ദേവ്‌ന നാരായണൻ എ 9E



ആയിരവല്ലിക്കുന്നിൻ്റെ           താഴ്‌വരയിൽ                               
 നന്തനാർ എന്ന തൂലികാനാമത്തിൽ  അറിയപ്പെടുന്ന പ്രശസ്ത നോവലിസ്റ്റാണ് പി.സി.ഗോപാലൻ.മലപ്പുറം ജില്ലക്കാരനായ നന്തനാർ തന്റെ പട്ടാളജീവിതത്തിനു ശേഷം സാഹിത്യ ലോകത്തിൽ പ്രശസ്തനായി മാറി. നന്തനാരുടെ മിക്ക കഥകളും മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത നോവലുകളുടെ സമാഹാരമായ സമ്പൂർണ്ണ നോവലുകൾ എന്ന പുസ്തകത്തിലെ  മികച്ചൊരു കൃതിയാണ് 'ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയിൽ'. 1970 കളിലാണ് അദ്ദേഹം ഈ കൃതി രചിച്ചത്. ആയിരവല്ലിക്കുന്നിന്റെ താഴ്വരയിൽ എന്ന കൃതി നന്തനാരുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ടതാണ്.ഇതൊരു കാർഷിക നോവലാണ്. മണ്ണാണ് ഇതിലെ പ്രമേയം. മണ്ണിനോട് നാമോരോരുത്തരും കൂറുള്ളവനാകണം എന്ന് പഠിപ്പിച്ചുതരുന്ന കൃതികൂടിയാണിത്. ഫാക്ടിലെ ഉദ്യോഗസ്ഥനായ സുകുമാരൻ പള്ളിപ്പുറം ഏലയിൽ  നൂറേക്കർ സ്ഥലത്ത് ശാസ്ത്രീയമായ കൃഷി ചെയ്യാൻ കൃഷിക്കാരെ സഹായിക്കാൻ വരുന്നതിലൂടെയാണ് നോവൽ ആരംഭിക്കുന്നത്.സുകുമാരൻ ഒരു പട്ടാളക്കാരനായിരുന്നു.ഇരുപത്തിനാലു വർഷത്തെ പട്ടാളജീവിതത്തിനു ശേഷമാണ് സുകുമാരൻ  ഫാക്ടറിയിലെ ഉദ്യോഗസ്ഥനായത്.ഈ നൂറേക്കർ ശാസ്ത്രീയ കൃഷിക്കൊണ്ട് അണ്ടൂർക്കോണം - പള്ളിപ്പുറം നിവാസികളിൽ ഒരുപാടു പേരുടെ ജീവിതം തന്നെ മാറിമറിയുന്നുണ്ട്. ശ്രീധരൻ എന്ന അലസനെ അധ്വാനിയും ആത്മാർത്ഥതയുമാർന്ന ക്യഷിക്കാരനാക്കി മാറ്റാൻ സുകുമാരനും കൃഷിയും സഹായിക്കുന്നു. എന്നാൽ കൃഷിക്കാരെ വിഷമത്തിലാഴ്ത്തികൊണ്ട്  പതിവിലും വൈകിയാണ് അവിടെ മഴ ലഭിച്ചത്. പക്ഷെ ആ വിഷമഘട്ടവും തരണം ചെയ്ത്  ഒറ്റക്കെട്ടായി നിന്ന് പതിവിലുമിരട്ടി വിളവ് കൊയ്തെടുക്കാൻ അവർക്ക് സാധിച്ചു. കൃഷിയിൽ നിന്ന് താനാഗ്രഹിച്ചപോലുള്ള നല്ലൊരു വിളവു നൽകിയിട്ടാണ് സുകുമാരൻ അവിടെ നിന്നും തിരിച്ചുപോകുന്നത്. ഈ നോവലിൽ തിരുവിതാംകൂർ ഭാഷ വളരെ സമർത്ഥമായി നന്തനാർ പ്രയോഗിച്ചിരിക്കുന്നു. സുകുമാരൻ എന്ന പട്ടാളക്കാരനും കരുണാകരൻ എന്ന പട്ടാളക്കാരനും  തമ്മിൽ യാദൃശ്ചികമായി കണ്ടുമുട്ടുന്ന രംഗവും വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നോവലിനെ ആകർഷകമാക്കാൻ ഒരുപാടു കഥാപാത്രങ്ങളെ പരമാർശിച്ചിട്ടുണ്ട്. കൃഷിക്കാരായ പപ്പുപിള്ളയും കുടുംബവും, മൊയ്തീൻകുഞ്ഞും കുടുംബവുമെല്ലാം അവരിൽ തിളങ്ങി നിൽക്കുന്നവരാണ്. സ്ഥലത്തെ നിവാസികളെപോലെ തന്നെ ആ പ്രദേശത്തെയും വളരെ ആകർഷണമായി വിവരിക്കാൻ നന്തനാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കാലം മാറുമ്പോഴും കൃഷിയോടുള്ള അവരുടെ അടുപ്പം മാറാതെ നിൽക്കുന്നു എന്നത് അത്ഭുതം  തന്നെയാണ്. പരിസ്ഥിതിയെ കുറിച്ചുള്ള പഠനം ആരംഭിക്കുന്നതിനും വളരെ മുമ്പാണ് ഇത് രചിച്ചിട്ടുള്ളതെങ്കിലും പരിസ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്താൻ നന്തനാരുടെ ഈ കൃതി സഹായകമാകുന്നു. ചെറിയൊരു നോവലെങ്കിലും പരിസ്ഥിതിയെ വളരെയധികം സ്നേഹിക്കുന്ന ഒരു ഗ്രാമത്തിലെ താത്കാലിക വാസത്തിന്റെ കഥ പറയുകയാണ് നന്തനാർ. നമ്മുടെ ഈ പുതിയ തലമുറയ്ക്ക് കൃഷിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും മറ്റും ഏറെ സഹായമാകുന്ന ഒരു കൃതികൂടിയാണിത്.

           - ദേവ്‌ന നാരായണൻ എ  9E 

Comments

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

സുഗതകുമാരി

ഇതരഭാഷാ കഥാ പരിചയം