ചിങ്ങം ഒന്ന് , മലയാള ദിനം



ചിങ്ങം ഒന്ന് 
മലയാള ദിനം

ലേഖനങ്ങൾ 

1) ചിങ്ങപുലരി

ചിങ്ങം 1 മലയാളദിനം. മലയാളികൾക്ക് പുതുവർഷാരംഭം. പ്രളയഭീതിയിലും കോവിഡ് പശ്ചാത്തലത്തിലും നാം ഏറെ ആശങ്കയോടെയിരിക്കുന്ന ഈ സാഹചര്യത്തിൽ ചിങ്ങമാസപുലരി നമുക്ക് ഒരു പ്രതീക്ഷകളുടെ ദിനമായി മാറുന്നു.

കേരളം കർഷകരുടെ നാടാണല്ലോ. ഇന്ന് കർഷക ദിനം കൂടിയാണ്. പാടത്ത് എല്ലുമുറിയെ പണിയെടുക്കുകയും പൊന്നുവിളയിക്കുകയും ചെയ്യുന്ന ഒരോ കർഷകർക്കും പുതിയ പ്രതീക്ഷകളുടെ വെളിച്ചവും ഉണർവുമേകുന്ന ഒരു പുതുവത്സരം കൂടി വന്നെത്തുന്നു. കർക്കിടകത്തിൻ്റെ , കാർമേഘങ്ങൾ കലർന്ന കാറ്റും മഴയും തോർന്ന് ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടേയും തെളിഞ്ഞ നറുവെയിൽപ്പുലരിയാണ് ചിങ്ങമാസപ്പുലരി.

കാർഷികസംസ്കാരത്തിൻ്റെ ഉത്സവമായ ഓണക്കാലത്തിൻ്റെ മാസം കൂടിയാണ് ചിങ്ങം. ആശങ്കകളെല്ലാം മറന്ന് പുതിയൊരു വർഷത്തെ വരവേൽക്കുകയാണ് നാം ഓരോരുത്തരും. ഐശ്വര്യോത്സവമായ ഓണത്തെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുക്കുന്നതും ചിങ്ങം ഒന്നിനു തന്നെയാണ്. 'മാനുഷരെല്ലാരും ഒന്നുപോലെ' എന്ന മഹനീയതത്ത്വം പ്രകീർത്തിക്കുന്ന, മാവേലി തമ്പുരാനെ വരവേൽക്കുന്ന മഹോത്സവമായ ഓണത്തിൻ്റേയും, വസന്തോത്സവ കാലത്തിൻ്റെയും ആദ്യദിനമാണ് ചിങ്ങം ഒന്ന്.

കഴിഞ്ഞ രണ്ടുവർഷമായി ഓണം കടന്നു പോകുന്നത് മലയാളികളുടെ കണ്ണീരിലൂടെയാണ്. ഇത്തവണ ഉരുൾപ്പൊട്ടൽ ഭീതിക്കും പ്രളയഭീതിയ്ക്കുമൊപ്പം തന്നെ കൊറോണ മഹാമാരിയുമുണ്ട്. ഇത്തരം പ്രതിസന്ധികൾക്കിടയിലും ഒട്ടുംതളരാതെ   പ്രതീക്ഷയുടേയും  പ്രത്യാശയുടേയും വെളിച്ചം വിതയ്ക്കുന്ന ഈ മനോഹരമായ ഒരു   ചിങ്ങപുലരിയെ കേരളീയർ സന്തോഷത്തോടെ വരവേൽക്കുന്നു.

               - ദേവ്ന നാരായണൻ 9E

2) ചിങ്ങം 1

 ചിങ്ങം 1. കേരളത്തിൻ്റേതു മാത്രമായ കാലഗണനാരീതിയാണ് കൊല്ലവർഷം. അതു കൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷമെന്നും അറിയപ്പെടുന്നു.
ഇത് കാർഷിക ദിനം കൂടിയാണ്. കോവിഡ് പശ്ചാതലത്തിൽ, ആശങ്കകൾ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കർഷകർ.
കർക്കടം 32 ദിവസമുണ്ട്. കർക്കടം തീർന്നാൽ ദുർഘടം തീർന്നു എന്നാണ് പറയുക. കർക്കടത്തിൻ്റെ വറുതികളെ മറന്ന് ഞാറ്റുപ്പാട്ടിൻ്റെയും കൊയ്ത്തിൻ്റെയും ഈരടികളും കേട്ടു തുടങ്ങുന്ന മാസമാണിത്.
 സമൃദ്ധിയുടേയും ഐശ്വര്യത്തിൻ്റെയും വരവറിയിച്ച് പൊന്നാണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട മാസമാണിത്. ഒപ്പം മലയാള ഭാഷാ, പ്രേമികൾ അഭിമാനത്തോടെ ഓർത്തിരിക്കേണ്ടതും പുതുതലമുറയോട് ഓതിക്കൊടുക്കേണ്ടതുമായ പുതുവത്സര ദിനമാണ് ചിങ്ങം ഒന്ന്. ദു:ഖങ്ങളും ദുരിതങ്ങളും അകറ്റി സമാധാനവും സന്തോഷവും നൽകുന്ന പുതുവത്സരം ആകട്ടെ എന്ന് ആശംസിക്കുന്നു.
ഏവർക്കും അതിജീവനത്തിൻ്റെ പുതുവത്സരാശംസകൾ.

                     - അമൃത കെ.ബി  6.C

3) അമ്മയെ മറന്നുപോകുന്നുവോ?
         
ചിങ്ങം ഒന്ന്. കർക്കിടകത്തിലെ വറുതികൾക്കു വിരാമമിട്ടുകൊണ്ട് പ്രതീക്ഷയുടെ പുതുനാമ്പുകളേകി പൊന്നിൻ ചിങ്ങം പിറന്നിരിക്കുന്നു. മലയാളികൾക്ക് പുതുവർഷ ആരംഭം .ഈ സുദിനത്തിൽ നമ്മുടെ മാതൃഭാഷയായ മലയാളത്തെകുറിച്ച് ഒരു പുനർചിന്തനം ആകാമെന്നുതോന്നുന്നു .
                     ' മലയാളമാണെന്റെ മാതൃഭാഷ                                                            മനതാരിലാദ്യംവിരിഞ്ഞഭാഷ' നാം അമ്മയോടൊപ്പം അമ്മിഞ്ഞപ്പാലിനോടൊപ്പം നുകർന്ന ഭാഷ.സ്വന്തം ഭാഷയെ മാതാവായി കരുതുന്നതു കൊണ്ടാണു മാതൃഭാഷ എന്ന് പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള സ്ഥാനം മാതൃഭാഷയ്ക്കും ഉണ്ട്. അവൻ ചിന്തിക്കാൻ തുടങ്ങുന്നത് അവന്റെ ആശയങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുന്നത് മാതൃഭാഷയിൽ ആണ് .
                 ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച മലയാളത്തിനോടുള്ള മലയാളികളായ നമ്മുടെ മനോഭാവത്തെകുറിച്ച് കൂടി ചിന്തിക്കേണ്ട സമയമാണിത്. ഇംഗ്ലീഷിനോടുള്ള അമിതമായ പ്രേമം പതുക്കെപ്പതുക്കെ നമ്മെ മലയാളത്തിൽ നിന്നകറ്റി. നാം അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചതും നമ്മുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നതും നമ്മുടെ ഇണക്കങ്ങളിലും  പിണക്കങ്ങളിലും  ചിന്തകളിലും നമ്മോടൊപ്പം നിന്നതും നമ്മുടെ മാതൃഭാഷയായ മലയാളം തന്നെയാണ് .
                   മലയാളം പഠിക്കുക എന്നാൽ ഒരു ഭാഷ പഠിക്കുക എന്നുമാത്രമല്ല നമ്മുടെ സംസ്കാരത്തെ ഉൾക്കൊള്ളുക കൂടിയാണ്ചെയ്യുന്നത്.
 'ആറു മലയാളിക്ക് നൂറു മലയാളം 
അര മലയാളിക്കൊരു മലയാളം 
ഒരു മലയാളിക്കും മലയാളമില്ല '
എന്ന കുഞ്ഞുണ്ണി മാഷിൻ്റെ വരികൾ പോലെ മലയാളിക്ക് മലയാളം ഇല്ലാതായിരിക്കുന്നു .നാം എവിടെയോവെച്ച് നമ്മൾ അല്ലാതായിമാറിയിരിക്കുന്നു .
                 സമ്പന്നമാണ് നമ്മുടെ ഭാഷ .മുത്തും പവിഴവും ചേർത്ത് കൊരുത്ത മാലപോലെ സുന്ദരം .ആംഗലേയഭാഷയ്ക്ക് അതിൻ്റേതായ പ്രാധാന്യമുണ്ട് .പക്ഷേ ആംഗലേയ ഭാഷയെകൂടെ കൈപിടിച്ച് നടത്തുമ്പോഴും നമ്മുടെ മാതൃഭാഷയായ മലയാളത്തെ നെഞ്ചോട് ചേർത്തു പിടിക്കുവാൻ നാം മറന്നുപോകരുത് .ഓരോ ഭാഷയും ഓരോ സംസ്കാരത്തിൻന്റെ ചിഹ്നമാണ് .ഒരു ഭാഷ നശിക്കുമ്പോൾ ഒരു സംസ്കാരം തന്നെയാണ് നശിച്ചുപോകുന്നത് .
         മലയാളം ആണ് നമ്മുടെ ഭാഷയെന്ന് നമുക്ക് അഭിമാനത്തോടെ ഉറക്കെ പറയാം. മരണം മന്ത്രിക്കുന്ന നമ്മുടെ മാതൃഭാഷയെ നമുക്ക് തിരിച്ചുപിടിക്കാം, നെഞ്ചോടു ചേർക്കാം 
         
