മീര കെ എച്ച് 10E



മതിലുകൾ 

ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ തൂലികയിൽ പിറന്ന അതിമനോഹരമായ ഒരു നോവലാണ് മതിലുകൾ. ബഷീറിന്റെ ഈ നോവലിൽ പ്രണയവും പ്രണയനൈരാശ്യവും ഒരേ പ്രാധാന്യത്തോടെ ചർച്ചചെയ്യപെടുന്നു. 
     രാജ്യദ്രോഹക്കുറ്റത്തിന്   അറസ്റ്റിലായ ബഷീർ സെൻട്രൽ ജയിലിൽ എത്തുന്നതുമുതലാണ് കഥ ആരംഭിക്കുന്നത്. മറ്റു മിക്ക ബഷീർ കൃതികളിലെയും പോലെ ബഷീർ വായനക്കാരോട് പറയുന്ന തരത്തിലാണ് നോവൽ രചിക്കപ്പെട്ടിട്ടുള്ളത്. ജയിലിലെത്തിയ ബഷീർ വാർഡറിന്റെ കൂടെ തന്റെ ലോക്കപ്പിലേക്ക് നടക്കുകയാണ്. തൂക്കുമരത്തിന്റെ അടുത്തുകൂടെയാണ് അവർ നടക്കുന്നത്. ബഷീറിന് ചുറ്റും നീളമേറിയ കന്മതിലുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തനിക്ക് മുന്നേ ധൃതിയിൽ  നടക്കുന്ന വാർഡർ താനിതിനു മുമ്പ് കിടന്നിരുന്ന ജയിലിലെ പോലീസ് നൽകിയ ബീടികെട്ടുകളും തീപ്പെട്ടിയും ബ്ലേഡും വാങ്ങി സ്വന്തമാക്കിയതും അത് തന്ത്രപൂർവം താൻ തിരിച്ചുവാങ്ങിയതും രസകരമായി വിവരിച്ചിട്ടുണ്ട്. ലോക്കപ്പിലേക്ക് നടക്കുമ്പോൾ ബഷീർ  പെട്ടെന്ന് ഒരു സ്ത്രീയുടെ മണം അറിയുകയും ശബ്ദം കേൾക്കുകയും ചെയ്തു. ലോക്കപ്പിലെത്തിയ ബഷീറിന്റെ ചിന്ത മുഴുവൻ ആ ശബ്ദത്തിന്റെ ഉടമയെ കുറിച്ച് മാത്രമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ താൻ എത്തിപെട്ടിട്ടുള്ള സ്ഥലത്തെ തന്റെ പരിചയക്കാരുമായി ചിലവഴിക്കാൻ ബഷീർ സമയം കണ്ടെത്തുന്നു. അധികം വൈകാതെ ബഷീർ ആ ശബ്ദത്തെ കുറിച്ചും ഗന്ധത്തെ കുറിച്ചും മറന്ന് പ്രകൃതിയുമായും തന്റെ സഹതടവുകാരുമായും സമയം ചിലവഴിക്കാൻ തുടങ്ങുന്നു. കുറച്ചുനാളുകൾക്ക് ശേഷം ബഷീറടക്കമുള്ള സഹതടവുകാരെ വിട്ടയക്കാനുള്ള ഓർഡർ എത്തിയെന്നുള്ള പോലീസിന്റെ അറിയിപ്പുമൂലം അവർ തയ്യാറായി നിന്നെങ്കിലും ബഷീറിന് ഓർഡറിലെ ചില പിശകുകൾ കാരണം ജയിൽ വിടാൻ സാധിക്കുന്നില്ല. മറ്റെല്ലാവരും പുറത്തിറങ്ങിയപ്പോൾ മുതൽ അകാരണമായ ഒരു ഭയം ബഷീറിനെ വേട്ടയാടിയിരുന്നു. തന്നെ മാത്രം ഇവിടെ നിർത്തിയിരിക്കുന്നത് കൊല്ലാനാണോ എന്നുള്ള ഭയം ബഷീറിനെ ജയിൽ ചാടാൻ പ്രേരിപ്പിക്കുന്നു. അതിനായ് ഒരു നല്ല പദ്ധതിയും ബഷീർ ആസൂത്രണം ചെയ്യുന്നു. അതിഘോരമായ മഴയുള്ള ദിവസം ജയിൽ ചാടാൻ തീരുമാനിക്കുന്ന ബഷീർ ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നതിനിടയിലാണ് വാർഡർ പച്ചക്കറിത്തോട്ടമുണ്ടാക്കാനായി ബഷീറിനെ വിളിക്കുന്നത്. തോട്ടമുണ്ടാക്കാൻ നിശ്ചയിച്ചത് സ്ത്രീകളുടെ ജയിലിന് അതിരായി നിൽക്കുന്ന മതിലിനെടുത്താണ്. അപ്പോഴാണ് ബഷീർ താനിവിടെ വന്നപ്പോളറിഞ്ഞ മണവും ശബ്ദവും വീണ്ടും  ഓർക്കുന്നത്. ഒരു ദിവസം ആ മതിലിനടുത്തുകൂടെ ചൂളമടിച്ചു നടന്ന ബഷീറിനെ എതിരേറ്റത് അപ്പുറത്താരാണെന്ന ഒരു സ്ത്രീ ശബ്ദമാണ്. പതിയെ അവർ പ്രണയത്തിലാകുന്നതിലൂടെ കഥ പരിണാമഘട്ടത്തിലേക്കടുക്കുന്നു. ഏറെ നാളത്തെ സംസാരത്തിനു ശേഷം ജയിലിലെ ആശുപത്രിയിൽ വെച്ച് കാണാമെന്നു അവർ തീരുമാനിക്കുന്നു. കാണുമ്പോൾ തിരിച്ചറിയാനുള്ള അടയാളങ്ങൾ പറഞ്ഞു പിരിയുന്ന അവർ ശുഭപ്രതീക്ഷയോടെ ആ രാത്രി മയങ്ങുന്നു. എന്നാൽ പിറ്റേ ദിവസം ബഷീറിന് പുറത്തുപോകാനുള്ള അനുമതി ലഭിക്കുന്നതുമൂലം ബഷീറിന് നാരായണിയെന്ന തന്റെ പ്രണയിനിയെ കാണാൻ സാധിക്കാതെ പോകേണ്ടി വരുന്നു. 
             ജീവിതത്തിന്റെ ഏടുകൾ പച്ചയായ് അവതരിപ്പിക്കുന്ന ബഷീർ കൃതികൾ വായനക്കാരുടെ മനസിനെ സ്വാധീനിക്കുന്നതാണ്. മനുഷ്യ മനസിന്റെ ഓരോ സ്പന്ദനവും തിരിച്ചറിയുന്നതരത്തിലുള്ള  ബഷീറിന്റെ ഈ രചന ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ ഒരു രചനയാണ്‌.

                        - മീര കെ എച്ച് 10E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം