ദേവിക എ 9E
ആരാച്ചാർ
ഒരൊറ്റ നോവലിലൂടെ തന്നെ വയലാർ അവാർഡ്,ഓടക്കുഴൽ അവാർഡ്, കേന്ദ്ര -കേരള സാഹിത്യ അക്കാദമി അവാർഡുകൾ എന്നിവ നേടിയെടുത്ത കെ. ആർ. മീരയുടെ ശ്രദ്ധേയമായ നോവലാണ് 'ആരാച്ചാർ'.
തികച്ചും വ്യത്യസ്തമായ കവനവ്യക്തിത്വം വെളിപ്പെടുത്തികൊണ്ടാണ് കെ. ആർ. മീര സാഹിത്യലോകത്ത് പ്രത്യക്ഷപ്പെടുന്നത്. ചെറുകഥകളും നോവലും മാത്രമല്ല തൂലിക ചിത്രങ്ങളും പ്രബന്ധങ്ങളും കൂടി കെ. ആർ. മീരയുടെ തൂലികയിൽ നിന്ന് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്രകാരം പലതരം രചനകളിൽ കൂടി കെ. ആർ. മീര നേടിയെടുത്ത കൈത്തഴക്കവും രൂപശില്പനിർമ്മാണവൈഭവവും ആരാച്ചാർ എന്ന ബൃഹത്തായ നോവലിൽ സമഞ്ജസമായി സമ്മേളിക്കുന്നു.
ഗംഗാതീരത്തെ ശ്‌മശാനത്തിനടുത്തുള്ള വീട്ടിലാണ് ഇരുപത്തിരണ്ട് വയസ്സുകാരി ചേതനാ ഗൃദ്ധാമല്ലിക്കും കുടുംബവും ജീവിച്ചിരുന്നത്. പാരമ്പര്യമായി അവരുടെ കുടുംബക്കാർ ആരാച്ചാർ ജോലി ചെയ്തു പോകുകയാണ്. നാനൂറ്റിയമ്പത്തൊന്നുതൂക്കിക്കൊല നടത്തിയ ചേതനയുടെ അച്ഛൻ ഫണിഭൂഷൺ ഗൃദ്ധാമല്ലിക്കിനുശേഷം ആരാച്ചാർ ജോലി ചേതനക്കു ഏറ്റെടുക്കേണ്ടിവരുന്നു. യതീന്ദ്രനാഥ് ബാനർജിയെ തൂക്കിക്കൊല്ലുക എന്ന ചുമതലയാണ് ചേതനാ ഗൃദ്ധാമല്ലിക്ക് എന്ന ആ യുവതിക്ക് ആദ്യമായി ഏറ്റെടുക്കേണ്ടിവന്നത്. ഏറ്റെടുത്തതിനുശേഷം ആ കൃത്യം നിർവഹിക്കുന്നതുവരെയുള്ള ഏതാനും ദിവസങ്ങളിൽ കഥയുടെ കാലപരിധി ഒതുങ്ങുന്നു.
ചേതനയുടെ ജ്യേഷ്ഠൻ രാംദേവ് ഗൃദ്ധാമല്ലിക്കിന്റെ കൈകാലുകൾ അവരുടെ അച്ഛൻ തൂക്കിക്കൊന്ന അമർത്യ ഘോഷിന്റെ അച്ഛൻ വെട്ടിവീഴ്ത്തിയിരുന്നു. ചേച്ചി നിഹാരിക ചേതനക്ക് അഞ്ചുവയസ്സുള്ളപ്പോൾ തൂങ്ങിമരിക്കുകയായിരുന്നു. പൂർവികരുടെ കഥകളും, നന്ദന രാജാക്കന്മാരുടെ കാലത്തുതന്നെ അവരുടെ കുടുംബക്കാർ ആരാച്ചാർമാരായിരുന്നു എന്നും ക്രിസ്തുവിനും നാനൂറ്റി ഇരുപതുകൊല്ലം പിറകിലേക്ക് ആ കുടുംബത്തിന്റെ വേരുകൾ ആഴ്ന്നുകിടക്കുന്നു എന്നും ഥാക്കുമാ എന്ന് വിളിക്കുന്ന അവരുടെ അച്ഛമ്മ ഭുവനേശ്വരിദേവി പറഞ്ഞുകൊടുക്കുന്നു. ചേതന ആരാച്ചാർ ജോലിക്ക് പോകുന്നത് അവളുടെ അമ്മ സച്ചിൻമയിദേവിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. തനിക്ക് പെൻഷൻ അനുവദിക്കണമെന്നും തൻ്റെ മകൾ ചേതനയ്ക്ക് ഒരു ജോലി നൽകണമെന്നുമുള്ള അച്ഛൻ്റെ അപേക്ഷ കോടതി പരിഗണിക്കുകയും തുടർന്ന് ചേതനക്ക് ആരാച്ചാരായി അച്ഛനെ സഹായിക്കാൻ പോകേണ്ടി വരുകയും ചെയ്യുന്നു.