                       - ഭദ്ര എ എം 9C 
                                                       
                                                        
4) മലയാളി മറക്കുന്ന മലയാളം

ചിങ്ങം ഒന്ന്. പട്ടിണിയും പരിഭവവും നിറഞ്ഞ കർക്കടക മാസത്തിന് വിരാമമിട്ടുകൊണ്ട് സമ്പത്  സമൃദ്ധിയുടെ പൊന്നിൻചിങ്ങം പിറന്നിരിക്കുന്നു. 
             ചിങ്ങം1 മലയാളികൾ മാതൃഭാഷാ ദിനം ആയി ആചരിക്കുന്നു. മലയാള ഭാഷയെ അമ്മയോളം സ്നേഹിക്കുന്ന മലയാളികളുടെ ദിനം. " മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്നു  പെറ്റമ്മ തൻ ഭാഷ താൻ" എന്നു പാടിയ വള്ളത്തോളും 'എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം' എന്നെഴുതിയ ഒ എൻ വിയും മലയാളഭാഷയുടെ മാഹാത്മ്യമാണ് വിളിച്ചോതിയത്. 
               മലയാളം നമ്മുടെ മാതൃഭാഷയാണ്. സ്വന്തം അമ്മയോളം പ്രാധാന്യം കൊടുക്കേണ്ട ഒന്ന്. നാം ചിന്തിച്ചു തുടങ്ങുന്നത് മലയാളത്തിലാണ്. ചിന്തകൾ ആശയമായി മാറുന്നു,  ആശയങ്ങൾ പ്രകടിപ്പിക്കുമ്പോൾ ആണ് നാം മനുഷ്യനാകുന്നത്.
                 പണ്ടുകാലങ്ങളിൽ ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് അവന്റെ കുടുംബമായിരുന്നു. പ്രത്യേകിച്ച് അമ്മ. വെറുമൊരു പൊക്കിൾകൊടി ബന്ധം അല്ല നമുക്ക് അമ്മയുമായുള്ളത്. ആ  ഒരു പൊക്കിൾകൊടിയിലൂടെ ജീവവായുവും പ്രാണനും എല്ലാം സ്വയം ബന്ധപ്പെട്ടുകിടക്കുന്നു. എന്നാൽ ഇന്നത്തെ തലമുറ പ്രാധാന്യം കൊടുക്കുന്നത് പണത്തിനും പദവിക്കും ആണ്. അതിനു വേണ്ടി അവർ അമ്മയേയും കുടുംബത്തേയും മറക്കുന്നു. പക്ഷെ അവസാനം പണവും പദവിയും അല്ല ജീവിതം എന്ന് മനസ്സിലാക്കി അവർ എത്തുന്നത് അമ്മയുടെ അടുത്തേക്കാണ്. അതുപോലെതന്നെയാണ് ഭാഷ. ആംഗലേയഭാഷ നമുക്ക് പണവും പദവിയും നൽകുന്നു. എന്നാൽ മാതൃഭാഷ നമുക്ക് പകർന്നു നൽകുന്നത് നമ്മുടെ സംസ്കാരം ആണ്;നമ്മുടെ ജീവിതമാണ്. ജീവിക്കാൻ മറന്ന് പണത്തിനു പിന്നാലെ പോകുന്ന മനുഷ്യൻ എവിടെയും എത്തുന്നില്ല. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നമ്മുടെ നാവിൻതുമ്പിൽ എത്തുന്നത് മലയാളമാണ്. അതുകൊണ്ട് സ്നേഹിക്കാം മലയാളത്തെ.

                   - മീര കെ എച്ച് 10E

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം