ശ്രീലക്ഷ്മി കെ എ



കഥ



പീലി

പാരന്റ്സ് മീറ്റിംഗ് കഴിഞ്ഞ് അമ്മയുടെ കൂടെ സ്കൂളിൽ നിന്നിറങ്ങിയതാണ് നന്ദന. ബസ്സിന്റെ വിന്റോ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുമ്പോഴും അവളുടെ കണ്ണുകളിൽ ഉപ്പുവെള്ളം ഇരച്ചുകയറുന്നുണ്ടായിരുന്നു. തൊണ്ടക്കു താഴെ വല്ലാത്തൊരു വിങ്ങൽ. അമ്മ കാണാതിരിക്കാൻ അവൾ തല പരമാവധി തിരിച്ചുപിടിച്ചിരുന്നു. അവളുടെ പഠനമികവിനെക്കുറിച്ചും സർഗ്ഗവാസനകളെ കുറിച്ചും അമ്മയുടെ അടുത്ത് ടീച്ചർ വാതോരാതെ പ്രസംഗിക്കുമ്പോഴും അവളുടെ കണ്ണുകൾ മറ്റു കുട്ടികളുടെ കളിചിരികളിലുടക്കി നിൽക്കുകയായിരുന്നു. പലരുടെയും മാതാപിതാക്കളോടൊപ്പം അവരുടെ സഹോദരങ്ങളും വന്നിരുന്നു. എല്ലാവരും അവരവരുടെ കുഞ്ഞനിയന്മാരെയും അനിയത്തിമാരെയും ചേച്ചിമാരെയും ചേട്ടൻമാരെയും കൂട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ്. അവളിൽ കണ്ണന്റെ ഓർമ്മകൾ നുരഞ്ഞുപൊന്തി വന്നു. അവന്റെ കുഞ്ഞു കുറുമ്പുകളും കളിചിരികളും ചീച്ചിയെന്നു തന്നെ നീട്ടിവിളിച്ചിട്ട് പാൽപല്ല് കാണിച്ച് കൈകൊട്ടിയുള്ള ചിരിയും....

അവൾക്കോർമ്മയുണ്ട്... ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് നഴ്സ് അവനെയും കൊണ്ട് ലേബർ റൂമിൽ നിന്നിറങ്ങിവന്നത്. ആൺകുട്ടിയാണെന്ന് അച്ഛനോട് പറഞ്ഞത്. എന്നിട്ട് തന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് മോൾക്ക് അനിയൻകുട്ടനാണ് കേട്ടോ എന്ന് പറഞ്ഞത്. 

അവനെ നോക്കിയങ്ങനെയിരിക്കാൻ തന്നെ എന്ത് രസമായിരുന്നു. ഉറങ്ങുമ്പോഴും അവന്റെ കുഞ്ഞുകയ്യിലേക്ക് വിരൽവച്ചു കൊടുത്താൽ വിടാതെ മുറുകെപ്പിടിച്ചിരുന്നു. അവൻ ചേച്ചിയോട് എങ്ങും പോവാതെ അവന്റെയടുത്തു തന്നെയിരിക്കാൻ പറയുന്നതാണെന്ന് അച്ഛൻ അന്ന് പറഞ്ഞുതന്നിരുന്നു. ഉണ്ണിക്കണ്ണൻ മോളുടെ പ്രാർത്ഥന കേട്ട് മോളുടെ അനിയനായി ജനിച്ചതാണെന്ന് മുത്തശ്ശിയും പറഞ്ഞുതന്നിരുന്നു. അവൻ കരയുമ്പോഴൊക്കെ തന്റെ മടിയിൽ കൊണ്ടിരുത്തുമ്പോൾ കരച്ചിൽ നിർത്തിയിരുന്നു. അവനെ ആദ്യമായി ഞാൻ കണ്ണാ എന്ന് വിളിച്ചപ്പോൾ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചിരുന്നു. 

നാലാം വയസ്സിൽ കോണിപ്പടിയിൽ നിന്ന് കാലിടറി വീണ് നെറ്റിപൊട്ടി ചോരയൊലിപ്പിച്ചു കിടന്ന അവനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടിയതും അവളോർത്തു. അന്ന് ഡോക്ടർ ഇറങ്ങി വന്ന് അച്ഛനോട് എന്തൊക്കെയോ അടക്കം പറയുന്നുണ്ടായിരുന്നു. അതിനു ശേഷം വെള്ളത്തുണിയിൽ പൊതിഞ്ഞ് അവനെ താൻ വീണ്ടും കണ്ടു. അവൻ ഉറങ്ങുകയായിരുന്നു. അന്ന് കയ്യിൽ വിരൽ വച്ചുകൊടുത്തപ്പോൾ അവൻ മുറുകെ പിടിച്ചില്ല. വീട്ടിലെ ആളും തിരക്കുമൊഴിഞ്ഞപ്പോൾ അവനുമുണ്ടായിരുന്നില്ല അവിടെ. അവനെ ഉണ്ണിക്കണ്ണൻ വിളിച്ചിട്ട് പോയതാണെന്ന് മുത്തശ്ശി പറഞ്ഞു. അന്ന് താൻ ഏഴാം ക്ലാസിലായിരുന്നു. കണ്ണൻ തന്നെ വിട്ടു പോയിട്ട് രണ്ടു വർഷമായി. അവളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ ഒലിച്ചിറങ്ങി. അമ്മയറിയാതെ അവളത് ഒപ്പിയെടുത്തു. വീട്ടിലെത്തിയപ്പോൾ തന്നെ അമ്മ മുത്തശ്ശിയോട് ടീച്ചർ പറഞ്ഞതെല്ലാം വളരെ സന്തോഷത്തോടെ പറഞ്ഞു കേൾപ്പിക്കാൻ തുടങ്ങിയിരുന്നു. അവൾ ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു. കുളിച്ച് വസ്ത്രംമാറി നേരെ ചെന്ന് കട്ടിലിൽ കയറി ഇരുന്നു. കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. 
 
"എന്തിനാപ്പോ ചേച്ചി കരയ്ണെ"
കൊഞ്ചി കൊഞ്ചിയുള്ള ചോദ്യം കേട്ട് അവൾ  തിരിഞ്ഞുനോക്കി. കണ്ണിറുക്കി കാണിച്ച് ചിരിച്ചുകൊണ്ടിരിക്കുകയാണ്. 

"നീയെന്തിനാ ന്റെ കണ്ണനെ കൊണ്ടോയെ?"
അവൾ കരച്ചിലടക്കി ചോദിച്ചു. 

"ഞാനിവിടെ തന്നെയിണ്ടല്ലോ ന്റെ ചേച്ചീടടുത്ത്. ഞാനെങ്ങും പോയിട്ടില്ല."

കള്ളക്കണ്ണെറിഞ്ഞുള്ള അവന്റെ ചിരിയും നുണക്കുഴിയും കൊഞ്ചൽ നിറഞ്ഞ സംസാരവും അവളെ ഒന്നു തണുപ്പിച്ചു. 
എങ്കിലും പരിഭവം പുറത്തു കാണിച്ചുതന്നെ പറഞ്ഞു. 
"നീ ന്റെ കണ്ണനാണെങ്കി എന്താ മറ്റുള്ളവരൊന്നും നിന്നെ കാണാത്തെ?"

മറുപടി ഉണ്ടായില്ല.

അവൾ തുടർന്നു. 
"നിനക്കറിയോ ഇന്ന് പാരന്റ്സ് മീറ്റിംഗിന് എല്ലാവരുടെയും ഉണ്ണ്യോള് വന്നിണ്ടായി. ന്റെ കണ്ണൻ മാത്രം മരിച്ചുപോയില്ലേ. ന്നെ ഒറ്റയാക്കീലെ. നീയല്ലേ ന്റെ കണ്ണനെ കൊണ്ടോയെ?"

"ആരാ പറഞ്ഞേ ഞാനാ കൊണ്ടോയേന്ന്?"

"മുത്തശ്ശി പറഞ്ഞല്ലോ"

"ഓഹ്! മുത്തശ്ശിക്കാളു മാറീതാവും. ഞാനല്ല കൊണ്ടോയെ.... വിധിയാ. അതിപ്പോ എനിക്കും മാറ്റാൻ പറ്റില്ലാല്ലോ... 
പിന്നെ ആരാ പറഞ്ഞേ ഒറ്റയാക്കീന്ന്. ചേച്ചീടെ കണ്ണൻ പോയപ്പൊ തൊട്ട് ഞാൻ വന്നില്ലേ കൂട്ടിന്. "

"ഇതൊക്കെ ന്റെ തോന്നലല്ലേ... നീ ഇങ്ങനെ വര്ണതും എന്നോട് സംസാരിക്കണതും ഒക്കെ. 
ആളോള് കണ്ടാ ഇനിക്ക് പ്രാന്താന്നാ പറയാ... കുട്ടി ഒറ്റയ്ക്കിരുന്നു സംസാരിക്കാന്നാ പറയാ...
ഇനിക്ക് പ്രാന്തായി... അതാ ഇനിക്ക് ഇങ്ങനൊക്കെ തോന്നണേ."

പിന്നെ മറുപടിയൊന്നും ഉണ്ടായില്ല. പെട്ടെന്നുണ്ടായ നിശബ്ദതയിൽ നിശ്ചലമായിപ്പോയ ചുറ്റുപാടിനെ തുറിച്ചു നോക്കിക്കൊണ്ട് ഒരു മയിൽപീലി കിടക്കയിൽ അലക്ഷ്യമായി കിടക്കുന്നുണ്ട്. അവളതെടുത്ത് തലയിണയ്ക്കടിയിലേക്ക് തള്ളി.

                    - ശ്രീലക്ഷ്മി കെ എ 

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം