സാനിയ കെ ജെ
ആൾക്കൂട്ടം
ഇന്ത്യൻ സാഹിത്യത്തിലെ തലമുതിർന്ന ചിന്തകൻ ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് 'ആള്‍ക്കൂട്ടം'. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
വിപുലവും വിശാലവുമായ ക്യാൻവാസിൽ നാഗരിക ഇന്ത്യയുടെ ചരിത്രം ഏതാനും വ്യക്തികളിലൂടെ ആവിഷ്കരിച്ച പരീക്ഷണപുസ്തകം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം.
നമ്മുടെ സമൂഹത്തിലുള്ള, നമുക്ക് ചുറ്റിലുമുള്ള പലരെയും ഈ നോവലില്‍ കണ്ടുമുട്ടുന്നു. അവരാരും നോവലിലെ കഥാപാത്രങ്ങള്‍ നേരിടുന്ന പോലെയുള്ള രൂക്ഷമായിട്ടുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരൊ, മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാത്തവരൊ ആവണമെന്നില്ല. ഒരു യുദ്ധമോ , ജീവിതം സ്തംഭിപ്പിക്കുന്ന ഒരു പണിമുടക്കോ, അടിയന്തരാവസ്ഥയോ ഒന്നും അവരെ നേരിട്ട് ബാധിക്കുന്നതൊ ജോസെഫിനെ പോലെയോ പ്രേമിനെ പോലെയോ തെരുവില്‍ ഉറങ്ങേണ്ട അവസ്ഥ വന്നവരൊ അല്ലായിരിക്കാം. എന്നാല്‍ എല്ലാവരെയും പോലെ തങ്ങളുടെ അവസ്ഥയില്‍ തൃപ്തിയില്ലാതെ മെച്ചപ്പെട്ട വ്യക്തിപരവും സാമൂഹികവുമായ പരിതസ്ഥിതിക്ക് വേണ്ടി ആഗ്രഹിക്കുന്നവരൊ, എന്തെങ്കിലും ചെയ്യണമെന്നു ആഗ്രഹിക്കുകയും എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തവരൊ ആത്യന്തികമായി മനസമാധാനം തേടുകയും അത് തങ്ങളില്‍ എവിടെ നിന്ന് ലഭിക്കുമെന്ന് ചിന്തിക്കുന്നവരുമായിരിക്കാം. അല്ലെങ്കിൽ ഒരു ആള്‍ക്കൂട്ടത്തിരയില്‍ അകപ്പെട്ട് ഏതെങ്കിലും നഗരത്തില്‍ വന്നടിഞ്ഞ് എന്തിനും ഉപരിയായിട്ടുള്ള വിശപ്പ് ശമിപ്പിക്കാന്‍ അവിടത്തെ രീതികള്‍ക്ക് വഴങ്ങിക്കൊടുത്തവരുമായിരിക്കാം...
ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ശ്രീ കെ.പി. അപ്പന്‍ പറയുന്നത് വസ്തുതകളോടുള്ള എഴുത്തുകാരന്റെ മനോഭാവമാണ് ഈ പുസ്തകത്തിന് അഗാധതാളം നല്‍കുന്നതെന്നാണ്. ഈ വസ്തുതകളും പരിതസ്ഥിതികളും ഏതൊക്കെ രീതികളില്‍ മനുഷ്യനെ രൂപപ്പെടുത്തുന്നു എന്നാണ് ഈ പുസ്തകത്തിലൂടെ ആനന്ദ് കാണിക്കുന്നത്. ഓരോ കഥാപാത്രവും വ്യത്യസ്തമായ രീതിയില്‍ പരിതസ്ഥിതിയെ ഉള്‍ക്കൊള്ളുകയും അതിനു വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു, അതിനോട് പോരാടി വേറൊരു അസ്തിത്വം നേടാന്‍ ആരും തയാറാകുന്നില്ല. എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹമുള്ള ജോസഫിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മറ്റെല്ലാവരെയും പോലെ അവരും ആശയറ്റു ആള്‍കൂട്ടത്തില്‍ ഇഴുകി ചേരുകയോ, അവസാനം ഒളിച്ചോടുകയോ ചെയ്യുന്നു.എന്നാൽ ഏതൊരു വ്യക്‌തിക്കും അവരുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നതും അവരിടപെട്ടു കൊണ്ടിരിക്കുന്നതുമായ സമുദായത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും പൂർണമായൊരു ഒളിച്ചോട്ടം സാധ്യമല്ലെന്നും അതേതൊരു വ്യക്തിയെയും എങ്ങനെ ബാധിക്കുന്നുവെന്നും ആൾക്കൂട്ടം കൃത്യമായി കാണിച്ചുതരുന്നുണ്ട്.
അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവല്‍. അതുവരെ കഥാപാത്രങ്ങള്‍ കേന്ദ്രസ്ഥാനത്ത് നിൽക്കുകയും അവരുടെ പെരുമാറ്റങ്ങൾ, പരസ്പരമുള്ള ബന്ധങ്ങൾ, അവരോടു പ്രതികരിക്കുന്ന സമൂഹത്തിൻ്റെ നിലപാടുകൾ എന്നിവയിലൂടെ സമൂഹമെന്ന വിശാല ഇടത്തേക്ക് വികസ്വരമാകുന്ന നോവൽ ഘടനയാണുണ്ടായിരുന്നത്. ഒരു കേന്ദ്രത്തില്‍നിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങള്‍ നോവലുകളുടെ ഒരു പൊതു സ്വഭാവമായിരുന്നു. ഈയൊരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകള്‍ കടന്നുവരുന്നത്. ആഖ്യാനത്തിൽ, നോവൽ പിന്തുടർന്നു വന്ന ഈ യാത്രയുടെ നേരെ വിപരീത ദിശയിൽ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിൻ്റെ വ്യക്തികേന്ദ്രീകൃതമൊ കുടുംബ കേന്ദ്രീകൃതമോ ആയ ഘടനയിൽ നിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ആഖ്യാന കേന്ദ്രമാക്കി എന്നതാണ് ആനന്ദ് ചെയ്ത മാറ്റം.
അതായത്, സമൂഹത്തെ പൊതുവെ ബാധിക്കുന്ന രാഷ്ട്രീയ ദാർശനിക പ്രശ്നങ്ങളെ മുഖ്യമാക്കി നിർത്തുകയും അത് നിരന്തരം അലട്ടുന്ന ഒരു കൂട്ടം മനുഷ്യരെ അവതരിപ്പിക്കുകയുമാണ് ആനന്ദ് ചെയ്തത്.
ചുരുക്കത്തിൽ, കഥാപാത്രങ്ങളേക്കാൾ അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കാണ് പ്രാധാന്യം എന്ന് സാരം.
ഒന്നിലധികം കഥാതന്തുക്കളെ പിരിച്ചുകെട്ടിയാണ് ആനന്ദ് ‘ആള്‍ക്കൂട്ടം‘ നിബന്ധിച്ചിരിക്കുന്നത്. ഒരു കഥ ജോസഫിന് രാധയോടു തോന്നുന്ന താല്‍പര്യമാണ്. മറ്റൊന്ന് ലളിതയോടു സുനിലിനു തോന്നുന്ന സ്‌നേഹമാണ്. പ്രേമിന്റെ കഥ മൂന്നാമത്തേത്. നാലാമത്തേത് സുന്ദറിന്റെ കഥയാണ്. പിന്നെയുമുണ്ട് ഉപകഥകള്‍…
അധികാരം എന്ന അദൃശ്യ ശക്തിയുടെ നിയന്ത്രണത്തിൽ എല്ലാക്കാലത്തും ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ജനത എഴുത്തുകാരൻ്റെ സർഗാത്മക പ്രതിഭയെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ടെന്നത് നോവലിൽ നിന്നും വ്യക്തമാണ്. മറഞ്ഞിരിക്കുന്ന ആ ശക്തിയാണ് നോവലിൻ്റെ വിപുലമായ മേഖല. നോവൽ ഘടനയുടെ മുകളിൽ വ്യാപിച്ചു നിൽക്കുന്ന ഈ മേഖലയിൽ നിന്നു വേണം അതിൻ്റെ ചരടിൽ കുരുങ്ങിക്കിടക്കുന്ന കഥാപാത്രങ്ങളിലേക്ക് എത്താൻ.
"നമ്മെയെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ഡിസൈന്‍ ഉണ്ടായിരിക്കാം. നാം അറിഞ്ഞെന്നു വരില്ല. പക്ഷേ നമ്മിലൂടെ അത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ആരാണ് ആ നിയന്ത്രിക്കുന്നവന്‍? പണ്ട് മനുഷ്യര്‍ ദൈവമെന്നു പറഞ്ഞിരുന്നു. ഇന്ന് ഒരുപക്ഷേ യോഗേശ്വര്‍ പറയുന്ന സര്‍ക്കാര്‍ ആയിരിക്കാം അത്.''
അദൃശ്യമായ അധികാരം എന്ന സ്ഥായിയായ വ്യവസ്ഥയെ നോവല്‍ പ്രമേയത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനാണ് ഇവിടെ എഴുത്തുകാരൻ ശ്രമിക്കുന്നത്. നേരിട്ട് അനുഭവപ്പെടാത്തതും എന്നാല്‍ എല്ലാ വ്യവഹാരത്തിലും വ്യാപിച്ചുനില്‍ക്കുന്നതുമായ അധികാരത്തെ കഥാപാത്രങ്ങള്‍, പ്രമേയം എന്നിവയിലൂടെ സമൂര്‍ത്തമാക്കുന്നതിനാണ് ആനന്ദിൻ്റെ ശ്രമം. അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്ക് മറ്റു നോവലുകളിലെപ്പോലെ അത്ര പ്രസക്തിയുണ്ടെന്നു പറയാന്‍ പറ്റില്ല. അവരുടെ പേരില്‍ വലിയ കാര്യമില്ല. ഇതേ സാഹചര്യത്തില്‍ എത്തിപ്പെടുന്ന ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ചിന്തയും പ്രതികരണവുമാണ് ആനന്ദ് ആഖ്യാനം ചെയ്യുന്നത്. അഥവാ ഇത്തരം ഘട്ടങ്ങളില്‍ ഒരാള്‍ ചിന്തിക്കേണ്ടത് ഇങ്ങനെയായിരിക്കണം എന്ന സന്ദേശമാണ് എഴുത്തുകാരന്‍ നല്‍കുന്നത്.
"ഒരു വയലില്‍ എത്ര വിളവുണ്ടായെന്നു നിങ്ങള്‍ ചോദിക്കുന്നു. അതില്‍ എത്ര നെല്‍ച്ചെടികളുണ്ടായിരുന്നു എന്നു ചോദിക്കില്ല"
എന്ന് ആനന്ദ് ഉത്തരായനത്തില്‍ ഉല്‍ക്കണ്‌ഠപ്പെടുന്നുണ്ട്. നെല്‍ച്ചെടികളെന്ന സമൂഹസത്തെയെക്കുറിച്ചു ചിന്തിക്കുന്നിടത്താണ് അതിന്റെ പശ്ചാത്തലവും ഘടനയും എല്ലാം കടന്നു വരിക. സമൂഹമെന്ന പൊതുസത്തയെയും അതിനെ നിയന്ത്രിക്കുന്ന അധികാരം എന്ന അദൃശ്യ സാന്നിധ്യത്തെയും പറ്റി ചിന്തിക്കാന്‍ ആനന്ദിനെ പ്രേരിപ്പിക്കുന്നതും ഈയൊരു അവബോധമായിരിക്കാം.
മനുഷ്യവ്യവഹാരങ്ങളെയെല്ലാം ഒരുപോലെ പിടികൂടിയിരിക്കുന്ന അധികാരത്തെ പ്രശ്‌നവല്‍ക്കരിക്കാനാണ് ആനന്ദ് തന്റെ രചനകളിലൂടെയെല്ലാം ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അതില്‍ നിന്നും ചരിത്രത്തെ മാറ്റിനിറുത്താന്‍ കഴിയില്ല.
രചനാ പരിസരങ്ങളെ ചരിത്രസ്ഥലികളുമായി ബന്ധിച്ച് മാനവികതയിലൂന്നി തത്വചിന്താപരമായി വിശകലനം ചെയ്യുന്നവയാണ് ആനന്ദിന്റെ മിക്ക രചനകളും.
1957-ലെ തിരഞ്ഞെടുപ്പു മുതല്‍ 1962-ലെ ഇന്ത്യ- ചൈന യുദ്ധം വരെയുള്ള കാലഘട്ടം പശ്ചാത്തലമാക്കി ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യവും സമൂഹം ആവശ്യപ്പെടുന്ന സ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസം അന്വേഷിക്കുകയാണ് ആനന്ദ് 'ആള്‍ക്കൂട്ട'ത്തില്‍ ചെയ്‌തത്.
നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും മനുഷ്യന്‍ അനുഭവിക്കുന്ന അസ്തിത്വദുഖവും അതിനെ നേരിടുന്ന രീതിയും ഒരു പിടി കഥാപാത്രങ്ങളിലൂടെ ആനന്ദ് കാണിച്ചു തരുന്നത് കൊണ്ട് എല്ലാവര്‍ക്കും ഇതില്‍ ഒരു ആത്മകഥാംശം ഉണ്ടെന്നു തോന്നിയേക്കാം.. അതു തന്നെയിരിക്കാം പലരും തങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട നോവല്‍ ആയി ആള്‍ക്കൂട്ടം തിരഞ്ഞെടുക്കാന്‍ കാരണവും.
കെ പി അപ്പന്‍ പറഞ്ഞതുപോലെ ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടിമരിക്കാന്‍ വിധിക്കപ്പെട്ടവരുടെ യാതനകള്‍ അപഗ്രഥിച്ച് അസ്തിത്വവ്യഥ്യയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആള്‍ക്കൂട്ടം…!
വായനക്കാരുടെ സാമൂഹികബോധ്യത്തെ തിരുത്താൻ പ്രേരിപ്പിക്കുന്ന, പുനർവിചിന്തനം നടത്തിക്കുന്ന ഈയൊരു നോവൽ എല്ലാവരും വായിച്ചിരിക്കേണ്ടത് തന്നെയാണ്.
- സാനിയ കെ ജെ

ആശംസകൾ
ReplyDeleteവളരെ നല്ലത്
ReplyDeleteവളരെ നല്ലത്
ReplyDeleteവളരെ നല്ലത്
ReplyDeleteCommendable, coming from a youngster. Congrats
ReplyDeleteGud
ReplyDelete" ഒരു വയലിൽ എത്ര വിളവ് ഉണ്ടെന്ന് നിങ്ങൾ ചോദിക്കും
ReplyDeleteഎന്നാൽ എത്ര നെൽ ചെടികൾ ഉണ്ടായിരുന്നു എന്ന് ചോദിക്കില്ല "
നന്നായി എഴുതി.. അഭിനന്ദനങ്ങൾ സാനിയ👌
Good chechi
Delete