മീര കെ എച്ച് 10E
ജീവിതസമരം
ശ്രീ സി കേശവന്റെ ആത്മകഥയാണ് ജീവിതസമരം. സത്യസന്ധനും ധർമധീരനും ആരുടെ മുന്നിലും തലകുനിക്കാത്ത ആത്മാഭിമാനിയും ആയിരുന്ന ആ പച്ചമനുഷ്യന്റെ ആർജവം നിറഞ്ഞ ഈ ആത്മകഥാഖ്യാനം കേരളത്തിന്റെ ഒരു നീണ്ട കാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവും ആയ ചരിത്രത്തിന്റെ കണ്ണാടി കൂടിയാണ്.
പരീക്ഷണാർത്ഥമെങ്കിലും സ്വന്തം കൈകൊണ്ട് നട്ടുവളർത്തിയ പരുത്തി ചെടിയുടെ പഞ്ഞിയിൽ നിന്ന് സ്വയം നൂറ്റ നൂലുകൊണ്ട് വീട്ടിലെ തറിയിൽ താൻ തന്നെ നെയ്തെടുത്ത മുണ്ടുടുത്തു നടന്ന ഒരു മനുഷ്യൻ ഈ നാടിന്റെ മുഖ്യമന്ത്രി -അന്ന് പ്രധാനമന്ത്രി -വരെ ആയിത്തീർന്ന, ആരെയും വിസ്മയഭരിതരാക്കുന്ന ജീവിതസമരക്കഥ മാത്രമല്ലിത്. വഴിനടക്കാൻ ഒരു നായ്ക്കുള്ള സ്വാതന്ത്ര്യം പോലും ഈഴവർ അടക്കമുള്ള കീഴ്ജാതിക്കാർക്ക് ഇല്ലാതിരുന്ന കാലത്ത് ഒരു കീഴ്ജാതിക്കാരൻ മയ്യനാടെന്ന ഗ്രാമത്തിലെ കുടിലിൽ നിന്ന് പൊരുതി മുന്നേറി ക്ലിഫ് ഹൗസിലെത്തിയ കഥ കൂടിയാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലെ ഉൽപതിഷ്ണു വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു ശ്രീ സി കേശവൻ. മാർക്സിയൻ ചിന്താഗതിയോടും സോഷ്യലിസ്റ്റ് ആശയങ്ങളോടും അദ്ദേഹത്തിന് എന്നും പ്രതിപത്തി ഉണ്ടായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ അദ്ദേഹം അധസ്ഥിതരുടെ ഉറ്റ ബന്ധുവായിരുന്നു.ഒരു ദേശത്തിന്റെയും കാലഘട്ടത്തിന്റെയും ഇതിഹാസമായ സി കേശവൻ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടു. കാരണം അദ്ദേഹം നേടിയ അധികാരസ്ഥാനം അല്ല, ജനങ്ങൾ അർപ്പിച്ച വിശ്വാസവും പിന്തുണയും ആകുന്നു. ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയായിരുന്നു സി കേശവൻ. ആ ജീവിതകഥ ആദ്യന്തം ഒരു സമര കഥയായിരുന്നു.
കേരളം എങ്ങനെ ഉല്പ്പതിഷ്ണു രാഷ്ട്രീയത്തിനു വളക്കൂറുള്ള മണ്ണായി എന്ന് ചിന്തിക്കുന്ന ആധുനിക സാമൂഹിക ശാസ്ത്ര വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കുറെ സാമൂഹിക ചരിത്ര പാഠങ്ങളുണ്ട്. ഒളിച്ചുകളി വശമില്ലാത്ത ആ മനുഷ്യൻ വളച്ചുകെട്ടു കൂടാതെ പറഞ്ഞുതരുന്ന അനേകം പരമാർഥങ്ങളിൽ നിന്നും സാമൂഹികശാസ്ത്ര വിദ്യാർഥികൾക്ക് പ്രസ്തുത പാഠങ്ങൾ ഈ പുസ്തകത്തിലൂടെ മനസ്സിലാകും. പുസ്തകത്തിൽ അനുബന്ധമായി അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'കോഴഞ്ചേരി പ്രസംഗ'വും ചേർത്തിട്ടുണ്ട്.
ധീര സാഹസികനായ പടനായകൻ, രാഷ്ട്രീയ നേതാവ്, സാമൂഹ്യപരിഷ്കർത്താവ്, കലാകാരൻ, ഭരണാധിപൻ എന്നീ നിലകളിൽ പ്രവർത്തിച്ച ബഹുമുഖ വ്യക്തിത്വത്തിന്റെ ആത്മപ്രകാശനം ആണ് സി കേശവന്റെ ജീവിത സമരം. സി കേശവൻ എന്ന വ്യക്തിയെക്കുറിച്ച് എന്നതിലുപരി സി കേശവന്റെ വ്യക്തിത്വത്തെക്കുറിച്ച് ഈ പുസ്തകം നമ്മെ മനസ്സിലാക്കുന്നു.
- മീര കെ എച്ച് 10E

Comments
Post a Comment