ആദിത്യ .വി .എസ് 8 E
നല്ല കുട്ടികൾ
നല്ല ശീലങ്ങൾ
കെ ആർ മാധവൻകുട്ടിയുടെ 'നല്ല കുട്ടികൾ നല്ല ശീലങ്ങൾ'എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. കുട്ടികൾ വിദ്യാഭ്യാസം നേടി നേട്ടങ്ങൾ ഉണ്ടാക്കുന്നവരാകണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു. തങ്ങൾക്കു നേടാൻ കഴിയാത്തത് കുട്ടികളിൽ കൂടി സാധിക്കുമെന്നും അവർ മോഹിക്കുന്നു. അതിനായി ഇന്നത്തെ ഭൗതിക സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സമ്പത്തും സ്വാധീനവും ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ സദാചാര മൂല്യങ്ങളും ധാർമിക ഉത്തരവാദിത്വങ്ങളും മറക്കുന്നു. ഇവ കുട്ടികളിൽ സൃഷ്ടിക്കുന്നത് പ്രതികൂലമായ പ്രതികരണങ്ങളാണ്. വീടും രക്ഷിതാക്കളും പരിസരവും സ്കൂളും സഹപാഠികളും തുടങ്ങി ബന്ധപ്പെടുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിന് വളരെയധികം പങ്കുവഹിക്കുന്നുണ്ട് എന്നാൽ കുട്ടികൾ ഇന്ന് മാതൃകയാക്കുന്നത് മാതാപിതാക്കളെയാണ്. വീടുകളിൽ ഉണ്ടാകുന്ന സംഘർഷങ്ങളും പാളിച്ചകളും കുട്ടിയെ വളരെയേറെ സ്വാധീനിക്കുന്നു. ബാല്യവും കൗമാരവും സങ്കീർണ്ണമായ ഒരു വളർച്ച കാലഘട്ടമാണ്. ഉത്തരവാദിത്തങ്ങൾ ഏറുമ്പോൾ കുട്ടികൾ കൂടുതൽ സമ്മർദ്ദത്തിന് വിധേയരാകുന്നു. അവരുടെ പ്രശ്നങ്ങൾ രക്ഷിതാക്കളെയും അലട്ടുന്നു, പക്ഷേ ഈ പ്രശ്നങ്ങളെ പറ്റി പഠിക്കാനോ പരിഹാരം കണ്ടെത്താനോ മാതാപിതാക്കൾക്ക് സമയം കുറവാണ്. ചെറിയ മുൻകരുതലുകൾ കൊണ്ട് വൻ സ്വാധീനം കുട്ടികളിൽ ചെലുത്താൻ കഴിയും.
വ്യക്തിത്വ വിശകലനത്തിന് ശാസ്ത്രവും കലയും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഈ പുസ്തകം പറഞ്ഞു തരുന്നു.കുട്ടികളുടെ മനസ്സിനെ ആഴത്തിൽ മനസ്സിലാക്കാനും അവരുടെ വൃക്തിത്വ വികാസത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കുന്ന ഈ പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, എല്ലാവരും വായിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
- ആദിത്യ വി എസ് 8 E

Comments
Post a Comment