മനുഷ്യന്റെ പൂർണ്ണതയ്ക്ക് വായന അനിവാര്യം: ഡോ. ധർമ്മരാജ് അടാട്ട്

​മനുഷ്യന് പൂർണത കൈവരിക്കാനുള്ള ഉത്തമ മാർ​ഗമാണ് വായനയെന്ന് കാലടി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും കേരള ​ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനുമായ ഡോ. ധർമ്മരാജ് അടാട്ട് പറഞ്ഞു. സി.എൻ.എൻ. ബോയ്സ് ഹൈസ്കൂൾ റീഡേഴ്സ് ​ഗിൽ‍ഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ സർ​ഗാത്മകവായനയുടെ പ്രാധാന്യമാണ് വെളിവാക്കുന്നത്. ഈ പൂർണത കൈവരിക്കുന്നതിനുള്ള ഉത്തമമാർ​ഗമാണ് സർ​ഗാത്മക വായന. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും എന്ന് എഴുതിയത് കുഞ്ഞുണ്ണിമാഷാണ്. ​ഗുണങ്ങളുടെ വളർച്ചയാണ് വായയിലൂടെ ലക്ഷ്യമിടുന്നത്. ജീവിതവിജയം നേടുന്നതിനും മികച്ച പൗരന്മാരാകുന്നതിനും വായന അത്യന്താപേക്ഷിതമാണ്. 
ശ്രീനാരായണ​ഗുരുവിന്റെ ആശയങ്ങളായ ജാതിക്കും മതത്തിനും അതീതമായ മാനവികസങ്കല്പം വളർത്തിയെടുക്കുന്നതിന് വായന സഹായിക്കും.
അദ്ദേഹം കൂട്ടിച്ചേർത്തു.

സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിൽ നടന്നുവരുന്ന റീഡേഴ്സ് ​ഗിൽഡിന് എൻ.വി. സ്മാരക ട്രസ്റ്റിന്റെ എല്ലാ പിന്തുണയും ട്രസ്റ്റ് ജനറൽ സെക്രട്ടറി കൂടിയായ ഡോ. ധർമ്മരാജ് അടാട്ട് വാ​ഗ്ദാനം ചെയ്തു. എല്ലാ മാസവും നടക്കുന്ന ശില്പശാലകളിൽ എഴുത്തുകാരെയും വിദ​ഗ്ധരെയും പങ്കെടുപ്പിക്കുന്നതിനും കുട്ടികൾക്ക് മാർ​ഗനിർദേശങ്ങൾ നൽകുന്നതിലും എൻ.വി. സ്മാരക ട്രസ്റ്റ് സഹകരിക്കും. ശില്പശാലയിൽ നടത്തുന്ന എൻ.വി. കൃഷ്ണവാരിയരുടെ കവിതകളുടെ ചർച്ചയിലും ട്രസ്റ്റ് സഹകരിക്കും. എൻ.വി.യുടെ രചനകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ എൻ.വി. കൃഷ്ണവാരിയരുടെ മരുമകനും സാംസ്കാരികപ്രവർത്തകനുമായ എൻ.വി. രാധാകൃഷ്ണൻ, ശ്രീജിത്ത് മൂത്തേടത്ത്, സ്കൂൾ ലീഡർ ആദിദേവ് സി.ആർ., അധ്യാപകനായ എ.പി. ശ്യാം പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.







 

Comments

Popular posts from this blog

മികവുറ്റ വിദ്യാഭ്യാസത്തിന് രാഷ്ട്രപുരോ​ഗതിയിലേക്ക് നയിക്കാൻ സാധിക്കും - ടി.എസ്. പട്ടാഭിരാമൻ

സാനിയ കെ ജെ

കഥാരചന