ഐശ്വര്യ ഐ.ബി. 9 C
അമ്മൂന്റെ സ്വന്തം ഡാർവിൻ
ഇ. എൻ ഷീജയുടെ നോവലാണ് "അമ്മൂന്റെ സ്വന്തം ഡാർവിൻ". ഈ നോവൽ ഒരു ശാസ്ത്ര ഗ്രന്ഥം കൂടിയാണ്. ചാൾസ് ഡാർവിൻ എന്ന മഹാപ്രതിഭയുടെ അതുല്യ സംഭാവനയായ പരിണാമസിദ്ധാന്തത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ ജീവിതാന്തരീക്ഷങ്ങളും കുട്ടിക്കാല അനുഭവങ്ങളും പരീക്ഷണ നിരീക്ഷണങ്ങളുമെല്ലാം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന രചനയാണിത്.
നോവലിസ്റ്റ് ഡാർവിനെ പരിചയപ്പെടുത്തുന്നത് അമ്മു എന്ന കൊച്ചു പെൺകുട്ടിയിലൂടെയാണ്. വർത്തമാനകാലത്ത് ജീവിക്കുന്ന അമ്മുവും ഒരു നൂറ്റാണ്ടിനപ്പുറം ജീവിക്കുന്ന ഡാർവിനും ഇവിടെ ഒത്തുചേരുന്നു. ഡാർവിൻ ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയാണ് അമ്മു. താൻ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിലേക്ക് മയങ്ങി വീഴുന്ന അമ്മു മാന്ത്രിക സ്വപ്നത്തിലൂടെ ഡാർവിന്റെ നൂറ്റാണ്ടിലേക്ക് എത്തുന്നു.
പിന്നീട് ഡാർവിനും അമ്മുവും ആശയവിനിമയം നടത്തുന്നു. ഡാർവിന്റെ ഓരോ യാത്രകളിലും പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അമ്മുവും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും വിജയങ്ങളിലും നേട്ടങ്ങളിലും സന്തോഷിക്കുകയും ഓരോ ബുദ്ധിമുട്ടുകളിലും ദുഃഖങ്ങളിലും വിഷമിക്കുകയും ചെയ്യുന്ന അമ്മുവും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമായി മാറുന്നത് പോലെ അനുഭപ്പെടും.
കാലത്തിന്റെ അതിർവരമ്പുകൾ മുറിച്ച് ഡാർവിനും അമ്മുവും തമ്മിലുള്ള സ്നേഹബന്ധം വളരുന്നു. അമ്മുവിന്റെ അച്ഛനമ്മമാരും കുഞ്ഞനിയനും ഡാർവിന്റെ വീട്ടുകാരും അധ്യാപകരും സഹപ്രവർത്തകരും മറ്റും പ്രധാന കഥാപാത്രങ്ങളാണ്. ഇ.എൻ ഷീജയുടെ അതിസൂക്ഷ്മമായ ഈ രചന സാങ്കേതികങ്ങളിലൂടെ വർത്തമാനത്തെയും ഭൂതകാലത്തെയും പരസ്പരപൂരകമാക്കിയിരിക്കുന്നു.
ഇത്തരം കൃതികൾ രസിച്ച് വായിക്കാനും, കുട്ടികളിൽ ശാസ്ത്രചിന്തകളും അന്വേഷണാഭിമുഖ്യങ്ങളും പരീക്ഷണ നിരീക്ഷണ താല്പര്യങ്ങളും വളർത്തുന്നതിന് ഏറെ സഹായകമാണ്.
ഈ നോവലിൽ അവരുടെ സഞ്ചാരപാതകളും അവിടെ കണ്ട കാഴ്ചകളും വിവിധതരം പക്ഷിമൃഗാദികളും നിറഞ്ഞുനിൽക്കുന്നു. ഇതിൽ തിളങ്ങി നിൽക്കുന്ന ഒന്നാണ് ഗാലപ്പഗോസ് ദ്വീപ്. ഈ കാടിന്റെയും ദ്വീപിന്റെയും വിശേഷങ്ങൾ വിവരിക്കാൻ നോവലിസ്റ്റ് വൈവിധ്യമാർന്ന ഭാഷാ ശൈലിയാണ് പ്രയോഗിച്ചിട്ടുള്ളത്. വ്യത്യസ്തമായ രചന, കഥ...
വ്യാഖ്യാന ശൈലികൊണ്ടും ഈ നോവൽ തികച്ചും വേറിട്ട ഒരു അനുഭവം തന്നെ ഉണർത്തുന്നു. എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകം.
- ഐശ്വര്യ ഐ. ബി
നല്ലത്
ReplyDeleteനല്ല ഭാഷ കൈകാര്യം ചെയ്തു. വായനാ പ്രചോദകമായ കുറിപ്പ്
ReplyDelete