ഭദ്ര എ എം 9C
വെള്ളപ്പൊക്കത്തിൽ
കുട്ടനാടിന്‍റെ ഇതിഹാസ സാഹിത്യകാരൻ ശ്രീ തകഴി ശിവശങ്കരപ്പിള്ളയുടെ ഹൃദയസ്പർശിയായ കഥയാണ് വെള്ളപ്പൊക്കത്തിൽ. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെ കഥാകൃത്ത് ഈ കഥയിലൂടെ പുനരാവിഷ്കരിക്കുകയാണ്. നാമും ഇതേ അനുഭവങ്ങളിലൂടെ അടുത്തകാലത്ത് കടന്നു പോയത് കൊണ്ടാകാം ഇത് വെറുമൊരു കഥയായി വായിച്ച് അടച്ചുവെയ്ക്കുവാൻ മനസ്സ് അനുവദികാത്തത്.
പ്രളയവും അതിന് ഇരകളാകുന്ന കുറെ മനുഷ്യരുടേയും മിണ്ടാ പ്രാണികളുടേയുംഅവസ്ഥയും കഥാകൃത്ത് ഈ കഥയിലൂടെ നമുക്ക് മുമ്പില്‍ എത്തിക്കുന്നു.
കഥയിലെ ഓരോ വരികളും എന്നെ പ്രളയ അനുഭവങ്ങളിലേക്ക്, ആ ഓർമ്മകളിലേക്ക് ഒരിക്കൽ കൂടി കൂട്ടിക്കൊണ്ടുപോയി. പ്രളയം നമുക്കിന്ന് ഒരു കെട്ടുകഥയല്ലല്ലോ...
ചേന്നനും ഗർഭിണിയായ ഭാര്യയും നാലു കുട്ടികളും പിന്നെ അവരെ ആശ്രയിച്ചു കഴിയുന്ന മിണ്ടാപ്രാണികളായ പൂച്ചയും പട്ടിയും. ഈ മഴ തന്‍റെയും തന്റെ കുടുംബത്തിന്‍റേയുംഘാതകൻ ആകുമോ എന്നുവരെ ചേന്നന്‍ ഭയക്കുന്നു .ചേന്നന്റെ തമ്പുരാൻ പ്രാണനും കൊണ്ട് മുമ്പേ കര പറ്റിയിരിക്കുന്നു. ചേന്നനും കുടുംബവുംഎങ്ങനെയോ ഒരു വള്ളക്കാരനെ വിളിച്ച് രക്ഷപ്പെടുന്നു. സ്വയ രക്ഷക്കായുള്ള പരിശ്രമത്തിനിടയിൽ പട്ടിയെ മറന്നുപോകുന്നു .ആയുസ്സിന്‍റെ വലുപ്പം കൊണ്ടാവാം പൂച്ച എങ്ങനെയോ വള്ളത്തിൽ ചാടിക്കയറി.
നമ്മുടെ കേന്ദ്രകഥാപാത്രമായ പട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്ന രംഗങ്ങൾ ദയനീയമാണ്. ആപത്ഘട്ടത്തിൽ തന്നെ ഉപേക്ഷിച്ചു പോയ യജമാനനോട് അവന് ഒരു പരിഭവവുമില്ല. അവസാന നിമിഷം വരെ യജമാനനോടുള്ള സ്നേഹവും വിശ്വാസവും അവന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. അവൻ അവസാന ശ്വാസം വരെ ആ വീടിന് കാവലാളാകുന്നു.സ്വയം രക്ഷയ്ക്ക് വേണ്ടിയാണെങ്കിൽ പോലും ആ പട്ടിയെ ഉപേക്ഷിച്ചു പോകുന്ന ചേന്നനോട് ഏതൊരു വായനക്കാരനും അല്പം പരിഭവം തോന്നാതിരിക്കില്ല . ഒരുപക്ഷേ ചേന്നന് തന്‍റേതായ ന്യായീകരണങ്ങൾ ഉണ്ടാകാം.
ചേന്നന്‍റെ വള്ളം അകന്നു പോകുമ്പോൾ ഒരു സാധു മൃഗം ആയിട്ടല്ല മറിച്ച് നിസ്സഹായനായ മനുഷ്യന്റെ ശബ്ദപരമ്പരകളാണ് ആ പട്ടി പുറപ്പെടുവിക്കുന്നത് .മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിൽ മനുഷ്യനും മൃഗവും അനുഭവിക്കുന്ന സംഘർഷങ്ങൾ ഒന്നു തന്നെയാണെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. അതിജീവനത്തിനുള്ള പോരാട്ടത്തിൽ ഈ പട്ടിയെ പോലെ നിരാലംബരായി നിസ്സഹായരായി പോകുന്ന ഒരു കൂട്ടം മനുഷ്യരും ഉണ്ട് എന്നുള്ള സത്യം ഞെട്ടലോടെ ഞാൻ ഓർത്തുപോയി, പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ .
ഒരുപക്ഷേ മനുഷ്യരേക്കാളും, മനുഷ്യത്വം ആ പട്ടി കാണിക്കുന്നുണ്ടാവും. സമൂഹത്തിൽ നിന്ന് നീക്കി നിര്‍ത്തപ്പെട്ട നിരാലംബരായ നിസ്സഹായരായ ആ ഒരു കൂട്ടം മനുഷ്യരുടെ പ്രതീകമാണ് ആ പട്ടി എന്ന് തോന്നിപ്പോകുന്നു .
ലളിതമാണ് തകഴിയുടെ ഭാഷ. എവിടെയും തട്ടിത്തടഞ്ഞു നിൽക്കാതെ ഏതൊരു സാധാരണക്കാരനായ വായനക്കാരന്‍റേയും ഹൃദയത്തിലേക്ക് അത് നേരിട്ട് ചെന്ന് കയറുന്നു. ഈ കഥയും അതില്‍ നിന്ന് വ്യത്യസ്തമല്ല. തകഴിയെ മലയാളസാഹിത്യത്തിന്‍റെ അമൂല്യനിധിയാക്കി മാറ്റുന്നതും ആ ലാളിത്യമാണ്.
- ഭദ്ര എ എം 9C

വൃത്തിയായി എഴുതി .... ധാരാളം വായിക്കണം....
ReplyDelete