുലാസായിരുന്നു. അടുത്ത രാജാവിനെ കണ്ടെത്താനാണ് അദ്ദേഹം തന്റെ മൂന്ന് പുത്രന്മാരെയും അന്യരാജ്യങ്ങളിലേക്ക് അയച്ചത്.ഒരു വർഷത്തോളം സാധാരണ രീതിയിൽ ജീവിച്ച് ഒരു നിശ്ചിത ദിവസം തിരിച്ചെത്തി ആ വർഷത്തിൽ അവർ ചെയ്ത സംഭവങ്ങളെക്കുറിച്ച് വിശദ വിവരങ്ങൾ നൽകി അതിൽ ആരാണോ ഏറ്റവും നല്ല പ്രവ്യത്തി ചെയ്തിട്ടുള്ളത് ആ പുത്രന് തുലാസ് നൽകാമെന്ന് അദ്ദേഹം അറിയിച്ചു. ശൂരതയിൽ ഒരോരുത്തരും ഒന്നിനു ഒന്നു സമ്പന്നരാണ്.പക്ഷെ നീതിയുടെ തുലാസിന് അർഹനായത് സത്യശീലനാണ്. ഗുണശീലൻ ഒരു വലിയ രാജ്യത്തെ ജനങ്ങളെ മുഴുവൻ സ്വാർത്ഥത മറന്ന് ധീരക്യത്യങ്ങളാൽ രക്ഷിച്ചു.അതുപോലെ ധീരശീലൻ മുതലക്കൂട്ടത്തിൽ നിന്നും രാജകുമാരിയെ രക്ഷിക്കുമ്പോഴും 'ഭൂത'ത്തിൽ നിന്ന് നാടിനെ രക്ഷിക്കുമ്പോഴും സ്വരക്ഷയെക്കുറിച്ച് ഓർത്തിട്ടില്ല.എന്നാൽ സത്യശീലൻ ഒരൊറ്റകൃത്യം കൊണ്ടാണ് തുലാസ്സിന്ന് അർഹനായത്.കാരണം ക്ഷീണിച്ചു വിഷമിച്ച അവസരത്തിലും ഒരാളെ രക്ഷിക്കാൻ സ്വയരക്ഷ പോലും നോക്കാതെ സിംഹത്തോടു യുദ്ധം ചെയ്തു. എന്നാൽ ജീവൻ രക്ഷിച്ച മനുഷ്യൻ ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ലെന്നു മാത്രമല്ല, സത്യശീലനെ ആക്രമിക്കുകയും ചെയ്തു. അത് തന്റെ ആജന്മ ശത്രുവാണെന്ന് അറിഞ്ഞിട്ടും വധിക്കാതെ അയാൾക്കു മാപ്പു കൊടുത്ത് വിട്ടയച്ചു. ഇത്രയേറെ സഹനശക്തിയും ധീരതയും കാണിച്ചതുകൊണ്ടാണ് മഹേന്ദ്രമന്നൻ സത്യശീലനെ രാജാവായി പ്രഖ്യാപിച്ചത്. കഥാരംഭം മുതൽ അവസാനം വരെ ഏതൊരു വായനാക്കാരനെയും അത്ഭുതപ്പെടുത്തുകയും ജിജ്ഞാസപ്പെടുത്തുകയും ചെയ്യുന്ന ഒരു രചനയാണ് എ.കെ.പുതുശ്ശേരിയുടെ ഈ കൃതി. ഒരോ രാജകുമാരന്മാരും നേരിടുന്ന സംഭവവികാസങ്ങൾ വളരെ രസകരമായി കഥാകൃത്ത് ചിത്രീകരിച്ചിരിക്കുന്നു. അത്ഭുത സിദ്ധിയുള്ള ഒരു തുലാസ്സിനെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്ന ഈ പുസ്തകം സമൂഹത്തിലെ തിന്മകൾക്കെതിരെ ഒരു നീതിയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയാണ്. കുട്ടികളുടെ മനസ്സിൽ നീതിന്യായബോധം വളർത്തിയെടുക്കുന്നതിനും ഈ പുസ്തകം സഹായിക്കുന്നു.
- ദേവ്‌ന നാരായണൻ എ 9E

Comments
Post a Comment