യതീന്ദ്രനാഥ് ബാനർജിയുടെ തൂക്കിക്കൊല നടക്കുന്നതുവരെയുള്ള ദിവസങ്ങളിലെ തന്റെ ഓരോ ചലനങ്ങളും സി. എൻ. സി ചാനലിന് ചിത്രീകരിക്കാം എന്ന കരാറിൽ ചേതന ഒപ്പുവെക്കുന്നു. സഞ്ജീവ് കുമാർ മിത്ര എന്ന പത്രപ്രവർത്തകനാണ് ചേതനയെ ഇതിന് പ്രേരിപ്പിച്ചത്. നിരവധി പ്രാവശ്യം തൂക്കിക്കൊലക്ക് സ്റ്റേ വരുകയും ചെയ്യുന്നു. ഇതിനിടയിൽ ചേതനയുടെ ജ്യേഷ്ഠൻ രാംദേവ് മരിക്കുന്നു. ചേതന മനോദാ എന്ന ആളുടെ ഭവിഷ്യത് എന്ന പ്രസ്സിൽ ജോലിക്ക് പോകുന്നു. അച്ഛൻ ഫണിഭൂഷൺ അനുജൻ സുഖ്ദേവിനെയും ഭാര്യ ശ്യാമിളിദേവിയേയും കൊല്ലുന്നു. അവരുടെ മക്കളായ ചമ്പയേയും, രാരിയേയും ചേതനക്ക് നോക്കേണ്ടി വരുന്നു.
യതീന്ദ്രനാഥ് ബാനർജിയുടെ ദയാഹർജി രാഷ്ട്രപതി തള്ളുകയും അച്ഛൻ ഒരു കുറ്റവാളി ആയതിനാൽ ചേതന സഹായിക്കുപകരം തൂക്കിക്കൊല ഒറ്റയ്ക്ക് ചെയ്യേണ്ടി വരുകയും ചെയ്യുന്നു. തൂക്കിക്കൊല നടക്കുമ്പോഴുള്ള ഓരോ നിമിഷവും വായിക്കുമ്പോൾ അതു നേരിട്ട് കാണുന്നത് പോലെയാണ് വിവരിച്ചിരിക്കുന്നത്. ഒരു സ്ത്രീ ആദ്യമായി ആരാച്ചാർ ആയി മാറുകയാണ് ചേതനയിലൂടെ.
തികച്ചും വ്യത്യസ്തമായ ആഖ്യാനശൈലിയിലൂടെ സ്ത്രീ ശക്തിയെ പറ്റി പറയുന്ന ഒരു മഹാക്ഷേത്രത്തിന്റെ ബൃഹത്തായ ശില്പഗോപുരത്തെയാണ് കെ. ആർ. മീരയുടെ ഈ ഗഹനമായ നോവൽ അനുസ്മരിപ്പിക്കുന്നത്. അനേകമനേകം കഥാ സന്ദർഭങ്ങളൾ ആവിഷ്‌കൃതമായിരിക്കെത്തന്നെ അവയൊക്കെയും വാസ്തുശില്പത്തിന്റെ സമഗ്രമായ ഭാവലാവണ്യത്തിൽ അവിഭാജ്യമാംവിധം ലയിച്ചുചേർന്നിരിക്കയും ചെയ്യുന്നു.
- ദേവിക. എ 9E

9 നോവൽ ഉണ്ട് ആദ്യത്തെ ആരാച്ചാർ അല്ലല്ലോ .... ഒരൊറ്റ നോവൽ എന്ന് പറഞ്ഞത് എന്താണ്
ReplyDeleteപുസ്തക ആസ്വാദനം മികച്ചത്
ReplyDelete