ദേവിക സന്തോഷ്‌ 8E



ആനക്കുണ്ടൊരു
കഥ പറയാൻ


"ആനയ്ക്കുണ്ടൊരു കഥ പറയാൻ " എന്ന വിവരണം രചിച്ചത് ശ്രീകുമാർ അരൂക്കുറ്റിയാണ്. അമ്പതോളം ആനകളെ കുറിച്ച് വളരെ മനോഹരമായി വർണ്ണിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. ഇതിൽ നിന്നെടുത്ത ഗുരുവായൂർ പദ്മനാഭൻ ,പാറമേക്കാവ് ശ്രീ പരമേശ്വരൻ എന്നീ ആനകളെ കുറിച്ചാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്.
              അ - അമ്മ, ആ - ആന എന്ന് ആദ്യാക്ഷരങ്ങൾ ചൊലിപ്പഠിക്കുന്ന മലയാളികളെ സംബന്ധിച്ച് ആന കേവലം കരയിൽ ജീവിക്കുന്ന ജീവി മാത്രമല്ല. ഗണപതി രൂപത്തിൽ ഈശ്വരനായും, പഴയ കാലങ്ങളിൽ യുദ്ധത്തിലും സമാധാനത്തിലും ശക്തിയുടേയും അധികാരത്തിൻ്റെയും അവസാനവാക്കായും  കരുതപ്പെട്ടിരുന്നു.കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ, ഗ്രന്ഥകാരൻ പരിചയപ്പെട്ട ആനകളിൽ നിന്നും തിരഞ്ഞെടുത്തവയാണ് ഈ ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുന്നത്. തിരുവിതാംകൂറിൻ്റെ വടക്കേയറ്റത്തുള്ള അരൂക്കുറ്റിയിൽ കുട്ടം വീട്ടിൽ ശിവരാമൻ നായരുടേയും ശാന്തകുമാരിയമ്മയുടേയും പുത്രൻ. തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. കേരള പ്രസ് അക്കാദമിയിൽ നിന്നും പത്രപ്രവർത്തനത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ , സിദ്ധാർത്ഥ ലോ കോളേജിൽ നിന്നും നിയമബിരുദം എന്നിവയും നേടി. ചില വസ്തുക്കളിൽ എത്ര കണ്ടാലും മതി വരാത്ത ഒന്നാണ് ആന. കൈരളി ചാനലിൽ വന്ന പരമ്പരയായിരുന്ന 'ഇ ഫോർ എലിഫന്റ് ' ഈ പരമ്പരയിൽ വന്നിട്ടുള്ള പ്രധാന ആനകളുടെ സവിശേഷ ജീവിത മുഹൂർത്തങ്ങളും ചരിത്രവുമാണ് ഈ പുസ്തകത്തിൽ പുറത്തുവന്നത്.
            ആദ്യഭാഗത്ത് ഗുരുവായൂർ പത്മനാഭനെ കുറിച്ചാണ് വർണ്ണിക്കുന്നത്. ആദ്യം തന്നെ പറയുന്നത് ഗുരുവായൂരപ്പൻ്റെ മൃഗം ആനയാണ്. ഭഗവാൻ്റെ ആനയെന്ന നിലയിൽ പത്മനാഭൻ്റെ ദിവ്യപരിവേഷം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ ആന ചെറുപ്രായത്തിൽ തന്നെ നിലമ്പൂർ കാടുകളിൽ നിന്നു കൂട്ടംതെറ്റി വന്നതാണ്.ഇ പി ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒറ്റപ്പാലത്തെ ഇരാണ്ടത്ത് പുത്തൻവീട്ടിൽ അച്യുതൻ നായർ ,മാധവൻ നായർ എന്നീ സഹോദരങ്ങളാണ് പത്മനാഭനെ ഗുരുവായൂരിൽ നടയ്ക്കിരുത്തിയത്.  