അമൃത പി യു 10C
മഹാഭാരത കഥ
- കമലാ സുബ്രഹ്മണ്യം
ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ എന്നും പ്രഥമസ്ഥാനത്ത് നിൽക്കുന്ന അതിബൃഹത്തായ ഒരു ഗ്രന്ഥമാണ് മഹാഭാരതം. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഈ ഇതിഹാസ ഗ്രന്ഥത്തെ പഞ്ചമവേദമെന്നും വിളിക്കപ്പെടുന്നു. വ്യാസ മഹർഷിയാണ് മഹാഭാരതത്തിന്റെ രചയിതാവ്. വ്യാസന്റെ മഹാഭാരതത്തെ ആർജിച്ച് സ്വതസിദ്ധമായ ശൈലിയിൽ ഈ ഇതിഹാസത്തെ പല കഥാകൃത്തുക്കളും എഴുതിയിട്ടുണ്ട്. അങ്ങനെ മഹാഭാരതകഥ പല കഥാകൃത്തുക്കളിലൂടെയും കടന്നു പോയിട്ടുണ്ട്. ഇതെല്ലാം മനുഷ്യ മനസ്സിനെ അവാച്യമായ കാവ്യലോകത്തേക്കാണ് കൈ പിടിച്ചു കൊണ്ടുപോകുന്നത്. ഓരോ വായനക്കാരിലേക്കും ലാളിത്യഭംഗിയാർന്ന വായനയുടെ അനുഭൂതിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിരിക്കുന്നു.
മലയാള സാഹിത്യ ശാഖയിലെ ഒരു അവിഭാജ്യമായ ശിഖരമാണ് കമലാ സുബ്രഹ്മണ്യം . കുരുവംശ രാജാവായ ശന്തനുവിലൂടെയാണ് കമല സുബ്രമണ്യം മഹാഭാരത കഥ തന്റെ തൂലികയിലൂടെ വരച്ചിടുന്നത്. ശന്തനു രാജാവിന് ഗംഗാദേവിയിൽ ജനിച്ച പുത്രനാണ് ഭീഷ്മർ എന്ന പ്രസിദ്ധനായ ഗംഗാദത്തൻ. ഗംഗാ പുത്രനായ ഭീഷ്മരിലൂടെ തഴച്ചു വളരുന്ന ഈ കഥയെ സ്വന്തം ഭാഷാശൈലിയിലൂടെ അവതരിപ്പിക്കാൻ നോക്കുന്ന കഥാകൃത്തിന്റെ ഭാഷാ വൈജ്ഞാനം കഥാ മധ്യത്തിൽ തന്നെ വായനക്കാർ തിരിച്ചറിയുന്നു. ഈ കഥയുടെ ആഴത്തിലേക്ക് നാം ഇറങ്ങി ചെല്ലുമ്പോൾ ഇത്രയും പവിത്രമായ ഭാരത മണ്ണിലാണല്ലോ ജനിച്ചതെന്നതിൽ അഭിമാനം കൊള്ളാം.
മഹാ യോഗ്യനായിട്ടും പിതാവിനോടുള്ള അമിത സ്നേഹത്താൽ നിത്യ ബ്രഹ്മചര്യം സ്വീകരിച്ച ഭീഷ്മർ എന്ന കഥാപാത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ അനുവാചക ഹൃദയത്തിൽ സ്വന്തം പിതാവിനോടുള്ള കടമയായിരിക്കും നിറയുക. രഖു വംശത്തിന്റെ കാവലാളായി പിതാമഹനായി അദ്ദേഹം മാറി, കണ്ണുകാണാൻ കഴിയാത്ത ധൃതരാഷ്ട്ര മഹാരാജാവും പാണ്ഡുവും വംശ പരമ്പരയും വായനക്കാരന് നൽകുന്നത് ജീവിത യാഥാർഥ്യത്തിലേക്കും അതിനേക്കാളുപരി എന്തെല്ലാം ചെയ്യാമെന്നും ചെയ്തു പോകുന്ന പാപത്തിന്റെ ശിക്ഷ എപ്രകാരം ആയിരിക്കുമെന്നുമാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ സമസ്ത വശങ്ങളും, ഭാവങ്ങളും തന്റേതായ ശൈലിയിൽ അത്യന്തം വിശദമായി ഇവിടെ വർണിക്കുന്നുണ്ട്. അവരുടെ ജനനം, ബാല്യം, വിവാഹം, വാനപ്രസ്ഥക്കാലം, അവരനുഷ്ഠിച്ച സാധനകൾ, അതിന്റെ ഫലങ്ങൾ, അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും, ക്ലേശങ്ങളും, മരണം...... അങ്ങനെയെല്ലാം.
നിത്യ ബ്രഹ്മചാരിയായി മാറിയ ഭീഷ്മരും, പുത്രവാത്സല്യത്താൽ സ്വന്തം മകന്റെ തെറ്റുകൾ തിരുത്താനാകാതെ പോയ ധൃതരാഷ്ട്രമഹാരാജാവും, പിതാവിന് കൊടുത്ത വാക്കിനുമേൽ ഒരു രാജ്യത്തെത്തന്നെ ഇല്ലാതാക്കാൻ കരുക്കൾ നീക്കി രക്തം വീഴ്ത്തി രക്തച്ചൊരിച്ചിലുണ്ടാക്കിയ ശകുനിയും, കൗരവ സഭയിൽ അപമാനിതയായി കൃഷ്ണനിൽ അഭയം തേടിയ പാണ്ഡവ പത്നി പാഞ്ചാലിയും, ജാതിയുടെ മേൽ തന്റെ കഴിവുകളെ പ്രദർശിപ്പിക്കാൻ കഴിയാതിരുന്ന വില്ലാളി വീരൻ കർണ്ണനും, വിദ്യയഭ്യസിക്കാനായി തന്റെ തള്ളവിരൽ ഗുരുവിനു മുൻപിൽ ദക്ഷിണയായി സമർപ്പിച്ച ഏകലവ്യനും, കർണ്ണൻ തന്റെ പുത്രനാണെന്നറിഞ്ഞിട്ടും വെളിപ്പെടുത്താനാകാതെ പുത്രന്മാർ തമ്മിലുള്ള യുദ്ധം കണ്ട് നിസ്സഹായയായി ഇരിക്കേണ്ടി വന്ന കുന്തിയും, പിന്നെ എല്ലാമറിഞ്ഞിട്ടും ഒരു കള്ള ചിരിയിൽ ഒതുക്കിയ ശ്രീകൃഷ്ണ ഭാഗവുമെല്ലാം ഇന്നിന്റെ നേർ രൂപങ്ങളാണ്. ഇവരെല്ലാം ആ ജീവിതങ്ങളിലൂടെ പറഞ്ഞുതരുന്നത് നിർബന്ധമായും നാം മനസ്സിലാക്കിയിരിക്കേണ്ട ജീവിത പാഠങ്ങളുമാണ്.
കമല സുബ്രഹ്മണ്യം പോലെയുള്ള നിരവധി സാഹിത്യകാരന്മാർ അവരുടേതായ രീതിയിൽ മാറ്റങ്ങളും, പുതുമകളുമായി മഹാഭാരത കഥ എഴുതിയിട്ടുണ്ട്. പല പ്രദേശങ്ങളിൽ, പല സമുദായങ്ങളിൽ, പല സാമൂഹ്യ സ്ഥിതികളിൽ പല പല മഹാഭാരതങ്ങൾ. എങ്കിലും പ്രധാന കഥാതന്തുവിനു കളങ്കം സംഭവിച്ചിട്ടില്ല. തന്റെ മുന്നിലിരിക്കുന്ന ജന സമൂഹത്തിന്റെ രുചി ഭേദത്തിനനുസരിച്ച് കഥയിൽ മാറ്റങ്ങൾ വരുന്നു...പുതുമകൾ തുന്നിച്ചേർക്കുന്നു.... അതിലൊന്നാണ് കമല സുബ്രഹ്മണ്യത്തിന്റെ മഹാഭാരത കഥ.
മഹാഭാരതം എങ്ങനെ അവസാനിക്കുന്നു എന്നു നാം മറക്കണം. നല്ലതും, ചീത്തയും, ശരിയും, തെറ്റും... അതല്ല വാസ്തവത്തിൽ ധർമ്മാധർമ്മങ്ങൾ മഹാഭാരതം ഗ്രഹിക്കുന്നവന് അത് സത്യം എന്ന മാർഗത്തിലേക്ക് നയിക്കുന്നു. മഹാഭാരത സാരം ഉൾക്കൊണ്ടുകൊണ്ട് ജീവിച്ചാൽ മനസിലാക്കാം ധർമം മനുഷ്യനെ ഈശ്വരീയതയിലേക്ക് നയിക്കുന്നു എന്ന്. ഇത്തരത്തിൽ വലിയൊരു ആശയത്തിന്റെ വാതായനം കമല സുബ്രഹ്മണ്യത്തിന്റെ മഹാഭാരത കഥ പറഞ്ഞു തരുന്നു.
വ്യാസ ഭാരതത്തെ അവലംബിച്ച് എഴുതപ്പെട്ട കമല സുബ്രഹ്മണ്യത്തിന്റെ മഹാഭാരത കഥ ലളിതവും സുന്ദരവുമാണ്.
- അമൃത പി യു 10C

നന്നായിട്ടുണ്ട്
ReplyDeleteഅഭിനന്ദനങ്ങൾ അമൃത
ReplyDelete