ഭദ്ര എ എം 9C
ഭൂമിയുടെ അവകാശികൾ
മലയാള കഥകളുടെ സുൽത്താൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ നർമ്മത്തിൽ ചാലിച്ചെടുത്ത കഥയാണ് `ഭൂമിയുടെ അവകാശികൾ'.ഭാഷയുടെ സങ്കീർണ്ണതകൾ ഒന്നുമില്ലാതെ വളരെ ലളിതമായ ഭാഷയില്‍ വായനക്കാരോട് സംവദിക്കാന്‍ കഴിയുന്നത് ബഷീറിന്റെ പ്രത്യേകതയാണ് .മലയാള കഥകളിലെ പാരിസ്ഥിതികബോധത്തിന്റെ കൊടിയടയാളമാണ് ഈ കഥ .
പ്രകൃതി സംരക്ഷണത്തിന്‍റെ മഹത്തായ പാഠങ്ങൾ ഈ കഥയിലൂടെ ബഷീർ വായനക്കാർക്ക് സമ്മാനിക്കുന്നു. പട്ടിയും പൂച്ചയും പാമ്പും പഴുതാരയും തുടങ്ങി സർവ്വ ചരാചരങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്നുംമനുഷ്യന്‍പ്രകൃതിയുടെസൃഷ്ടികളിൽ ഒന്ന് മാത്രമാണെന്നുള്ള മഹത്തായ സന്ദേശംബഷീർഈകൃതിയിലൂടെവായനക്കാർക്ക് നൽകുന്നു .ഭൂഗോള ത്തിന്റെ `ഇച്ചിരി ഭാഗത്തിന് 'അവകാശികളായാല്‍ ജീവിതം സുരക്ഷിതമായി എന്നും പിന്നെ ആ ഭൂമി തന്‍റേതു മാത്രമാണെന്നുമാണ് ഒരു സാധാരണ മനുഷ്യന്‍റെവിശ്വാസം.
ആദർശ വാദിയായ നായകനും പ്രായോഗിക ചിന്താഗതി ക്കാരിയായ വീട്ടമ്മയും ഈ കഥയിലെ കേന്ദ്രകഥാപാത്രങ്ങളാകുന്നു .കഥ ആരംഭിക്കുന്നത് രണ്ട് ഏക്കർ തെങ്ങും പറമ്പിലാണ്. നന്നാക്കിയാൽ സ്റ്റൈൽ ആക്കാൻകഴിയുന്ന ഒരു പഴയവീടും ഉണ്ട് .ജീവിതം സുഗമമായി മുന്നോട്ടു പോകുമ്പോഴാണ് ഒരു വലിയ പ്രശ്നം അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.തീറാധാരങ്ങളേയും മുള്ളുവേലികളെയും ഒന്നും പേടിയില്ലാത്ത ഒരു കൂട്ടർ ദാ വരുന്നു, ക്രമേണ അവരും ആ ഭൂമിയുടെ അവകാശികൾ ആയി മാറുന്നു, പക്ഷികൾ ചിത്രശലഭങ്ങൾ പാമ്പുകൾ എന്ന് വേണ്ട സകലരും ഉണ്ട് . കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ തക്കം പാർത്ത് നടക്കുന്നു കാക്കയുടെ തൊണ്ട കാറിയുള്ള കരച്ചിൽ അവരെ അലോസരപ്പെടുത്തുന്നുണ്ട് .പാമ്പിനെ കൊല്ലണം എന്ന് ഭാര്യ പറയുമ്പോൾ `കൊല്ലാൻ എളുപ്പമാണ് പക്ഷേ തിരിച്ച് ജീവൻ നൽകാനാണ് പാട് 'എന്ന മറുപടി നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു .തന്റെ തെങ്ങിൻതോപ്പ് മുഴുവൻ നശിപ്പിക്കുന്ന വവ്വാലുകളെ തോക്കുപയോഗിച്ച് കൊല്ലുവാൻ ഭാര്യ തീരുമാനിക്കുമ്പോൾ ഒരു നോക്കുകുത്തിയായി നിൽക്കാനേ അയാള്‍ക്കുകഴിയുന്നുള്ളൂ ..`കൂട്ടക്കൊല നടത്തിക്കോളൂ പക്ഷേ ഈ രക്തത്തിൽ എനിക്ക് പങ്കില്ല'എന്ന് കഥാനായകൻ ആവർത്തിക്കുന്നു .വവ്വാലുകളെ കൂട്ടക്കൊല ചെയ്യാനൊരുങ്ങിയ ഭാര്യയും കൂട്ടരും ഇളിഭ്യരായി മടങ്ങിവരുമ്പോൾ ബഷീറിനുള്ള സന്തോഷം ചെറുതൊന്നുമല്ല . വവ്വാലുകള്‍ തങ്ങളുടെ പൂർവികരുടെ ആത്മാക്കളാണെന്നു കരുതുന്ന നാട്ടുകാർ അവരെ അവിടെ നിന്ന് ഓടിപ്പിക്കുന്ന രംഗം വായനക്കാരന്‍റെ ചുണ്ടിൽ പുഞ്ചിരി പരുത്തുന്നു .വവ്വാലുകൾ ആരുടെയും പൂർവിക ആത്മാക്കൾ അല്ല ദൈവത്തിന്റെ മഹത്തായ സൃഷ്ടികളിൽ ഒന്ന് മാത്രം. നമുക്ക് തുല്യമായ അവകാശം അവർക്കും ഈ ഭൂമിയിൽ ഉണ്ടെന്ന് കഥാകൃത്ത് നമ്മെ ഓര്‍മിപ്പിക്കുന്നു. അതുതന്നെയാണ് സത്യം, സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികളാണ്.
മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്, അവൻ ഭൂമിയുടെ സർവ്വാധിപനായി വാഴുന്നു. ഏറെ പ്രസക്തിയുള്ള ഗൗരവകരമായ വിഷയം നർമ്മത്തിൽ പൊതിഞ്ഞ് ബഷീർ അവതരിപ്പിച്ചിരിക്കുന്നു`.ഭൂമിയിലെ അവസാനത്തെ മരവും മുറിച്ചു നീക്കപ്പെട്ടു കഴിയുമ്പോൾ, ഇടിച്ചുതകർത്തു കഴിയുമ്പോൾ, പുഴയിലെ അവസാന മീനും പിടിക്കപ്പെട്ടുകഴിയുമ്പോൾ അവസാന തുള്ളിവെള്ളവും വറ്റിക്കഴിയുമ്പോൾ മനുഷ്യൻ മനസ്സിലാക്കും പണം അവന് ഭക്ഷിക്കാനാകില്ലെന്ന് 'എവിടെയോ വായിച്ച ആ വരികള്‍ മനസ്സിലേക്ക് ഓടിയെത്തി .
ഭൂമിയുടെ അധിപനായി വാണ മനുഷ്യൻ ഇന്ന് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണുവാൻ സാധിക്കാത്ത വൈറസുകളെ ഭയന്ന് മാളത്തില്‍ കയറി ഒളിച്ചിരിക്കുന്നു. അവന്‍ സ്വയം നിർമ്മിച്ച തടവറക്കുള്ളിൽ തന്നെ ബന്ധിച്ചിരിക്കുന്നു .ഏകാന്തവാസം വിധിച്ചിരിക്കുന്നു ഇത് കാലത്തിന്റെ പ്രതികാരം ആണോ...
ബഷീര്‍ ഇന്നു ജീവിച്ചിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നു ഞാൻ വെറുതെ ചിന്തിച്ചു പോയി .
- ഭദ്ര എ എം 9 C

Comments
Post a Comment