ആദിത്യ വി എസ് 8 E

ഓണം,ഐതിഹ്യങ്ങൾ
 



സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണക്കാലത്തെ സ്മരണ പുതുക്കി വീണ്ടുമൊരു പൊന്നോണം വന്നിരിക്കുന്നു. മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു അനുഭവമാണ്  ഓണം. അതിന്റെ  മാസ്മരികത വർണിക്കാൻ എളുപ്പമല്ല. മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം. ലോകത്തിന് നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമതഭേദമന്യേ ഈ ഉത്സവംആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണനാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. ഇതിൽ പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെയാണ്. ദേവൻമാരെ പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിൻ്റെ സഹായം തേടി. മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെടുകയും മഹാബലി അതിന് അനുമതി കൊടുക്കുകയും ചെയ്തു. ആകാശംമുട്ടെ വളർന്ന വാമനൻ തൻ്റെ കാൽപ്പാദം അളവുകോലാക്കി തന്നെ സ്വർഗ്ഗവും ഭൂമിയും ആകാശവും അളന്നെടുത്തു മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തൻ്റെ ശിരസ്സ് കാണിച്ചുകൊടുത്തു. ഒരിക്കൽ, അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തൻ്റെ പ്രജകളെ സന്ദർശിക്കുന്നതിന് വാമനൻ മഹാബലിക്കു അനുവാദം നൽകി. അങ്ങനെ എല്ലാ വർഷവും തിരുവോണ നാളിൽ മഹാബലി തൻ്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം. പരശുരാമനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനിൽനിന്ന് കേരള ക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണർക്ക് ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങി പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ മാനിച്ച് വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ പരശുരാമൻ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിനമാണ് ഓണമായി ആഘോഷിക്കുന്നത് എന്നാണ് മറ്റൊരു സങ്കല്പം.
 കഥകൾ എന്തൊക്കെയായാലും കേരളജനതയെ ഒന്നാക്കി നിർത്തുന്ന ഒരു വികാരം കൂടിയാണ് ഓണം. ഓണം ഒരു വിളവെടുപ്പുത്സവം കൂടിയാണ്. ഓണത്തിൻ്റെ പ്രധാന ആഘോഷങ്ങളിൽപ്പെട്ടതാണ് ഓണപ്പൂക്കളം. ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുദിവസം പൂക്കളമൊരുക്കി മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നു. ഓണത്തിൻ്റെ മറ്റൊരു ആകർഷണം ഓണസദ്യയാണ്. ഉണ്ടറിയണം ഓണം എന്നാണ് ചൊല്ല്. സമ്പൽസമൃദ്ധിയുടെയും സർവ്വ ഐശ്വര്യത്തിൻ്റേയും ഓണം നമുക്ക് ആഘോഷിക്കാം...

               - ആദിത്യ വി എസ് 8E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം