അമൃത പി യു 10C



ഖസാക്കിന്റെ ഇതിഹാസം          

സങ്കീർണമായ പദചാരുതയാൽ  ഈ നോവലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ ആദ്യമൊക്കെ എനിക്ക് കഴിഞ്ഞില്ല. മലയാളത്തിൽ തിളങ്ങുന്ന ഒരു അനശ്വര നോവലായ ഇത് മനസ്സിലാക്കിയെടുക്കാൻ ഞാൻ വളരെയേറെ ബുദ്ധിമുട്ടി. എങ്കിലും ഞാൻ മനസ്സിലാക്കിയതിൽ നിന്നുമാണ് ഈ ആസ്വാദനം തയ്യാറാക്കുന്നത്. 
                      മലയാളി ഭാവുകത്തെ പുതുക്കിപ്പണിഞ്ഞ, മലയാള ഭാഷയിലെ ഉജ്ജ്വലമായ സാഹിത്യകൃതികളിൽ ഒന്നാണ് ഒ. വി.വിജയന്റെ ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസം. രവിയെന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതയാത്ര പാലക്കാട്ടെ ഖസാക്കിലവസാനിക്കുന്നതു  വരെയുള്ള കഥയാണ് ഇതിൽ വരച്ചിടുന്നത്. 
                        ഖസാക്കെന്ന പാലക്കാടൻ ഗ്രാമത്തിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കാൻ എത്തുന്ന രവിയിലൂടെയാണ് കഥയുടെ ആരംഭം. 'കൂമൻ കാവിൽ ബസ്സ് ചെന്ന് നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മടവുകൾക്കിടയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്നു പണ്ടേ കരുതിക്കാണണം'.സർഗ സൗന്ദര്യമായ ഈ വരിയിലൂടെ തുടങ്ങുന്ന നോവൽ രവിയുടെ ഓർമകളിലൂടെയും ഗ്രാമത്തിലെ ഒരുപിടി ആളുകളുടെ വ്യത്യസ്തങ്ങളാർന്ന ജീവിതങ്ങളിലൂടെയും വികസിക്കുകയാണ്. നോവലിന്റെ അന്തർധാരയിലേക്ക് വായനക്കാരനെ നയിക്കുന്ന വരികളാണിവ. ഈ വരികളിൽ പൂർവനിശ്ചയങ്ങളിലൂടെയുള്ള മനുഷ്യജന്മങ്ങളുടെ കർമപരമ്പരകളെന്ന കഥയുടെ സാരത്തിലേക്ക് ആസ്വാദകനെ നയിക്കുന്നു. പാപ ബോധത്തിന്റെ ഭാരവും പേറി മനസ്സിന്റെ വ്യാകുലതകൾക്ക് പരിഹാരം കണ്ടെത്താൻ ശാന്തിയുടെ തീരങ്ങൾ അന്വേഷിച്ചുള്ള യാത്രയാണ് രവിയുടേത്. രവിയും ഖസാക്കെന്ന പാലക്കാടൻ ഗ്രാമവും അപ്പുക്കിളിയും മൈമുനയും കൂമൻകാവുമെല്ലാം നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാകുന്നതെങ്ങനെയെന്നു ഞാൻ കഥാ മധ്യത്തിലേ കണ്ടറിഞ്ഞു.  
                  നായകനായ രവിയുടെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഖസാക്ക് എന്ന ഗ്രാമത്തിൽ തന്നെയാണ്. അപ്പുക്കിളി,അള്ളാപ്പിച്ചാമൊല്ലാക്ക, മാധവൻ നായർ, മൈമൂന എന്നിങ്ങനെ പോകുന്നു വത്യസ്തങ്ങളായ വ്യക്തിത്വം പേറുന്നവരായ അനേകം ഖസാക്കുക്കാർ. എന്നാൽ അന്ധവിശ്വാസവും പ്രാദേശിക ഐതിഹ്യങ്ങളുമൊക്കെ ഏവരെയും ഖസാക്കിന്റെ സ്വത്വം പേറുന്നവരാക്കുന്നുണ്ട്. പ്രാദേശികമായ ചെറു സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സാവധാനം വികസിക്കുന്ന കഥയിൽ പലപ്പോഴായുള്ള ഓർമസകാലങ്ങളിലൂടെയാണ് നോവലിസ്റ്റ് രവിയെ വായനക്കാരന് പരിചയപ്പെടുത്തുന്നത്. ആദ്യം മുതൽ അന്ത്യം വരെ ഒരുതരം അസ്വസ്ഥത അനുഭവിക്കുന്ന ഒരു കഥാപാത്രമാണ് രവി. ഈ അസ്വസ്ഥത വായനക്കാരന് ഒരുതരം ആകാംക്ഷ സമ്മാനിക്കുന്നു. 'ഖസാക് 'എന്ന സാങ്കല്പിക ഗ്രാമം അവിടെ നാം പരിച്ചയപെടുന്ന ഓരോരുത്തരും ആസ്വാദനത്തിനു മാറ്റു കൂട്ടുന്നു. പാലക്കാടൻ ഗ്രാമങ്ങളിലെ മുസ്ലിം സമുദായ ഭാഷയിലൂടെ ഗ്രാമാന്തരീക്ഷം സൃഷ്ടിക്കാൻ നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസത്തിൽ നായകൻ രവി നോവലിന്റെ തുടക്കത്തിൽ ബസ്സിറങ്ങിയ കൂമൻ കാവിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ ഒരു പാമ്പിന്റെ കടിയേറ്റു വാങ്ങി മരണം വരുന്നതോടെ നോവൽ അവസാനിക്കുന്നു.   
                        ഈ കഥയിലെ ഒരു കഥാപാത്രമാണ് അപ്പുക്കിളി. നോവലിൽ 20വയസ്സിനടുത്ത പ്രായത്തിൽ പ്രത്യക്ഷപ്പെടുന്ന അപ്പുക്കിളി ശരീരത്തിനൊപ്പം വളരാത്ത കൈകാലുകൾ ചേർന്ന് അസാധാരണമായ ശരീര പ്രകൃതിയുള്ളവനും ബുദ്ധിവളർച്ച കുറഞ്ഞവനുമാണ് . അതേ സമയം ശിശുസഹജമായ നിഷ്കളങ്കത പ്രകടിപ്പിക്കുന്ന ഈ കഥാപാത്രത്തെ നോവലിസ്റ്റ് 'ജന്മാന്തരങ്ങൾ അറിഞ്ഞവൻ'എന്നാണ് വിശേഷിപ്പിക്കുന്നത്. 
                   നോവലിൽ കഥാ സന്ദർഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ വരച്ച ചിത്രങ്ങൾ അതിനെ മികവുറ്റതാക്കി. ആഖ്യാനരീതിയിലും ഭാഷാനിര്മിതിയിലും മുന്നിൽ നിൽക്കുന്ന നോവലാണിത്. 
                    ഖസാക്കെന്ന ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പനനൊങ്കിന്റെ ഭാഷായിൽ  ഒ. വി. വിജയൻ വരച്ചിട്ടത്. ഈ നോവൽ വായിച്ചപ്പോൾ ജീവിതത്തിന്റെ ദാർശനികമായ വ്യാഖ്യാനമായി ഖസാക്ക്‌ എന്നും നിലനിൽക്കും എന്നെനിക്ക് തോന്നിപോയി.

                    - അമൃത പി യു 10C
                    

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം