ഇതരഭാഷാ കഥാ പരിചയം


 ഇതരഭാഷാ   കഥാ                      പരിചയം

വായനക്കൂട്ടത്തിൽ ആരംഭിച്ച ഇതര ഇന്ത്യൻ ഭാഷകളിൽ രചിക്കപ്പെട്ട കഥകളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായി ചർച്ച ചെയ്യപ്പെട്ട കഥയുടെ വായനക്കുറിപ്പുകളാണ് ഇന്ന്. പ്രശസ്ത അസമീസ് ചെറുകഥാ കൃത്തായ രമാദാസിന്റെ ''എടുക്കാത്ത നാണയം'' എന്ന കഥയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 
കഥയുടെ വായനക്കുറിപ്പുകൾ വായിക്കാം :


1) എടുക്കാത്തനാണയം
                            - ഭദ്ര 

ഉത്തരേന്ത്യൻ കഥകളുടെ ലോകം പരിചയപ്പെടുത്തിതന്ന അസാമീസ്കഥയാണ് 'എടുക്കാത്തനാണയം' .ശ്രീ രമാദാസിൻ്റെ തൂലികയിൽ പിറന്ന ഈ അസാമീസ് കഥയുടെ ഭംഗി ഒട്ടും ചോർന്നുപോകാതെ മലയാളത്തിലേക്ക് പരിഭാഷനടത്തിയിരിക്കുന്നത് ശ്രീ ഡി.വിനയചന്ദ്രൻ ആണ്.
                  കാലം കടന്നുപോകുമ്പോൾ പലനാണയങ്ങളും എടുക്കാത്തനാണയങ്ങൾ ആയിപോകാറുണ്ട്.കാലം അതിൽ ഏൽപ്പിക്കുന്ന മുറിവുകൾ അതിന്റെമൂല്യം ഇല്ലാതാക്കുന്നു, ആ യാത്രയ്ക്ക് കടിഞ്ഞാണിടുന്നു .മനുഷ്യജീവിതവും ഒരു കണക്കിന് അതുപോലെതന്നെ ആണെന്ന് തോന്നിപ്പോയി.
                        തികച്ചും ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന ഈ കഥ വായനക്കാർക്ക് ആ ലോകം പരിചയപ്പെടുത്തുന്നു .അവിടുത്തെ ജീവിതവും പശ്ചാത്തലവും എല്ലാം വാങ്മയ ചിത്രങ്ങൾ ആയി വായനക്കാരനുമുൻപിൽ എത്തുന്നു. 
                               കഥാപാത്രങ്ങളുടെ ബാഹുല്യം ഒന്നുമില്ലാതെ വളരെ ലളിതമായി പറഞ്ഞു പോയിരിക്കുന്ന ഒരു കഥ.തന്റെ ചെല്ലപ്പെട്ടിയിലുള്ള എടുക്കാത്ത ഒരു രൂപ നാണയത്തെ ഇന്നും നിധിപോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഡോക്ടർ ബറുവ.ആ എടുക്കാത്ത ഒരു രൂപ നാണയം അദ്ദേഹത്തെ തന്റെ പൂർവ്വകാലസ്മരണകളിലേക്ക് കൂട്ടക്കൊണ്ടുപോകുന്നു.തികച്ചും യാദൃശ്ചികമായി തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആദ്യപ്രണയാനുഭവത്തെക്കുറിച്ച് അദ്ദേഹം ഈ കഥയിൽ ഓർമിച്ചെടുക്കുന്നു.
                         അടുത്തിടെ വിവാഹിതനായ ഡോക്ടർ ബറുവ തൻ്റെ ഭാര്യയേയും കുടുംബത്തേയും വരവേക്കാൻ ആയി ഷില്ലോങ്ങിൽകാത്തിരിക്കുന്നു .അതിനിടയിലാണ് പോസ്റ്റ്ഓഫീസിൽവെച്ച് അവിചാരതമായി ഒരു യുവതിയെ പരിചയപ്പെടുന്നത്. അവിടെവെച്ചാണു യുവതിയിൽനിന്ന് എടുക്കാത്തനാണയം കഥാനായകനിൽ എത്തിച്ചേരുന്നത്  തുടർന്ന് മിനി ആൻഡ്രൂസ് എന്ന ആ യുവതി അദ്ദേഹം പോലുമറിയാതെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു .
                          ഭാര്യ ലതിക ഡോക്ടർ ബറുവയുടെ അടുത്തേക്ക് എത്തിച്ചേരാൻ എന്തുകൊണ്ടോവൈകുന്നു .ആ കാലയളവിൽ ബറുവയും മിനിയുമായുള്ള പ്രണയം ശക്തമാകുന്നു .ലതികയെ തനിക്ക് അറിയാമെങ്കിലും അവളുടെ ഭർത്താവിനെയാണ് താൻ പ്രണയിക്കുന്നത് എന്ന സത്യം മിനി തിരിച്ചറിയന്നില്ല .തന്റെ മനസ്സ് മിനിക്കുമുമ്പിൽ വെളിപ്പെടത്താൻ പലതവണ ശ്രമിക്കുന്നുണ്ടെങ്കിലും ലതികയുടെ ഭർത്താവ് മറ്റൊരുയുവതിയുമായി പ്രണത്തിലാണെന്ന് പറയുമ്പോഴും ആ ഭർത്താവ് താനാണെന്ന് തുറന്നുപറയുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല. ഭാര്യയ്ക്കും കാമുകിയ്ക്കും ഇടയിൽ അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഒരുപക്ഷേ വായനക്കാരനു ന്യായീകരിക്കാൻ കഴിയുന്നതായിരിക്കുകയില്ലല്ലോ.കഥയുടെ അന്ത്യത്തിൽ താൻ എടുക്കാത്ത ഒരു നാണയമാണെന്നുള്ള സത്യം അവൾ തിരിച്ചറിയുന്നു.തൻ്റെ കൂട്ടുകാരിയുടേയൂം ഭർത്താവിൻ്റേയും ജീവിതത്തിൽ ഒരു പോറൽപോലൂം വരരുതെന്ന് ആഗ്രഹിക്കുന്നതകൊണ്ടാവാം അവൾ സ്വയം അവരുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകുന്നു.അയാളുടെ ജീവിത്തിൽനിന്ന് എന്നന്നേക്കുമായി മാഞ്ഞുപോകുന്നു.അഭ്യസ്തവിദ്യരായ സ്ത്രീകൾ അസൂയാലുക്കൾ ആകാറില്ലെന്ന് അവൾ തർക്കിക്കാറുള്ളതു സത്യമാണോ എന്ന് അയാൾ ചിന്തിച്ചുപോകുന്നു.
                             കാലം കടന്നുപോയിരിക്കുന്നു പക്ഷേ ഇന്നും അയാൾ അവളിൽ നിന്നുവാങ്ങിയ എടുക്കാത്തനാണയം നിധിപോലെ സൂക്ഷിച്ചിരിക്കുന്നത് അവളോടുള്ള പ്രണയം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നത് കൊണ്ടാവാം .മൂല്യമുണ്ടെങ്കിലും കാലപ്പഴക്കംകൊണ്ട് എടുക്കാതെപോകുന്ന നാണയങ്ങൾ.കൈവശക്കാരന് ഉപയോഗമില്ലാതെപോകുന്ന നാണയങ്ങൾ.ഒരർത്ഥത്തിൽ അവളുടെ ജീവിതവും അതുപോലെതന്നെ ആണെന്ന് തോന്നിപ്പോയി ഒരു 'എടുക്കാത്തനാണയം'. 
                             - ഭദ്ര എ എം


2)എടുക്കാത്ത നാണയം
                      - സാനിയ 

   അസമീസ് കഥാകൃത്ത് ശ്രീ.രമാദാസിൻ്റെ ഒരു കഥയാണ് 'എടുക്കാത്ത നാണയം'.അസമീസ് ഭാഷയിൽ എഴുതപ്പെട്ട ഈ കഥ ഉത്തരേന്ത്യൻ ചാരുത ഒട്ടും ചോരാതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്
കവി ഡി. വിനയചന്ദ്രനാണ്. കഥയിലൂടെ മനുഷ്യൻ്റെ വികാരങ്ങളിലൂടെ, മനുഷ്യമനസ്സിൻ്റെ ഉള്ളറകളിലൂടെ, സ്നേഹ ബന്ധങ്ങളിലൂടെ സഞ്ചരിക്കുകയാണ് കഥാകൃത്ത്.
       വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമേ യായിട്ടുള്ളു. കഥാനായകനിപ്പോൾ ഷില്ലോങ്ങിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്. പുതിയ ജീവിതത്തെ സ്വപ്നം കണ്ട്, പുതുമയുള്ള മനസ്സുമായി തികച്ചും ഉന്മാദവാനായി...
       നാട്ടിലേയ്ക്ക് കത്തയയ്ക്കാൻ പോസ്റ്റോഫീസിലെത്തുന്നതാണ് ശരിക്കും അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. കത്തയക്കാൻ കാത്തു നിൽക്കുന്ന നീണ്ട വരിയിൽ സായിപ്പന്മാരും മദാമമാരും സിക്കു ക്കാരും മാർവാടികളുമടക്കം പല വേഷത്തിൽ പലരുമുണ്ട്. എന്നാൽ, അയാളുടെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു - പതിനാറു വയസ്സുകാരി മിനി ആൻഡ്രൂസിലേക്ക്. അവൾ അയാളെ ഒരുപാടാകർഷിച്ചതായി കഥയിലെ വർണ്ണനകളിൽ നിന്നും വ്യക്തമാണ്.ഒരു കൂട്ടം കത്തുകൾ പലയിടത്തേക്കായി സ്റ്റാമ്പുകൾ വാങ്ങി അവൾ ഒട്ടിക്കുന്നത് അയാൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.പെട്ടെന്നാണയാൾ ആൾക്കൂട്ടത്തിലെ ആ ബഹളം ശ്രദ്ധിക്കുന്നത്. അവൾ കൊടുത്ത ഒരുരൂപാത്തുട്ട് എടുക്കാത്ത നാണയമായി കടക്കാരൻ പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റാമ്പുകൾ മുഴുവനും ഒട്ടിച്ചു കഴിഞ്ഞതുകൊണ്ടും കൈയ്യിൽ വേറെ പൈസയില്ലാതിരുന്നതുകൊണ്ടും മിനി ആകെ പരിഭ്രാന്തിയിലായി.ഈയൊരവസരത്തിലാണ്  എടുക്കാത്ത ആ ഒരുരൂപാത്തുട്ടിനു പകരം പുതിയൊരെണ്ണം നൽകി അയാളവളെ സഹായിക്കുന്നത്. കത്തുകൾ മുഴുവനും പോസ്റ്റ് ചെയ്തതതിനു ശേഷം രണ്ടു പേരും ഒരുമിച്ചു നടന്നു. ആ സംഭാഷണത്തിനിടയിൽ അയാൾ കത്തയച്ച ലതിക അവളുടെ സുഹൃത്താണെന്നും അവളുടെ ഭർത്താവ് എം ബി ബി എസ്  ഡോക്ടറാണെന്നും അവൾ പറഞ്ഞു.അതോടൊപ്പം തന്നെ ലതികയുടെ ഏതെങ്കിലും ബന്ധുവായിരിക്കും അയാളെന്നും അവൾ തീർച്ചപ്പെടുത്തി.
       ആ യാദൃച്ഛികമായ കണ്ടുമുട്ടലിൽ നിന്നും അവരുടെ സൗഹൃദം ആരംഭിക്കുകയായിരുന്നു, വളരുകയായിരുന്നു,ദൃഢമാവുകയായിരുന്നു.പിന്നീടുള്ള ഓരോ കഥാസന്ദർഭങ്ങളും ആ ബന്ധത്തിൻ്റെ ആഴം ബോധ്യപ്പെടുത്തുന്നതായിരുന്നു. അവരൊന്നിച്ചുള്ള അരുവിയിലെ സന്ദർഭങ്ങളും അവരുടെ ഊഷ്മള സ്നേഹത്തെക്കുറിച്ച് പറഞ്ഞു തരുന്നു.അതത്രയും നിഷ്കളങ്കമായി, ലാളിത്യത്തോടെ അവതരിപ്പിക്കാനും കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.
       എന്നാൽ, ഇവയ്ക്കിടയിലും പല സന്ദർഭങ്ങളിലും എന്തൊക്കെയൊ ചിന്തകൾ അയാളെ അലട്ടുന്നതായും ആ ബന്ധം അയാളിൽ ചില ആശങ്കകൾക്ക് വഴിവെയ്ക്കുന്നതായും മനസ്സിലാക്കാം.
       കഥയുടെ അവസാന ഭാഗത്തെ ലതികയുടെ വരവോടു കൂടിയാണ് ആ ആശങ്കയുടെ കാരണങ്ങൾക്ക് വായനക്കാരന് മറുപടി ലഭിക്കുന്നത്. അയാൾ ലതികയുടെ ഭർത്താത്താവാണെന്നറിയുമ്പോൾ മിനി ആൻഡ്രൂസിനൊടൊപ്പം വായനക്കാരും ചെറുതായൊന്നു ഞെട്ടാൻ സാധ്യതയുണ്ട്.
ഈയൊരു സന്ദർഭത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന കഥാകൃത്തിൻ്റെ രചനാ വൈഭവം ഇവിടെ എടുത്തു പറയേണ്ടതാണ്.
       ആദ്യ വായനയിൽ കഥാനായകൻ്റെ ചില ചിന്തകൾ വായനക്കാരിൽ സംശയത്തിനിട വെക്കുമെങ്കിലും കഥാവസാനം, കഥാക്യത്തിൻ്റെ കഥ പറയുന്ന രീതി എത്ര കൃത്യവും തന്ത്രപരവും വൈവിധ്യവുമാണെന്ന് മനസ്സിലാക്കാവുന്നതാണ്.
       ഉത്തരേന്ത്യയിലെ പ്രകൃതി ഭംഗിയും കാലാവസ്ഥയും ജീവിതരീതിയുമെല്ലാം ഒട്ടനേകം വിശേഷണങ്ങളിലൂടെയാണ് കഥാകൃത്ത് അവതരിപ്പിച്ചിട്ടുള്ളത്. സൗന്ദര്യാസ്വാദനത്തിനും കഥയിൽ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഓരോ സ്ഥലവും സാഹചര്യങ്ങളും മുഖഭാവങ്ങൾ പോലും അത്രയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു. ഇതിനേക്കാളേറെ മിനി ആൻഡ്രൂസ് എന്ന പെൺകുട്ടിയെ ആകർഷകമായും വിശദമായും വർണ്ണിച്ചിരിക്കുന്നു. എല്ലാം നേരിട്ടു കാണുന്ന, നേരിട്ടനുഭവിക്കുന്ന വിശദീകരണം, വർണ്ണ...
       ഇവയെല്ലാം കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ശ്രദ്ധാകേന്ദ്രം തലക്കെട്ടു പോലെ എടുക്കാത്ത നാണയം തന്നെയാണ്. കഥയിൽ അതൊരു പ്രധാന പ്രതീകവുമാണ്. അയാൾക്ക്, അത് മിനി ആൻഡ്രൂസിൻ്റെ ഓർമ്മകളുടെ പ്രതീകമാണെങ്കിൽ പലർക്കും അതിനെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിച്ചേക്കാം. 
       ഒരുപക്ഷേ ആ നാണയം എടുക്കാതെ പോയത് അവർ കണ്ടുമുട്ടുന്നതിനു വേണ്ടിയാകാം. പല നാണയങ്ങളും എടുക്കാതെ പോവുന്നതിനും ഇത്തരം ചില നിയതമായ ലക്ഷ്യങ്ങൾ കൂടിയുണ്ടെന്ന് വേണം മനസ്സിലാക്കാൻ.
       ഏത് സന്ദർഭത്തിലാണ് ഒരു നാണയം എടുക്കാത്തതായി മാറുന്നത്?  
 കാലം അതിന്മേൽ ഏൽപ്പിച്ച ചെറിയ അടയാളങ്ങളൊ മങ്ങലുകളൊ ആവാം, അല്ലെങ്കിൽ മറ്റൊരു നാണയത്തിൻ്റെ ശുദ്ധ വെള്ളിയുടെ തിളക്കമാവാം ആ നാണയത്തെ എടുക്കാൻ പറ്റാത്തതാക്കുന്നത്. സത്യത്തിൽ അതെല്ലാം സത്യമുള്ളതാണൊ, അതോ മനസ്സിൽ സൃഷ്ടിക്കുന്ന ഇല്ലാത്ത മങ്ങലുകളാണൊ അതിനെ ഉപയോഗശൂന്യമാക്കുന്നതെന്ന് കഥാകൃത്ത് ചിന്തിക്കുന്നു. ഇവിടെ ആ ഒരുരൂപാത്തുട്ട് ഒരു പ്രതിനിധിയാവുകയാണ്, മാറ്റിവെയ്ക്കപ്പെട്ട ചില ജീവിതങ്ങളുടെ, ചില മനസ്സുകളുടെ ,ഒരുപക്ഷേ ചില നിയോഗങ്ങളുടെ....
        അത്തരത്തിൽ അജ്ഞാതമായ പെട്ടിയുടെ ഉള്ളറയിൽ നിത്യവിശ്രമം ചെയ്യുന്ന ഒരുരൂപാത്തുട്ടിൻ്റെ പിൻചരിത്രത്തിലൂടെ സഞ്ചരിച്ചിരിക്കുകയാണ് ഈ കഥയിലൂടെ കഥാകൃത്ത്.കാലമേറെ കടന്നു പോയിട്ടും ഒരു നിധിപോലെ അയാളത് സൂക്ഷിക്കുന്നതിൽ നിന്നും മനസ്സിലെ പ്രണയം ഇനിയും വറ്റിയിട്ടെല്ലെന്ന് വേണം ഊഹിക്കാൻ. കഥയിലെ എടുക്കാത്ത നാണയം സത്യത്തിൽ അവളാണ് - മിനി ആൻഡ്രൂസ്... അയാളുടെ ജീവിതത്തിലെ എടുക്കാൻ പറ്റാതെ പോയ പ്രണയം... 
                              - സാനിയ കെ.ജെ

Comments

  1. അഭിനന്ദനങ്ങൾ

    ReplyDelete
  2. അഭിനന്ദനങ്ങൾ കുട്ടികളെ

    ReplyDelete

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം