മലയാളത്തിന്റെ പ്രിയകഥാകാരന്‍ സേതുവിന്റെ ഒരു കഥയോ നോവലോ വായിച്ച് കുറിപ്പെഴുതുക അതീവ ശ്രമകരമാണ്, കാരണം ഓരോ വരികള്‍ക്കിടയിലും കാണാക്കയങ്ങള്‍ നിരവധി. നമ്മളത്
കണ്ടില്ലെങ്കില്‍; ഇടക്ക് വായന നിര്‍ത്തി ആ അഗാധതയിലേക്ക് മുങ്ങാംകുഴിയിട്ടില്ലെങ്കില്‍ വരിയുടെ അറ്റം വരെ നടന്നത് വൃഥാവിലാകും.
സേതുവിന്റെ ഏറ്റവും പുതിയ നോവലാണു മറുപിറവി. കഥയും ചരിത്രവും ഭാവനയുടെ
അലകുകള്‍ ചേര്‍ത്ത് ഭംഗി വരുത്തി ,ഇടക്ക് സമകാലിക സംഭവങ്ങള്‍ സൂക്ഷ്മതയോടെ തുന്നിച്ചേര്‍ത്ത് അദ്ദേഹമങ്ങനെ പറഞ്ഞുപോകുമ്പോള്‍ നമ്മളും അതിലേക്ക്,ആ കാലഘട്ടത്തിലേക്ക് നടന്നു കയറുകയാണ്.ശരിക്കും ഒരു മറുപിറവി !! രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഭവങ്ങള്‍, ആളുകള്‍, അവരുടെ ജീവിതം ,മോഹങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍.....
അങ്ങനെ വായിച്ചു പോകുമ്പോള്‍ ഞാനൊറ്റക്കല്ലായെന്നും എനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടെന്നുമുള്ള തോന്നല്‍, എനിക്ക് മുന്‍പെ ജീവിച്ച് മരിച്ച് പോയവര്‍, അവരുടെ സങ്കടങ്ങള്‍, വ്യഥകള്‍, വിരഹം....കണ്ണടച്ച് ഇത്തിരി നേരം ഇരുന്നാല്‍ പലതും നേരില്‍ കാണുന്നത് പോലെ... കപ്പലുകള്‍, കപ്പല്‍ചാലുകള്‍, കരയില്‍ കപ്പലടുപ്പിക്കാന്‍ കാറ്റിന്റെ കനിവിനായ് കാത്ത്നില്‍ക്കുന്ന നാവികര്‍, അക്കൂട്ടത്തില്‍ യവനരുണ്ട്, റോമാക്കാരുണ്ട്,അറബികളുണ്ട്.... കരയില്‍ അവരെ വരവേല്‍ക്കാനായി
ആഹ്ലാദത്തോടെ കാത്ത് നില്‍ക്കുന്ന നാട്ടുകാര്‍.... ഒരു കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാണിത് രണ്ട് കൂട്ടര്‍ക്കും... നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദേശികളായ കച്ചവടക്കാരും അവരുടെ ഇടനിലക്കാരും വന്നും പോയും കൊണ്ടിരുന്ന ഒരു കാലഘട്ടം എനിക്കു മുന്നില്‍ അങ്ങനെ ചുരുള്‍ നിവര്‍ന്ന് വരുന്ന പോലെ...!!!!
വലിയൊരു കാന്‍വാസിലാണു സേതു നോവല്‍ വരച്ചിട്ടിരിക്കുന്നത്. നോവലിലെ അരവിന്ദനിലേക്ക് കഥാകൃത്ത് പരകായപ്രവേശം നടത്തിയിരിക്കുന്നു. മുഷിപ്പിക്കുന്ന പട്ടണ ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ കൊതിക്കുന്ന ഒരു പച്ച മനുഷ്യൻ. അതാണ് അരവിന്ദൻ. ഒരുപാട് കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലെത്തുന്ന അരവിന്ദന്റെ അനുഭവങ്ങളിലൂടേ,ഓര്‍മ്മകളിലൂടെ, അയാളുടെ കൂട്ടുകാരുടെ സംഭാഷണങ്ങളിലൂടെയൊക്കെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്.
കപ്പൽക്കമ്പനിയിലെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് മുംബൈയിൽ വിരസജീവിതം നയിക്കുന്ന അരവിന്ദൻ നാട്ടിലേക്കൊരു യാത്രപുറപ്പെടുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. പെരുമാൾ എന്ന മഹാരാജാസ് കോളേജ് സീനിയറും, ടൂറിസം വ്യവസായവുമായി ഈജിപ്റ്റിൽ പ്രവാസമനുഷ്ഠിക്കുന്ന ആസാദും, വ്യവസ്ഥാപിത വിദ്യാഭ്യാസത്തിൽ വിശ്വാസമില്ലാത്ത രാമഭദ്രനുമൊക്കെയായി കുറേ ദിവസങ്ങൾ നാട്ടിൽ തങ്ങി, നാടിന്റെ ചരിത്രത്തിലൂടെ പിന്നോട്ട് നടക്കുക, പട്ടണജീവിതത്തിന്റെ മടുപ്പിൽ നിന്ന് കുറച്ച് കാലത്തേക്കെങ്കിലും രക്ഷപ്പെടുക എന്നതൊക്കെയാണ് ഉദ്ദേശങ്ങൾ. നാട്ടിലെത്തി തൻ്റെ ബാല്യ- കൗമാര സൗഹൃദങ്ങളെ കണ്ടുമുട്ടുമ്പോൾ സന്തോഷത്തിൻ്റെ തിരതല്ലലും ഓർമ്മയുടെ വേലിയേറ്റവും അരവിന്ദനിൽ മാറി മാറി കയറി വരുന്നു... മുചിരിയുടെ വിദേശ ബന്ധങ്ങളുടെ കെട്ടഴിക്കുമ്പോൾ പെരുമാൾ ഒരിക്കലും ഓർത്തു കാണില്ല അതൊരു നല്ല പുസ്തക രചനയിലേക്ക് വഴി തെളിക്കുമെന്ന്, അരവിന്ദൻ്റെ ഉള്ളിലുറങ്ങി കിടന്ന കഥാകാരനെ ഉണർത്തുമെന്ന്...
അരവിന്ദൻ എന്ന നായക കഥാപാത്രത്തിലൂടെ ഒരു നാടിന്റെ കഥ പറയുകയും ചരിത്രത്തിന്റെ ഉറുക്കഴിക്കുകയും ചെയ്യുമ്പോൾ, അത് സേതുവിന്റെ മറുപിറവി എന്ന നോവലായി മാറുന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ മണ്ണടിഞ്ഞുപോയ, മുചിരി, മുചിരിപ്പട്ടണം, മുസരീസ്, എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഒരു പുരാതന തുറമുഖത്തിന്റെ ചരിത്രം, സാങ്കൽപ്പിക കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചിരുന്ന കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി അതീവ ഭംഗിയോടെ സന്നിവേശിപ്പിച്ചിരിക്കുന്നു മറുപിറവിയിൽ. മുസരീസ് തുറമുഖത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊക്കെ കഥാകാരനടക്കം നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള പല പ്രമുഖരും നോവലിലെ കഥാപാത്രങ്ങളാണ്. നോവലിസ്റ്റ് മുചിരിയുടെ മക്കളെ ആരേയും വിട്ടുപോയിട്ടില്ല. സ്ക്കൂളിൽ അദ്ദേഹത്തിനൊപ്പം പഠിച്ചവരും നാട്ടിൽ അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ചിട്ടുള്ള അപ്രശസ്തരായവരും, പ്രശസ്തരെപ്പോലെ തന്നെ അവിടവിടെയായി കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പാലിയം കൊട്ടാരത്തിന്റെ ചരിത്രവും പാലിയം സമരവുമൊക്കെ എന്താണെന്ന് ഊഹം പോലും ഇല്ലാത്തവർക്ക് മറുപിറവി ഒരു റഫറൻസ് ഗ്രന്ഥമായിത്തന്നെ പ്രയോജനപ്പെടും. മന്ത്രിയായിരുന്ന പാലിയത്തച്ചന്റെ, രാജാവിനേക്കാൾ കാര്യശേഷിയുള്ള പ്രവർത്തനങ്ങളും വേലുത്തമ്പി ദളവയുമായി ചേർന്നുള്ള നീക്കങ്ങളുമൊക്കെ ബഹുഭൂരിപക്ഷം വായനക്കാരും ഇതുവരെ കേൾക്കാത്ത ചരിത്രമായിരിക്കും. കുരുമുളകിനായി യവനരും ഈജിപ്ഷ്യന്മാരും കേരളത്തിലെത്തിയിരുന്ന ഇരുളടഞ്ഞ ഒരു കാലത്തിന്റെ കഥയിലേക്ക് കൂടെയാണ് നോവൽ വെളിച്ചം വീശുന്നത്. ഇസ്രായേലിൽ നിന്ന് പാലായനം ചെയ്ത് കുടിയേറ്റക്കാരായി മുചരിയിൽ എത്തിയ യഹൂദന്മാർ, അവരുടെ അതിജീവനത്തിന്റെ കഥ, പൊന്നുവിളയുന്ന കേരളത്തിൽ നിന്ന് ഇസ്രായേൽ എന്ന തരിശുഭൂമിയിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥ, ചിതറിപ്പോയവർ തലമുറകൾക്ക് ശേഷം സ്വന്തം മണ്ണിൽ തിരികെച്ചെന്നപ്പോൾ നേരിടേണ്ടി വന്ന ജീവിത യാഥാർത്ഥ്യങ്ങൾ, എന്നിങ്ങനെ മുചിരിയുമായി ബന്ധപ്പെട്ടത് ചരിത്രമായാലും ഐതിഹ്യമായാലും ഒന്നും തന്നെ ലേഖകൻ ഒഴിവാക്കിയിട്ടില്ല. പാലിയത്തച്ചന്റെ വല്ലാർപാടം പള്ളിയുമായുള്ള മതമൈത്രി ബന്ധത്തിനൊപ്പം വല്ലാർപാടത്തെ അടിമ കിടത്തൽ ചടങ്ങിന്റെ ഐതിഹ്യവും നോവലിൽ സ്മരിക്കപ്പെടുന്നുണ്ട്.
കൊടുങ്ങല്ലൂർ കോവിലകത്തെ അന്തർജ്ജനങ്ങളുടെ ജീവിതത്തിലേക്ക് പോലും കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്ന് കയറുന്നത്, ഒളിച്ചും പാത്തും വായിച്ചിരുന്ന പാർട്ടി പുസ്തകങ്ങളിൽ നിന്ന് ആവേശഭരിതരായി തമ്പുരാട്ടിമാരിൽ ചിലർ സമരമുഖങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്, എന്നിങ്ങനെ അക്കാലത്തെ വിപ്ലവകരമായ എല്ലാ സംഭവങ്ങളും കഥയുടെ ഭാഗമാണ്. ജലീലിനെപ്പോലുള്ള സഖാക്കളുടെ നിസ്സീമമായ പ്രവർത്തനങ്ങൾ, ടി.സി.എൻ. മേനോൻ എന്ന പ്രഗത്ഭ പാർലിമെന്റേറിയന്റെ അതിലേറേ പ്രാഗത്ഭ്യമുള്ള അഭിഭാഷണവൃത്തിയുടെ കഥകൾ, എന്നതൊക്കെ ചരിത്രം താൽപ്പര്യമില്ലാത്തവർക്ക് പോലും അതീവ താൽപ്പര്യത്തോടെ വായിച്ച് പോകാനാവും.
മാണിക്കൻ, കിച്ചൻ എന്നീ ശക്തരായ കഥാപാത്രങ്ങളിലൂടെ മുചരിയുടെ കാർഷിക ഭൂപടത്തിലേക്കും, ആർക്കും വേണ്ടാത്ത കാട്ടുവള്ളിയിൽ പടർന്നിരുന്ന കുരുമുളക്, മുചരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സംഭവങ്ങളിലേക്കുമൊക്കെ കഥ കടന്നുചെല്ലുന്നു. അത് പോലെ, നമ്മുടെ നാട്ടില്‍ ജൂതന്മാര്‍ എങ്ങനെ അഭയാര്‍ത്ഥികളായി വന്നു എന്നും എങ്ങനെ അവര്‍ നമ്മുടെ നാടുമായി മുറിച്ചെറിയാനാകാത്ത വിധം ഇടകലര്‍ന്ന് പോയിയെന്നുമുള്ള അനിഷേധ്യതയിലേക്കൊരു തിരി വെളിചം പകർത്തുകയാണ് സേതു നോവലില്‍.
അരവിന്ദനോട് മുചിരി ചരിത്രം എഴുതാൻ നിർബന്ധിച്ചത് പെരുമാളാണ്, കൂടെ രാമഭദ്രൻ എന്ന കൂട്ടുകാരനും. ഈ മണ്ണിൻ്റെ ഓരോ അടരിലും ഓരോ കാലഘട്ടത്തിൻ്റെ കഥകൾ മറഞ്ഞിരിപ്പുണ്ടാവുമെന്നവർ വിശ്വസിച്ചു. എഴുതാൻ തുടങ്ങിയപ്പോൾ കഥാപാത്രങ്ങൾ അരവിന്ദനെ ചെന്ന് വിളിക്കാൻ തുടങ്ങി.നൂറ്റാണ്ടുകളുടെ, സഹസ്രാബ്ദങ്ങളുടെ അടരുകളിൽ നിന്നും ഒരു പ്രദേശമാകെ പുനർജനിക്കുന്ന പോലെ അതിലൂടെ കുറെ ജീവിതങ്ങളും അരവിന്ദൻ എഴുതി തുടങ്ങി. കിച്ചനേയും മാണിക്കനേയും അവരുടെ അപ്പൻ വെളുമ്പനെപ്പോലെയുമെല്ലാം മണ്ണിനെ സ്നേഹിച്ച, മനസ്സില്‍ നന്മയുടെ നനവ് വറ്റിപ്പോകാതെ സൂക്ഷിച്ച ഒരുപാട് പേരുണ്ട് നോവലില്‍. വായിച്ച് പോകേ അവരുടെ വേദനകളും സന്തോഷങ്ങളും നമ്മുടെതും കൂടിയാവുകയാണ് ... അതു തന്നെയല്ലെ ഒരു കഥാകാരന്റെ വിജയവും...
പോയ കാലത്തിന്റെ ഊര്‍ജ്ജം പിടിച്ചെടുത്ത് നടപ്പുകാല വെളിച്ചത്തില്‍ അതിനെ പുനഃപ്പരിശോധന നടത്തി ഭാവിയിലേക്ക് നോക്കിയിട്ടാണ് 'മറുപിറവി'എഴുതിയിരിക്കുന്നത്. വളരെയധികം കഥാപാത്രങ്ങൾ കയറിയിറങ്ങി പോവുന്നുണ്ട് ഈ കൃതിയിൽ... എല്ലാം ഒന്നിനൊന്നു മെച്ചം.ആരെ കൊള്ളണം തഴയണം എന്നു പോലും ശങ്കിക്കപ്പെടും. ഒരു നാടിൻ്റെ സംസ്കാരത്തിൻ്റെ കഥ പറഞ്ഞു പോവുമ്പോൾ വല്ലാതെ വിസ്മയപ്പെട്ടിരിക്കാനെ വായനക്കാരന് പറ്റൂ. ഓരോരുത്തർക്ക് ഓരോന്നു പറഞ്ഞു വെച്ചിട്ടുണ്ടെന്നതു പോലെ ഓരോ കാലഘട്ടത്തിലൂടെ നമുക്കുമേറെ പഠിക്കാനുണ്ട്. അതിലൂടെ കടന്നു പോവുന്ന ഈ രചന വല്ലാതെ ഉള്ളിൽ തളച്ചു കയറും. ശരിക്കും ഒരു മുതൽകൂട്ട് തന്നെ...
ഗോശ്രീ പാലത്തിൻ്റെ കൈവരിയിൽ പിടിച്ചു നിൽക്കുമ്പോൾ, അരവിന്ദൻ കഴുകിത്തെളിഞ്ഞ പടിഞ്ഞാറൻ തീരം കൂറ്റൻ കപ്പലുകളുടെ പോക്കുവരത്തുകൾക്കും കൊടുക്കൽ വാങ്ങലുകൾക്കുമപ്പുറം രാജ്യങ്ങളുടെ, ഭൂഖണ്ഡങ്ങളുടെ, ഇഴചേരലിൻ്റെ, സ്വപ്നജീവിതത്തിൻ്റെ ഓർമ്മകൾ അയവിറക്കുകയായിരുന്നു .അരവിന്ദൻ പതിയെ തിരിച്ചു നടന്നു ,വരും കാല രാത്രികളിലെ പിൻവിളികളിലേയ്ക്ക്.... അവിടെയാണ് നോവൽ അവസാനിക്കുന്നത്.
ഒരു കാലഘട്ടത്തിന്റെ മറുപിറവി, ഒരു പ്രദേശത്തിന്റെ മറുപിറവി, കഥാപാത്രങ്ങളില്‍ ചിലരുടെ മറുപിറവി ഇതെല്ലാം ഈ നോവലിൽ യാഥാര്‍ഥ്യമാവുന്നു.പിറന്ന നാടിന്റെ സ്വത്ത്വസംസ്‌കാരങ്ങള്‍ തേടിക്കൊണ്ടുള്ള സേതുവിന്റെ ഈ അന്വേഷണങ്ങൾ നല്ല വായന തന്നെ സമ്മാനിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം...

സൂപ്പർ
ReplyDeleteനല്ല നിരീക്ഷണം
ReplyDelete