സാധാരണ ആനകൾക്ക് ഏക്കത്തുക ശരാശരി 3000 രൂപയാണ് എന്നറിയുമ്പോഴാണ് പത്മനാഭൻ്റെ പ്രാധാന്യം ശ്രദ്ധേയമാകുന്നത്. കേവലം രണ്ടോ, മൂന്നോ ലക്ഷം രൂപ നൽകിയാൽ ഒരു കുട്ടിയാനെയെത്തന്നെ വിലയ്ക്കു വാങ്ങാമായിരുന്ന കാലത്താണ് ഇത്രയേറെ തുക ഈ ഗജവീരൻ്റെ ഒരു ദിവസത്തെ  എഴുന്നെള്ളിപ്പിനായി നൽകാൻ പൂരപ്രേമികൾ തയ്യാറായത്. അവരുടെ ഹൃദയങ്ങളിൽ പത്മനാഭൻ്റെ സ്ഥാനം എത്രമേൽ വലുതാണെന്ന് നമുക്ക് ഇതിലൂടെ വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു.
                അടുത്തതായി ഇതിൽ പാറമേക്കാവ് ശ്രീ പരമേശ്വരൻ എന്ന ആനയെ കുറിച്ചാണ് പരാമർശിക്കുന്നത്. തൃശ്ശൂർ പൂരത്തെ കുറിച്ചും ഇതിൽ മനോഹരമായി വിശദീകരിച്ചിരിക്കുന്നു. തൃശ്ശൂർ പൂരത്തിൻ്റെ ആത്മാവിനെ ലോകത്ത് മറ്റൊരിടത്തും പുന:പ്രതിഷ്ഠിക്കാനാവില്ല. ഒരു ജനതയുടേയും ഒരു ദേശത്തിൻ്റെയും ആത്മാവിഷ്കാരമാണ് തൃശ്ശൂർ പൂരം. ജന്മദേശം ബീഹാർ, ബിഹാറിൽ നിന്നും കേരളത്തിലെത്തി കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ നിറഞ്ഞാടിയ ഗജരാജൻ ആണ് ശ്രീപരമേശ്വരൻ. പാറമേക്കാവിലെ പ്രതിഷ്ഠാദിനത്തി ലായിരുന്നു തിങ്ങിനിറഞ്ഞ പുരുഷാരത്തിനു മധ്യേയുള്ള ആ കൈമാറ്റം. അങ്ങനെ ഉത്രാളിക്കാവ് കൃഷ്ണ ഗോപാൽ പാറമേക്കാവ് ശ്രീ പരമേശ്വരൻ ആയി ചരിത്രത്തിലേക്ക് ചാടിക്കയറി. 2005 ജനുവരി 31-ാം  തീയതിയാണ് ഗജരാജൻ നമ്മോട് വിടപറഞ്ഞത്. ഏതാനും വർഷങ്ങളായി ആ ഗജവീരനെ  വിടാതെ അലട്ടിക്കൊണ്ടിരിക്കുന്ന പാദരോഗവും പിന്നെയുണ്ടായ ശ്വാസകോശരോഗവുമാണ് മരണകാരണമായത്. ഇപ്പോൾ പൂരത്തിന് പാറമേക്കാവിലമ്മയുടെ തിടമ്പേന്താൻ പരമേശ്വരനില്ലെങ്കിലും പൂരത്തിനെത്തുന്ന ആളുകൾക്കിടയിൽ പരമേശ്വരൻ്റെ ആത്മാവ് പൂരപ്പറമ്പിൽ തന്നെയുണ്ട്.
                 ഇതേപോലെ അമ്പതോളം ആനകളെ കുറിച്ചുള്ള വിശേഷങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എനിക്ക് ഇത് വളരെയധികം ഇഷ്ടമായി ഓരോ പൂരപ്രേമികളും ആനപ്രേമികളും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. നിങ്ങളിൽ ഓരോരുത്തരും ഈ പുസ്തകം വായിക്കും എന്ന പ്രതീക്ഷയോടെ.
         
                  - ദേവിക സന്തോഷ് 8 E
                        

Comments

Post a Comment

Popular posts from this blog

കുഞ്ഞുണ്ണി മാഷ്

ഇതരഭാഷാ കഥാ പരിചയം